spot_img
Thursday, July 2, 2026
Home Blog Page 429

സംസ്ഥാനത്ത് സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്റ്റാർസ് പദ്ധതി പ്രകാരം വൊക്കേഷണൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി 210 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.  ആദ്യഘട്ടത്തിൽ 14 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 19ന്  വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കമലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്റ്റാർസ് പദ്ധതി പ്രകാരം 236 സെന്ററുകളാണ്  സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. ഓരോ സെന്ററിനും ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വീതമാണ് നൽകിയിട്ടുള്ളത്. 236 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾക്കായി ആകെ അനുവദിച്ചിട്ടുള്ളത് 50.74 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.

എ. ഐ. ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, ടെലികോം ടെക്നീഷ്യൻ: ഐ. ഒ. ടി. ഡിവൈസസ്/സിസ്റ്റംസ്, ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, ജ്വല്ലറി ഡിസൈനർ, ബേക്കിംഗ് ടെക്നീഷ്യൻ, ഫിറ്റ്‌നസ് ട്രെയിനർ, ഫുഡ്  ആൻഡ് ബീവറേജ് സർവീസ് അസോസിയേറ്റ്, എക്‌സിം എക്‌സിക്യൂട്ടീവ്, വെയർ ഹൗസ് അസോസിയേറ്റ് തുടങ്ങിയ കോഴ്‌സുകളാണ് നൈപുണ്യ പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടാകുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ തിരഞ്ഞെടുത്തിട്ടുള്ളത്.

സർക്കാർ സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ്  സെന്ററുകൾ പ്രവർത്തിക്കുകയെന്ന് മന്ത്രി അറിയിച്ചു. ഓരോ സെന്ററിലും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജോബ് റോളുകളുടെ ഓരോ ബാച്ചുകളാണ് ഉണ്ടാകുക. ഒരു ബാച്ചിൽ 25 കുട്ടികൾ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ  നേതൃത്വത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ,കരിക്കുലം – പൊതുവിദ്യാഭ്യാസ വകുപ്പ്- വി.എച്ച്.എസ്.ഇ,  സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ,വൊക്കേഷണൽ – എസ്.എസ്.കെ, 2 വിദഗ്ധർ, സ്റ്റേറ്റ് സ്‌കിൽ ഡവലപ്മെന്റ് മിഷന്റെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതിയായിരിക്കും ജോബ് റോളുകൾ തെരഞ്ഞെടുക്കുന്നത്.

പത്താംതരം കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്‌കോൾ കേരള വഴി രജിസ്റ്റർ ചെയ്ത് ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിലവിൽ പഠിക്കുന്ന കുട്ടികൾ, ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ എന്നിവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. കോഴ്സിന്റെ കാലാവധി പരമാവധി ഒരു വർഷം ആയിരിക്കും. കോഴ്സിന്റെ ഭാഗമായി ഓൺ ദ ജോബ് ട്രെയിനിങും പ്രാദേശിക വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കും. പഠന മാധ്യമം ഇംഗ്ലീഷും മലയാളവും ആയിരിക്കും.

സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ പ്രവേശനം നേടുന്നതിനുള്ള പരമാവധി പ്രായം 23 ആണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി രണ്ട് വർഷം വരെയും ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് അഞ്ച് വർഷം വരെ ഇളവും അനുവദിക്കും. കോഴ്സ് തികച്ചും സൗജന്യമായിരിക്കും. പ്രവേശന സമയത്ത് കുട്ടികളിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 1,000 രൂപ വീതം ഈടാക്കും. എസ്.സി. / എസ്.ടി/ സി. ഡബ്ല്യൂ. എസ്. എൻ കുട്ടികൾക്ക് ഇതിൽ 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിക്കുന്ന നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ അതത് സെന്ററുകളിൽ സ്വീകരിക്കും . അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള സ്‌കോറും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌കോറും പരിഗണിച്ചായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. തുടർന്ന്‌ സംവരണ മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമ ഓപ്പറേറ്റർ പരീക്ഷ

0

കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ്, 2024- ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്കായി ഗസറ്റ് വിജ്ഞാപന പ്രകാരം അനുയോജ്യമായ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ബന്ധപ്പെടണം.

വിശദവിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceikerala.gov.in ലും 2024 ഫെബ്രുവരി 13 ലെ കേരള ഗസറ്റ് നമ്പർ 7 ലും ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. പരീക്ഷ ഫീസ് 280 രൂപ ഓൺലൈനായി തന്നെ അപേക്ഷയോടൊപ്പം അടയ്‌ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമുള്ള ലിങ്ക് ഫെബ്രുവരി 9 മുതൽ മാർച്ച് 7 വരെ ലഭ്യമായിരിക്കും.

