spot_img
Tuesday, June 23, 2026
Home Blog Page 108

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി. മോന്‍താ ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മോന്‍താ പൂര്‍ണമായി കരയില്‍ പ്രവേശിക്കാന്‍ ആറ് മണിക്കൂര്‍ സമയമാണ് എടുത്തത്.

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം വരുംമണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാഹനത്തിന് ഫൈനിടണോ? ഫൈനിട്ടാൽ 20,000 പിഴ, ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയും; ഇത് മറ്റുള്ളവരുടെ ജീവന് ഭീഷണിയല്ലേ?; ചോദ്യവുമായി എംവിഡി

0

റോഡിലൂടെ അമിത ഭാരവുമായി പോകുന്ന വാഹനങ്ങൾ കാൽ നാട യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയാണ്. ഈ വാഹനങ്ങൾക്ക് പിഴ ആവശ്യമാണോ എന്ന ചോദ്യവുമായി എംവിഡി തന്നെ രംഗത്ത് എത്തിയിരിക്കുയാണ്. ഫേസ്ബുക്കിലൂടെയാണ് പൊതുസമൂഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് എംവിഡി രംഗത്തെത്തിയത്. എന്ത് ചെയ്യും? എന്ത് ചെയ്യണം.

ഈ വാഹനത്തിന് കേസെടുത്ത് ഫൈനിട്ടാൽ നിയമപ്രകാരം ഇരുപതിനായിരം രൂപ പിഴ അടയ്ക്കേണ്ടുന്ന കുറ്റമാണ്. ജീവിക്കാൻ അനുവദിക്കുന്നില്ല, ജോലി ചെയ്ത് കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നു. തുടങ്ങിയ പരാതികളും ആവലാതികളും സാധാരണയായി ഉയർന്നു തുടങ്ങും.

ഇനി ചെക്ക് ചെയ്തില്ലെങ്കിലോ? ഉറപ്പായും ഇത് മറ്റു വാഹനങ്ങളിലെ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ജീവനും ഭീഷണിയാകും കാൽനടക്കാരനും രക്ഷയില്ലാത്ത അവസ്ഥയാകും. സമൂഹം എങ്ങിനെയാണ് ഈ പ്രശ്നത്തെ നോക്കി കാണുന്നത് എന്നറിയാൻ. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ചെയ്യൂ എന്നാണ് എംവിഡി ഫേസ്ബുക്കിൽ കുറിച്ചത്.

എംവിഡി ഫേസ്ബുക്കിൽ കുറിച്ചത്

എന്ത് ചെയ്യും? എന്ത് ചെയ്യണം !

ഈ വാഹനത്തിന് കേസെടുത്ത് ഫൈനിട്ടാൽ നിയമപ്രകാരം ഇരുപതിനായിരം രൂപ പിഴ അടയ്ക്കേണ്ടുന്ന കുറ്റമാണ്.

ജീവിക്കാൻ അനുവദിക്കുന്നില്ല! ജോലി ചെയ്ത് കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നു! തുടങ്ങിയ പരാതികളും ആവലാതികളും സാധാരണയായി ഉയർന്നു തുടങ്ങും.

ഇനി ചെക്ക് ചെയ്തില്ലെങ്കിലോ?
ഉറപ്പായും ഇത് മറ്റു വാഹനങ്ങളിലെ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ജീവനും ഭീഷണിയാകും കാൽനടക്കാരനും രക്ഷയില്ലാത്ത അവസ്ഥയാകും.

സമൂഹം എങ്ങിനെയാണ് ഈ പ്രശ്നത്തെ നോക്കി കാണുന്നത് എന്നറിയാൻ. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ചെയ്യൂ.

ചീനിക്കുഴി കൂട്ടക്കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ഈമാസം 30 ന്

0

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. ശിക്ഷ ഈ മാസം 30ന് വിധിക്കും. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. എന്നാൽ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. നാലുപേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്കളങ്കരായ 2 കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻറെ മറ്റൊരു വാദം. 

ചീനിക്കുഴി സ്വദേശി അലിയാക്കുമന്നേൽ ഹമീദാണ് മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. 2022 മാർച്ച് 18 നായിരുന്നു നാടിനെയാകെ നടുക്കിയ ക്രൂര കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്കെറിയുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേതുടൾപ്പെടെയുളള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമാണ്. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ലുലു മാളിലെ പാർക്കിങ് ഫീസിനെതിരായ ഹർജി തള്ളി

0

കൊച്ചി: ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് മുഖേന കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജസ്റ്റിസുമാരായ എസ് എ ധർമ്മാധികാരി, ശ്യാം കുമാർ വി എം എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചിന്റേതാണ് ഉത്തരവ്. പാർക്കിങ് തുക ഈടാക്കണമോ എന്നത്, മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് ഉള്ള കെട്ടിട ഉ‌‌‌ടമകളുടെ വിവേചനാധികാരമാണെന്ന് കോടതി നിരീക്ഷിച്ചു.

സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു

ഹൈക്കോട‌തി സിം​ഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബോസ്കോ കളമശേരി നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച് ഉത്തരവ്. കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള ബിൽഡിങ് റൂൾസ് നിയമങ്ങളുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലു മാളിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കളമശ്ശേരി നഗരസഭ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേരള മുന്‍സിപ്പാലിറ്റി ചട്ടം അനുസരിച്ച് പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് നഗരസഭ അനുമതി നൽകിയത്.

ഇടപ്പള്ളി ലുലു മാളിലെ ബേസ്മെന്‍റ് പാർക്കിങ്, മൾട്ടി ലെവൽ കാർ പാർക്കിങ് എന്നിവിടങ്ങളിലായി ഏറ്റവും നല്ല സൗകര്യങ്ങളോടെയും മികച്ച സുരക്ഷിതത്വത്തോടെയുമാണ് പാർക്കിങ് ലഭ്യമാക്കിയിരിക്കുന്നതെന്നും പാർക്കിങ് ഏരിയകൾ കൂടി ഉൾപ്പെടുത്താണ് മുൻസിപ്പാലിറ്റിക്ക് കെട്ടിട നികുതി നൽകുന്നതെന്നും ലുലു ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ന്യായമായ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ഈ തുക പാർക്കിങ് ഏരിയയുടെ പരിപാലത്തിനായാണ് ഉപയോഗിക്കുന്നതെന്നും ലുലു കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന് വേണ്ടി ​ഗവൺമെന്റ് പ്ലീഡർ കെ ആർ ദീപ, കളമശേരി മുൻസിപ്പാലിറ്റിക്ക് വേണ്ടി സ്റ്റാൻഡിം​ഗ് കൗൺസൽ എം കെ അബൂബ്ബക്കർ എന്നിവരാണ് ഹാജരായത്. ലുലു ഷോപ്പിങ് മാൾസിന് വേണ്ടി അഡ്വക്കേറ്റ് എസ് ശ്രീകുമാർ ഹാജരായി

നെടുങ്കണ്ടത്ത് പ്രളയത്തില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം വണ്ടി, റെജിമോന് കൂട്ടുകാരുടെ സര്‍പ്രൈസ് സമ്മാനം

0

നെടുങ്കണ്ടം: കഴിഞ്ഞ 18 ന് കൂട്ടാർ പുഴയിലൂടെ കലങ്ങി മറിഞ്ഞെത്തിയ വെള്ളപ്പൊക്കത്തിൽ ഒരു പൊങ്ങുതടി പോലെ ഒഴുകി പോയതാണ് കൂട്ടാർ സ്വദേശി റെജിമോന്‍റെ ” വിനായക ” ട്രാവലർ വാഹനവും സ്വപ്നങ്ങളും. ഈ ദൃശ്യം കണ്ട ഏവർക്കും അതൊരു നൊമ്പരക്കാഴ്ചയായിരുന്നു. എന്നാലിപ്പോൾ അതേ കൂട്ടാറിന്‍റെ തീരത്ത് മറ്റൊരു മനോഹര കാഴ്ചയ്ക്ക് കൂടി നാട്ടുകാർ സാക്ഷ്യം വഹിച്ചു. റെജിമോന്റെ ഉറ്റ സുഹൃത്തുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് തരിപ്പണമായ വിനായകന് പകരം മറ്റൊരു വിനായകനെ സമ്മാനിച്ചു. പ്രളയം വാഹനത്തെ കവര്‍ന്നെടുത്ത കൂട്ടാര്‍ പാലത്തിന് അരികെ വച്ചു തന്നെ വാഹനത്തിന്റെ താക്കോല്‍ കൈമാറി. 

റെജിമോന്റെ സുഹൃത്തുക്കളും ബെംഗളുരുവില്‍ ഐടി എഞ്ചിനീയര്‍മാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാൻ വാങ്ങി നല്‍കിയത്. അഞ്ജിത, സുബിന്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങി നൽകിയത്. ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാത്തത് മൂലം ഇവരുടെ സുഹൃത്ത് രഹന്‍ലാലിനെയും അശോകനെയും താക്കോല് കൈമാറാന്‍ ഏല്‍പിക്കുകയായിരുന്നു. ഇടുക്കി എട്ടാം മൈലില്‍ നിന്നും വാഹനം വാങ്ങിയത്. പഴയ ‘വിനായകന്’ 17 സീറ്റ് ആയിരുന്നെങ്കില്‍ ഈ വാഹനത്തിന് 19 സീറ്റാണ്. 14.5 ലക്ഷം രൂപ നല്‍കിയാണ് വാഹനം വാങ്ങിയത്. 

എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്ന് റെജിമോന്‍ പറഞ്ഞു. ഡ്രൈവറായെത്തി ആ ബന്ധം പിന്നീട് ആഴമുള്ള സൗഹൃദമാകുകയായിരുന്നു. അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു. ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ (അപ്പു) എന്നിവരും വാഹനം നഷ്ടമായത് മുതൽ ഏറെ ദുഃഖത്തിലായിരുന്നു. ഒപ്പം റെജിമോന്‍റെ സുഹൃത്തുക്കളും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. വിനായക ഒഴുക്കിൽപ്പെട്ടതു മുതൽ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുക്കുന്നത് വരെ കൂട്ടാറിലെ സുഹൃത്തുക്കൾ സജീവമായിരുന്നു. 

നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

0

കോട്ടക്കൽ: പുത്തനത്താണി ഇക്ബാൽ നഗറിൽ വാഹനാപകടം. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ നവദമ്പതികൾക്ക് ദാരുണന്ത്യം.ഇന്ന് രാവിലെ 8:30 ഓടെയിരുന്നു അപകടം സംഭവിച്ചത്.മലപ്പുറം ചേരുലാൽ സ്വദേശികളായ മുഹമ്മദ് റഹീസ് ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരിച്ചത്.പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് കൂടിയാണ് റീഷ മൻസൂർ.ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹങ്ങൾ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ.

മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം

0

തൃശൂർ: തൃശൂർ തളിക്കുളം ജി.വി.ജി.എസ്.എസ്. മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ ആണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു
;ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

0

മാനന്തവാടി: പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാര്‍ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോഡേക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു.

കഴക്കൂട്ടം പീഡനക്കേസ്: പ്രതി ബഞ്ചമിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

0

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മധുര സ്വദേശി ബെഞ്ചമിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടത്തെ സംഭവം നടന്ന ഹോസ്റ്റൽ, ഇയാൾ മോഷണം നടത്തിയ വീടുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഹോസ്റ്റലിലെ ബലാത്സംഗത്തിന് മുൻപ് പ്രതി സമീപത്തെ മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തിയിരുന്നു. സി.സി.ടിയിൽ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ഒരു വീട്ടിൽ നിന്ന് കുട എടുത്ത് മുഖം മറച്ചായിരുന്നു ഹോസ്റ്റലിൽ കയറിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.തമിഴ്നാട്ടിൽ ബഞ്ചമിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ബെഞ്ചമിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡാൻസാഫ് പൊലീസ് സംഘം പിന്നാലെ സാഹസികമായി ഓടിയാണ് ഇയാളെ പിടികൂടിയത്.തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറയുന്നു.

ഇനി ‘ആ’ശങ്ക വേണ്ട, ക്ലൂ വരുന്നു; യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗത്തിനായി ആപ്ലിക്കേഷൻ

0

തിരുവനന്തപുരം: ഹ്രസ്വദൂരയാത്രകൾക്കുപോലും തയ്യാറെടുക്കുന്നവരുടെ ഉള്ളിലെ പ്രധാന ആശങ്കയാണ്‌ യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗം. സ്ത്രീകളെയും പ്രായമായവരെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗബാധിതരെയും കുട്ടികളെയുമെല്ലാം അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ്‌ ശുചിത്വമിഷനുമായി ചേർന്ന്‌ സർക്കാർ. തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘ക്ലൂ’ (KLOO) എന്നപേരിൽ പ്രത്യേക ആപ്ലിക്കേഷൻ നിലവിൽ വരുന്നു. യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ് സഹായിക്കും. ഫ്രൂഗൽ സയിന്റിഫിക് സ്റ്റാർട്ടപ്പാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്‌.

കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ ശുചിത്വമിഷനോടൊപ്പം സംരംഭത്തിന്റെ പാർട്‌ണറാകും.സ്വകാര്യമേഖലയിലുൾപ്പെടെയുള്ള ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച ശുചിമുറികളെ ആപ്പുമായി ബന്ധിപ്പിക്കും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ആപ്പിൽ ലഭ്യമായ ശുചിമുറികളുടെ സേവനം ഉപയോഗപ്പെടുത്താം. തത്സമയ അപ്ഡേറ്റ്‌, മാപ്പിൽ ലഭിക്കുന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവയോടൊപ്പം വൃത്തിയുടെയും മറ്റ് സൗകര്യങ്ങളുടെയും ഗുണനിലവാര റേറ്റിങ്ങും ഉപയോക്താക്കൾക്ക്‌ രേഖപ്പെടുത്താം.

ആപ്പിൽ അംഗമാകുന്ന സ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സ‍ൗകര്യങ്ങൾ എന്നീ വിവരങ്ങൾ ആപ്പിൽ നൽകുകവഴി ഇതുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്കിടയിൽ പ്രചാരം വർധിപ്പിക്കാനാകും.ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന ക്ലൂ ആപ്പിലേക്ക് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കുമെന്ന്‌ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു.