spot_img
Saturday, November 21, 2026
Home Blog Page 179

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം.

0

കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളിൽനിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി നിർബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി.

കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ച് മാസങ്ങൾ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു, ഇതോടെയാണ് കഫ് സിറപ്പുകളുടെ നിർമാണത്തിലും വിതരണത്തിലും കടുത്ത നിയന്ത്രണം വരുത്താൻ തീരുമാനമായത്. കഴിഞ്ഞ ‍ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

ഈ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽനിന്ന് “സിറപ്പുകൾ” എന്ന വാക്ക് നീക്കം ചെയ്യുകയും ഇതോടെ ഇവയുടെ ഇളവ് ഒഴിവായി നേരിട്ടുള്ള വിൽപ്പന അവസാനിപ്പിക്കുകയും ചെയ്യും. ഡ്രഗ്സ് (അഞ്ചാം ഭേദഗതി) റൂൾസ്, 2026 എന്ന് പുതിയ നിയമങ്ങൾ അറിയപ്പെടുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ. മരുന്നുകളുടെ തെറ്റായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവ ഒഴിവാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ശ്രേസൻ ഫാർമ നിർമിച്ച ‘കോൾഡ്രിഫ്’ ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിൽ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്.

കമ്മീഷൻ വാങ്ങി മരുന്ന് കുറിച്ച മധ്യപ്രദേശിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ചുമമരുന്നിൽ അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കണ്ടെത്തിയിരുന്നു.

അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ പിടിയിൽ.

അരീക്കോട്: മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ രാസലഹരി മരുന്നുകള്‍ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേർ പിടിയില്‍. 14.120 ഗ്രാം എംഡിഎംഎ (MDMA) യുമായി അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീർ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, അരീക്കോട് ഇൻസ്പെക്ടർ ശൈലേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളായ ദില്‍ഷാദും സജ്മീറും മുൻപും ലഹരിക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇവർ വീണ്ടും ലഹരി വില്പനയില്‍ സജീവമായത്.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ജൂലൈ – ഒക്ടോബർ 2026 ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

കോഴിക്കോട്: ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം.പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അവസരം ലഭിക്കുന്നത് വഴി കൂടുതൽ വിശാലവും കരുണാർദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാർത്തെടുക്കാൻ പരിപാടി മുഖാന്തിരം സാധിക്കുന്നു.

വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.നിപ്പ പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിലുമെല്ലാം നിർണ്ണായക പങ്കാണ്‌ DCIP ഇന്റേർൺസ് വഹിച്ചത്.

യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിലും ഗുണപരമായ ജീവിതവീക്ഷണം വളർത്തിയെടുക്കുന്നതിലും കഴിവുള്ളതെന്നു ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിക്കാൻ ഈ പരിപാടിയ്ക്ക് സാധിച്ചിട്ടുണ്ട്.ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcip.co.in എന്ന വെബ്സൈറ്റിലൂടെ അപ്ലിക്കേഷൻ പൂരിപ്പിച്ചു നൽകണം. ജൂൺ 21 (ഞായർ ) നകം അപേക്ഷ സമർപ്പിക്കണം. നാല്‌ മാസമാകും ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്.

അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.ഇന്റർവ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്‌. പുതിയ ബാച്ച് ജൂലൈ മാസം ആദ്യത്തിൽ ആരംഭിക്കും. 96336 93211, 04952370200 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.വരൂ.. ഈ യുവജനമുന്നേറ്റത്തിന്റെ ഭാഗമാകൂ.

ഭക്ഷണപ്പൊതികളിൽ പിന്നുകളും സ്റ്റേപ്പിളുകളും.വേണ്ട കർശന വിലക്കുമായി ഫുഡ് സേഫ്റ്റി അഥോറിറ്റി

ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുയർത്തുന്ന വിധത്തിൽ ഭക്ഷണപ്പൊതി കളിലും കേക്ക് ബോക്‌സുകളിലും ലോഹ പിന്നുകളും സ്റ്റേപ്പിൾ പിന്നുകളും ഉപ യോഗിക്കുന്നതിനെതിരെ കർശന വിലക്കുമായി ഫുഡ്സേഫ്റ്റി ആൻഡ് സ്റ്റാൻഡേ ർഡ്‌സ് അഥോറിറ്റി ഓഫ് ഇ ന്ത്യ.ഭക്ഷ്യവസ്തുക്കൾ സീൽ ചെയ്യുന്നതിനും പാക്കേജിം ഗിനും മെറ്റാലിക് പിന്നുകൾ, വയറുകൾ അല്ലെങ്കിൽ സമാനമായ വസ്തു‌ക്കൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻരാജ്യത്തെ മുഴുവൻ ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർക്കും റെഗുലേറ്ററി ബോഡി നിർദേശം നൽകി. ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എ ന്നിവയെല്ലാം ഈ നിയമം ഉടൻ പാലിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

നിപയെ പ്രതിരോധിക്കാൻ പഴുതടച്ച പരിശോധന

രാമനാട്ടുകര: നിപയെ പ്രതിരോധിക്കാൻ വനം വകുപ്പിന്‍റെയും മൃഗസംരക്ഷണവകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ പഴുതടച്ച പരിശോധന ആരംഭിച്ചു. രാമനാട്ടുകര പത്താം ഡിവിഷനിലാണ് വവ്വാലുകളെ കയ്യോടെ പിടികൂടാൻ കെണിയൊരുക്കുന്നത്. പാറമ്മൽ റോഡിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞക്കൻ ചെട്ട്യാർ ആൻഡ് സൺസിന്‍റെ ഉടമസ്ഥതയിലുള്ള പഴയ തറവാടു വീടായ കാരാട്ടിൽ പറമ്പിൽ എത്തുന്ന വവ്വാലുകളെ പിടികൂടാനാണ് മൃഗ സംരക്ഷണ വിഭാഗവും വനംവകുപ്പും സംയുക്തമായി വല വീശിയിരിക്കുന്നത്.

ഇവിടെയുള്ള മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന രാമേശ്വരം റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് നീക്കം. വവ്വാലുകളുടെ കാഷ്ഠം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇത് ശാസ്ത്രീയമായി പരിശോധിക്കുന്നതോടെ വവ്വാലുകളിൽ നിപയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം, ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ല’; പരാതിയുമായി സ്വകാര്യ ബസ്സുടമകൾ.

തൃശൂർ: പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി.

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. കൃത്യം കണക്കുകൾ ഇന്ന് അറിയാമെന്നും സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.സർവീസ് നിർത്തി സമരം ചെയ്യുന്നത് പരിഗണനയിലാണെന്നും സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. വെള്ളിയാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്.

തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിലെ അമരക്കാരായി.സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്.

നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന് ബ്ലോക്ക്, എഡിറ്റ് ബട്ടനും ഓഫ്; കടുത്ത നിയന്ത്രണവുമായി കേന്ദ്രം.

0

ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്–യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാരിന്റെ കടുത്ത നടപടി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലിഗ്രാം മെസേജിങ് സേവനങ്ങൾ നിരോധിച്ചു. 21 നാണ് പുനഃപരീക്ഷ. 22 വരെയാണ് താൽക്കാലികമായി നിരോധിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെയും വിലക്കിയിട്ടുണ്ട്. ഇതിനോടകം പോസ്‌റ്റ് ചെയ്ത മെസേജുകൾ എഡിറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണിത്.

ചോദ്യപേപ്പർ ചോർച്ച റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻടിഎയുടെ അഭ്യർഥന മാനിച്ച് കേന്ദ്ര ടെലികോം മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജൂൺ 21 ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ ലക്ഷ്യംവച്ച് ടെലിഗ്രാം ചാനലുകൾ വഴി വ്യാജ ചോദ്യപേപ്പർ വിൽക്കുന്ന റാക്കറ്റുകൾ സജീവമാണെന്ന് എൻടിഎ കണ്ടെത്തിയിട്ടുണ്ട്. ചില ചാനലുകൾ പരീക്ഷാ ചോദ്യപേപ്പർ ലഭ്യമാക്കാമെന്നു പരസ്യം ചെയ്ത് ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഫീസ് ഈടാക്കുന്നുണ്ടെന്നും എൻടിഎ പറയുന്നു.

ഇതെല്ലാം തട്ടിപ്പാണെന്ന് ഏജൻസി വ്യക്തമാക്കി. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതാണു പ്രധാന പ്രശ്നമെന്നാണ് എൻടിഎയുടെ വാദം. പഴയ മെസേജുകൾ പരീക്ഷയ്ക്കുശേഷം എഡിറ്റ് ചെയ്ത് യഥാർഥ ടൈംസ്റ്റാംപ് നിലനിർത്തി വ്യാജ ‘പേപ്പർ ലീക്ക്’ തെളിവുകൾ ഉണ്ടാക്കുന്ന രീതി വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു തടയാനാണ് എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നത്.

സീറോ ടിക്കറ്റ്’ കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം.

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്രയ്ക്ക് ലഭിക്കുന്ന ‘സീറോ’ ടിക്കറ്റ് കളയാതെ വെച്ചാല്‍ കാര്യമുണ്ട്. കൂട്ടിവെച്ച ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് സമ്മാനം നല്‍കും. ഈ ടിക്കറ്റുകള്‍ നറുക്കിട്ട് സമ്മാനം നല്‍കുന്ന പദ്ധതി ആലോചിക്കുകയാണ് ഗതാഗത വകുപ്പ്.ഇന്നലെ ‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര ഉദ്ഘാടന വേളയില്‍ ടിക്കറ്റുകള്‍ കളയരുത് എന്ന് മന്ത്രി സി പി ജോണ്‍ പറഞ്ഞിരുന്നു.

ടിക്കറ്റ് മെഷീനിലെ പേപ്പര്‍ റോളടക്കം ഒരു ടിക്കറ്റിന് ചെലവ് വരുന്നത് 13 പൈസയാണ്. ഇത് പരിഹരിക്കുന്നതോടൊപ്പം കെഎസ്ആര്‍ടിസിക്ക് നല്ലൊരു വരുമാനം കൂടി ലഭിക്കാന്‍ ടിക്കറ്റിന് പിന്നില്‍ പരസ്യം പതിക്കും. ഈ പരസ്യദാതാവു തന്നെ സമ്മാനവും സ്‌പോണ്‍സര്‍ ചെയ്യുന്ന തരത്തിലാണ് ആലോചന.ടിക്കറ്റ് സ്ത്രീകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ പരസ്യം വീടുകളിലേക്കു കൂടി എത്തിക്കാനാണ് ആലോചന. ഇത് പരസ്യദാതാവിനും നേട്ടമാകും. പരസ്യം ടിക്കറ്റുകളില്‍ അച്ചടിക്കുന്നതിനായി കെഎസ്ആര്‍ടിസി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും.

‘എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്’ മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

0

പൊതുഇടങ്ങളിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ടെന്നും അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും ഫാത്തിമ തഹിലിയ എംഎൽഎ. ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോടുള്ള തൻറെ കടുത്ത വിയോജിപ്പ് പ്രകടമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎ കുറിച്ചു.

വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് അവർ ഓർമ്മിപ്പിച്ചു.സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി പൊലിപ്പിച്ച് കാണിക്കുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ മൊണറ്റൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.ഇത്തരം ചാനലുകൾ എന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നു – പോസ്റ്റ് പറയുന്നു. ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ ആവശ്യമായ നിയമനടപടികളിലേക്ക് കടക്കുമെന്നും ഫാത്തിമ തഹലിയ മുന്നറിയിപ്പു നൽകി.

പോസ്റ്റിൻറെ പൂർണ്ണ രൂപം:

എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്:

ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.

ഇത്തരം ചാനലുകൾ എന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു.

പൊതുഇടങ്ങളിലാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു code of conduct-ഉം പാലിക്കാതെ, ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.

ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്.

മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല.

ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ stalking-ഉം privacy violation-ഉം ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ കായിക ടൂറിസം മേഖലകളിൽ പുതിയ പാക്കേജുകൾ തിരുവമ്പാടിക്ക് സമർപ്പിക്കും; സി കെ കാസിം എം.എൽ.എ.

0

കൈതപോയിൽ: വരാൻ പോകുന്ന സർക്കാരിന്റെ ബജറ്റിലും ഭാവി പ്രവർത്തനങ്ങളിലും നൂതനമായ പദ്ധതികൾ വിദ്യാഭ്യാസ കായിക ടൂറിസം മേഖലകളിൽ ഊന്നൽ നൽകി തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും തന്നെ വോട്ട് ചെയ്തു തിരഞ്ഞെടുത്ത ജനങ്ങൾക്ക് തന്റെ പ്രവർത്തനങ്ങളിലൂടെ നന്ദി അറിയിക്കുമെന്നും തിരുവമ്പാടി എം എൽ എ സി കെ കാസിം പ്രഖ്യാപിച്ചു.

കൈതപോയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്‌ കൈതപോയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായ അഭിനന്ദനം 2026 ന്റെ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷക്കാലമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കലാ കായിക മേഖലകളിൽ സുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ദിവ്യ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,.ക്ലബ്‌ പ്രസിഡന്റ്‌ നാസർ തള്ളാശേരി അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ ആർ കെ ഷാഫി സ്വാഗതം പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അംബിക മംഗലത്ത് മുഖ്യഥിതിയായി. കോടഞ്ചേരി പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ അഷ്‌റഫ്‌ ടി ടി, സമീർ പുളിക്കത്തൊടി, സി എ മുഹമ്മദ്‌, കെ സി മുഹമ്മദ്‌ ഹാജി, സി കെ ബഷീർ, വി കെ കാദർ, പി ജാഫർ, സുബൈർ ടി കെ, കെ സി ശിഹാബ് സുഹൈൽ വേഞ്ചേരി, ഷഫീഖ് എ കെ ബഷീർ എ പി ഷൈജൽ വേഞ്ചേരി, മനാഫ് ആർ കെ, ഷൈജൽ എ. എ പി മുഹമ്മദ്‌, സിദ്ധീഖ് കെ, റഷീദ് ഇ, എന്നിവർ സംസാരിച്ചു ക്ലബ്‌ സെക്രട്ടറി മുജീബ് പി എസ് നന്ദി പറഞ്ഞു.