‘വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി’; പോളിന് ചികിത്സ വൈകിയെന്ന പരാതിയില്‍ വീണാ ജോര്‍ജ്

0

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ട വിഎസ്‌എസ് ജീവനക്കാരന്‍ പോളിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നു.വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് തീരുമാനിച്ചിരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രാജേഷിനെ താന്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. ഡോക്ടര്‍ രാജേഷ് ഉടന്‍ തന്നെ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കി. സര്‍ജറി ആവശ്യമാണെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ തന്നെ അറിയിച്ചിരുന്നു. വീണ്ടും സിടി സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറി ഇപ്പോള്‍ വേണ്ട എന്നാണ് മാനന്തവാടിയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. പെട്ടെന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്ത് വേണം എന്നുള്ളത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായത്തിനാണ് പ്രധാന്യം. മാനന്തവാടി ആശുപത്രിയില്‍ എല്ലാ ഡോക്ടര്‍മാരും ഉണ്ടായിരുന്നു. അവര്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു തീയറ്റര്‍ ഒഴിച്ചിട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മാനന്തവാടി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ഓരോ നിമിഷവും ആശയവിനിമയം നടത്തിയിരുന്നു. നിര്‍ഭാഗ്യകരം ആയിട്ടുള്ള സംഭവമാണ് ഉണ്ടായതെന്നും ബാക്കിയുള്ള കാര്യങ്ങളെല്ലാം വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

മാനന്തവാടിയില്‍ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ പോളിനെ കോഴിക്കോടേക്ക് എത്തിക്കാന്‍ വൈകിയെന്നും മകള്‍ സോന ആരോപിച്ചിരുന്നു. വേണ്ട ചികിത്സ നല്‍കാന്‍ സൗകര്യമില്ലെങ്കില്‍ രോഗിയെ അവിടെ തന്നെ കിടത്തരുതെന്നും മകള്‍ പറഞ്ഞിരുന്നു

സപ്ലൈകോ സബ്‍സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച്‌ ഉത്തരവിറക്കി

0

തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള13 അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച്‌ സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.

പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. സബ്സിഡി വില 35 ശതമാനം കുറവിൽ നിജപ്പെടുത്തിയാൽ പൊതുവിപണിയിൽ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 940 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കും. ഇതിലൂടെ 506 രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ ഗുണഭോക്താവിന് ലഭിക്കും. ഈ സംവിധാനം സുസ്ഥിരവും ശാശ്വതവുമായി നിലനിർത്തുന്നതിന് സബ്സിഡി വിലകൾ ശാസ്ത്രീയമായും യുക്തിസഹമായും പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

2014-ൽ ആണ് ഒടുവിൽ സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിച്ചത്. അതിനുമുമ്പ് 2013 ഓഗസ്റ്റ്, 2014 ഓഗസ്റ്റ്, 2014 നവംബർ, 2014 ഡിസംബർ എന്നീ മാസങ്ങളിൽ വിലകൾ പുതുക്കി നിശ്ചയിക്കുകയുണ്ടായി. കഴിഞ്ഞ 10 വർഷക്കാലമായി പൊതുവിപണിയിൽ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി നിലവിലുള്ള പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമാണുണ്ടായത്. ഇതുമൂലം ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്ക്ക് വന്നത്.

പ്രതിമാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്. വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യതയാണ് ഉണ്ടാകുന്നത്.

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ്-3 ഡിഎസ് വിക്ഷേപണം ഇന്ന്

ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്‌എല്‍വി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേപണം. ജിഎസ്‌എല്‍വിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇൻസാറ്റ്- 3ഡി (2014), ഇൻസാറ്റ് 3ഡിആർ(2016) എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ് ഇൻസാറ്റ്-3ഡിഎസ്. എർത്ത് സയൻസസ് മന്ത്രാലയമാണ് ഇതിന്റെ പൂർണമായ ചിലവും വഹിച്ചിരിക്കുന്നത്. വിക്ഷേപണത്തിന് തയ്യാറെടുത്ത ജിഎസ്‌എല്‍വി റോക്കറ്റിന്റെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

2024 ല്‍ ഐഎസ്‌ആർഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്‌എല്‍വി-സി58/എക്സ്പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യത്തേത്. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസർച്ച്‌ ആന്റ് റെസ്ക്യൂ സർവീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നത്.2274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, കാലാവസ്ഥാ വകുപ്പ്, നാഷണല്‍ സെന്റർ ഫോർ മ്യൂസിയം-റേഞ്ച് വെതർ ഫോർകാസ്റ്റിങ്, ഇന്ത്യൻ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താം.

വിക്ഷേപണത്തിന് 20 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം ജിയോ സിങ്ക്രണസ് ട്രാൻസഫർ ഓർബിറ്റില്‍ (ജിടിഒ) സ്ഥാപിക്കും. വരും ദിവസങ്ങളില്‍ ഭ്രമണ പഥം ഉയർത്തി ജിയോ സ്റ്റേഷണറി ഓർബിറ്റിലെത്തിക്കും.

50 ലക്ഷം നഷ്ടപരിഹാരത്തിന് ശുപാർശ, 11 ലക്ഷം ഉടൻ നൽകും, കൊല്ലപ്പെട്ട പോളിന്റെ ഭാര്യക്ക് ജോലി നൽകാനും തീരുമാനം

0

കൽപ്പറ്റ : വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം.

അതിനിടെ വനം വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി.

ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വൈകിയതിനാൽ ജീവൻ രക്ഷിക്കാനായില്ല.

‘എംഎൽഎ മാർക്ക് നേരെ കസേരയും കുപ്പിയും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ’: പുൽപ്പള്ളിയിൽ ലാത്തിച്ചാർജ്

0

പുൽപ്പള്ളി: പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്.

പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്‍റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞു. പോളിന്റെ സംസ്കാര ചടങ്ങുകൾ നടക്കേണ്ടതിനാൽ പ്രതിഷേധം അവസാനിപ്പിക്കാൻ വൈദികരുടെ സഹായത്തോടെ പൊലീസ് നീക്കം നടത്തുകയാണ്. ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

പോളിൻ്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നൽകും. 10 ലക്ഷം ആദ്യം നൽകും. ഭാര്യക്ക് സ്ഥിരം ജോലിയും മകൾക്ക് വിദ്യാഭ്യാസ സഹായവും നൽകാനുള്ള ശുപാർശചെയ്യുമെന്നും ജനപ്രതിനിധികൾ അറിയിച്ചു. പ്രതിഷേധം കനത്തതോടെയാണ് ഉച്ചക്ക് 12.50 ഓടെ പൊലീസ് ലാത്തിച്ചാര്‍‌ജ് പ്രയോഗിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

കാട്ടാനയുടെ ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ വലിച്ചുകീറിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരെയും നാട്ടുകാർ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടുമാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

കേരളത്തിൻ്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാർത്ഥി സമൂഹത്തിന് കെല്‍പ്പുണ്ടാകണം : മന്ത്രി ഡോ. ആര്‍. ബിന്ദു

മലപ്പുറം : കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ത്‌ഥികള്‍ മാറണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുത്തന്‍ അറിവുകള്‍ സ്വയം വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ക്ലാസ് മുറിക്കകത്തും പുറത്തും ഉണ്ടാകണം. വിദ്യാഭ്യാസം വിദ്യാർത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടിലൂടെ ആയാല്‍ മാത്രമേ സര്‍ഗാത്മക സാഹചര്യങ്ങളുണ്ടാകൂ. പുതിയ ബിരുദ പഠനരീതി അതിന് സഹായിക്കും. ഇതിനായി മെയ് അവസാനത്തോടെ സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സ്‌കില്‍ കോഴ്‌സുകള്‍ക്ക് ക്രെഡിറ്റ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ നിയമാവലി ആദ്യം തയ്യാറാക്കിയതിനും എം.എസ്. സ്വാമിനാഥന്റെ പേരില്‍ ചെയര്‍ തുടങ്ങാന്‍ തീരുമാനിച്ചതിലും കാലിക്കറ്റ് സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു.

ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയായി. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവു ബാലകൃഷ്ണൻ, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. റിച്ചാർഡ് സ്കറിയ, ഐ.ക്യൂ.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, സെനറ്റ് അംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, വി.എസ്. നിഖില്‍, ഡി.എസ്.യു. ചെയർമാൻ കെ. ജ്യോബിഷ് എന്നിവർ പങ്കെടുത്തു. സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തി അംഗീകാരം നേടിയവർക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് മെറിറ്റോറിയസ് അവാർഡ് വിതരണം ചെയ്തു.

അവാർഡ് ജേതാക്കള്‍:- ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്(ഹിന്ദി പഠന വിഭാഗം), ഡോ. സന്തോഷ് നമ്ബി (ബോട്ടണി പഠന വിഭാഗം), കെ.ആർ. അനീഷ് (ഇ.എം.എം.ആർ.സി. ഗ്രാഫിക് ആർട്ടിസ്റ്റ്), സജീദ് നടുത്തൊടി (ഇ.എം.എം.ആർ.സി. പ്രൊഡ്യൂസർ), വിഷ്ണു മോഹൻ (ഗവേഷണ വിദ്യാർത്ഥി, ബോട്ടണി), എ.കെ. ഷീബ (ഗവേഷണ വിദ്യാർത്ഥി, കെമിസ്ട്രി), രോഹിണി ഹരിദാസ് (ബോട്ടണി), കെ.എസ് തസ്‌നി മറിയം (ഇക്കണോമിക്സ്), സയോനോറ സൈമണ്‍ (ഇക്കണോമിക്സ്), പി. ഫെമിന (ഇംഗ്ലീഷ്), കെ. ജുമ്ന (ഹിന്ദി), പി.കെ. അതുല്‍ കൃഷ്ണ (ഫോക്‌ലോർ), കെ. അർജുൻ (സെന്റർ ഫോർ ഫിസിക്കല്‍ എഡ്യൂക്കേഷൻ).

നഗരവൽക്കരണത്തിനനുസൃതമായ ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തൊരുക്കും: മുഖ്യമന്ത്രി

0

തിരുവനന്തപുരം: നഗരവത്കരണത്തിനനുസൃതമായി ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപൂർവരോഗ ചികിത്സാ പദ്ധതി പ്രഖ്യാപനവും 42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് പുതുതായി ആരംഭിക്കുന്ന 42 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ നാടിനു സമർപ്പിക്കപ്പെടുകയാണ്.

കാലാനുസൃതമായി നഗരപ്രദേശങ്ങൾക്കനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ്. താരതമ്യേന ജീവിതചെലവ് കൂടുതലുള്ള നഗര പ്രദേശങ്ങളിലും സൗജന്യവും സമഗ്രവുമായ പ്രാഥമികാരോഗ്യ പരിരക്ഷ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിൽസ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട് ഇതോടൊപ്പം പൂർത്തിയായ 37 ഐസൊലേഷൻ വാർഡുകളുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കും.

അപൂർവരോഗങ്ങളുടെ ചികിത്സയിൽ സമഗ്ര ചികിത്സാ പദ്ധതിയും ചികിത്സാനയവും രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ നിയോജക മണ്ഡലത്തിലും പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത് തുടരും. പകർച്ച വ്യാധി വ്യാപന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ നമുക്കിതു ബോധ്യമായതാണ്. 250 കോടി രൂപ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. 50 ശതമാനം കിഫ്ബി ഫണ്ടും 50 ശതമാനം എം എൽ എ  ആസ്തി വികസന ഫണ്ടും ഇതിനായി വിനിയോഗിക്കും.

അപൂർവ രോഗ ചികിൽസ രംഗത്ത് മാതൃകാപരമായ നടപടികളാണ് കേരളം സ്വീകരിക്കുന്നത്.5000 അപൂർവ രോഗങ്ങളാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. 2021-ലെ ദേശീയ സൂചിക പ്രകാരം 11 മികവിന്റെ കേന്ദ്രങ്ങളെ പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രി ഉൾപ്പെട്ടു. എന്നാൽ പല രോഗങ്ങൾക്കും ചികിൽസ ചെലവ്  വളരെ ഉയർന്ന സാഹചര്യത്തിൽ പരിചരണത്തിന് സമഗ്രനയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

രോഗങ്ങളെ കണ്ടെത്തി പ്രതിരോധിക്കുന്നതിന് ഗൃഹകേന്ദ്രീകൃത സേവനം ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ രോഗ ചികിൽസ പദ്ധതിയായ കെയറിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്  അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്   സ്വാഗതം ആശംസിച്ചു. ആന്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ , കെ എം എസ് സി എൽ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ, എൻ എച്ച് എം ഡയറക്ടർ ജീവൻ ബാബു എന്നിവർ പങ്കെടുത്തു.

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 4 ന്, മാതൃക പരീക്ഷ 19 മുതല്‍; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു.

മാർച്ച്‌ നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച്‌ 18 മുതല്‍ 26 വരെയായിരിക്കും നടത്തുക. ഹൈസ്കൂള്‍ ഉള്‍പ്പെട്ട എല്‍പി, യുപി സ്കൂളുകളില്‍ മാർച്ച്‌ അഞ്ച് മുതല്‍ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച്‌ ഒന്ന് മുതലാണ് നടക്കുക.

എസ്‌എസ്‌എല്‍സി ടൈംടേബിള്‍ ഇങ്ങനെ

04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 1

മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകള്‍ക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകള്‍ക്ക്)

06/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്

11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – ഗണിതശാസ്ത്രം

13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 2

മലയാളം/തമിഴ്/കന്നട/ സ്പെഷ്യല്‍ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക്‌ഓറിയന്റല്‍ രണ്ടാം പേപ്പർ (അറബിക് സ്കൂ‌ളുകള്‍ക്ക് / സംസ്കൃതം ഓറിയന്റല്‍ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മത്രം)

15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഊർജ്ജതന്ത്രം

18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – മൂന്നാം ഭാഷ

ഹിന്ദി/ജനറല്‍ നോളഡ്‌ജ്

20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – രസതന്ത്രം

22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ജീവശാസ്ത്രം

25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – സോഷ്യല്‍ സയൻസ്

ഐ.ടി. പ്രാക്‌ടിക്കല്‍ പരീക്ഷ 01.02.2024 മുതല്‍ 14.02.2024 വരെ