ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോര്‍സ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷും ഇടനിലക്കാരന്‍ സജിന്‍ ഫിലിപ്പോസും 25000/- രൂപ കൈക്കൂലി വാങ്ങവെ ആലപ്പുഴ വിജിലന്‍സിന്റെ പിടിയിലായി.
ആലപ്പുഴ സ്വദേശിയും പരാതിക്കാരനുമായ പൊതുമരാമത്ത് കരാറുകാരന്റെ രണ്ടു ടോറസ് ലോറികള്‍ അമിതഭാരം കയറ്റി മെറ്റലുമായി പോകവേ AMVI സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഫോര്‍സ്‌മെന്റ് വിഭാഗം ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടിയിരുന്നു. പിടികൂടിയ ലോറികള്‍ Mining & Geology വകുപ്പിന് കൈമാറാതിരിക്കണമെങ്കില്‍ 25000/- രൂപ സതീഷ് കൈക്കൂലിയായി ആവശ്യപ്പെട്ടു. പണം ഏജെന്റ്‌റ് ആയ സജിന്‍ ഫിലിപ്പോസിനെ എല്പിക്കണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കാരനായ കരാറുകാരന്‍ ഈ വിവരം വിജിലന്‍സിന്റെ കിഴക്കന്‍ മേഖല പോലീസ് സുപ്രണ്ട് ശ്രീ വി.ജി. വിനോദ്കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് യൂണിറ്റു DYSP ശ്രീ ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഖം കെണിയൊരുക്കി അമ്പലപ്പുഴ ദേശീയപാതയില്‍ വച്ച് പണം വാങ്ങവേ ഇരുവരെയും കൈയോടെ പിടികൂടുകയുണ്ടായാണുണ്ടായത്. അറസ്റ്റു ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.
വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്കുമാര്‍, മഹേഷ്‌കുമാര്‍, രാജേഷ് എന്നിവരും എസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, ബസന്ത്, ജയകുമാര്‍ എന്നിവരും സിപിഒമാരായ ശ്യാം, സുധീഷ്, ഷിജു, സനില്‍, ലിജു, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ അറിയിച്ചു.






