spot_img
Thursday, October 1, 2026

യാത്രകളിലെ സുരക്ഷയ്ക്ക് ഇനി ഒരൊറ്റ ക്ലിക്ക്; ‘പോൾ-ആപ്പ്’ സഹായവുമായി കേരള പോലീസ്



തിരുവനന്തപുരം: യാത്രകളിലോ പരിചയമില്ലാത്ത സ്ഥലങ്ങളിലോ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിലോ ഇനി പരിഭ്രാന്തരാകേണ്ടതില്ല. ഒരൊറ്റ ക്ലിക്കിൽ കേരള പോലീസിന്റെ സേവനം നിങ്ങളുടെ കൈയെത്തും ദൂരത്തെത്തും. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൾ-ആപ്പി’ലെ (Pol-App) ഏറ്റവും പ്രധാനപ്പെട്ട പൗരസുരക്ഷാ ഫീച്ചറായ ‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ നാവിഗേഷൻ’ സംവിധാനമാണ് അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നത്.ഉപയോക്താവ് നിൽക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ്, ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് കണ്ടെത്തി അവിടേക്ക് വേഗത്തിൽ എത്തുവാൻ പോൽ ആപ്പിലെ ഈ സേവനം സഹായിക്കുന്നു. സ്മാർട്ട്ഫോണിലെ ജിപിഎസ് (GPS) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് തത്സമയ ലൊക്കേഷൻ ആപ്പ് കണ്ടെത്തുന്നത്. ഇത് വഴി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷന്റെ പേര്, കൃത്യമായ വിലാസം, ഔദ്യോഗിക ഫോൺ നമ്പർ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (SHO) വിവരങ്ങൾ എന്നിവ ഉപയോക്താവിന് നിമിഷങ്ങൾക്കകം ലഭ്യമാകും.കൂടാതെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്റ്റേഷനിലേക്കുള്ള ഏറ്റവും എളുപ്പമുള്ള വഴിയും കൃത്യമായ ദൂരവും തത്സമയം കാണിച്ചുതരുന്നതിനൊപ്പം ആപ്പിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഫോണിൽ പോൾ-ആപ്പ് തുറന്ന ശേഷം ലൊക്കേഷൻ ഓൺ ചെയ്യുക. തുടർന്ന് ആപ്പിലെ ‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും അടുത്തുള്ള സ്റ്റേഷനുകളുടെ പട്ടികയും അങ്ങോട്ടേക്കുള്ള ദൂരവും സ്ക്രീനിൽ തെളിയും. ഇതിൽ നിന്നും ആവശ്യമുള്ള സ്റ്റേഷൻ തിരഞ്ഞെടുത്ത് ‘നാവിഗേറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്താൽ കൃത്യമായ റൂട്ട് മാപ്പ് ലഭിക്കുകയും ചെയ്യും.അടിയന്തര സാഹചര്യങ്ങളിൽ പോലീസ് സഹായം വേഗത്തിൽ ഉറപ്പാക്കാൻ ഓരോ യാത്രക്കാരനും ഫോണിൽ കരുതേണ്ട അത്യന്താപേക്ഷിതമായ സുരക്ഷാ സംവിധാനമായി പോൾ-ആപ്പ് മാറിക്കഴിഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles