spot_img
Tuesday, July 7, 2026
Home Blog Page 358

മാങ്കാവ് പാലം ഇന്ന് തുറക്കും

0

കോഴിക്കോട്: നഗരത്തിലെ മൂന്നു പാലങ്ങളുടെ നവീകരണം പാതി പിന്നിട്ടു. പണിയുടെ അവസാനഘട്ടം പൂർത്തിയാക്കാനായി വ്യാഴാഴ്ച രാത്രി 10 മുതൽ അടച്ചിട്ട മാങ്കാവ് പാലം ഞായറാഴ്ച രാത്രിക്കകം തുറക്കും. ഉപരിതലം മൈക്രോ കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞെന്നും ഇനി ഉണങ്ങാനുള്ള കാലതാമസമേയുള്ളൂവെന്നും കരാറുകാരായ മുംബൈ ആസ്ഥാനമായ സ്ട്രക്ചറൽ സ്പെഷാലിറ്റീസ് സോണൽ മാനേജർ അനിൽ നാരായണൻ അറിയിച്ചു.

മൂന്നു മാസം മുമ്പ് തുടങ്ങിയ പണി 95 ശതമാനം പൂർത്തിയായി. കല്ലുത്താൻ കടവ്, എ.കെ.ജി പാലങ്ങളാണ് മാങ്കാവ് പാലം പണിക്കൊപ്പം നന്നാക്കുന്നത്. കല്ലുത്താൻ കടവ് പാലം അടക്കേണ്ടിവരില്ലെങ്കിലും എ.കെ.ജി പാലത്തിൽ കുറച്ച് ദിവസം പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം വേണ്ടിവരും. എ.കെ.ജി പാലം നവീകരണം 60 ശതമാനവും കല്ലുത്താൻ കടവ് പാലം 80 ശതമാനവും തീർന്നതായി കരാറുകാർ പറഞ്ഞു.

മാങ്കാവ് പാലത്തിൽ പെയിന്റടിയാണ് തീരാനുള്ളത്. കാതോഡിക് പ്രൊട്ടക്ഷൻ, കേടായ ഇടത്തെല്ലാം മൈക്രോ കോൺക്രീറ്റിടൽ, തുരുമ്പെടുക്കാതിരിക്കാനുള്ള ആന്റി കാർബണേറ്റ് കോട്ടിങ്, പോളിമർ മോൾഡഡ് മോർട്ടാർ, പെയിന്റിങ് എന്നിവയാണ് കാര്യമായി ചെയ്തത്. മാങ്കാവ് പാലം അടച്ചത് കാരണം മീഞ്ചന്ത അരയിടത്ത് പാലം മിനി ബൈപാസ് റോഡിൽ ഗതാഗതം നിലച്ചതോടെ കല്ലായി റോഡിലും തൊണ്ടയാട് ബൈപാസിലും വലിയ ഗതാഗതക്കുരുക്കുണ്ട്.

മൂന്നു പ്രവൃത്തികളും ഒന്നിച്ച് തീർക്കാനാണ് ശ്രമം. ആറു മാസത്തിനകം പണി തീർക്കാനാണ് കരാർ. 4.47 കോടി രൂപ ചെലവില്‍ സി.എച്ച് മേൽപാലം നവീകരിച്ചതിനു പുറമെ, 1986ല്‍ നിര്‍മിച്ച എ.കെ.ജി മേൽപാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ 3.5 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.

മദ്രാസ് ഐ.ഐ.ടിയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നവീകരണം. കല്ലുത്താൻ കടവ് പാലം നന്നാക്കാൻ 1.18 കോടി രൂപയും മാങ്കാവ് പാലത്തിന് 1.49 കോടി രൂപയുമാണ് അനുവദിച്ചത്.

യാത്രക്കാര്‍ക്ക് ഇരുട്ടടി, ടോള്‍ നിരക്ക് വീണ്ടും ഉയര്‍ത്തി, സ്കൂള്‍ ബസുകള്‍ക്കും ബാധകം; പന്നിയങ്കരയില്‍ ദുരിതം

0

പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും. സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. ടോൾ നിരക്ക് വർധനക്കെതിരെ വൈകീട്ട് ടോൾ പ്ലാസയിൽ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നത്. അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി ഉണ്ടായത്. പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര 2023ല്‍ അവസാനിച്ചിരുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. നിലവില്‍ ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31 നോടെ തീരുന്നതിനാലാണ് ഇത്. ഇതിന് മുമ്പായി പ്രദേശവാസികള്‍ നിശ്ചിത തുക നല്‍കി ട്രോള്‍ പാസ് എടുക്കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവില്‍ പ്രദേശവാസിയാണെന്ന തിരിച്ചറിയല്‍ രേഖ കാണിച്ചായിരുന്നു ഇവിടത്തുകാര്‍ ടോള്‍ ഒഴിവാക്കി യാത്ര ചെയ്തിരുന്നത്. പ്രദേശവാസികളില്‍ നിന്ന് മുമ്പ് ടോള്‍ പിരിക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തവച്ചത്. ടോള്‍ കേന്ദ്രത്തിന്‍റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തണം.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്.

മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മിതമായതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴയ്ക്കാണ് സാധ്യത.

സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

0

മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും. കുട്ടികൾക്ക് നൽകുന്ന ആരോഗ്യ അറിവുകൾ വീട്ടിലേക്ക് എത്തിക്കാനാകും. എപ്പോഴും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ·കുട്ടികൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.·ഇലക്കറികൾ, പച്ചക്കറികൾ കൂടുതൽ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികൾക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.·ധാരാളം വെള്ളം കുടിയ്ക്കണം·ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.·ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്‌ലെറ്റിൽ പോയതിന് ശേഷവും നിർബന്ധമായി കൈകൾ നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.·മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങൾ ധാരാളം നൽകുക.·വിറ്റാമിൻ സി കിട്ടാൻ കുട്ടികൾക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കുന്നത് നല്ലതാണ്.·കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം.·മഴ നനയാതിരിക്കാൻ കുടയോ, റെയിൻകോട്ടോ കുട്ടികൾക്ക് രക്ഷകർത്താക്കൾ നൽകണം.·കുട്ടികൾ മഴ നനഞ്ഞ് വന്നാൽ തല തോർത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാൻ പോഷണ ഗുണമുള്ള ചൂട് പാനീയങ്ങൾ (ചൂട് കഞ്ഞിവെള്ളം, ചൂട് പാൽ മുതലായവ) നൽകുക.·മഴയുള്ള സമയത്ത് കുട്ടികൾക്ക് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കുക.·പനിയുള്ള കുട്ടികൾ സ്‌കൂളിൽ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികൾക്ക് ഉറപ്പാക്കുകയും ചെയ്യണം.·കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം.·അധ്യാപകർ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകർത്താക്കളെ അറിയിക്കണം.·വിഷമിച്ച് ഉൾവലിഞ്ഞ് നിൽക്കുന്ന കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്‌നേഹവും പ്രോത്സാഹനവും നൽകുക.·ക്ലാസ് മുറികളുടെയും സ്‌കൂൾ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക.·അപകടകരമായ സാഹചര്യം കണ്ടാൽ പരിഹാരത്തിനായി അധ്യാപകരെ വിവരം അറിയിക്കുക.·രക്ഷകർത്താക്കൾക്കോ അധ്യാപകർക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽപ് ലൈൻ ‘ദിശ’യിൽ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

0

മഞ്ചേരി: കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽനിന്നു വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം.നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാന്റെ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതൃസഹോദരി ഹസീന ബാനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം.ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്. ഹംദാന്റെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദിൽ നടക്കും. മാതാവ്: സഫിയ.

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

0

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി.മൂന്ന് ഘട്ട റാൻഡമൈസേഷൻ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ആദ്യഘട്ടംമെയ് 17 ന് പൂർത്തിയായി. രണ്ടാം റാൻഡമൈസേഷനും മൂന്നാം റാൻഡമൈസേഷനും ജൂൺ 3ന് രാവിലെ എട്ട് മണിക്കും ജൂൺ 4 ന് രാവിലെ അഞ്ച് മണിക്കും നടക്കും. രണ്ടാം ഘട്ടം റാൻഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണൽ ദിനം പുലർച്ചെ 5 മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാൻഡമൈസേഷനിലാണ് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക.

