spot_img
Thursday, July 2, 2026
Home Blog Page 416

കെ.ടി.എക്സ് രാജ്യാന്തര ടെക് പ്രദര്‍ശനം ഇന്ന് മുതൽ

കോഴിക്കോട്: ഐ.ടി മേഖലയില്‍ മലബാറിന്റെ വിശാലമായ സാധ്യതകള്‍ക്ക് വഴിതെളിച്ച്‌ കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ് 2024) ഇന്ന് മുതല്‍ കോഴിക്കോട്ട് അരങ്ങേറും. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഫെബ്രുവരി 29 മുതല്‍ മാർച്ച്‌ രണ്ടുവരെയാണ് പ്രദർശനം നടക്കുക. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ടെക്നോളജി പ്രദർശനങ്ങളും വർക്ക് ഷോപ്പുകളും സ്റ്റാളുകളുമടക്കം നിരവധി വിഭവങ്ങളാണ് എക്സ്പോയില്‍ കാത്തിരിക്കുന്നത്.

രാജ്യത്തെ മുൻനിര ഐ.ടി കേന്ദ്രമായി കോഴിക്കോടിനെ ഉയർത്തിക്കൊണ്ടു വരുക എന്നതാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. ആഗോള ബിസിനസ് ഭൂപടത്തില്‍ ജില്ലക്ക് തന്ത്രപരമായ സ്ഥാനം ഉറപ്പിക്കാൻകൂടി ഈ പ്രദർശനം സഹായകമാവും. പ്രമുഖ വ്യവസായ, അക്കാദമിക്, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഒന്നിച്ച്‌ രൂപവത്കരിച്ച കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് (സി ഐ ടി ഐ) സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ടെക്നോളജി എക്സ്പോ നടക്കുന്നത്.

എ.ഐ, വി.ആർ സാങ്കേതിക വിദ്യകളില്‍ കഴിവു തെളിയിച്ച ടെക് കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന 200ല്‍ അധികം സ്റ്റാളുകള്‍ പ്രദർശനത്തിന്റെ ഭാഗമാവും. ഇതുകൂടാതെ, ആഗോള കമ്പനികളിലെ മുൻനിര ടെക് വ്യവസായ പ്രമുഖർ ഉള്‍പ്പെടെ നൂറിലധികം ഇൻഫ്ലുവൻസർമാരുടെ സെഷനുകള്‍, ടെക് വർക് ഷോപ്പുകള്‍ തുടങ്ങിയവയും എക്സ്പോയുടെ ഭാഗമായി നടക്കും. മിഡില്‍ ഈസ്റ്റില്‍നിന്നടക്കമുള്ള ആറായിരത്തിലധികം ഡെലിഗേറ്റുകളും പ്രഫഷനലുകളുമാണ് എക്സ്പോയില്‍ പങ്കെടുക്കുക.

വ്യവസായ പ്രഫഷനലുകള്‍, ഇൻഫ്ലുവൻസേഴ്സ്, വിദ്യാർഥികള്‍, ഇന്നവേറ്റിവ് തിങ്കേഴ്സ്, സ്റ്റാർട്ടപ്പുകള്‍, ടെക് എന്റർപ്രണേഴ്സ്, ഗവേഷകർ, അക്കാദമിക സ്ഥാപനങ്ങള്‍ തുടങ്ങി സാങ്കേതിക മേഖലയുടെ ഭാഗമാകുന്നവർക്ക് വലിയ അവസരമാണ് കെ.ടി.എക്സ് എക്സ്പോ ഒരുക്കുന്നത്.

ടെക്നോളജി മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രദർശനത്തിനും വർക്ക് ഷോപ്പുകള്‍ക്കും ഇവിടെ പ്രത്യേക അവസരമുണ്ടാകും. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച്‌ നടത്തുന്ന ടെക് പ്രവർത്തനങ്ങള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള അവസരം കൂടിയാകും കെ.ടി.എക്സ് എക്സ്പോയിലൂടെ സാധ്യമാവുക.

വ്യാജമദ്യ നിര്‍മ്മാണം : ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു

0

കോഴിക്കോട്:  വ്യാജമദ്യ നിര്‍മ്മാണം, കടത്ത്, വിതരണം എന്നിവ തടയുന്നതിനായുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിം​ഗിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു. കഴിഞ്ഞ ഡിസംബറിൽ നടത്തിയ ജനകീയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പരാതികളിലെ തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാതലത്തില്‍ കഴിഞ്ഞ മൂന്ന് മാസകാലയളവിൽ 1542 റെയ്ഡുകളും 27 സംയുക്ത റെയ്ഡുകളും നടത്തി. 343 അബ്കാരി കേസുകളും 62 എന്‍ഡിപിഎസ് കേസുകളും 384 കോട്പ കേസുകളും 14 ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കുകയും മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 242 പ്രതികളെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എസ് സുരേഷ് യോഗത്തില്‍ അറിയിച്ചു.

ജനപ്രതിനിധികളും മദ്യ വിരുദ്ധ സമിതി പ്രതിനിധികളും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വ്യാജമദ്യ കേന്ദ്രങ്ങളെ കുറിച്ച് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതികളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥര്‍, മദ്യ വിരുദ്ധ സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ വിനോദ വ്യവസായ രംഗത്ത് വമ്പന്‍ നീക്കം

0

ഇന്ത്യൻ വിനോദ വ്യവസായ രംഗത്ത് വമ്പന്‍ നീക്കം; കളേഴ്‌സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18, ജിയോസിനിമ, ഹോട്ട്‌സ്റ്റാര്‍ എന്നിവ ഇനി ഒരു കുടക്കീഴില്‍ ! അമരത്ത് നിത അംബാനി

മുംബൈ: വയാകോം 18 ഉം (റിലയൻസ് ഇൻഡസ്ട്രീസ്), സ്റ്റാർ ഇന്ത്യയും (വാള്‍ട്ട് ഡിസ്നി) തമ്മില്‍ ലയനകരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം വയാകോം 18 സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ലയിക്കും. നിത അംബാനി സംയുക്ത സംരംഭത്തിൻ്റെ ചെയർപേഴ്സണായിരിക്കും. ഉദയ് ശങ്കറാകും വൈസ് ചെയര്‍പേഴ്‌സണ്‍.

റിലയൻസ് ഇൻഡസ്ട്രീസ് സംയുക്ത സംരംഭത്തിലേക്ക് 11,500 കോടി രൂപ നിക്ഷേപിക്കും. ലയനത്തിലൂടെ സംയുക്ത സംരഭത്തിന് 70,352 കോടി രൂപയുടെ മൂല്യമുണ്ടായിരിക്കും. സംയുക്ത സംരംഭം റിലയൻസ് ഇൻഡസ്ട്രീസ് നിയന്ത്രിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്‌ 16.34 ശതമാനവും വയാകോം 18ന് 46.82 ശതമാനവും, ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക.

കളേഴ്‌സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18, ജിയോസിനിമ, ഹോട്ട്‌സ്റ്റാര്‍ എന്നിവ ലയനത്തോടെ ഒരു ‘കുടക്കീഴിലാ’കും. നിലവില്‍ ഇവയ്‌ക്കെല്ലാം 750 മില്യണിലധികം കാഴ്ചക്കാരുണ്ട്.

ഇന്ത്യൻ വിനോദ വ്യവസായത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന ഒരു സുപ്രധാന കരാറാണിതെന്ന് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി പറഞ്ഞു. കമ്പനിക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാൻ ഈ സംയുക്ത സംരംഭം നല്‍കുന്ന അവസരങ്ങളില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് വാള്‍ട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ബോബ് ഇഗർ പറഞ്ഞു.

എടവണ്ണപ്പാറ ജംഗ്ഷനിലെ അപകടം; സുരക്ഷ നടപടികള്‍ ഉടൻ

0

എടവണ്ണപ്പാറ: അപകടം തുടർക്കഥയായ എടവണ്ണപ്പാറ ജങ്ഷനില്‍ അപകടം കുറക്കാനുള്ള സുരക്ഷാ നടപടികള്‍ക്ക് തുടക്കമായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സിഗ്നല്‍ സംവിധാനം പ്രവർത്തന രഹിതമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടികള്‍ സ്വീകരിക്കാൻ സാധിക്കാത്തത് വൻ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

പൊതുമരാമത്ത് റോഡ് റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജങ്ഷനിലെ നാല് റോഡുകളിലും വേഗത കുറക്കാനുള്ള റംപിള്‍ സ്ട്രിപ്പ്, മുന്നറിയിപ്പ് ബോർഡുകള്‍, റിഫ്ലക്ടർ സ്ട്രിപ്പുകള്‍ എന്നിവ അടിയന്തിരമായി സ്ഥാപിക്കാനാണ് നടപടിയായത്. ഒരാഴ്ചക്കകം നടപ്പാക്കും. അപകടം ഉണ്ടായതിനെത്തുടർന്ന് മന്ത്രിക്കും പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും കത്ത് നല്‍കുകയും ശനിയാഴ്ച ജില്ല വികസനസമിതി യോഗത്തില്‍ എം.എല്‍.എ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നു.

കൊണ്ടോട്ടി-എടവണ്ണപ്പാറ-അരീക്കോട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിയില്‍ ജങ്ഷൻ വീതി കൂട്ടാനും പദ്ധതിയുണ്ട്. മണ്ഡലത്തിലെ വിവിധ റോഡുകളില്‍ വിദ്യാലയങ്ങള്‍ക്ക് സമീപവും ജങ്ഷനുകളിലും മുന്നറിയിപ്പ് ബോർഡുകള്‍ വെക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. 79 സ്ഥലത്താണ് സ്ഥാപിക്കുക.

അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് പ്രദേശങ്ങളില്‍ നിന്നുമുള്ള റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ അടുത്ത കാലത്തായി ഗതാഗതക്കുരുക്കും അപകടവും വർധിക്കുകയാണ്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്ഷനില്‍ നടന്നത്. എളമരം പാലവും കൂളിമാടുകടവ് പാലവും തുറന്നു കൊടുത്തതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ ക്രമാതീതമായി കൂടിയതാണ് എടവണ്ണപ്പാറ ജങ്ഷനില്‍ തിരക്കേറാൻ കാരണമായത്. കോഴിക്കോട് ജില്ലയിലേക്കും തിരിച്ചുമുള്ള ട്രക്കുകള്‍ അതിവേഗതയിലാണ് ഇതിലെ കടന്നുപോകുന്നത്.

തിങ്കളാഴ്ച പുലർച്ചെ നാലോടെ കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബൈക്ക് ലോറിയുമായി ഇടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തില്‍ ബത്തേരി സ്വദേശി സഞ്ജയ് (19) സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കേരളം വിയര്‍ക്കുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാന ചരിത്രത്തിലാദ്യം

0

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. 50 വർഷത്തെ ശരാശരി പ്രകാരം ഇതാദ്യമായാണ് മിക്ക ജില്ലകളിലും താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുന്നത്.

കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലെ അന്തരം എട്ടു മുതല്‍ 12 ഡിഗ്രി വരെയായി കുറഞ്ഞതും ആശങ്ക ഉയർത്തുന്നു.

വിദേശികളടക്കമുള്ളവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

0

പൂജപ്പുര യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം: വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, രോഗ നിർമാർജനം എന്നിവയ്ക്കാണ് ഈ കാലഘട്ടത്തിൽ ആരോഗ്യ മേഖല ഏറ്റവും പ്രാധാന്യം നൽകുന്നത്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിൽ ജീവിതശൈലീ രോഗ പ്രതിരോധം, കാൻസർ കെയർ പ്രോഗ്രാം, ഹെൽത്തി ലൈഫ് കാമ്പയിൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. അതിൽ ആയുഷ് മേഖലയ്ക്ക് വലിയ സ്ഥാനമാണുള്ളത്.

ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പാക്കുന്നതിൽ യോഗയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാനത്ത് 1000 യോഗ ക്ലബ്ബുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ആരംഭിച്ചിട്ടുള്ളത്. സമൂഹത്തിന്റെ പൊതുബോധം ഇതിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചു. ധാരാളം സ്ത്രീകളും ചെറുപ്പക്കാരും യോഗ ക്ലബ്ബിലേക്ക് എത്തുന്നത് വലിയ രീതിയിൽ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്.

പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 1 കോടി രൂപ ചെലവഴിച്ചാണ് ഒരു യോഗ പരിശീലന കേന്ദ്രവും വിശ്രമ മന്ദിരവും സ്ഥാപിച്ചത്. ഒരേ സമയം 25 പേർക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർക്കും, യോഗ പരിശീലനത്തിനെത്തുന്ന പൊതുജനങ്ങൾക്കും വേണ്ടി മതിയായ ടോയ്ലെറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ ആയുർവേദ മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആയുർവേദ രംഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക വർഷം ഒന്നിച്ച് 116 തസ്തികകൾ സൃഷ്ടിച്ചത്. ആയുർവേദ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായുള്ള കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്പെൻസറികൾ സ്ഥാപിക്കുക എന്ന സർക്കാരിന്റെ നയം നടപ്പിലാക്കി.

ഈ സർക്കാർ വന്ന ശേഷം 510 ആയുഷ് ഡിസ്പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 600 ആയി. ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിരുന്നു. രാജ്യത്ത് ആയുഷ് രംഗത്ത് ഏറ്റവുമധികം ആളുകൾ ചികിത്സയ്ക്കെത്തുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ഇത് ആയുഷ് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജി. ജയ്, സൂപ്രണ്ട് ഡോ. ആർ.എസ്. ഷിജി, പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയർ വി.എസ്. അജിത് കുമാർ, സർവീസ് സംഘടനാ പ്രതിനിധികളായ ഡോ. സുനീഷ്മോൻ എം.എസ്., എം.എ. അജിത് കുമാർ, ശരത്ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും

0


ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോധവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. പ്രശ്‌ന സാധ്യത ബൂത്തുകൾ നിർണയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലകളിലെ പോസ്റ്റൽ വോട്ടിനുള്ള സൗകര്യങ്ങൾ, ബൂത്തുകൾ, വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ്ങ് റൂം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള ക്രമീകരണം സംബന്ധിച്ച് ജില്ലാ കളക്ടർമാർ വിശദീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡല പരിധിയിൽത്തന്നെ നിയമിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.

ഹോട്ടൽ ഹൈസിന്തിൽ നടന്ന യോഗത്തിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായ വി. ആർ. പ്രേംകുമാർ, സി. ഷർമിള, കൃഷ്ണദാസ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നൂറു രൂപ വിലയുള്ള ഗുളിക; ക്യാൻസര്‍ ചികിത്സയില്‍ നിര്‍ണായക മുന്നേറ്റവുമായി ഇന്ത്യൻ ഗവേഷകര്‍

മുബൈ : അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഇവരില്‍ പകുതിപേരും മരണത്തിന് കീഴടങ്ങുന്നു. ക്യാൻസർ ചികിത്സിച്ചു മാറ്റിയാലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ആദ്യ ഘട്ടത്തില്‍ പൂർണമായും മാറിയെന്ന് കരുതുന്ന ക്യാൻസർ രോഗം രണ്ടാം ഘട്ടത്തില്‍ മരണത്തിലാകും കലാശിക്കുക..

എന്നാല്‍, ഒരിക്കല്‍ ഭേദമായവരില്‍ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ – റേഡിയേഷന്റെ പാർശ്വഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ക്യാൻസർ ആശുപത്രിയായ, മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ക്യാൻസർ ചികിത്സയില്‍ നിർണായക മുന്നേറ്റമായി മാറുമെന്ന് കരുതുന്ന ടാബ്‍ലറ്റ് കണ്ടെത്തിയത്.

ഇന്ത്യയില്‍ വർധിച്ചു വരുന്ന കാൻസർ കേസുകള്‍ കണക്കിലെടുത്ത്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മനുഷ്യ ക്യാൻസർ കോശങ്ങള്‍ എലികളില്‍ ചേർത്ത് നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ ഗുണഫലം ഗവേഷകർ കണ്ടെത്തിയത്.

കാൻസർ കോശങ്ങള്‍ നശിക്കുമ്പോള്‍ അവ വളരെ ചെറിയ കഷണങ്ങളായി വിഘടിക്കുകയാണ് ചെയ്യുന്നത്. ഈ കഷണങ്ങളെ ക്രോമാറ്റിൻ കണികകള്‍ എന്ന് വിളിക്കുന്നു. ക്രോമാറ്റിൻ കണികകള്‍ക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളില്‍ പ്രവേശിച്ച്‌ അവയെ ക്യാൻസർ കോശങ്ങളാക്കി മാറ്റാനും കഴിയും. ഇതാണ് രോഗം ഭേദമായ ശേഷവും ക്യാൻസർ വരാൻ ഇടയാക്കുന്നത്.

മുബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രി

ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണമാണ് പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചത്. ഇതിനായി ഗവേഷകർ മനുഷ്യ ക്യാൻസർ കോശങ്ങള്‍ എലികളില്‍ ചേർക്കുകയും അതിനുശേഷം അവയില്‍ മുഴകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. തുടർന്ന് റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ അവയെ ചികിത്സിച്ചു. ശേഷം എലികള്‍ക്ക് റെസ്‌വെരാട്രോളും കോപ്പറും ചേർന്ന പ്രോ-ഓക്‌സിഡന്റ് ഗുളികകള്‍ നല്‍കി. ക്രോമാറ്റിൻ കണങ്ങളുടെ പ്രഭാവം തടയാൻ ഈ ഗുളികകള്‍ സഹായിച്ചതായി പരീക്ഷണത്തില്‍ തെളിഞ്ഞു.

ഒരു ദശാബ്ദത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് അന്തിമ വിജയത്തില്‍ മെഡിക്കല്‍ ഗവേഷകർ എത്തിയത്. ക്യാൻസർ ചികിത്സയില്‍ ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയാകും ഈ ടാബ്‍ലറ്റ് വരുന്നതോടെ യാഥാർഥ്യമാകുക. നൂറ് രൂപക്ക് ഈ ടാബ്‍ലറ്റ് വിപണിയില്‍ എത്തിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.

ഈ ടാബ്‍ലറ്റ് കഴിക്കുന്നതിലൂടെ തെറാപ്പിയുടെ പാർശ്വഫലങ്ങള്‍ 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാൻസർ വീണ്ടും വരാതിരിക്കാനുള്ള സാധ്യത ഏകദേശം 30% ആയും കുറയും.

നിലവില്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എഫ്‌എസ്‌എസ്‌എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ടാബ്‍ലറ്റ്. ജൂണ്‍-ജൂലൈ മാസത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

2022ല്‍ ഇന്ത്യയില്‍ 14,61,427 കാൻസർ കേസുകളാണ് കണക്കാക്കിയിരിക്കുന്നത്. 2018 മുതല്‍ 2022 വരെ 8,08,558 പേർ ക്യാൻസർ ബാധിച്ച്‌ മരിച്ചു. സ്തനാർബുദം, വായയിലെ അർബുദം, ഗർഭപാത്ര അർബുദം, ശ്വാസകോശ അർബുദം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ലോകത്തെ ക്യാൻസർ രോഗികളില്‍ 20 ശതമാനവും ഇന്ത്യയിലാണ്.

മൂരാട് പുതിയപാലം നിര്‍മാണം അന്തിമഘട്ടത്തില്‍

0

പയ്യോളി: കോഴിക്കോട് – കണ്ണൂർ ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മൂരാട് പാലത്തിന് ഒടുവില്‍ ശാപമോക്ഷമാവുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്തായി കുറ്റ്യാടി പുഴക്ക് കുറുകെ ആറുവരിയിലുള്ള പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്.

16 മീറ്റർ വീതമാണ് പാലത്തിന് മുകളില്‍ ഇരുഭാഗത്തേക്കുള്ള റോഡിന്റെ വീതി. 32 മീറ്ററില്‍ ആറുവരിയായി വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും വിധത്തിലാണ് നിർമ്മാണം. ഇപ്പോള്‍ പാലത്തിന് മുകളില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്നു വരിയാണ് കോണ്‍ക്രീറ്റ് ടാറിങ് നടക്കുന്നത്. ഇരുഭാഗത്തേക്കുമുള്ള അനുബന്ധ റോഡുകളുടെയും നിർമാണവും പൂർത്തിയാകുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ അടുത്തുതന്നെ ഭാഗികമായി തുറന്നുകൊടുക്കാൻ സാധ്യതയുണ്ട്.

അതേസമയം, വടകര ഭാഗത്തേക്കുള്ള അപ്രോച് റോഡുകളും പാലത്തിന് മുകളിലെ റോഡ് കോണ്‍ക്രീറ്റും പൂർത്തിയായാല്‍ മാത്രമേ പാലം പൂർണമായി തുറന്നുകൊടുക്കാൻ സാധിക്കൂ. ഇത് മാർച്ച്‌ പകുതിയോടെ മാത്രമേ പൂർത്തിയാവുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ബ്രദേഴ്സ് ബസ് സ്റ്റോപ് മുതല്‍ അപ്രോച് റോഡ് ഒരു ഭാഗത്തു മാത്രമേ പൂർത്തിയായിട്ടുള്ളൂ.

ഹരിയാന ആസ്ഥാനമായ കരാറുകാരായ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലോളിപ്പാലം മുതല്‍ മൂരാട് പാലം വരെയുള്ള 2 .1 കിലോമീറ്റർ ദൂരമുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നത്. 68.5 കോടി നിർമാണച്ചെലവുള്ള പാലത്തിന്റെ പണി 2021ലാണ് ആരംഭിച്ചത്.

പതഞ്ജലിക്കു വീണ്ടും പ്രഹരം, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യരുതെന്ന് സുപ്രീംകോടതി

0

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിനും പതഞ്ജലി ആയുര്‍വേദ കമ്പനി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് പരസ്യം ചെയ്യരുതെന്നു നോട്ടീസിലുണ്ട്.

യോഗയുടെ സഹായത്തോടെ ആസ്തമയും ഷുഗറും പൂര്‍ണമായി ഭേദമാകുമെന്ന പതഞ്ജലി അവകാശവാദത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് പട്വാലിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു (ഐ.എം.എ) വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.

ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ ജഡ്ജി അമാനുല്ല അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിമര്‍ശിച്ചു. പതഞ്ജലി ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.