spot_img
Friday, July 3, 2026
Home Blog Page 207

അസ്വാഭാവികതയില്ല; ജുനൈദിന്‍റേത് അപകട മരണം തന്നെയെന്ന് പൊലീസ്

0

മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ജുനൈദ് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം അപകടത്തിന് തൊട്ടുമുമ്പ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.വ്ലോഗറും ഡാൻസറുമായ വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല വീട്ടില്‍ ജുനൈദ് (32) ഇന്നലെ രാത്രിയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്.

ജുനൈദിന്‍റെ മരണത്തില്‍ നിഗൂഢതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ആവശ്യമുയർത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജുനൈദ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ജുനൈദ് തനിക്കെതിരായ ആരോപണങ്ങള്‍ സത്യമല്ലെന്ന് അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മരണത്തില്‍ നിഗൂഢതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നത്.

വെള്ളിയാഴ്ച വൈകീട്ട് 6.20നാണ് ജുനൈദിന്‍റെ മരണത്തിന് കാരണമായ അപകടം നടന്നത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. റോഡരികില്‍ രക്തം വാർന്ന് കിടക്കുന്നത് കണ്ട നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു

0

മലപ്പുറം തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് വ്ലോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം.മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികില്‍ രക്തം വാർന്ന് കിടക്കുന്നതാണ് ബസ് ജീവനക്കാർ കണ്ടത്.വഴിക്കടവില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകൻ: മുഹമ്മദ് റെജല്‍.

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 23-കാരി അറസ്റ്റില്‍

0

കണ്ണൂർ∙ തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്കൂൾ വിദ്യാർഥിനി.

സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.

എന്റെ പൊന്നെ..എങ്ങോട്ടാണ് ഈ പോക്ക്..;65,000 കടന്ന് സ്വർണവില

0

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ. ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്. 

അന്താരാഷ്ട്ര സ്വർണ്ണവില 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില  64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില  65,840 രൂപ

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

0

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്. ഗെയിം കളിക്കാൻ വേണ്ടി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു.

ലിങ്കിൽ കയറുമ്പോൾഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽനിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു . തുടർന്ന് പണം കൊടുത്ത്‌ ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു .

കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നല്കി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ദിക്കുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrime.gov. in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ; കൃത്രിമ മഴപെയ്യിച്ച് ശുചീകരണം പൂർത്തിയാക്കി

0

ആറ്റുകാല്‍ പൊങ്കാലയുടെ സജ്ജീകരണങ്ങള്‍ക്ക് പിന്നാലെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ. പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കിയത്. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

വിവിധ ജില്ലകളില്‍ നിന്ന് എത്തിയ പതിനായിരങ്ങളാണ് തലസ്ഥാന നഗരിയുടെ പാതയോരങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാല സമര്‍പ്പണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക എന്നതിനൊപ്പം പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനിര്‍മാര്‍ജനം ആണ് നഗരസഭയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എന്നാല്‍, പതിവുപോലെ കൃത്യമായ ആസൂത്രണത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വെടിപ്പാക്കിയെടുത്തു നഗരത്തിലെ പാതയോരങ്ങള്‍.

കടുത്ത വേനലായതുകൊണ്ട് തന്നെ വൈകുന്നേരം മൂന്ന് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3,204 തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

നഗരസഭയ്ക്ക് കീഴിലെ 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചായിരുന്നു പൊങ്കാല മഹോത്സവം. ഇവിടങ്ങളില്‍ നൂറോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ 7 ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

ആറ്റുകാൽ പൊങ്കാല: ഒറ്റ രാത്രിക്കുള്ളിൽ നഗരം ക്ലീൻ! നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

0

കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പോലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്‍റെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പൊങ്കാല ക‍ഴിഞ്ഞ് ഭക്ത ജനങ്ങൾ മടങ്ങി മണിക്കൂറുകൾക്കകമാണ് നഗരം വൃത്തിയാക്കാൻ തുടങ്ങിയത്. രാത്രി ആയപ്പോ‍ഴേക്കും തെരുവിൽ ബാക്കി വന്ന അവശിഷ്ടങ്ങളും പൊടിയും ചുടുകട്ടകളും അടക്കം നീക്കം ചെയ്യുകയും ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പോലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ ലക്ഷകണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാലയിട്ടത്. മുഖ്യമന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാൻ നേരത്തെ തന്നെ യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈക്കൊണ്ടിരുന്നു. സർക്കാരിന്‍റെയും കോർപ്പറേഷന്‍റെയും പ്രവർത്തനത്തിന്‍റെ ഭാഗമായി ഉത്സവത്തിന് പരാതികൾ ഒന്നുമില്ലായിരുന്നു.

പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്‍റെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായി. പൊടിപടലങ്ങൾ ഒഴിവാക്കുവാൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുന്ന പ്രവർത്തനവും നടന്നു കൊണ്ടിരിക്കുകയാണ്.

ബൈക്ക് മോഷ്ടിച്ച് വ്യാജ നമ്പർ പ്ലേറ്റിൽ കറക്കം: അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ

0

കോഴിക്കോട്:∙ മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ വിദ്യാർഥികൾ പൊലീസ് പിടിയിൽ. 6 ബൈക്കുകൾ മോഷ്ടിച്ച 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്. ഇവരെ അടുത്ത ദിവസം ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.ഒരു മാസത്തിനിടെ റെയിൽവേ സ്റ്റേഷൻ, കീർത്തി തിയറ്റർ പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ കാണാതായത്. ബൈക്കിന്റെ വയർ മുറിച്ച് സ്റ്റാർട്ടാക്കി പോയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പർ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയൽ ഭാഗങ്ങളി‍ൽ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാൽ റോഡരികിൽ ഉപേക്ഷിക്കും.

കൗമാരക്കാർ ബൈക്കി‍ൽ കറങ്ങുന്നത് വീട്ടുകാരോ നാട്ടുകാരോ ശ്രദ്ധിക്കാത്തതു കൊണ്ട് ബൈക്ക് മോഷണം പതിവാക്കി. സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബൈക്കുകൾ തിരിച്ചറിഞ്ഞതും പ്രതികളെ മുഴുവൻ പിടികൂടിയതും. ‌മോഷ്ടിച്ച രീതിയെപ്പറ്റിയും നമ്പർ പ്ലേറ്റ്, ചേസിസ് നമ്പർ മാറ്റം എന്നിവയ്ക്കു പുറമേ നിന്നുള്ള സഹായം ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടികൂടിയ ബൈക്കിൽ 4 പേർ തങ്ങളുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ബൈക്കിന്റെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടങ്ങി. എസ്ഐ എം.കെ.രഞ്ജിത്ത്, എഎസ്ഐമാരായ ഇ.ഗണേശൻ, വി.ബൈജു, സിപിഒ വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പിടികൂടിയത്

തൊഴിൽതട്ടിപ്പ് : തായ്‌ലാന്റിൽ കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടിലെത്തി

0

തായ്‌ലാന്റ്, മ്യാൻമാർ, ലാവോസ്, കംബോഡിയ അതിർത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. ഇന്ത്യൻ വ്യേമസേനാ വിമാനത്തിൽ തായ്‌ലന്റിൽ നിന്നും ഡൽഹിയിലെത്തിച്ച ആലപ്പുഴ തൃശ്ശൂർ സ്വദേശികളായ മൂവരേയും നോർക്ക റൂട്ട്‌സ് വഴിയാണ് ഇൻഡിഗോ വിമാനത്തിൽ വൈകിട്ട് 4.40 ഓടെ കൊച്ചിയിലെത്തിച്ചത്. ഇന്നലെ    മലയാളികളായ എട്ട് പേരെ ഡൽഹിയിൽ നിന്നും വിമാനമാർഗ്ഗം നാട്ടിലെത്തിച്ചിരുന്നു. ഇതടക്കം ആകെ 11 മലയാളികളെയാണ് നോർക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ വഴി ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന മേഖലയിൽ ഉൾപ്പെടെ വ്യാജ കോൾ സെന്ററുകളിൽ സൈബർ കുറ്റകൃത്യങ്ങൾ (സ്‌കാമിങ്ങ്) ഉൾപ്പെടെ ചെയ്യാൻ നിർബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവർ. മ്യാൻമാർ, തായ്ലാന്റ് ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾ  പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് 549 ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്.

രക്ഷപ്പെടുത്തിയ ഇന്ത്യൻപൗരന്മാരെ തായ്‌ലാൻഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കുകയുമായിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോർക്ക ഓപ്പറേഷൻ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്,  കേരളാ പോലീസ്, നോർക്ക റൂട്ട്‌സ്,  എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. പരാതികൾ spnri.pol@kerala.gov.indyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്‌ലൈൻ നമ്പറിലും അറിയിക്കാം. നിങ്ങൾ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് പോകുന്നവരോ പോകാൻ താൽപ്പര്യപ്പെടുന്നവരോ ആണെങ്കിൽ അംഗീകാരമുളള ഏജൻസികൾ വഴിയോ നിയമപരമായോ മാത്രമേ ഇത്തരം യാത്രകൾ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്പോർട്ടൽ (www.emigrate.gov.in) മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് ലൈസൻസുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്

0


മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി വെക്കാനുള്ള തീരുമാനത്തെയാണ് സെക്രട്ടറി എതിർത്തത്.

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള പഞ്ചായത്തിൻ്റെ അവകാശം റദ്ദാക്കണമെന്ന സിസിഎഫ് റിപ്പോർട്ടിനെതിരെ ഉപരോധം സംഘടിപ്പിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചയത്ത്. മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി പെരുവണ്ണാമുഴി ഈ മാസം 24 ന് ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കും. ഇരുപത് പേർ അടങ്ങുന്ന ഷൂട്ടേഴ്സ് പാനലിൻ്റെ യോഗവും ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ടന്റ്‌ന് നല്കിയ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് പത്തു വാർഡുകൾ വനത്താൽ ചുറ്റപ്പെട്ടതാണ്. വന്യജീവി ആക്രമണങ്ങളാൽ ജനം പൊറുതിമുട്ടിയിരിക്കുന്നുവെന്നായിരുന്നു ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ വിശദീകരണം. ജീവനും സ്വത്തിനും ഭീഷണിയായി ഇത് തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. നാട്ടിലിറങ്ങുന്നത് ആന ആയാലും പുലി ആയാലും കടുവ ആയാലും വെടിവെച്ചു കൊല്ലാനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ 15 മെമ്പർമാരും തീരുമാനം അംഗീകരിക്കുകയായിരുന്നു. എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽകുമാർ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് സമിതിയുടെ തീരുമാനം പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടി. ഭരണസമിതി പ്രഖ്യാപനം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.