കൊടുവള്ളി: മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ മുറിയിൽ പൂട്ടിയിട്ട് കൈകാലുകൾ കൂട്ടിക്കെട്ടി, മുറിവുകളിൽ മുളകുപൊടി പുരട്ടിയും കണ്ണിൽ മുളകുവെള്ളമൊഴിച്ചും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റിയും ക്രൂരമായി മർദിച്ച പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) നടപടിക്ക് ഉത്തരവിട്ടു. അർധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പോലീസ് തുടർനടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയർന്നതോടെയാണ് സി.ഡബ്ല്യു.സി ഇടപെടൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാൻ റൂറൽ എസ്.പിക്ക് നിർദേശം നൽകിയ സി.ഡബ്ല്യു.സി, കുട്ടിക്കും കുടുംബത്തിനും കൗൺസിലിങ് നൽകിയ ശേഷം കുട്ടിയെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.






