ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി സംശയം. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹം ജോയിയുടേത് ആണോയെന്ന് ഉറപ്പിക്കാൻ ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്.നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത
പ്രശസ്‍ത നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
വിൻഡോയിലും, ബോണറ്റിലും ഇരുന്ന് വിനോദയാത്ര; കുറ്റ്യാടി ചുരത്തിൽ കാറിൽ അഭ്യാസപ്രകടനം
ഓടുന്നകാറിൽ അപകടകരമാംവിധം അഭ്യാസപ്രകടനം നടത്തിയ അഞ്ചു വിദ്യാർഥികളുടെപേരിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു. ഇവർ സഞ്ചരിച്ച കോയമ്പത്തൂർ രജിസ്ട്രേഷനുള്ള കാറും രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച വൈകീട്ട് നാലരയോടെ പക്രംതളം ചുരം പത്താംവളവിൽവെച്ച് തൊട്ടിൽപ്പാലം എസ്.ഐ. അൻവർഷായുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടികൂടിയത്.
കർണാടകയിൽ വിനോദയാത്രകഴിഞ്ഞ് വയനാട് വഴി കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവർ കാറിന്റെ ഡോറിൽ തൂങ്ങിയും ബോണറ്റിലിരുന്നുംമറ്റും അഭ്യാസപ്രകടനം നടത്തിയത്.തമിഴ്‌നാട് സ്വദേശികളായ ധനുഷ് (20), ദക്ഷിണാമൂർത്തി (21), ഗോകുൽ (22), ഭരണീധരൻ (20), അരവിന്ദൻ (20) എന്നിവരുടെപേരിലാണ് കേസ്.ഇവർ അഞ്ചുപേരും തമിഴ്‌നാട്ടുകാരും അവിടുത്തെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാണ്. അഭ്യാസപ്രകടനം നടത്തിയ കാറിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള അനന്തര നടപടികൾ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം കൈക്കൊള്ളുമെന്ന് മോട്ടോർവാഹനവൃത്തങ്ങൾ അറിയിച്ചു
സ്റ്റേഷനിൽ ട്രെയിൻ നിർത്തിയില്ല: വിശദീകരണം തേടി റെയിൽവെ
കോഴിക്കോട്: ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ കടന്ന് പോയതിൽ വിശദീകരണം തേടി റെയിൽവെ. സംഭവത്തിൽ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നൽകാനാണ് ആവശ്യം. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് പയ്യോളിയിൽ നിർത്താതെ പോയത്.സ്റ്റേഷൻ പിന്നിട്ട വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്റ്റേഷൻ ഇല്ലാത്ത ഇരിങ്ങൽ ഭാഗത്ത് ട്രെയിൻ നിർത്തി. ഇവിടെ കുറച്ച് യാത്രക്കാർ ഇറങ്ങിയെങ്കിലും മറ്റുള്ള യാത്രക്കാർ തയ്യാറായില്ല. പിന്നീട് അടുത്ത സ്റ്റേഷനായ വടകരയിലാണ് മറ്റുളളവർ ഇറങ്ങിയത്. ഇവിടെ യാത്രക്കാർ പ്രതിഷേധിച്ചു. എന്നാൽ ഇരിങ്ങലിൽ ഇറങ്ങിയ യാത്രക്കാർക്കുള്ള വാഹന സൗകര്യം റെയിൽവെ ഒരുക്കി നൽകി
കേടായ മീറ്റർ മാറ്റിവെച്ചതിൽ വൈരാഗ്യം, കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിപ്പിച്ച് വീട്ടുടമ, ജാക്കി ലിവർ കൊണ്ടടിച്ചു
കാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പരിക്കേറ്റ അരുൺകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞു; മധ്യവയസ്‌കന് ദാരുണാന്ത്യം
ബാലുശേരി: കരിയാത്തൻ കാവ് തോട്ടിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു.എളേറ്റിൽ സ്വദേശി പുലിവലത്തിൽ പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ മകൻ പി.വി മുഹമ്മദാണ് മരിച്ചത്. കിനാലൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇന്നലെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞാണ് ഇദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. മഴ നനയാതിരിക്കാൻ കോട്ടും തലയിൽ ഹെൽമറ്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യം എന്താണ് സംഭവിച്ചതെന്നോ മരിച്ചതാരാണെന്നോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിശദമായ പരിശോധനയിൽ തോട്ടിൽ തന്നെ മറ്റൊരു ഭാഗത്ത് സ്കൂട്ടറും കണ്ടെത്തി. ഇതോടെയാണ് മരിച്ചത് മുഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞത്.ദീർഘ കാലം തലശ്ശേരിയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.
മയോണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
ഇന്ന് കുട്ടികളുടെ മുതിർന്നവരുടെയും ഏറെ പ്രിയപ്പെട്ട ഭക്ഷണമായി മയോണെെസ് മാറിയിരിക്കുകയാണ്. വിവിധ വിഭവങ്ങളിൽ മയോണെെസ് ഉപയോഗിച്ച് വരുന്നു. സാൻഡ്‌വിച്ച്, സലാഡുകൾ, ക്രീം പാസ്ത, ഫ്രഞ്ച് ഫ്രൈസ് ഇങ്ങനെ വേണ്ട എല്ലാ വിഭവങ്ങളിലും മയോണെെസ് ചേർക്കാറുണ്ട്.
മയോണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിൽ കലോറിയും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഇനി മുതൽ മയോണെെസിന് പകരം തെെര് കൊണ്ട് ഉണ്ടാക്കുന്ന ഇവ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് പറയുന്നു.
ഒന്ന്
തെെരിനൊപ്പം വെള്ളരിക്കയും പുതിനയിലും ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. സാൻഡ്‌വിച്ച്, സലാഡുകൾ എന്നിവയിലെല്ലാം ഇത് ചേർക്കാം. ശരീരത്തിൽ ജലാംശം എത്തുന്നതിന് വിഷാംശം ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഉത്തമമാണ്. പുതിനയില പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ഈ രണ്ട് ചേരുവകൾ തെെരിൽ ചേർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.
രണ്ട്
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈരിൽ നാരങ്ങയും വെളുത്തുള്ളിയും ചേർക്കുന്നതും നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിന് നാരങ്ങയും വെളുത്തുള്ളിയും സഹായിക്കും.
മൂന്ന്
തൈരിൽ വറുത്ത് പൊടിച്ച ജീരകം ചേർത്ത് കഴിക്കുന്നത് ദഹന സംബന്ധമായ തകരാറുകൾ അകറ്റി നിർത്താനുള്ള മികച്ച മാർഗമാണിത്. തൈര് പുതിയതും രുചികരവും മാത്രമല്ല, ഗുണങ്ങളാൽ നിറഞ്ഞതുമാണ്. ആരോഗ്യകരമായ ബാക്ടീരിയ കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ഈ പറഞ്ഞ ചേരുവകൾ സഹായകമാണ്. മയോണെെസിനെക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇവ.
ഓഫ് റോഡ് ട്രക്കിങിന് പോയ വാഹനങ്ങള്‍ മലയ്ക്ക് മുകളില്‍ കുടുങ്ങി
ഇടുക്കി:ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മലയ്ക്ക് മുകളില്‍ കുടുങ്ങി. ഇടുക്കി പുഷ്പക്കണ്ടത്തെ മലയ്ക്ക് മുകളിലാണ് 27 വാഹനങ്ങള്‍ കുടുങ്ങിയത്.കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ ഓഫ് റോഡ് വാഹനങ്ങളില്‍ മലയ്ക്ക് മുകളില്‍ കയറിയത്. ഇവരെത്തുമ്പോള്‍ സ്ഥലത്ത് മഴയുണ്ടായിരുന്നില്ല. 40 അംഗ സംഘമാണ് എത്തിയത്. തിരിച്ചിറങ്ങാൻ നോക്കുന്നതിനിടെ പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായി.
ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ഓഫ് റോഡിലൂടെ താഴേക്ക് ഇറങ്ങാനായില്ല. സ്ഥലത്തേക്കുറിച്ച് മുന്‍പരിചയമില്ലാത്തതും തിരിച്ചടിയായി. ഓഫ് റോഡ് ട്രക്കിങിന് അനുമതിയില്ലാത്ത സ്ഥലത്ത് അനധികൃതമായിട്ടാണ് വാഹനങ്ങളുമായി ഇവര്‍ എത്തിയതെന്നാണ് വിവരം. വാഹനങ്ങള്‍ കുടുങ്ങിയതോടെ സംഘം താഴേക്ക് നടന്നിറങ്ങി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. സ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പ് എത്തി തുടര്‍ നടപടി സ്വീകരിക്കും. വാഹനങ്ങള്‍ തിരിച്ചിറിക്കാനാണ് ശ്രമം.
വോയ്‌സ് നോട്ടുകൾ ഇനി വാട്‌സ്‌ആപ്പ് തന്നെ കേട്ടെഴുതി തരും; തകര്‍പ്പന്‍ ഫീച്ചര്‍ വരുന്നു
സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പിൽ അയക്കുന്ന വോയ്‌സ് നോട്ടുകൾ ഇനി ആപ്പ് തന്നെ കേട്ടെഴുതി തരും. എല്ലാ ആൻഡ്രോയ്‌ഡ‍് യൂസർമാർക്കും വൈകാതെ ഫീച്ചർ ലഭ്യമാകും. നിലവിൽ ഫീച്ചർ ലഭ്യമായിട്ടുള്ളത് ഗൂഗിൾ പിക്സൽ ഫോൺ ഉപഭോക്താക്കള്‍ക്കാണ്. ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണ് ആദ്യം ഫീച്ചർ ലഭ്യമാകുക. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ടായിരിക്കും പുതിയ ഫീച്ചര്‍ നടപ്പാക്കുക എന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. മെറ്റയുടെ ഉടമസ്ഥതതയിലുള്ള വാട്‌സ്ആപ്പ് അടുത്തിടെ മെറ്റ എഐ ഉള്‍പ്പടെ ഏറെ പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പല പുത്തന്‍ ഫീച്ചറുകളുടെയും ബീറ്റ പരീക്ഷണം നടന്നുവരുന്നു.
വാട്‌സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് എന്നൊരു ഫീച്ചര്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടുന്നു. നമ്മളെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്താല്‍ ആ ഗ്രൂപ്പിലേക്ക് പ്രവേശിക്കും മുമ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നമുക്ക് കാണാനാകുന്നതാണ് പുതിയ സംവിധാനം. എന്താണ് ഗ്രൂപ്പിന്‍റെ പേര്, ആരാണ് ഗ്രൂപ്പിലേക്ക് നമ്മളെ ചേര്‍ത്തത്, എന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്, ആരാണ് ഗ്രൂപ്പ് തുടങ്ങിയത് എന്നീ വിവരങ്ങള്‍ യൂസര്‍ക്ക് ലഭ്യമാകും. നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത ആരെങ്കിലുമാണോ ഗ്രൂപ്പിലേക്ക് ചേര്‍ത്തത് എന്ന് അനായാസം ഇതിലൂടെ അറിയാം.
പരിചയമില്ലാത്ത ആരെങ്കിലുമാണ് നിങ്ങളെ ചേര്‍ത്തതെങ്കില്‍ എക്‌സിറ്റ് അടിക്കാനുള്ള ഓപ്ഷനും കാണാം. വാട്‌സ്ആപ്പിന് ഉള്ളില്‍ വച്ചുതന്നെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന എഐ സംവിധാനം പരീക്ഷണഘട്ടത്തിലാണ്. വാട്‌സ്ആപ്പിന്‍റെ 2.24.14.20 ബീറ്റാ വേര്‍ഷനിലാണ് ഇമേജ് എഡിറ്റിംഗ് ആന്‍ഡ് അനലൈസിംഗ് ടൂള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ എത്രത്തോളം ഫിച്ചറുകള്‍ എഡിറ്റിംഗ് ടൂളില്‍ വരുമെന്ന് വ്യക്തമല്ല. ചിത്രത്തിന്‍റെ പശ്ചാത്തലം മാറ്റുന്നതും ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ മായ്‌ക്കുന്നതുമടക്കമുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ചില എഐ ഫീച്ചറുകളും വാട്‌സ്ആപ്പിലേക്ക് വൈകാതെ എത്തും എന്ന സൂചനകള്‍ ശക്തമാണ്.
വെറും 14,999 രൂപയ്‌ക്ക് 50 എംപി ക്യാമറയുള്ള സ്‌മാര്‍ട്ട്ഫോണ്‍; സിഎംഎഫ് ഫോണ്‍ 1 വാങ്ങാനുള്ള വഴികള്‍
നത്തിങ് കമ്പനിയുടെ സബ്-ബ്രാന്‍ഡായ സിഎംഎഫിന്‍റെ ആദ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. ബേസിക് മോഡലിന് ഇന്ത്യയില്‍ 15,999 രൂപയാണ് വില. എന്നാല്‍ ഫോണ്‍ ഇതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കാന്‍ വഴിയുണ്ട്. പ്രത്യേക ബാങ്ക് ഓഫറാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്
സിഎംഎഫ് ഫോണ്‍ 1 എന്നാണ് സിഎംഎഫിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ പേര്. ഏറ്റവും പുതിയ മീഡിയടെക് 7300 ചിപ്‌സെറ്റിലാണ് ഫോണിന്‍റെ വരവ്. ഫോണിന് കുറഞ്ഞ വിലയെങ്കിലും 50 എംപി പ്രധാന സെന്‍സര്‍ ക്യാമറയാണ് പ്രധാന സവിശേഷത. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഇന്‍റര്‍ചേഞ്ചബിള്‍ ബാക്ക്‌കെയ്‌സ്, കാര്‍ഡ് ഹോള്‍ഡര്‍, നെക്ക് സ്ട്രാപ്പ്, ഫോണ്‍ സ്റ്റാന്‍ഡ് എന്നിവ സിഎംഎഫ് ഫോണ്‍ 1നൊപ്പം ലഭിക്കുന്നതാണ്. ഇക്കാര്യം നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്‍റ് സിഎംഎഫ് ഫോണ്‍ 1ന് 15,999 രൂപയാണ് വില. അതേസമയം എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്‍റിന്‍റെ വില 17,999 രൂപയാണ്. ഫ്ലിപ്‌കാര്‍ട്ട്, സിഎംഎഫ് ഇന്ത്യ വെബ്‌സൈറ്റ്, കമ്പനിയുടെ റീടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ആദ്യ സെയില്‍വേളയില്‍ 1,000 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇതോടെ യഥാക്രമം 14,999, 16,999 രൂപയ്‌ക്ക് സിഎംഎഫ് ഫോണ്‍ വണ്‍ നിങ്ങള്‍ക്ക് ഫസ്റ്റ് സെയിലില്‍ വാങ്ങാം.
6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+അമോല്‍ഡ് ഡിസ്‌പ്ലെ, 5000 എംഎഎച്ച് ബാറ്ററി, മൈക്രോ എസ്‌ഡി സ്ലോട്ട് എന്നിവയും സിഎംഎഫ് ഫോണ്‍ 1ന്‍റെ സവിശേഷതകളാണ്.



