ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ അംഗീകരിച്ച ബില്ലിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. രാഷ്ട്രപതിയുടെ അനുമതി കൂടിയായതോടെ ഇനിമുതൽ ഭരണഘടനയുടെ ഒന്നാം പട്ടിക ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായിരിക്കും രേഖപ്പെടുത്തുക.ഇംഗ്ലീഷ് അടക്കമുള്ള മറ്റ് ഭാഷകളിലും ഇനി ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് തന്നെയാകും ഉപയോഗിക്കുക.രാഷ്ട്രപതിയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, വെബ്‌സൈറ്റുകൾ, വിവിധ വകുപ്പുകൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പിലാക്കും. സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പാസാക്കി അയച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ഭേദഗതി ബിൽ അവതരിപ്പിച്ചത്. കേരള’യല്ല, ഇനി ‘കേരളം’; കേന്ദ്ര ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.






