കോഴിക്കോട്: ജില്ലയിൽ വ്യാജമദ്യ നിർമാണവും കടത്തും വിതരണവും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ. ഷറീനയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കഴിഞ്ഞ ജനുവരിയിൽ ചേർന്ന യോഗത്തിലെ പരാതികളിന്മേൽ സ്വീകരിച്ച തുടർനടപടികൾ യോഗം വിലയിരുത്തി.
2026 ഫെബ്രുവരി മുതൽ എക്‌സൈസ് വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ യോഗത്തിൽ വ്യക്തമാക്കി. 4,765 റെയ്ഡുകളും 159 കമ്പൈൻഡ് റെയ്ഡുകളും പൂർത്തിയാക്കിയതിൽ 945 അബ്കാരി കേസുകളും, 404 എൻ.ഡി.പി.എസ് കേസുകളും, 1,482 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 1,015 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിശോധനകളിൽ 478.5 ലിറ്റർ ചാരായം, 2,891 ലിറ്ററിലധികം വിദേശമദ്യം, 24,208 ലിറ്റർ വാഷ്, 121 ഗ്രാമിലധികം മെത്താഫെറ്റമിൻ, ഹെറോയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ 81 വാഹനങ്ങളും 4.09 ലക്ഷത്തിലധികം രൂപ തൊണ്ടിമുതലായും കസ്റ്റഡിയിലെടുത്തു.വിദ്യാഭ്യാസ സ്ഥാപന കേന്ദ്രീകൃത ബോധവൽക്കരണംജില്ലയിലെ വിദ്യാലയങ്ങളിൽ 405 സ്‌കൂൾതല ലഹരിവിരുദ്ധ ക്ലബ്ബുകളും 91 കോളേജ്തല ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഫറൂക്ക്, കൊയിലാണ്ടി, വടകര റേഞ്ചുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരിസരങ്ങളിലെയും കടകളിൽ പ്രത്യേക പരിശോധന പൂർത്തിയാക്കി.
വടകര റേഞ്ചിലെ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്‌കൂളിലെ വിമുക്തി ക്ലബ് വഴി പരിശീലനം നേടിയ കേഡർമാരെ ഉപയോഗിച്ച് ആയഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് ബോധവൽക്കരണം നൽകുകയും 1,001 ലഹരിവിരുദ്ധ ഇൻഫോർമർമാരെ സജ്ജമാക്കുകയും ചെയ്തതായി എക്‌സൈസ് വിഭാഗം അറിയിച്ചു.ഇതുവരെ 7,626 ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡി-അഡിക്ഷൻ സെന്ററിൽ 1,414 പേർ സേവനം തേടുകയും 53 പേർക്ക് കിടത്തി ചികിത്സ നൽകുകയും ചെയ്തു. പുതിയറയിലെ കൗൺസിലിംഗ് സെന്റർ വഴി 670 പേർക്ക് കൗൺസിലിംഗ് നൽകിയതായും വ്യക്തമാക്കി.വ്യാജമദ്യ നിർമാണം തടയാൻ പഞ്ചായത്തുതല ജാഗ്രതാ സമിതികളും പൊതുജന പങ്കാളിത്തവും ശക്തമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
പഞ്ചായത്തുതലത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്നും സ്റ്റാറ്റിയൂട്ടറി കമ്മിറ്റികൾ രൂപീകരിക്കണമെന്നും മദ്യവിരുദ്ധ സമിതി പ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. നിജുമോൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