വോട്ടെണ്ണൽ ഇങ്ങനെ: വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്ട്രോങ് റൂമുകൾ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസർ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരാൻ നിർദേശം നൽകും.എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം. വോട്ടെണ്ണൽ ദിനം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റ് ലഹരി പദാർഥങ്ങളോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ:*തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം*ചെന്നീർക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം*മാവേലിക്കര ബിഷപ്പ് മൂർ കോളേജ്-മാവേലിക്കര മണ്ഡലം*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം *പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-ഇടുക്കി മണ്ഡലം*കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം*തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്-തൃശൂർ മണ്ഡലം*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ*തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങൾ*മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം*കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ-വയനാട് മണ്ഡലം*ചുങ്കത്തറ മാർത്തോമ കോളേജ് -വയനാട് മണ്ഡലം,*ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം*ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂർ മണ്ഡലം*പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി-കാസർകോട് മണ്ഡലം.

പോസ്റ്റൽ ബാലറ്റിന് പ്രത്യേക ക്രമീകരണം:വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് രാവിലെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. കൗണ്ടിങ് ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളിൽ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റൽ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന്റെ മേൽനോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റൽ വോട്ടെണ്ണൽ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.സർവീസ് വോട്ടർമാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകൾ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആർ കോഡ് റീഡർ ഉപയോഗിച്ച് വോട്ടുകൾ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പർവൈസറും 10 ക്യു ആർ കോഡ് റീഡിങ് ടീമിന് ഒരാൾ എന്ന തോതിൽ എആർഒമാരും ഇതിനായുണ്ടാവും. ക്യു ആർ കോഡ് റീഡിങ്ങിന് ശേഷം കവറുകൾ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും. ലഭിച്ച തപാൽ വോട്ടുകളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായി സാധുവായ തപാൽ വോട്ടുകൾ തരംതിരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക.വിജയിച്ച സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണൽ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാൽവോട്ടുകളേക്കാൾ കുറവാണെങ്കിൽ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസർ അസാധുവായ മുഴുവൻ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനപ്പരിശോധന മുഴുവൻ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

കെട്ടിവലിക്കുന്നത് കൊലക്കയറാകരുത്:മോട്ടോർ വാഹന വകുപ്പ്

0

ഇന്നലെ ആലുവയിൽ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിക്കുകയുണ്ടായി.സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് അടുത്ത വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്.കൂടാതെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്.2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.

1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല

.2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.

3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.

4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.

5. 10 സെൻ്റിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് ” ON TOW ” അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും #towing

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

0

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കൂടാതെ തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം, തൃശൂരിൽ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കനത്ത മഴയിൽ മതിലകത്ത് വീട് തകർന്നു വീണു. മതിലകം പതിനൊന്നാം വാർഡിൽ കഴുവിലങ്ങ് തോപ്പിൽ ബാബുവിന്റെ ഓടിട്ട വീടാണ് തകർന്നു വീണത്. ഇന്ന് രാവിലെ 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു.

കക്കയത്ത് മണ്ണിടിച്ചിൽ; വ്യാപക നാശനഷ്ടങ്ങള്‍

0

കൂരാച്ചുണ്ടില്‍ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്‌ടം കക്കയം 28-ാം മൈലിലാണ് ഇന്നലെ രാത്രി മണ്ണിടിച്ചിലുണ്ടായത്.താമരശ്ശേരി സ്വദേശി കളത്തിങ്ങല്‍ മുജീബിന്‍റെ വീടിനടുത്താണു സംഭവം. സമീപത്തെ കോഴിഫാമിനും റിസോർട്ടിനും കനത്ത നാശനഷ്ടം സംഭവിച്ചു. 50ഓളം കവുങ്ങുകളും നശിച്ചു.

എലിപ്പനി ശക്തമായി പ്രതിരോധിക്കണം: മന്ത്രി വീണാ ജോർജ്

0

* ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ തലത്തിൽ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവർ ഒപി ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചു. എല്ലാ മെഡിക്കൽ കോളേജിലും ഫീവർ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളിൽ മതിയായ ജീവനക്കാരെ ഉറപ്പാക്കും. ആവശ്യമെങ്കിൽ അധിക ജീവനക്കാരെ ഈ കാലയളവിൽ നിയോഗിക്കാൻ മന്ത്രി നിർദേശം നൽകി.മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തിൽ മഴ വെള്ളം കലരുന്നതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണം.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.