spot_img
Wednesday, July 1, 2026
Home Blog Page 186

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 16കാരിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

0

കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ഒടുവിൽ വേടന് ആശ്വാസം, ജയിലിലേക്കില്ല; പുലിപ്പല്ല് മാല കേസിൽ കോടതി ജാമ്യം നൽകി

0

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. തനിക്ക് സമ്മാനമായി കിട്ടിയതായിരുന്നു അത്, പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ വാങ്ങില്ലായിരുന്നു, നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാം, പുലിപ്പല്ല് എന്ന് പറയുന്നതല്ലാതെ ഒരു ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല, ഏത് അന്വേഷണവുമായും സഹകരിക്കാം, ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ജാമ്യാപേക്ഷയെ എതിർത്താണ് കോടതിയിൽ വനം വകുപ്പ് നിലപാടെടുത്തത്. പ്രതി വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ വനം വകുപ്പ് ജാമ്യം നൽകരുതെന്നും നിലപാടെടുത്തു. സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി

വേടനുമായി തെളിവെടുപ്പ് ഇന്ന് രാവിലെ വനം വകുപ്പ് പൂർത്തിയാക്കിയിരുന്നു. രാവിലെ കോടനാട് നിന്ന് വേടനെ തൃശ്ശൂരിൽ പുലിപ്പല്ല് രൂപമാറ്റം വരുത്തിയ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരിലുള്ള വേടന്റെ വീട്ടിലും വനം വകുപ്പ് സംഘം എത്തി. വേടന് പുലിപ്പല്ല് കൈമാറിയ ശ്രീലങ്കൻ വംശജനായ പ്രവാസി രഞ്ജിത്ത് കുമ്പിടിയെ ബന്ധപ്പെടാൻ ഇനിയും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. പുലിപ്പല്ല് മാലയുടെ ഉറവിടത്തിൽ വ്യക്തത തേടി വേടൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസം മുമ്പാണ് സുഹൃത്ത് പുലിപ്പല്ല് വെള്ളി കെട്ടിക്കാൻ തനിക്ക് കൈമാറിയതെന്നും ഇത് പുലിപ്പലാണെന്ന് അറിയില്ലെന്നുമായിരുന്നു ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞത്.

അഡ്വക്കേറ്റ് ആളൂർ അന്തരിച്ചു

0

കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍.

രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ മേയ് 2 മുതൽ ഒരു മാസക്കാലം

0

* തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ വിപുലമായ പരിശോധനക

* പിഴവ് കണ്ടാൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി

സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മേയ് 2 മുതൽ ഒരു മാസക്കാലം മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു.

ഇതിന് പിന്നാലെയാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ നടപടികൾക്കായി മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾ സുരക്ഷിത ഭക്ഷണം നൽകേണ്ടതാണ്. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എഫ്എസ്എസ് ആക്ട് പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പും പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യ വകുപ്പും നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.ചൂട് കാലമായതിനാൽ ഭക്ഷണം പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. പാഴ്സലുകളിൽ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം. ജിവനക്കാർക്ക് നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം.

