spot_img
Monday, September 28, 2026

മെസേജ് തെറ്റിയാലും പേടിക്കണ്ട, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു



വാട്ട്സാപ്പില്‍ മെസേജ് അയച്ച് അത് തെറ്റിപ്പോയാലോ, അയച്ച സന്ദേശത്തില്‍ എന്തെങ്കിലും അബദ്ധം പറ്റിയാലോ സന്ദേശം ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കേണ്ടി വരുന്നു എന്നത് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധിയാണ്. എന്നാലിതാ, ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ അക്ഷരതെറ്റോ, പിഴവുകളോ വരുമ്പോഴും മറ്റും ആവശ്യമായ തിരുത്തുകള്‍ വരുത്താന്‍ പറ്റുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ ഫീച്ചറിന്‍റെ പരീക്ഷണം വാട്ട്സാപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ. വാബീറ്റാ ഇന്‍ഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ഒരാൾക്ക് എത്ര തവണ സന്ദേശം എഡിറ്റ് ചെയ്യാം എന്നോ സന്ദേശം എഡിറ്റ് ചെയ്‌താൽ സ്വീകർത്താവിന് അത് അറിയിക്കാനാവുമോ എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വാബീറ്റ വ്യക്തമാക്കുന്നില്ല. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles