spot_img
Thursday, August 13, 2026

ഓണത്തിന് മുമ്പ് ചെറുനാരങ്ങ വില കുത്തനെ ഉയർന്നു; കിലോ 120 രൂപ



ചെറുതോണി: ഓണമെത്തും മുമ്പേ മഴക്കാലത്ത് കുറയേണ്ട ചെറുനാരങ്ങ വില കുത്തനെ കൂടി. കഴിഞ്ഞ മാസം വരെ 80 മുതൽ 90 വരെയായിരുന്നു കിലോക്ക് വിലയെങ്കിൽ ഇപ്പോഴത് 120 രൂപയായി വർധിച്ചു. കർണാടകയിൽ നിന്ന് നാരങ്ങ വരവുകുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതും ഇടുക്കിയിലെ നാരങ്ങ വിപണിയെ സാരമായി ബാധിച്ചു. കടുത്തവേനലിൽ ഉൽപ്പാദനം കുറഞ്ഞതും കാരണമായി.തമിഴ്നാട്ടിൽ നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങക്കാണ് കടകളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്. ഏറെ വലുപ്പം ചെന്നതും പെട്ടെന്ന് ചീത്തയാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയെ പ്രിയങ്കരമാക്കുന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ചെറുനാരങ്ങ ഉള്ളത് പുളിയങ്കുടിയിലാണ്. ജ്യൂസ് വിപണിയിലും ഇതിനാണ് വിൽപന. സാധാരണയായി ജൂൺ മുതൽ ആഗസ്റ്റു വരെ നാരങ്ങക്കു വിലക്കയറ്റം ഉണ്ടാകാറില്ല. വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറി വരെയുള്ള കടകളിൽ നാരങ്ങ വെള്ളത്തിനും വിലവർധിച്ചിട്ടുണ്ട്.കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാർ യൂനിറ്റുകളും പ്രതിസന്ധിയിലായി. ഓണത്തിനു വലിയ വിൽപന പ്രതിക്ഷയിലായിരുന്നു കുടുംബശ്രീ യൂനിറ്റുകൾ. വിലകൂട്ടിയാൽ വിൽപന കുറയുമെന്നാണ് കുടുംബശ്രീക്കാർ പറയുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles