spot_img
Sunday, September 27, 2026

കീർത്തനയെ കുത്താൻ പ്രകോപനം ഇന്‍സ്റ്റഗ്രാം പോസ്റ്റും; ജിനീഷ് കത്തി വാങ്ങിയത് ഒരാഴ്ച മുൻപ്



കോഴിക്കോട് : പങ്കാളിയുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ മുൻ കായിക അധ്യാപികയുമായ മരുതാങ്കര സ്വദേശി കെ.സി.കീർത്തനയുടെ (31) നില ഗുരുതരമായി തുടരുന്നു.ശനിയാഴ്ച രാവിലെ 10.10ന്, ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ഒപ്പിട്ട ശേഷം മടങ്ങുകയായിരുന്ന കീർത്തനയെ ഇവർക്കൊപ്പം താമസിച്ചു വന്ന പെരുവണ്ണാമൂഴി തണ്ടോറപ്പാറ ജിനീഷ് (38) അഞ്ചോളം തവണ കഴുത്തിലും വയറിലും കാലിലും കുത്തിയും വെട്ടിയും പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും കാലിലും ഏറ്റ മുറിവുകൾ ആഴത്തിലുള്ളതാണ്. കുത്തേറ്റ കീർത്തനയെ വടകര സിഐയുടെ നേതൃത്വത്തിൽ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും തൊട്ടുപിന്നാലെ വിദ്ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.ബസ് ഡ്രൈവറായ ജിനീഷ് ലഹരിക്കേസിൽ കീർത്തന അറസ്റ്റിലായ ശേഷം അവരുമായി അകന്നു എന്നാണ് വിവരം. കേസിൽ റിമാൻഡിലായ ശേഷം കീർത്തനയിൽ നിന്ന് ജിനീഷ് അകലം പാലിച്ചു വരികയായിരുന്നു. മുൻപ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗം വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജയിലിൽനിന്ന് ഈ മാസം 5ന് ഉപാധികളോടെ കീർത്തനയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും ജിനീഷ് കീർത്തനയെ കാണാനെത്തിയില്ല. ഇതിനിടെ കീർത്തനയുടെ അഞ്ചു പവനോളം വരുന്ന ഒരു സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കം ഉടലെടുത്തായും പറയുന്നു.കേസിൽ അറസ്റ്റിൽ ആകുന്നതിനു മുൻപു തന്നെ കീർത്തനയുടെ ചില സുഹൃത്ബന്ധങ്ങളിൽ ജിനീഷ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കീർത്തനയിൽനിന്ന് ജിനീഷിനെതിരായ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വന്നതും കീർത്തനയുടെ ചില സുഹൃത്തുക്കളുടെ ഭീഷണിയുമാണ് ജിനീഷിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തന്നെ ആക്രമിക്കാൻ കീർത്തന ക്വട്ടേഷൻ നൽകിയെന്നാണ് ജിനീഷിന്റെ ആരോപണം.ശനിയാഴ്ച കത്തിക്കുത്തിനു തൊട്ടുപിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ജിനീഷിനെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കുടുംബപ്രശ്നത്തിലുള്ള വിരോധത്തിൽ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തികൊണ്ട് പല തവണ കുത്തിയതിന് 118 (1), 109 (1) വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.കീർത്തനയുടെ സുഹൃത്തുക്കളുടെ ഭീഷണിയാണ് കുറ്റം ചെയ്യാൻ തനിക്ക് പ്രേരണയായതെന്നാണ് ജിനീഷ് പൊലീസിന് നൽകിയ മൊഴി. ഇതിനായി ഒരാഴ്ച മുൻപാണ് കത്തി വാങ്ങിയതെന്നും ജിനീഷ് വെളിപ്പെടുത്തി. കീർത്തന ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ എത്തുമെന്ന് ഉറപ്പിച്ച് തന്നെയാണ് താൻ അവിടെയെത്തിയതെന്നും ജിനീഷ് മൊഴി നൽകി.വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ വനിതാ സെല്ലിനു സമീപം ഉണ്ടായ കത്തിക്കുത്തിനിടെ കീർത്തനയുടെ പ്രതിരോധത്തിനിടെ ഈ കത്തി ഒടിഞ്ഞിരുന്നു. പൊലീസ് പിടികൂടുമ്പോൾ കത്തിയുടെ പിടി മാത്രമാണ് ജിനീഷിന്റെ കയ്യിൽ ഉണ്ടായിരുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles