spot_img
Thursday, July 2, 2026
Home Blog Page 412

പൗരാവകാശത്തെക്കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാട് രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെ: ജില്ലാ കലക്ടര്‍

0

കോഴിക്കോട്: പൗരാവകാശത്തെ കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാട് രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെയാണെന്ന് ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിംഗ്. കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെയുടെയും ഫാറൂഖ് കോളജ്, ഫാറൂഖ് ട്രെയിനിംഗ് കോളജ് എൻഎസ്‌എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോളേജുകളിലെ എൻഎസ്‌എസ് വളണ്ടിയർമാർക്കായി നടത്തിയ ജില്ലാതല നെയ്ബർഹുഡ് യൂത്ത് പാർലമെന്‍റ് ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

പാർലമെന്‍ററി വ്യവസ്ഥയെ കുറിച്ച്‌ യുവജനങ്ങളില്‍ വ്യക്തത ഉണ്ടാകുമ്പോഴാണ് കൃത്യമായ രീതില്‍ വോട്ട് ആർക്ക് ചെയ്യണം എന്ന ബോധ്യം നമ്മളില്‍ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്‍റ് കലക്ടർ പ്രതീക് ജെയ്ൻ അധ്യക്ഷത വഹിച്ചു.

നാഷണല്‍ യൂത്ത് പാർലമെന്‍റിന്‍റെ ഭാഗമായി നടന്ന മത്സരത്തില്‍ വിജയികളായ പി. നിവേദിത, പി.പി. അഭിരാം എന്നിവർക്കുള്ള സമ്മാനദാനം കലക്ടറും അസി. കലക്ടറും ചേർന്ന് നിർവഹിച്ചു.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി

0

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ ലോഗ് ഔട്ടായി. മെസഞ്ചർ, ത്രെഡ്സ് എന്നിവയും ലഭ്യമാകുന്നില്ല. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്ത് കയറാനാകുന്നില്ല.

പ്രവര്‍ത്തിക്കാതെ റെയില്‍വേ സ്റ്റേഷനിലെ വാട്ടര്‍ വെൻഡിംഗ് മെഷീനുകൾ; പണം കൊടുത്താലും കുടിവെള്ളമില്ല

0

കോഴിക്കോട്: വേനല്‍ച്ചൂട് കടുക്കുമ്പോഴും പ്രവർത്തിക്കാതെ റെയില്‍ വേ സ്റ്റേഷനിലെ വാട്ടർവെൻഡിംഗ് മെഷീനുകൾ. യാത്രക്കാർക്ക് ഒരു രൂപയ്ക്കു ശുദ്ധജലം ലഭ്യമക്കാൻ ഒരുക്കിയ സംവിധാനമാണ് പ്രവർത്തനരഹിതമായത്. മെഷിനുകളില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്ന യാത്രക്കാർ നല്‍കി കൂടുതല്‍ പണം നല്‍കി കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.

ആറ് വർഷം മുമ്പാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ റെയില്‍വേ സ്‌റ്റേഷനില്‍ നാലു പ്ലാറ്റ്‌ഫോമുകളിലും വാട്ടർ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചത്. വലിയ വില കൊടുത്ത് വെള്ളം വാങ്ങുന്നവർക്ക് പദ്ധതി ഏറെ സഹായകരമായിരുന്നു. വെള്ളക്കുപ്പികള്‍ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ട് കുറയാനും ഇത് സഹായിച്ചിരുന്നു. ആദ്യഘട്ടത്തില്‍ മികച്ച രീതിയില്‍ പ്രവർത്തിച്ചെങ്കിലും പതിയെ പ്രവർത്തനരഹിതമാകുകയായിരുന്നു.

ഇന്ത്യയിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഈ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണവും സാങ്കേതിക സാമ്പത്തിക ശേഷിയും അനുസരിച്ചാണ് ഓരോ സ്‌റ്റേഷനിലും മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മിക്കയിടങ്ങളിലും പദ്ധതി നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നുമാണ് റെയില്‍വേ അധികൃതർ പറയുന്നത്.

വാട്ടർ മെഷീനുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് അംഗീകൃത ഗുണനിലവാരമുള്ളതും പാരിസ്ഥിതിക സൗഹാർദവുമായ പി.ഇ.ടിയുടെ വാട്ടർ ബോട്ടിലും നല്‍കിയിരുന്നു. പരാതികള്‍ ലഭിച്ച്‌ തുടങ്ങിയതോടെ നിലവിലുള്ള മെഷീനുകള്‍ പരിശോധിച്ച്‌ അത് റിപ്പയർ ചെയ്യാനുള്ള ആലോചനയിലാണ് റെയില്‍വേ അധികൃതർ.

വില ഇങ്ങനെ

300 മില്ലി :2 രൂപ

കണ്ടെയ്നർ സഹിതം: 3

500 മില്ലി : 3

കണ്ടെയ്നർ സഹിതം: 5

1 ലിറ്റർ :5

കണ്ടെയ്നർ സഹിതം : 8

2 ലിറ്റർ: 8

കണ്ടെയ്നർ സഹിതം : 12

5 ലിറ്റർ :20

കണ്ടെയ്നർ സഹിതം : 25

തൊഴില്‍ പോര്‍ട്ടല്‍ ഒരുക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

0

വടകര: ഉദ്യോഗാർത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സഹായകമാകുന്ന തൊഴില്‍ പോർട്ടല്‍ ഒരുക്കി ഓർക്കാട്ടേരി കെ.കെ.എം.ജി. വി.എച്ച്‌.എച്ച്‌.എസിലെ വൊക്കേഷനല്‍ ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ മാതൃകയായി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരള വഴി നടപ്പാക്കിയ സ്കില്‍ ഷെയർ പ്രോജക്ടിന്റെ ഭാഗമായാണ് ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്സിലെ വിദ്യാർഥികള്‍ തൊഴില്‍ പോർട്ടല്‍ ഒരുക്കിയത്. thozhilportal.in എന്ന വെബ് ആപ്ലിക്കേഷനാണ് നാലു വിദ്യാർഥികള്‍ ചേർന്ന് രൂപപ്പെടുത്തിയത്.

പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തുള്ള ഓട്ടോഡ്രൈവർ, ജീപ്പ് ഡ്രൈവർ, ഇലക്‌ട്രിക്കല്‍-പ്ലംബിങ്, മറ്റ് അനുബന്ധ ജോലിക്കാർ തുടങ്ങിയവരുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കുന്നു. നിലവില്‍ ഓർക്കാട്ടേരി, വടകര പ്രദേശത്തെ വിവരങ്ങളാണ് പോർട്ടലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കും ഉദ്യോഗാർഥികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും പോർട്ടലില്‍ രജിസ്റ്റർ ചെയ്യാം.

തൊഴില്‍ ദാതാക്കള്‍ പോർട്ടലില്‍ ഒഴിവുകള്‍ സമർപ്പിക്കുകയും ഈ ഒഴിവുകള്‍ ഉദ്യോഗാർഥികള്‍ക്ക് കാണാൻ സാധിക്കുകയും ചെയ്യും. പോർട്ടലില്‍ രജിസ്റ്റർ ചെയ്യുന്ന തൊഴില്‍ ദാതാക്കളെയും ഉദ്യോഗാർഥികളെയും സഹായിക്കും വിധം തൊഴില്‍മേളകള്‍ സംഘടിപ്പിക്കാനും കഴിയും. പലതരത്തിലുള്ള ഓണ്‍ലൈൻ പരീക്ഷകളും പോർട്ടലില്‍ ലഭ്യമാണ്.

വിദ്യാർഥികളായ കെ. ആദിദേവ്, വിഷ്ണു പ്രകാശ്, എം.കെ. എബിൻ, ഗൗതം പ്രകാശ്, നിദേവ് കൃഷ്ണ എന്നിവർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ എം. സപിന്റെ മേല്‍നോട്ടത്തിലാണ് പോർട്ടല്‍ തയാറാക്കിയത്. എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ എ.കെ. അബ്ദുല്‍ ഹക്കീം, ഡി.പി.ഒ വി.ടി. ഷീബ, പി.ടി.എ പ്രസിഡന്റ് സി.പി. രാജൻ, പ്രിൻസിപ്പല്‍ ജി. ജയഹരി എന്നിവരും നേതൃത്വം നല്‍കി.

ദേശീയ അംഗീകാര തിളക്കത്തില്‍ കുടുംബശ്രീ ഐ ടി യൂണിറ്റ്‌

0

കോഴിക്കോട്‌: കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭമായ ടെക്‌നോവേള്‍ഡ്‌ തേര്‍ഡ്‌ ഐ ടി യൂണിറ്റിന്‌ ദേശീയ അംഗീകാരം. കേന്ദ്ര പാര്‍പ്പിട നഗര കാര്യ മന്ത്രാലയത്തിന്റെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള അവാര്‍ഡിനാണ്‌ ഐ ടി യൂണിറ്റ്‌ അര്‍ഹരായത്‌. ദേശീയ തലത്തില്‍ ആറ്‌ സംരംഭങ്ങള്‍ക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. കേരളത്തില്‍ നിന്നും അംഗീകാരത്തിന്‌ അര്‍ഹരായ ഏക സംരംഭവും ടെക്‌നോവേള്‍ഡ്‌ തേര്‍ഡ്‌ ഐ ടി യൂണിറ്റാണ്‌.

കോര്‍പ്പറേഷന്‍ പരിധിയിലെ അഞ്ചു വനിതകള്‍ ചേര്‍ന്നാണ്‌ 2004 മാര്‍ച്ച്‌ 18ന്‌ ഐ ടി യൂണിറ്റ്‌ ആരംഭിച്ചത്‌. ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത്‌ ലഭിച്ച ഈ അവാര്‍ഡ്‌ സംരംഭകര്‍ക്ക്‌ ഏറെ പ്രചോദനം നല്‍കുന്നതാണ്‌. നിലവില്‍ കോര്‍പറേഷന്‍ കിയോസ്‌ക്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ്‌ ഇ സേവാ കേന്ദ്ര, വിവിധ ഹോസ്‌പിറ്റല്‍ കിയോസ്‌കുകള്‍, ടെക്‌നോവേള്‍ഡ്‌ ട്രെയിനിംഗ്‌ സെന്റര്‍, പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റാ എന്‍ട്രി, പ്രിന്റിങ്‌ പ്രസ്‌ എന്നിവ ഐ ടി യൂണിറ്റ്‌ നേരിട്ട്‌ നടത്തുന്നുണ്ട്‌. കൂടാതെ ഡാറ്റാ എന്‍ട്രി പ്രിന്റിംഗ്‌ എന്നീ മേഖലകളില്‍ സര്‍ക്കാറിന്റെ അംഗീകൃത ഏജന്‍സി കൂടിയാണ്‌ യൂണിറ്റ്‌.

സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ ഡാറ്റാ എന്‍ട്രി, പ്രിന്റിംഗ്‌ വര്‍ക്കുകള്‍ ടെണ്ടര്‍ നടപടികളില്ലാതെ യൂണിറ്റിന്‌ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ നിലവിലുണ്ട്‌. 60 വനിതകള്‍ക്ക്‌ സ്‌ഥിരമായും 1500 ലധികം വനിതകള്‍ക്ക്‌ താത്‌ക്കാലികമായും തൊഴില്‍ നല്‍കാന്‍ യൂണിറ്റിന്‌ സാധിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ ആറാം തീയതി ഹരിയാനയിലെ ഗുരുഗ്രാമില്‍ നടക്കുന്ന ചടങ്ങില്‍ യൂണിറ്റ്‌ അംഗങ്ങള്‍ അവാര്‍ഡ്‌ ഏറ്റ്‌ വാങ്ങും.

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി; ‘പുതിയ എതിരാളി രംഗത്ത്

0

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്‌ലിപ്കാര്‍ട്ട് യുപിഐ സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും.

ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പേയ്മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. പണം കൈമാറ്റം ചെയ്യാനും റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്‌മെന്റുകള്‍ക്കും ഇവ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പിനുള്ളില്‍ ‘ഫ്‌ലിപ്പ്കാര്‍ട്ട് യുപിഐ’ ബാനര്‍ നോക്കി അതില്‍ ടാപ്പ് ചെയ്യുക. ‘ബാങ്ക് അക്കൗണ്ട് ചേര്‍ക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഫ്‌ലിപ്കാര്‍ട്ട് യുപിഐയുമായി ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക. കണ്‍ഫര്‍മേഷന്‍ നല്‍കുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് പരിധികളില്ലാതെ പേയ്മെന്റുകള്‍ നടത്തുന്നതിന് ഫ്‌ലിപ്പ്കാര്‍ട്ട് യുപിഐ ഉപയോഗിച്ച് തുടങ്ങാമെന്നും കമ്പനി അറിയിച്ചു.ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവരാണ് ഫ്‌ലിപ്കാര്‍ട്ട് യുപിഐയുടെ എതിരാളികള്‍. ആമസോണ്‍ നേരത്തെ കളിക്കളത്തില്‍ ഇറങ്ങിയിരുന്നു.

ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം ഇതിനോടകം നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യുപിഐ ആപ്പായ ഫോണ്‍പേ നിലവില്‍ ഫ്‌ലിപ്കാര്‍ട്ടിന് കീഴിലാണ്. 50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലര്‍മാരും കണക്കുകള്‍ പ്രകാരം ഫ്‌ലിപ്കാര്‍ട്ടിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ഈ യൂസര്‍ബേസ് പുതുതായി ആരംഭിച്ച യുപിഐ സേവനത്തിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനത്തിലേക്ക് ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ്

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപനമായ ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ഡോ. ജോബിമോൾ ജേക്കബ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജഗദീഷ്കുമാർ പി. എന്നിവർ സമർപ്പിച്ച ഗവേഷണ പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

സാങ്കേതികരംഗം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ‘ഓട്ടണോമസ് വെഹിക്കിൾ’ അഥവാ ‘സ്വയം നിയന്ത്രിത വാഹനങ്ങൾ’ വികസിപ്പിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മറികടന്ന് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പുവരുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. വിവിധ സെന്ററുകളുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യുവാനും ഇവയെ ആസ്പദമാക്കി നിർമ്മിത ബുദ്ധി ഉപയോഗിച്ച് വാഹനത്തിന്റെ വേഗം, ദിശ എന്നിവ ക്രമീകരിക്കാനുള്ള ചിപ്പുകൾ വികസിപ്പിക്കുക എന്നിവയാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ഇതോടൊപ്പം, സെമികണ്ടക്ടർ, വി.എൽ.എസ്.ഐ മേഖലകളിൽ വലിയ തോതിലുള്ള മാനവവിഭവശേഷി വികസനവും ലക്ഷ്യം വയ്ക്കുന്നു. അഞ്ചു വർഷത്തെ ഗവേഷണ പദ്ധതിയ്ക്ക് 86 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാൻഡ് ലഭിക്കും. കൂടാതെ, ചിപ്പുകളുടെ വികസനത്തിന് ആവശ്യമായ ഉപകരണവും ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ സോഫ്റ്റ്‌വെയറുകളും കേന്ദ്രം സൗജന്യമായി നൽകും.

മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകരായ റാഷിദ് എം.ഇ, ഡോ. ജെസ്സി ജോൺ, വി.എൽ.എസ്.ഐ ഗവേഷണ വിദ്യാർഥിനിയായ എയ്മി ജോസ് എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളാണ്.

വി.എൽ.എസ്.ഐ മേഖലയിലെ പ്രമുഖ കമ്പനികൾ ആയ ഇഗ്നിറ്റേറിയം ടെക്നോളജി സൊലൂഷൻസ്, വി.വി.ഡി.എൻ ടെക്നോളജിസ്റ്റ്, വിവിധ പ്രോസസറുകൾ വികസിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ സി-ഡാക് തിരുവനന്തപുരം സെന്റർ എന്നിവരും മോഡൽ എൻജിനീയറിങ്ങ് കോളേജിന്റെ ഈ പദ്ധതിയിൽ സഹകരിക്കുന്നു.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ

0

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2023ൽ രാജ്യത്തിനകത്തു നിന്നുള്ള 2,18,71,641 (2.18 കോടി) പേർ കേരളം സന്ദർശിച്ചു. ഇത് രൂപീകരിച്ചതിനു ശേഷമുള്ള സർവകാല റെക്കോർഡ് ആണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ വർഷം 15.92 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2022ൽ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ൽ 18.97 ശതമാനം വർധിച്ചു. ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടായി.

2022ൽ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തിൽ എത്തിയതെങ്കിൽ 2023ൽ ഇത് 6,49,057 പേരായി വർധിച്ചു. വിദേശ സഞ്ചാരികളുടെ വരവിൽ 87.83 ശതമാനം വർധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ വിദേശികൾ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ൽ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മന്ത്രി അറിയിച്ചു.

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ്

0

മലപ്പുറം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 2.67 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂർ‍ പഞ്ചായത്ത് ഒന്നാംവാർ‍ഡിൽ എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), ഏറനാട് കാവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ് (23), കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടുനിന്ന് ഞായറാഴ്ച പിടികൂടിയത്.

ആലപ്പുഴ മാന്നാർ സ്വദേശിയും ഗൾഫിൽ ജോലിചെയ്തിരുന്നയാളുമായ മുതിർന്ന പൗരനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ വ്യാപാരം നടത്തി വൻലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുനൽകി. അതുവഴി വെർച്വൽ അക്കൗണ്ടു തുടങ്ങാനായിരുന്നു നിർദ്ദേശം.

പരാതിക്കാരൻ ആദ്യം 50,000 രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോൾ വെർച്വൽ അക്കൗണ്ടിൽ 65,000 രൂപ ആയി ഉയർന്നു. അതോടെ പരാതിക്കാരനു വിശ്വാസമായി. ഇതു മുതലെടുത്ത് വി.ഐ.പി. കസ്റ്റമറായി പരിഗണിച്ച് പ്രതികളിൽ രണ്ടുപേരും പരാതിക്കാരനും മാത്രമുള്ള ഒരു വി.ഐ.പി. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് പരാതിക്കാരൻ ഒരുലക്ഷം രൂപയിട്ടപ്പോൾ വെർച്വൽ അക്കൗണ്ടിൽ ഒരാഴ്ച കഴിഞ്ഞ് 1,92,000 രൂപയായി.

ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കിൽ കിട്ടിയ ലാഭം പോകുമെന്നു പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്. വെർച്വൽ അക്കൗണ്ടിൽ ഒൻപതുകോടി രൂപയായപ്പോൾ പണം പിൻവലിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെ, വരുമാന നികുതിയുടെ പേരിലും സേവനനിരക്കിന്റെ പേരിലും നല്ലൊരു തുക തട്ടി.

അതിനുശേഷം ട്രേഡിങ് നടത്തിയ സൈറ്റും വാട്സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാർ ഒഴിവാക്കി. ഇതേത്തുടർന്നാണ് മാന്നാർ സ്വദേശി സൈബർ പോലീസിനെ സമീപിച്ചത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾത്തന്നെ നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇതിനു പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരുകോടി രൂപയ്ക്കു മുകളിൽ പണം നഷ്ടപ്പെട്ട കേസായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എസ്. അരുൺ, എസ്.ഐ.മാരായ നെവിൻ ടി.ഡി., മോഹൻകുമാർ, അഗസ്റ്റിൻ വർഗീസ്, എ.എസ്.ഐ. സുധീർ, ഹരികുമാർ, സി.പി.ഒ. ബൈജു സ്റ്റീഫൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

സൈബർ തട്ടിപ്പിൽ പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക. ഇത് പണം തിരിച്ചുകിട്ടാൻ നിങ്ങളെ ഏറെ സഹായിക്കും.#keralapolice

അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്‌തകം ഈ മാസം വിതരണം ചെയ്യും: മന്ത്രി

കോഴിക്കോട്‌: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്‌തകം മാര്‍ച്ച്‌ മാസം വിതരണം ചെയ്യുമെന്ന്‌ പൊതു വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി.ശിവന്‍കുട്ടി. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസ്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മള്‍ട്ടിപര്‍പ്പസ്‌ കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാര്‍ച്ച്‌ 12ന്‌ തിരുവനന്തപുരത്തെ സ്‌കൂളില്‍ വിതരണ ഉദ്‌ഘാടനം നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു. 2, 4, 6, 8,10 ക്ലാസുകളിലേക്കുള്ള പാഠപുസ്‌തകമാണ്‌ വിതരണം ചെയ്യുക. 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്‌തകം സ്‌കൂള്‍ തുറക്കുന്നതിന്‌ മൂന്നാഴ്‌ചയ്‌ക്ക് മുന്‍പ്‌ എത്തുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ 5000 കോടി രൂപയാണ്‌ പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്‌. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള യാത്ര അടിസ്‌ഥാന സൗകര്യങ്ങള്‍ക്കും സാങ്കേതിക വിദ്യയ്‌ക്കുമപ്പുറത്തേക്ക്‌ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ 24 പുതിയ ക്ലാസ്‌ മുറികള്‍ വിനോദസഞ്ചാര, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ നേര്‍ചിത്രമാണ്‌ ഈ സ്‌കൂളെന്ന്‌ നിസ്സംശയം പറയാന്‍ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.സ്‌കൂള്‍ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം എളമരം കരിം എം.പി നിര്‍വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എയും പ്രിസം ഫൗണ്ടറുമായ എ പ്രദീപ്‌കുമാര്‍ മുഖ്യാതിഥിയായി.

കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.രേഖ, കൗണ്‍സിലര്‍മാരായ സി.എം ജംഷീര്‍, കെ മോഹനന്‍, ഇ.എം സോമന്‍, ഡോ. അജിത, ആര്‍ഡിഡി സന്തോഷ്‌ കുമാര്‍, എസ് എസ് കെ ജില്ലാ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്‌ദുള്‍ ഹക്കീം, ഡി.ഇ.ഒ ശാദിയ ബാനു, ഡിഎച്ച്‌എം സുബിത എം, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ശരണ്‍ പ്രേം, പ്രിസം കോര്‍ഡിനേറ്റര്‍ റംഷാദ്‌ സി വി, സ്‌റ്റാഫ്‌ സെക്രട്ടറി നിഖില്‍ കെ എം, സ്‌കൂള്‍ ലീഡര്‍ റിഥുല്‍, ഉദ്യോഗസ്‌ഥര്‍, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി, സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ഡോ. എന്‍ പ്രമോദ്‌ സ്വാഗതവും പിടിഎ പ്രസിഡന്റ്‌ ഐ റജുല നന്ദിയും പറഞ്ഞു.