spot_img
Friday, July 3, 2026
Home Blog Page 221

തലസ്ഥാനത്ത് 25 വർഷത്തിന് ശേഷം താമര വിരിഞ്ഞു; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി

0

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്ചകൾ നടന്നു വരികയാണ്. മുഖ്യമന്ത്രിയെ ബിജെപി പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ‌ സിം​ഗ് കൂട്ടിച്ചേർത്തു.

അതേസമയം, പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ബിജെപി 45 സീറ്റിലും എഎപി 25 സീറ്റിലും മുന്നിലാണ്. ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിരുന്നില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. 2020-ൽ എഎപി 62 സീറ്റും ബിജെപി എട്ട് സീറ്റുമാണ് നേടിയത്

കാറിലിരുന്ന ദമ്പതികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസ്: 6 യുവാക്കൾ പിടിയിൽ

0

കോഴിക്കോട്: മാവിളിക്കടവിൽ കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ 6 പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശികളായ റദീം (19), അഭിനവ് (23), നിഹാൽ (20), വൈഷ്ണവ് (23), നടക്കാവ് ഉദിത്ത് (18), വെസ്റ്റ്ഹിൽ ഷാഹിദ് (19) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരനും ഭാര്യയും ബൈപാസിൽ കാർ നിർത്തി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിൽ വന്ന പ്രതികൾ കാർ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാറിന്റെ ഗ്ലാസ് കല്ല് കൊണ്ട് കുത്തി. ഇതു കണ്ട് കാറ് മുന്നോട്ടെടുക്കാൻ ശ്രമിച്ച പരാതിക്കാരനെ ചാവി കൊണ്ട് കഴുത്തിന് കുത്തി. കാറിന് അകത്തിരുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. എതിർക്കാൻ ശ്രമിച്ച പരാതിക്കാരന്റെ ഫോണിൽ നിന്നു 2,000 രൂപ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ മുഖേന അയപ്പിച്ച ശേഷം ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു

സിസിടിവി ദൃശ്യങ്ങളും പരാതിക്കാരൻ പണം അയച്ചു കൊടുത്ത മൊബൈൽ നമ്പറും അന്വേഷിച്ചാണ് ഒരാളെ കക്കോടിയിൽ നിന്നും മറ്റുള്ളവരെ വെള്ളിമാടുകുന്നിൽ നിന്നും പൊലീസ് പിടികൂടിയത്. പ്രതികളായ അഭിനവിനും നിഹാലിനും ലഹരിമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും അതിക്രമിച്ചുകയറി ആക്രമിച്ചതിനും എലത്തൂർ, കസബ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ എസ്.സജീവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിമിൻ കെ.ദിവാകരൻ, രോഹിത്, സിപിഒമാരായ സിൻജിത്ത്, പ്രജീഷ്, രാകേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

പാഴ്സൽ വാങ്ങിയ അൽഫാമിൽ പുഴുക്കള്‍, കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന, കാറ്ററിങ് യൂണിറ്റ് പൂട്ടി ആരോഗ്യവകുപ്പ്

0


കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി, ന​ഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ; മുതിര്‍ന്നവര്‍ക്കും കരുതല്‍

0

തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഈ പദ്ധതി പ്രകാരം ന​ഗരങ്ങളിൽ ഒരു ലക്ഷം വീടുകളാണ് സജ്ജമാക്കും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിം​ഗ് ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി ബജറ്റില്‍ വകയിരുത്തി. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതുപോലെ തന്നെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവിടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക. സംസ്ഥാനത്ത് നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബദ്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തിനും പ്രതിരോധത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു

0

പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി, 25 കോടി

ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരവും പ്രതിരോധവുമായി വനം, വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി വികസനത്തിന് പുറമെ വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജറ്റിൽ ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച ധനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് 2,221 കോടി രൂപ ആവശ്യമാണെന്ന് പറഞ്ഞു. ഇതിനായി കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടിൽ സംഭവിച്ചത് 1,202 കോടിയുടെ നഷ്ടമാണെന്നും കെ.എൻ ബാലഗോപാൽ അറിയിച്ചു.

പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി, 25 കോടി അനുവദിച്ച് ബജറ്റ് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി, 25 കോടി അനുവദിച്ച് ബജറ്റ്

പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റിൽ അനുവദിച്ചു. വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതിയും വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. തെരുവുനായ അക്രമം തടയാൻ എബിസി കേന്ദ്രങ്ങൾക്ക് രണ്ട് കോടി അനുവദിച്ചു. ആരോഗ്യ മേഖലയ്ക്ക് 10431.73 കോടിസംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി.സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ബജറ്റ് 2025-2026; റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി, ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് 1160 കോടി

0

അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോലഗോപാൽ.  ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന വിവരം ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം സർക്കാർ ജനങ്ങളോട് തുറന്നുപറഞ്ഞതായി വിവരിച്ച ബജറ്റ് പ്രസംഗം,  സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്ന് കാണാനാവും ധനമന്ത്രി പറഞ്ഞു. വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്ന് പറഞ്ഞ കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ വിമർശനവും ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർത്തി. കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്. 

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ജനുവരിയിലെ റേഷന്‍ ഇന്നും കൂടെ ലഭിക്കും; നാളെ അവധി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഇന്ന് കൂടെ ലഭിക്കും. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടു. ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5 വരെ നീട്ടുന്നതെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.ഗതാഗത കരാറുകാരുടെ പണിമുടക്കിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി വാതില്‍പ്പടി വിതരണം പരമാവധി വേഗതയില്‍ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോ​ഴി​ക്കോ​ട് അരയിടത്തുപാലം ബസപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

0

കോ​ഴി​ക്കോ​ട്: നഗര മധ്യത്തിൽ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ മു​ഹ​മ്മ​ദ് സാ​നി​ഫാണ് (27) മരിച്ചത്.ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​ കോ​ഴി​ക്കോ​ട്-​മാ​വൂ​ർ റൂ​ട്ടി​ൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 56 പേരെ നഗരത്തിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിറയെ യാത്രക്കാരുമായി മാവൂരിലേക്ക് പോയ കെ.എൽ -12 സി -6676 നമ്പർ ‘വെർടെക്സ്’ ബസ് അമിത വേഗത്തിൽ പോകവെ അരയിടത്തുപാലം മേൽപാലത്തിന് മുകളിൽനിന്ന് എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മടികടക്കവെയാണ് ബൈക്ക് ബസിന് മുന്നിലെത്തിയതും കൂട്ടിയിടിച്ചതും. ഇടിച്ചപാടെ ബൈക്ക് യാത്രികൻ തെറിച്ച് കാറിന് മുൻവശത്തേക്ക് വീഴുകയും ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയും പിന്നാലെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

ഒരുവശത്തേക്ക് മറിഞ്ഞ ബസ് റോഡിലൂടെ ഏറെ മുന്നോട്ട് നിരങ്ങിനീങ്ങിയാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരങ്ങിപ്പോയ ബസ് മേൽപാലത്തിനോട് ചേർന്നുള്ള ട്രാഫിക് സിഗ്നൽ തൂൺ തകർത്തു. താഴെഭാഗത്തെ റോഡിലൂടെ അരയിടത്തുപാലം ജങ്ഷനിലേക്ക് ചെറു വാഹനങ്ങൾ കടന്നുവരുമ്പോഴാണ് തൂൺ നിലംപൊത്തിയത്. ഭാഗ്യവശാലാണ് തൂൺ വാഹനങ്ങൾക്ക് മുകളിൽ പതിക്കാതിരുന്നത്.സമീപമുള്ളവരും ഓടിയെത്തിയവരും പൊലീസുകാരും ചേർന്നാണ് ബസിനുള്ളിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ ബസും ബൈക്കും പൂർണമായും തകർന്നു. വിരലിലെണ്ണാവുന്ന യാത്രികരൊഴികെ ബസിലെ ജീവനക്കാരടക്കം എല്ലാവർക്കും പരിക്കുണ്ട്.

മുക്കത്ത് സ്വകാര്യ ഹോട്ടലിലെ പീഡനശ്രമം ചെറുത്ത പെണ്‍കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ സംഭവം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0

മുക്കം: മാമ്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് യുവതി കെട്ടിടത്തിൽ നിന്നും ചാടിയതെന്ന് പരാതിയുണ്ട്. ഹോട്ടലുടമയും മറ്റ് 2 പേരും താമസസ്ഥലത്ത് കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ബന്ധുക്കൾ പറയുന്നു.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേസിലെ പ്രതികൾ ഒളിവിലാണ്. ഇവർ കേരളം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലിസ്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു.ചാടിയതിനെ തുടര്‍ന്ന് പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു,