ഒരു കുപ്പിവെള്ളം വാങ്ങുമ്പോൾ ആദ്യം നിങ്ങൾ എന്താണ് പരിശോധിക്കുന്നത്. ചിലർ പറയും കുപ്പിവെള്ളത്തിന്റെ കാലപഴക്കമെന്ന്. മറ്റുചിലർ തമാശ രൂപേണ പറയും കുപ്പിവെള്ളത്തിന്റെ വിലയെന്ന്. എന്നാൽ മറ്റുചിലരാകട്ടെ കുപ്പിവെള്ളത്തിന്റെ ബ്രാൻഡ് നോക്കിയും വാങ്ങാറുണ്ട്. എന്നാൽ ഇനി കുപ്പിയുടെ അടപ്പിന്റെ നിറം കൂടി നോക്കിയതിനുശേഷം മാത്രമേ വെള്ളം വാങ്ങാവൂ.
നീല, പച്ച, വെള്ള, കറുപ്പ് , ചുവപ്പ് എന്നീ നിറങ്ങളിലായിരിക്കും പ്രധാനമായും വെള്ളക്കുപ്പികളുടെ അടപ്പ് കാണാറുള്ളത്. മിക്ക ആളുകളും ഇത് ഒരു കമ്പനി ഡിസൈൻ മാത്രമാണെന്ന് കരുതുന്നുണ്ട്. എന്നാൽ ഈ നിറങ്ങൾക്ക് യഥാർത്ഥത്തിൽ പ്രത്യേക അർത്ഥമുണ്ട്. കുപ്പിയിലെ വെള്ളത്തിന്റെ തരത്തെയും അതിന്റെ സവിശേഷതകളെയും അടപ്പുകളുടെ നിറം ശ്രദ്ധിച്ചാൽ മനസിലാക്കാം. ഈ നിറങ്ങളുടെ അർത്ഥം അറിയുന്നത് അടുത്ത തവണ വെള്ളം വാങ്ങുമ്പോൾ സഹായകരമാകും.
കറുത്ത അടപ്പ്
ക്ഷാര ഗുണമുള്ള വെള്ളം നിറച്ച കുപ്പിക്കാണ് പൊതുവെ കറുത്ത അടപ്പുള്ളത്. സാധാരണ വെള്ളത്തേക്കാൾ ഉയർന്ന പിഎച്ച് ലെവൽ ഈ വെള്ളത്തിലുണ്ട്. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നതിനാൽ പലരും ഇത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതുന്നു. ഫിറ്റ്നസും ആരോഗ്യ ബോധവുമുള്ള ആളുകൾ പലപ്പോഴും ഇത്തരത്തിലുള്ള വെള്ളമാണ് ഇഷ്ടപ്പെടുന്നത്.
നീല അടപ്പ്
പ്രകൃതിദത്ത മിനറൽ വാട്ടർ നിറച്ച കുപ്പികൾ സാധാരണയായി നീല അടപ്പുകൾ കൊണ്ടായിരിക്കും മൂടിയിട്ടുള്ളത്. ഇത് വെള്ളത്തിൽ പ്രകൃതിദത്ത ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നും അധിക ധാതുക്കൾ ചേർത്തിട്ടില്ലെന്നും സൂചിപ്പിക്കുന്നു. ഈ വെള്ളം പ്രകൃതിദത്ത ഉറവിടത്തിൽ നിന്ന് നേരിട്ട് എടുക്കുകയും പൊതുവായ കുടിവെള്ളത്തിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്നു.
വെള്ള അടപ്പ്
വിപണിയിലെ മിക്ക സാധാരണ വാട്ടർ ബോട്ടിലുകളിലും വെള്ള നിറത്തിലുള്ള അടപ്പായിരിക്കും ഉണ്ടാകുക. വെള്ളം ഫിൽട്ടർ ചെയ്ത് സംസ്കരിച്ച് ശുദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ദൈനംദിന ദാഹം ശമിപ്പിക്കാൻ ഉപയോഗിക്കുന്നു.
പച്ച അടപ്പ്
പല ജനപ്രിയ ബ്രാൻഡുകളുടെയും കുപ്പികളിൽ പച്ച അടപ്പ് കാണാം. വെള്ളത്തിൽ അധിക ധാതുക്കളോ സുഗന്ധദ്രവ്യങ്ങളോ ചേർത്തിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കുപ്പിയുടെ അടപ്പിന്റെ നിറം നോക്കിയാണോ വെള്ളം വാങ്ങുന്നത്, ഓരോ നിറത്തിന്റെയും അർത്ഥം മനസിലാക്കൂ
കോഴിക്കോട് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് :കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ സ്വയം വെടിവച്ച് മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് ആണ് മരിച്ചത്. 21വയസ്സായിരുന്നു. സംഭവ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. വീട്ടുകാര്‍ എത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി വീടിന്റെ മുകള്‍ നിലയില്‍ വെച്ചാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ച കാര്യമെന്ന് വ്യക്തമല്ല.പോലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം
ഗൂഡല്ലൂർ; കനത്ത ഭീതിയിൽ ജനങ്ങൾ ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (ഇന്ന് (ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. വെറും നാല് ദിവസം മുൻപാണ് ഇതേ മേഖലയിൽ മറ്റൊരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ ആഘാതം മാറും മുൻപാണ് ഇപ്പോൾ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്.ഗൂഡല്ലൂർ ടൗണിന് പുറമെ സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനകളുടെ വൻ സാന്നിധ്യവും നിരന്തരമായ ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.മേഖലയിലെ തേയില-കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന സാധാരണക്കാർ, പ്രായമായവർ എന്നിവരാണ് കാട്ടാനകളുടെ പ്രധാന ഇരകളാകുന്നത്.മിസ്ഹബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗൂഡല്ലൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പ് വെച്ചു; ഇനി എമിഗ്രേഷൻ നടപടികൾ മാത്രം
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ ദീർഘകാലമായി കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നിർണായക നടപടികൾ പൂർത്തിയായതായി സഹായ സമിതി അറിയിച്ചു. മോചന ഉത്തരവിൽ ബന്ധപ്പെട്ട സൗദി അധികൃതർ ഔദ്യോഗികമായി ഒപ്പ് വെച്ചതായി വിവരം ലഭിച്ചതോടെ റഹീമിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവിനായുള്ള പ്രതീക്ഷകൾ കൂടുതൽ ശക്തമായി.സഹായ സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നതനുസരിച്ച്, മോചന നടപടികളുടെ ഭാഗമായി ആവശ്യമായ എക്സിറ്റ് വിസ നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി ശേഷിക്കുന്നത് എമിഗ്രേഷൻ നടപടികൾ മാത്രമാണെന്നും അത് കൂടി പൂർത്തിയായാൽ ഏത് സമയവും അബ്ദുൽ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും പ്രവാസി സമൂഹവും.
റഹീമിന്റെ മോചനത്തിനായി വർഷങ്ങളായി വിവിധ തലങ്ങളിൽ നിയമപരവും സാമൂഹികവുമായ ഇടപെടലുകൾ നടന്നുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കുന്നതിനും മോചന നടപടികൾ വേഗത്തിലാക്കുന്നതിനുമായി പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ കൈകോർത്തിരുന്നു. ഇതോടെ റഹീമിന്റെ മോചന വിഷയം കേരളത്തിലും ഗൾഫ് മലയാളികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.മോചന ഉത്തരവിൽ ഒപ്പ് വെച്ചെന്ന വിവരം പുറത്തുവന്നതോടെ റഹീമിന്റെ കുടുംബത്തിലും നാട്ടുകാരിലും ആശ്വാസവും സന്തോഷവും നിറഞ്ഞിരിക്കുകയാണ്. എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് റഹീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.സഹായ സമിതി പ്രവർത്തകർ അറിയിച്ചു.“ദീർഘകാലമായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് നിർണായക ഘട്ടങ്ങൾ പിന്നിട്ടത്. ഇനി അവസാന ഔപചാരിക നടപടികൾ മാത്രം ബാക്കി നിൽക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും തുടർന്നും ഉണ്ടാകണം,” എന്നും റഹീം നിയമ സഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
മായില്ല ആ പാല്‍പ്പുഞ്ചിരി, കുട്ടികളുടെ കൈകളില്‍ ഇനി കൂട്ടായി ‘പൊന്നോമന’; സപ്ലൈകോയുടെ ആലിന്‍ നോട്ട്ബുക്കുകള്‍
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന നിലയില്‍ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിനെ ആര്‍ക്കും മറക്കാനാവില്ല. ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പമുണ്ടാകും. നന്മയുടെ പ്രതീകമായി കുട്ടികളുടെ നോട്ട് ബുക്കില്‍ ചിരിതൂകി ആലിന്‍ നമുക്കൊപ്പം സഞ്ചരിക്കും. സപ്ലൈകോ പുറത്തിറക്കുന്ന ‘ആലിന്‍’ ബ്രാന്‍ഡ് നോട്ട്ബുക്കുകളുടെ പ്രകാശനം ചൊവ്വാഴ്ചയാണ്.
റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പൊന്നോമനയുടെ വിയോഗ വേളയിലും മറ്റുള്ളവര്‍ക്ക് അവയവങ്ങള്‍ പകുത്ത് കൊടുത്ത് മകള്‍ അവരിലൂടെ ‘ജീവിക്കുമല്ലോ’ എന്ന ചിന്തയില്‍ അവയവദാനമെന്ന ഉദാത്തമായ തീരുമാനത്തിലൂടെ നാല് ജീവനുകള്‍ക്ക് കൈകൊടുത്ത മാതാപിതാക്കളുടെ മാതൃക കേരളം നെഞ്ചേറ്റിയിരുന്നു. ഈ കുഞ്ഞു ജീവന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സപ്ലൈകോ നോട്ട്ബുക്കുകള്‍ ആലിന്‍ എന്ന പേരില്‍ വിപണിയിലെത്തുന്നത്.ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാമിനെയും ഷെറിന്‍ ആന്‍ ജോണിനെയും ആദരിക്കും.
തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥികളാണ് നോട്ട്ബുക്കുകളുടെ കവര്‍ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ഈ വിദ്യാര്‍ഥികളെ അനുമോദിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 1.30ന് നടന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് നോട്ട്ബുക്കുകളുടെ പ്രകാശനം നിര്‍വഹിക്കും.
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.
സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. 30561 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.
ടെക്നിക്കൽ ഫലം 72.82 ശതമാനം ആണ്. 50 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ ഇടുക്കി ജില്ലയിലാണ്, 84.64 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലാണ്, 71.72 ശതമാനം. 76 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 9 സർക്കാർ സ്കൂളുകൾ ഉണ്ട്. മലപ്പുറത്താണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 60 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചു. ഇതിൽ 50 പെൺകുട്ടികളും 10 ആൺകുട്ടികളുമാണുള്ളത്. കഴിഞ്ഞ വർഷം 41 പേരായിരുന്നു മുഴുവൻ മാർക്ക് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജൂൺ 29 മുതൽ ജൂലൈ 3 വരെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുകയെന്ന് മന്ത്രി അറിയിച്ചു.
വിഎച്ച്എസ്ഇ വിഭാഗത്തിലും പെൺകുട്ടികളാണ് മുന്നിൽ. ഇടുക്കി ജില്ലയിലാണ് കൂടുതൽ വിജയശതമാനം. കുറവ് കാസർകോടും. 62 ഫുൾ എ പ്ലസ് വൊക്കേഷണൽ വിഭാഗത്തിൽ വിദ്യാർത്ഥികൾ നേടി. ജൂൺ 29 മുതൽ ജൂലൈ 3 വരെയാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നത്. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.
ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in.
മൊബൈൽ ആപ്പുകൾ
SAPHALAM 2026
iExaMS-Kerala
ഇന്ധന വില വർധനയിൽ നട്ടംതിരിഞ്ഞ് സ്വകാര്യ ബസ് വ്യവസായം; ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യം
കോഴിക്കോട്: അടിക്കടിയുള്ള ഇന്ധന വില വർധനയിൽ നട്ടംതിരിഞ്ഞ് സ്വകാര്യ ബസ് വ്യവസായം. രണ്ടാഴ്ചയക്കിടെ നാലുതവണയായി എട്ടുരൂപയോളം ഡീസലിന് വില വർധിച്ചതോടെ സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് ബസ് ജീവനക്കാരും ഉടമകളും പറയുന്നത്.കലക്ഷൻ കുറവ്, മെയിന്റനൻസ് ചെലവ്, ജീവനക്കാരുടെ ക്ഷാമം, ഭാരിച്ച റോഡ് ടാക്സ് എന്നിവയെല്ലാം കാരണം സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലാണ്. ഇതിനിടെയാണ് ഡീസൽ വില വർധന കാരണമുള്ള ഇരട്ടി ഭാരം. 32,000 സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തിലിന്ന് എട്ടായിരത്തിൽ താഴെ ബസ്സുകൾ മാത്രമേയുള്ളൂ. നഷ്‌ടം കാരണം പ്രധാന ട്രാൻസ്പോർട്ട് കമ്പനികളെല്ലാം ബസ്സുകൾ വിറ്റഴിച്ച് കളമൊഴിഞ്ഞു.
ഒരു ദിവസം 300 കിലോമീറ്റർ ദൂരം സർവീസ് നടത്തുന്ന ബസിന് ശരാശരി 100 ലിറ്റർ ഡീസലാവശ്യമാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ ഡീസലിന് എട്ട് രൂപയോളം വർധിച്ചതോടെ ആയിരം രൂപയോളമാണ് ഓരോ ദിവസവും അധിക ചെലവ്. ചാർജ് വർധനയടക്കം ഉൾപ്പെടുത്തി സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഈ രംഗത്തെ സംഘടനകൾ ആവശ്യപ്പെടുന്നത്.ഇറാഖ് – കുവൈത്ത് യുദ്ധകാലത്ത് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡൊയിൽ വില വർധിച്ചിരുന്നു. അന്ന് രാജ്യത്ത് ഡീസൽ വില വർധിക്കാതിരിക്കാൻ തീരുവ ഒഴിവാക്കി. പെട്രോളിയം കമ്പനികളാണെങ്കിൽ സബ്സിഡിയും നൽകി. ഇതു പോലെ തീരുവ ഒഴിവാക്കിയും സബ്സിഡി നൽകിയും കേന്ദ്ര സർക്കാർ ഇന്ധന വില നിയന്ത്രിക്കാനാണ് പ്രധാന ആവശ്യം.
17 വയസുകാരന്റെ ഫോൺ തട്ടിപ്പറിച്ചു, ലൈംഗികാതിക്രമവും; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടുപേർ അറസ്റ്റിൽ. കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയൽ ലക്ഷംവീട് ഉന്നതിയിൽ സജീർ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഏപ്രിൽ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസുകാരനെ മുൻപരിചയമുള്ള പ്രതിയും സുഹൃത്തും ചേർന്ന് ബലമായി സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ കട മുറിയിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.കൂടാതെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ചു. സംഭവത്തിൽ വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികൾ സ്ഥിരം കുറ്റവാളികൾ ആണെന്നും സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.
ഫലം പരിശോധിക്കേണ്ട വിധം:
1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.
3. ഹോം പേജിലെ ‘Plus Two Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.
വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാർ വിജയാശംസകൾ നേരുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:
Android (Play Store): https://play.google.com/store/apps/details?id=com.itmission.nk
iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541
വെബ്സൈറ്റുകൾ:
www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .
മൊബൈൽ ആപ്പുകൾ:
SAPHALAM 2026, iExaMS-Kerala
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി സംസ്ഥാന സർക്കാർ, അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പ്
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്ന് ഉറപ്പുനൽകി. ചികിത്സ പിഴവിന് ഇരയായ ഹർഷിന മുഖ്യമന്ത്രി വിഡി സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകും എന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വീട് അറ്റകുറ്റപണി നടത്തുമെന്നും സർക്കാർ ഉറപ്പ് നൽകി.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ചികിത്സ പിഴവിന് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഉപകരണം ഹർഷിനയുടെ വയറ്റില്‍ കുടുങ്ങിയത്. സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. എന്നാൽ, തെറ്റ് പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി. സംഭവത്തിൽ രണ്ട് നഴ്സുമാരും രണ്ട് ഡോക്ടറർമാരും പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണുള്ളത്.



