നാടെങ്ങും മഴക്കെടുതി ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി. വീട് തകരുകയോ മറ്റു വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫിസില്‍ എത്തി നിശ്ചിത ഫോര്‍മാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച് അപേക്ഷ നല്‍കണം. ഇതിനൊപ്പം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും നല്‍കണം.തുടര്‍ന്ന് വില്ലേജ് ഓഫിസ് ഇതു പരിശോധിച്ച ശേഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലേക്കു കൈമാറും. പഞ്ചായത്തിലേക്കാണെങ്കില്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് തിരികെ വില്ലേജിലേക്കു നല്‍കും. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍നിന്ന് ഈ വിവരം ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യൂ വകുപ്പ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കലക്ടറേറ്റിലാണ് ഈ വിവരങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നത്. ഇതോടെ നഷ്ടപരിഹാരത്തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. കൃഷിനാശത്തിന് കൃഷിഭവന് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൃഷി ഓഫിസര്‍ സ്ഥലം പരിശോധിച്ച് അര്‍ഹമായ സഹായം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
ആനക്കാം പൊയിൽ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദർശിച്ചു
കള്ളാടി മണ്ണിടിച്ചൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച വയനാടിന്റെ സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സന്ദർശിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് തുരങ്ക പാത നിർമ്മാണം ആരംഭിക്കണമെന്ന് ജന പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനോടൊപ്പം വൈസ് പ്രസിഡണ്ട് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ശിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺ മാതാ, മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരായ നജീബ് കാരാടൻ, ബി നാസർ, എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ദിവാകർ ജോഷി, അസിസ്റ്റന്റ് എൻജിനീയർ ഗുൽസാർ അഹമ്മദ്, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കുന്നത് ബവ്കോ പിൻവലിച്ചു
കൊച്ചി:പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇരുപത് രൂപ അധികം ഈടാക്കുന്നത് ബവ്കോ പിൻവലിച്ചു. പരീക്ഷണ പദ്ധതി ഫലപ്രദമല്ലെന്നും മദ്യ ഉപഭോക്താക്കളിൽ നിന്നും വ്യാപക പരാതിയുണ്ടായെന്നും ബവ്കോ. നാളെ മുതൽ അധികനിരക്ക് നൽകാതെ മദ്യം വാങ്ങാം. നേരത്തെ വാങ്ങിയ കുപ്പികൾ ഈമാസം ഇരുപത് വരെ തിരിച്ചേൽപ്പിക്കാമെന്നും ബവ്കോ അറിയിച്ചുപ്ലാസ്റ്റിക് നിർമാർജനമെന്ന മട്ടിലുള്ള ബവ്കോ പരീക്ഷണം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ പ്ലാസ്റ്റിക് ഗോഡൗണാക്കുന്ന സ്ഥിതിയെത്തിച്ചു. ഒടുവിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പത്ത് വീതം കടകളിൽ നടപ്പാക്കിയ പദ്ധതി പിൻവലിച്ച് ഉത്തരവ്. പ്ലാസ്റ്റിക് ബോട്ടിലുകളിലെ മദ്യത്തിന് 20 രൂപ അധികം നൽകേണ്ട. നേരത്തെ 20 രൂപ അധികം നൽകി മദ്യം വാങ്ങിയവർക്ക് ഈ മാസം ഇരുപത് വരെ കുപ്പി മടക്കി നൽകി പണം തിരികെ വാങ്ങാം.
നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ഹൈസ്കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും:മന്ത്രി എൻ ഷംസുദ്ദീൻ
ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തുസംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ (കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ (എ ഐ & റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ്കൂൾ എഡ്യുക്കേഷൻ) ഹൈസ്കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും പഠന-പരീക്ഷണ സാധ്യതകൾ വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ ശില്പശാലയുടെ ഉദ്ഘാടനവും എറൈസ് പദ്ധതിയുടെ മാർഗരേഖാ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.വിദ്യാർഥികൾക്ക് ആശയങ്ങൾ രൂപപ്പെടുത്താനും പരീക്ഷണങ്ങൾ നടത്താനും പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും എറൈസ് പദ്ധതിയിലൂടെ അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നാലാം ക്ലാസ് മുതൽ കോഡിങ്ങും ഏഴാം ക്ലാസ് മുതൽ എ.ഐയും പത്താം ക്ലാസിൽ റോബോട്ടിക്സും ഉൾപ്പെടുത്തിയ ഐ.സി.ടി. പാഠ്യപദ്ധതിയുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ പ്രവർത്തിക്കുന്ന രണ്ടായിരത്തി ഒരുന്നൂറോളം ഹൈസ്കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, മോട്ടോറുകൾ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ ഉപയോഗിച്ചാണ് ഓരോ സ്കൂളിലും എറൈസ് ഹബ്ബുകൾക്ക് തുടക്കമിടുക. കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, ഗ്യാസ് ഡിറ്റക്ടർ, എ.ഐ. അധിഷ്ഠിത സ്മാർട്ട് ഡോർ ലോക്ക് തുടങ്ങിയ ഉപകരണങ്ങളുടെ മാതൃകകൾ വിദ്യാർഥികൾക്ക് രൂപപ്പെടുത്താനാകും. ഇതിലേക്കായി സ്കൂളുകളുടെ തിരഞ്ഞെടുക്കൽ, അക്കാദമിക ആസൂത്രണം, പരിശീലനം എന്നിവ സെപ്റ്റംബറിനകം പൂർത്തിയാക്കും. പദ്ധതി വിജയകരമായി നടപ്പാക്കാൻ പ്രഥമാധ്യാപകർ നേതൃത്വം നൽകണമെന്ന് മന്ത്രി നിർദേശിച്ചു.സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വകുപ്പ് ആസൂത്രണം ചെയ്യുന്ന 16 പദ്ധതികളിൽ കൈറ്റ് മുഖേന അഞ്ചു പദ്ധതികളാണ് നടപ്പിലാക്കുന്നത്.
എറൈസ് പദ്ധതിക്കു പുറമേ ഡിജിറ്റൽ സ്ക്വയർ, താരാപഥം, സ്കൂൾ വിക്കിത്തോൺ, സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026 പരിശീലനം എന്നിവയാണ് മറ്റു പദ്ധതികൾ. അക്കാദമിക നിലവാരം വിലയിരുത്തുന്നതിനാണ് താരാപഥം പ്ലാറ്റ്ഫോം ഊന്നൽ നൽകുന്നത്. വിദ്യാർഥികളുടെ സ്വയംപഠനം ശക്തിപ്പെടുത്തുന്നതിനും അക്കാദമിക പുരോഗതി വിലയിരുത്തി രക്ഷിതാക്കൾക്ക് ലഭ്യമാക്കുന്നതിനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഇതു സഹായകമാകും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക അറിവ് ശേഖരമായ സ്കൂൾ വിക്കിയിൽ വിദ്യാലയങ്ങളുടെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്ന പ്രവർത്തനങ്ങളും 100 ദിന കർമപദ്ധതിയുടെ ഭാഗമാണ്.
സ്കൂളുകളിൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാൻ സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026 ന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലുമുള്ള സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.പൊതുവിദ്യാഭ്യസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്ത്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു തുടങ്ങിയവർ സന്നിഹിതരായി. തിരുവനന്തപുരം കൂടാതെ മറ്റു 11 ജില്ലകളിലേയും ഹൈസ്കൂൾ പ്രഥമാധ്യാപകർ ശില്പശാലയിൽ ഓൺലൈനായി പങ്കുചേർന്നു.
കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റൽ വിപ്ലവം!; AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ കാൽവെയ്പുമായി കെഎസ്ആർടിസി. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് നിലവിൽ വരുംഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി സി പി ജോൺ നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനവും ഉണ്ടാകും.സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനം, കെഎസ്ആർടിസിയുടെ 24×7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം, നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത മന്ത്രി നിർവ്വഹിക്കും.ചടങ്ങിൽ ഗതാഗത സെക്രട്ടറി ശ്രീമതി ടി വി അനുപമ IAS സ്വാഗതം ആശംസിക്കും. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, വിവിധ താലൂക്കുകളില്‍ അവധി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും 50 കി.മീ വരെ കാറ്റിനും സാധ്യത ഉണ്ട്. തെക്കന്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട് എന്നാണ് വിവരം. കോട്ടയം, തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നിട്ടും മധ്യകേരളത്തിലെ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പത്തനംതിട്ടയിലും കോട്ടയത്തും ക്യാമ്പുകളില്‍ ഉള്ളത് ഇരുപതിനായിരത്തിലേറെ പേരാണ്. പമ്പ, അച്ചന്‍കോവില്‍, കക്കാട്, കല്ലാറ് നദികളില്‍ ജലനിരപ്പ് താഴ്ന്നത് ആശ്വാസമാണ്. എന്നാല്‍ കോട്ടയത്തെ പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. പലയിടങ്ങളിലും റോഡുകള്‍ എല്ലാം പൂര്‍വസ്ഥിതിയിലായി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (06/08/2026) രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ആഗസ്റ്റ് 6ന് തുടക്കമാകും
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശൻ ഓഗസ്റ്റ് 6ന് നിർവഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്.സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം.പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും 6 ശതമാനം പലിശനിരക്കിൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. മുമ്പ് വായ്പയുടെ ഉയർന്ന പരിധി 2 കോടി രൂപയായിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. ഒരു വർഷം വരെ മോറട്ടോറിയം സൗകര്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്.ഇതിനൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. വലിയ സംരംഭങ്ങളുടെ വളർച്ചയ്ക്കും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനും ഇത് കൂടുതൽ കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ മുഖ്യാതിഥിയാകും. കെ.എഫ്.സി.യുടെ തിരഞ്ഞെടുത്ത സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. മികച്ച കെ.എഫ്.സി. ശാഖയ്ക്കുള്ള പുരസ്കാരം ഡോ. ശശി തരൂർ എം പി സമ്മാനിക്കും.കെ.എഫ്.സി. മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ എസ് കെ സ്വാഗതം ആശംസിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതിയുടെ അവതരണം നടത്തും. എം വിൻസെന്റ് എം എൽ എ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ധനകാര്യ (റിസോഴ്സസ്) വകുപ്പ് സെക്രട്ടറി അജിത് പാട്ടീൽ, കോർപ്പറേഷൻ കൗൺസിലർ കെ ആർ ക്ലീറ്റസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കെ.എഫ്.സി. ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ ആർ നന്ദി രേഖപ്പെടുത്തും
മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശനിയാഴ്ച വരെ ജാഗ്രതാനിര്‍ദ്ദേശം.
തിരുവനന്തപുരം: മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നു. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു.പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരത്തെയും കൊല്ലത്തെയും ഒഴിവാക്കി. നേരത്തെ ഒന്‍പത് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്.പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ഏഴു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മറ്റു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മലബാര്‍ മേഖലയിലാണ് തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ; അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ അടിയന്തര സഹയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വെള്ളം കയറിയ എല്ലാ വീടുകൾക്കും 10,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതിയുടെ അവലോകനം നടത്തി. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,748 പേരാണ് കഴിയുന്നത്.
പത്തനംതിട്ടയിൽ 157, കോട്ടയത്ത് 154, ആലപ്പുഴയിൽ 81 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തു. 1,882 ഹെക്ടർ കൃഷിയിടം നശിച്ചതോടെ 23,537 കർഷകർക്ക് തിരിച്ചടിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങൾ;മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം (നാലു ലക്ഷം എസ്.ഡി.ആർ.എഫ്, രണ്ടു ലക്ഷം സി.എം.ഡി.ആർ.എഫ്, രണ്ടു ലക്ഷം പി.എം.എൻ.ആർ.എഫ്).
വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം. ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമല്ല, വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ വെള്ളം കയറിയ എല്ലാ വീടുകൾക്കും സഹായം ലഭിക്കും. മരിച്ചവരുടെ സംസ്കാര ചെലവിനായി 10,000 രൂപ അനുവദിച്ചു. പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം നാലു ലക്ഷത്തിൽനിന്ന് 6 ലക്ഷമായി വർധിപ്പിച്ചു. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തി.
ഓരോ റേഷൻ കാർഡിലുമുള്ള രണ്ട് പേർക്ക് വീതം പ്രതിദിനം 300 രൂപ നൽകും. സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് പുതിയ വീട് തയാറാകുന്നതുവരെ വാടക ചെലവും സർക്കാർ വഹിക്കും. 2024ൽ തൃശ്ശൂരിൽ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടിട്ടും ധനസഹായം ലഭിക്കാത്ത 248 ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സ്കൂളുകളിൽ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണം.
പാലക്കാട്: സ്കൂളുകളിൽ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണമെന്ന് ഇന്റര്‍ സെക്ടറല്‍ യോഗം. ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കുന്നതിനുമാണ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രോഗവിവര രജിസ്റ്റര്‍ സൂക്ഷിക്കേണ്ടത്. ദേശീയ വിരവിമുക്തദിനം, ഏകാരോഗ്യം, പകര്‍ച്ചവ്യാധി അവലോകനം എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കായി ഡെപ്യൂട്ടി കലക്ടര്‍ എസ്.എസ്. അല്ഫയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് വീടുകളിലുള്ള മുതിര്‍ന്നവര്‍, മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പകര്‍ച്ചവ്യാധി പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ അസുഖബാധിതരായ കുട്ടികളെ കൃത്യമായി കണ്ടെത്തി വിവരങ്ങള്‍ രോഗവിവര രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
രോഗം പടരാതിരിക്കാനും കൃത്യമായി നിരീക്ഷിക്കാനും സ്കൂളുകളില്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസറെ നിയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിനെതിരെയും പ്രതിരോധം ശക്തമാക്കണം. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെങ്കിപ്പനിയായതിനാല്‍ കൊതുകുകളുടെ വളര്‍ച്ച തടയുന്നതിന് നടപടി സ്വീകരിക്കണം.കുടിവെള്ളം മൂടിവെച്ച് സൂക്ഷിക്കണം, ഇന്‍ഡോര്‍ പ്ലാന്റുകളിലും ചെടിച്ചട്ടികളിലും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം, മലയോര മേഖലകളില്‍ റബർ പാല് സൂക്ഷിക്കുന്ന ചിരട്ടകള്‍, കവുങ്ങിന് തോട്ടങ്ങളിലെ പാളകള്‍ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. കുടിവെള്ളം പമ്പ് ചെയ്യുന്നതിലുള്ള ഇടവേള കൊതുക് വളരുന്നതിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ല സര്‍വൈലന്‍സ് ഓഫിസറെ ചുമതലപ്പെടുത്തി. ആവശ്യക്കാർക്ക് എലിപ്പനി പ്രതിരോധമരുന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും യോഗം നിർദേശിച്ചു.ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് 19 വയസ്സ് വരെയുള്ളവർക്ക് വിര ഗുളികകള്‍ നല്‍കണം. സ്കൂളുകളില്‍നിന്ന് അംഗൻവാടികള്‍ വഴിയും ഗുളികകള്‍ വിതരണം ചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ഗീതു മരിയ ജോസഫ്, ഡി.എം.ഒമാരായ ഡോ. കെ. ബിന്ദുതോമസ് (ആരോഗ്യം), ഡോ. പി.സി. കവിത (ഹോമിയോ), ആഗ്നസ് ക്ലീറ്റസ് (ആയുര്‍വേദം), ആര്.സി.എച്ച് ഓഫിസര്‍ ഡോ. അനിത തുടങ്ങിയവര്‍ പങ്കെടുത്തു.



