കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ ഓണം സ്‌പെഷൽ അരി, ഓണക്കിറ്റ് വിതരണത്തിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ൾ പൂർണ്ണമായി പരിഹരിച്ചതായും നാളെ (ഓഗസ്റ്റ് 19) മുതൽ വിതരണം പൂർണ്ണതോതിലാകുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരത്ത് അറിയിച്ചു. എഫ്.സി.ഐ. ഗോഡൗണുകളിൽ അരി സ്റ്റോക്കില്ലാതിരുന്നതാണ് റേഷൻ കടകളിൽ വിതരണം വൈകാൻ കാരണമായതെന്നും, പുതിയ സ്റ്റോക്ക് എത്തിയതോടെ അരി വിട്ടുകൊടുക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഓണക്കാലത്തെ വിലക്കയറ്റം തടയാൻ അരിമില്ലുകൾ, പച്ചക്കറി കടകൾ, റീടെയിൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ സ്‌ക്വാഡുകൾ വഴി പരിശോധന ഊർജിതമാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവധിയെടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സപ്ലൈകോ, എഫ്‌സിഐ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.






