യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ഉണ്ണി മകുന്ദൻ.
താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു.
ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം!”, ഉണ്ണി മുകുന്ദൻ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിക്കുകയും ചെയ്തിരുന്നു
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.






