spot_img
Thursday, October 1, 2026

വൻ ദുരന്തം ഒഴിവാക്കി വിമാനം രക്ഷിച്ച ‘ഇന്ത്യൻ നായകൻ’; പ്രശംസിച്ച് ലോകനേതാക്കൾ



ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് എഫ്ഇസെഡ്1073 വിമാനത്തിലെ കോക്ക്പിറ്റിൽ ഉണ്ടായ ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേൽക്കുകയും സ്വന്തം ജീവൻ പണയം വെച്ച് വൻ വിമാന ദുരന്തം ഒഴിവാക്കുകയും ചെയ്ത ഇന്ത്യക്കാരനായ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ ധീരതയെ പ്രശംസിക്കുകയാണ് ലോകനേതാക്കളും സോഷ്യൽ മീഡിയയും. ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ നിലവിൽ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ബുദ്ധിപൂർവം പ്രവർത്തിച്ച് വലിയൊരു ദുരന്തമാണ് സ്മിത് മച്ചാർ ഒഴിവാക്കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. ക്യാപ്റ്റൻ മച്ചാറിന്റെ ധീരതയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ പ്രതിരോധിക്കുകയും, കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് കൊടുത്ത് യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അക്രമിയെ കീഴടക്കാൻ അവസരമൊരുക്കുകയുമായിരുന്നു. അതുവഴി ആകാശത്തുണ്ടായേക്കാമായിരുന്ന വൻ ദുരന്തമാണ് അദ്ദേഹം തടഞ്ഞത്. അദ്ദേഹം ഒരു യഥാർത്ഥ നായകനാണ്” എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സിൽ കുറിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില വിലയിരുത്തി വരികയാണ്. തബൂക്ക് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മച്ചാറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗദി അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു.

ആരാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ?

13 വർഷത്തിലധികം വാണിജ്യ വിമാനങ്ങൾ പറത്തി പരിചയമുള്ള മച്ചാർ, ബോയിംഗ് 737 ഫ്ലീറ്റിൽ മാത്രം 9,750-ഓളം മണിക്കൂർ പറക്കൽ പരിചയസമ്പത്തുള്ള വിദഗ്ധ പൈലറ്റാണ്. ഇന്ത്യയിലെ സ്പൈസ് ജെറ്റിൽ 10 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ശേഷം 2022 ജൂണിലാണ് അദ്ദേഹം ഫ്ലൈ ദുബായിൽ ക്യാപ്റ്റനായി ചുമതലയേൽക്കുന്നത്. വിമാനത്തിനുള്ളിൽ ജീവനക്കാരെയും പൈലറ്റുമാരെയും ആദരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുൻപ് നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ‘സാഹചര്യങ്ങൾ കൈവിട്ടുപോകുമ്പോഴാണ് ജീവനക്കാരുടെ യഥാർത്ഥ ആവശ്യകത യാത്രക്കാർ മനസ്സിലാക്കുന്നത്’- എന്നായിരുന്നു കോക്ക്പിറ്റിലെയും ക്യാബിനിലെയും സുരക്ഷയെക്കുറിച്ച് അദ്ദേഹം നൽകിയ ഓർമ്മപ്പെടുത്തൽ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles