spot_img
Monday, June 15, 2026
Home Blog Page 31

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

0

കൊച്ചി : അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് അതിക്രൂരമായി മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.

കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ മണ്ണാര്‍ക്കാട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു.

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും; എന്തൊക്കെ രേഖകള്‍ നല്‍കണം,

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. 4,10,456 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി, അലോട്ട്മെന്റ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്മെന്റ് നടപടികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകള്‍ അനുവദിക്കുക.

എന്തൊക്കെ രേഖകള്‍ നല്‍കണംവിദ്യാര്‍ഥികള്‍ക്ക് നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്എസ്എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി,എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമേ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. പ്ലസ് വണ്‍ ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശം പ്രകാരം പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകള്‍ പ്രവേശനത്തിനുശേഷം നല്‍കിയാല്‍ മതി.സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ച് വര്‍ഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയാല്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം. വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവരാണെങ്കില്‍ അവരില്‍ ഒരാളുടെ എസ്എസ്എല്‍സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

0

മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും.ഞായറാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്.

സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീര്‍ഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുന്ന തീര്‍ഥാടകര്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. ഇതില്‍ 20,000 പേര്‍ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്റം ഇല്ലാതെ) 4,200 ഓളം വനിതാ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടില്‍നിന്ന് തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വർദ്ധിക്കുന്നത് നാലാം തവണ

0

ന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.കേരളത്തില്‍ എല്ലായിടത്തും ഡീസല്‍വില 100 രൂപ കടന്നു. കൊച്ചിയില്‍ ഡീസല്‍വില 102.52 രൂപ, പെട്രോളിന് 113.61. തിരുവനന്തപുരത്ത് ഡീസലിന് 104.27 രൂപ, പെട്രോളിന് 115.26. കോഴിക്കോട് ഡീസലിന് 102.78, പെട്രോളിന് 113.77 രൂപ.

തുടർച്ചയായുണ്ടാകുന്ന വിലവർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പൊതുഗതാഗത ചെലവുകൾ വർധിക്കുന്നതിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് പൊതുജനം. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവുമാണ് ഇന്ധനവില ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്ലീസ് നോട്ട് :അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയിൽ നിങ്ങളും പെടാം…

0

സമൂഹമാധ്യമങ്ങളിലെ പുതിയ ഫീച്ചറുകൾ കൃത്യമായ ധാരണ ഇല്ലാതെ ഉപയോഗിച്ച് അബദ്ധം പറ്റിയവരുണ്ടാകാം. അതിനേക്കാളേറെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഇനി പറയുന്നത്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലൂടെയുള്ള വീഡിയോ കാൾ തട്ടിപ്പ്. നിങ്ങൾക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും തുടർന്ന് പണം ആവശ്യപ്പെടുക.

അതോടൊപ്പം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്നും ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പണം അയച്ചു നൽകിയാലും ഭീഷണി തുടരും. സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിവരങ്ങൾ നേരത്തെ തന്നെ കൈവശപ്പെടുത്തിയിട്ടാകും ഇവർ കെണിയൊരുക്കുന്നത്. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക. അഥവാ ഇത്തരം കെണിയിൽ അകപ്പെട്ടുപോയാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. #keralapolice

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

0

കൂട്ടാലിട – കൂരാച്ചുണ്ട് റോഡിൽ കോളനിമുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട സ്വദേശി സിദ്ധാർഥ് ആണ് മരണപ്പെട്ടത്. ഇന്നലെ (ശനിയാഴ്ച) രാത്രിയിലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗമായതിനാൽ അപകടവിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.ഇന്ന് ഉച്ചയോടെയാണ് താഴ്ചയിൽ അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും മരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

തോൽപ്പെട്ടിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

0

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദൻ്റെ ബൈക്ക് എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ വിനോദനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

യാത്രക്കാരനെ ആക്രമിച്ച് പേഴ്സും പണവും അപഹരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0

കോഴിക്കോട്:വയോധികനായ യാത്രക്കാരനെ ആക്രമിച്ച് പേഴ്സും പണവും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്. മേരിക്കുന്ന് പൂളക്കടവ് സ്വദേശി പുതിയേടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (47) നെയാണ് പിടികൂടിയത് കോഴിക്കോട് പാളയം ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് നല്ലളം കൊളത്തറ സ്വദേശിയായ 58 കാരനെ ആക്രമിച്ച് പരിക്കേല്പിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണവും പേഴ്സും തട്ടിപ്പറിച്ച് കൊണ്ടുപോകുകയുമായിരുന്നു. വയോധികന്‍റെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതിയെ മാവൂർ റോഡിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയ്ക്ക് കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗം കൈവശം വെക്കൽ, മോഷണം, പിടിച്ചുപറി, പൊതുസ്ഥലത്ത് വെച്ച് മദ്യപാനം, അടിപിടി മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. കസബ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിമിൻ.കെ.ദിവാകരൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുറഹ്മാൻ, അനീഷ് മൂസേടൻ, ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബക്രീദിന് രണ്ടു ദിവസം അവധി; സർക്കാർ ഉത്തരവിറങ്ങി

0

തിരുവനന്തപുരം∙ ബക്രീദിന് രണ്ടു ദിവസം അവധി. 27ന് പുറമേ 28നും സർക്കാർ അവധി പ്രഖ്യാപിച്ചു. കലണ്ടറിലെ അവധിദിനം 27നാണ്. എന്നാൽ സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28നാണ്. 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ഐഎഎസ് തലപ്പത്ത് മാറ്റം, ആറ് ജില്ലകളിൽ പുതിയ കലക്ടർ

0

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ആറു ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു. പുതിയ കലക്ടർമാർ 25 നു തന്നെ അതതു ജില്ലകളിൽ ചുമതലയേൽക്കണമെന്നും നിർദേശമുണ്ട്. ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായ പി.ബി.നൂഹിനെ ജിഎസ്ടി കമ്മിഷണറായി നിയമിച്ചു. ജിഎസ്ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭാഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് നിയമനം.സ്നേഹിൽ കുമാർ സിങിന് പകരം എം.എസ്.മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കലക്ടറായി നിയമിതയായി.നിലവിൽ പാലക്കാട് ജില്ലാ കലക്ടറാണ്.

പ്രധാന മാറ്റങ്ങൾ (ബ്രായ്ക്കറ്റിൽ നിലവിലെ തസ്തിക)


∙ ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, കേര പദ്ധതി ജോയിന്റ് പ്രോജക്ടറുടെ അധികച്ചുമതല –  കെ.ഇമ്പശേഖർ (ആലപ്പുഴ കലക്ടർ)
∙ കില ഡയറക്ടർ, ഇംപാക്ട് കേരള ലമിറ്റഡ് എംഡിയുടെ അധിക ചുമതല – എൻ.ദേവിദാസ് (കൊല്ലം കലക്ടർ)
∙ വ്യവസായ വകുപ്പ് ഡയറക്ടർ, കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതല – അരുൺ കെ.വിജയൻ (കണ്ണൂർ കലക്ടർ)
∙ കോളജ് വിദ്യാഭ്യാസ ഡയറക്ടർ, എൻട്രൻസ് കമ്മിഷണറുടെ അധിക ചുമതല – സ്നേഹിൽ കുമാർ സിങ് (കോഴിക്കോട് കലക്ടർ)
∙ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്പെഷൽ ഡ്യൂട്ടി ഓഫിസറും – എസ്.പ്രേംകൃഷ്ണൻ (പത്തനംതിട്ട കലക്ടർ)
∙ സാമൂഹിക നീതി വകുപ്പ് ഡയറക്ടറും സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി സിഇഒ എന്നീ അധിക ചുമതലകളും – അരുൺ എസ്.നായർ (എൻട്രൻസ് കമ്മീഷണർ).
∙ വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, സ്പെഷൽ ഡ്യൂട്ടി ഓഫിസർ, കയർ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല – സമീർ കിഷൻ (ആലപ്പുഴ സബ് കലക്ടർ).

പുതിയ കലക്ടർമാർ

∙ കോഴിക്കോട് – എം.എസ്.മാധവിക്കുട്ടി (പാലക്കാട് കലക്ടർ)
∙ പത്തനംതിട്ട – എ.നിസാമുദീൻ (കില ഡയറക്ടർ)
∙ കൊല്ലം – ആനി ജൂല തോമസ് (വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്പെഷൽ ഡ്യൂട്ടി ഓഫിസറും)
∙ പാലക്കാട് – കെ.സുധീർ (കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ)
∙ ആലപ്പുഴ – ഷാജി വി.നായർ (കൊച്ചി സ്മാർട്മിഷൻ ലിമിറ്റഡ് സിഇഒ)
∙ കണ്ണൂർ – പി.വിഷ്ണുരാജ് (വ്യവസായ വകുപ്പ് ഡയറക്ടർ)