ഭക്ഷ്യ സ്ഥാപനങ്ങൾ, മത്സ്യ മാംസ ശാലകൾ, മാർക്കറ്റുകൾ, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളുൾപ്പെടെ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും. വയോജന കേന്ദ്രങ്ങൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ഹോമുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകർക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കേണ്ടതാണ്. രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തും. ഐസ്‌ക്രീം നിർമ്മാണ വിപണന കേന്ദ്രങ്ങൾ, കുപ്പിവെള്ള നിർമ്മാണ വിതരണ വിപണന കേന്ദ്രങ്ങൾ, ശീതളപാനീയ നിർമ്മാണ വിതരണ വിപണന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ശീതള പാനീയങ്ങൾ വിപണനം നടത്തുന്ന കടയുടമകൾ പാനീയങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഹോട്ടലുകളിലെ കുടിവെള്ളം, ചട്നിയിലും മോരിലും ചേർക്കുന്ന വെള്ളം എന്നിവയും ശുദ്ധമുള്ളതായിരിക്കണം.കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളിൽ കൊണ്ട് പോകുകയോ ചെയ്യരുത്. ഉത്സവങ്ങൾ, മേളകൾ നടക്കുന്ന സ്ഥലങ്ങളിൽ വിപണനം നടത്തുന്ന ശീതള പാനീയങ്ങൾ, കുപ്പിവെള്ളം, ഐസ് കാൻഡി, ഐസ്‌ക്രീം എന്നിവ സുരക്ഷിതമായി തന്നെ വിൽപന നടത്തണം.ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ അതത് ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് ടീമും പരിശോധനകളിൽ പങ്കാളികളാകും. മൊബൈൽ പരിശോധനാ ലാബുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

പൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

0

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും.പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും.

പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ മുതല്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക.ഉച്ചയ്ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12.30നാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റ്. തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേല്‍ശാന്തി ദേശക്കാര്‍ക്ക് കൈമാറും. തുടര്‍ന്ന് കൊടിമരത്തില്‍ ചാര്‍ത്തി ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറ ഉയര്‍ത്തും

ലോഡ്ജിൽ കിട്ടിയ ലഹരി മരുന്നിന്, പിന്നാലെ കൂടി കുന്ദമംഗലം പൊലീസ്, ഒടുവിൽ നൈജീരിയക്കാരൻ പ്രധാനിയെ പൊക്കി

0

കുന്ദമംഗലം: കുന്ദമംഗലം എംഡിഎംഎ കേസില്‍ പ്രധാന പ്രതിയായ വിദേശി പിടിയില്‍. നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയയെയാണ് നോയ്ഡയില്‍ നിന്നും കുന്ദമംഗലം പൊലീസ് പിടികൂടിയത്. പ്രധാന ലഹരിസംഘങ്ങളിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 21ന് കുന്ദമംഗലത്തിനടത്ത് കാരന്തൂരിലെ ലോഡ്ജില്‍ നിന്നും 221ഗ്രാ എംഡിഎം എയുമായി രണ്ടു പേരെ പിടികൂടിയത് ഡാന്‍സാഫും കുന്ദമംഗലം പൊലീസും ചേര്‍ന്നാണ്. കാരിയര്‍മാരെ പിടികൂടി അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തയ്യായില്ല.

ഇവരില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പൊലീസിനെ എത്തിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലഹരി മാഫിയയിലേക്ക്. ഈ അന്വേഷണത്തിനൊടുവിലാണ് ലഹരി കണ്ണികളിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയ കുടുങ്ങിയത്. ഇയാള്‍ നോയ്ഡയിലുണ്ടെന്ന വിവരമറിഞ്ഞ് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി. ദിവസങ്ങളോളം ഇയാളെ നീരീക്ഷിച്ച പൊലീസ് സംഘം മാര്‍ക്കറ്റില്‍ വെച്ചാണ് പിടികൂടിയത്. ഫ്രാങ്ക്സിയിൽ നിന്നും നാല് മൊബൈല്‍ ഫോണുകളും ഏഴു സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. മറ്റു പലരുടേയും പേരിലുള്ളവയാണ് സിംകാര്‍ഡുകള്‍. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ടാന്‍സാനിയന്‍ സ്വദേശികളില്‍ നിന്നുമാണ് ഫ്രാങ്കിനെക്കുറിച്ചുള്ള വിവരം കിട്ടിയത്. പണമിടപാടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പലരുടേയുംപേരിലെടുക്കുന്ന വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് ലഹരിക്കുള്ള പണമിടപാടിനായി ഇവര്‍ ഉപയോഗിക്കുന്നത്.ഈ കേസില്‍ ഇതു വരെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്.

പുൽപള്ളി സ്വദേശി മംഗളൂരുവിനടുത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു; 15 പേർ അറസ്റ്റിൽ

0

മംഗളൂരു: മാനസികാസ്വാസ്ഥ്യമുള്ള പുൽപള്ളി സ്വദേശി കർണാടകയിൽ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സാന്ദീപനി കുന്നിലെ മുച്ചിക്കാടൻ കുഞ്ഞായിയുടെ മകൻ അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് കല്ലുട്ടിയിലെ ഗ്രൗണ്ടിന് സമീപം ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്ന് പ്രചാരണം ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

പോസ്റ്റ്മോർട്ടത്തിൽ ആന്തരിക രക്തസ്രാവവും മുതുകിൽ പല തവണകളായി അടിയേറ്റതായും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ചേർന്ന് മർദിച്ച് കൊന്നതാണെന്നു തെളിഞ്ഞത്. 19 പേർക്കെതിരെ കേസ് റ‍ജിസ്റ്റർ ചെയ്ത പൊലീസ് കുടുപ്പു സ്വദേശികളായ ടി.സച്ചിൻ (26), ദേവദാസ് (50), ദീക്ഷിത് (32), നടേശ (33), മഞ്ചുനാഥ (32), വിവിയൻ അൽവാരിസ് (41), ശ്രീദത്ത (32), പ്രദീപ് കുമാർ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂർ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുൽ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇരുപത്തഞ്ചിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുൻപ് വീട്ടിൽ വന്നിരുന്നു. മംഗളൂരുവിൽ ആക്രി പെറുക്കിവിറ്റു കഴിയുകയായിരുന്നു. വേങ്ങരയിൽ നിന്നാണ് ഇവരുടെ കുടുംബം പുൽപള്ളിയിലെത്തിയത്. നേരത്തേ പുൽപള്ളിയിൽചില്ലറ ബിസിനസുകൾ നടത്തിയിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളി സ്വദേശി അഷ്റഫിന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. ഖബറടക്കം മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിൽ നടക്കുംഅഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും തൊടുപുഴയിലും തൃശൂരിലുമായി ചികിത്സ തേടിയിട്ടുണ്ടെന്നും ഇളയ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നും സംഭവിച്ച കാര്യങ്ങളിൽ വ്യക്തതയില്ലെന്നും സഹോദരൻ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷാഫലം മേയ് 9ന്;

0

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 നാണ് അവസാനിച്ചത്. സംസ്ഥാനത്തു 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണു റഗുലർ വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ എയ്ഡഡ് മേഖലയിൽ 29,631 വിദ്യാർഥികളുമാണു റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണു പരീക്ഷ എഴുതിയത്. അതിൽ 2,815 പേർ ആൺകുട്ടികളും 242 പേർ പെൺകുട്ടികളുമാണ്. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രവുമാണുള്ളത്. അതിൽ 12 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു.

സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

0

പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു.ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാ​ഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.കൊല്ലം ജില്ലയിൽ കണ്ടചിറയിൽ എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി

സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെയാണ് നൽകിയത്.

ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചു, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു, പിടിയിലായത് 9 പേർ

0

കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.

ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.

രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.

രാസലഹരിക്കെതിരെ നേരത്തേ റാപ്പർ വേടൻ വേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തിയിരുന്നു. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്. പൊലീസിനെയും എക്സൈസിനെയും സംബന്ധിച്ച് ചെറിയ കേസാണെങ്കിലും നിരവധി യുവാക്കളെയടക്കം സ്വാധീനിക്കുന്ന വ്യക്തിയിൽ നിന്ന് ലഹരി കണ്ടെത്തിയത് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ വേടന്‍റെ ഫ്ലാറ്റിൽ നിന്ന് ഏഴു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് പൊലീസ് നൽകിയ വിവരം. പിന്നീടാണ് ആറു ഗ്രാമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് തിരുത്തിയത്.