spot_img
Wednesday, July 1, 2026
Home Blog Page 430

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാല്‍മാർഗം വീട്ടിലെത്തില്ല.

0

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാല്‍മാർഗം വീട്ടിലെത്തില്ല. തിരിച്ചറിയല്‍ രേഖകള്‍ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാല്‍ രേഖകള്‍ പെട്ടെന്നു തന്നെ വാഹനയുടമകള്‍ക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തപാലിനത്തില്‍ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളില്‍നിന്ന് 45 രൂപ വീതം തപാല്‍ നിരക്കു വാങ്ങിയ ശേഷമാണു പുതിയ പരിഷ്കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.

പി എസ് സി പരീക്ഷയിൽ മാറ്റമില്ല

0

കല്പറ്റ: ഫെബ്രുവരി 17 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്ന് ഉച്ചക്ക് 01.30 മുതൽ 03.30 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിമൺ സിവിൽ എക്സൈസ് ഓഫീസർ / സിവിൽ എക്സൈസ് ഓഫീസർ ട്രെയിനീ (പുരുഷൻ) (ഡയറക്റ്റ് ആൻഡ് ബൈ ട്രാൻസ്ഫർ ) (കാറ്റഗറി ന. 286/2023, 307/2023, 308/2023 etc) തസ്തികകൾക്കു വേണ്ടിയുള്ള ഓഎംആർ പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് പി എസ് സി വയനാട് ജില്ലാ ഓഫീസർ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടര്‍ ബെല്‍ സംവിധാനം തുടങ്ങാൻ നിര്‍ദേശം; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ കാലാവസ്ഥയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെല്‍’ സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉച്ചയ്ക്കും സ്കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടർ ബെല്‍ ഉണ്ടാവുക. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്കൂളുകള്‍ക്ക് സ‍ർക്കാർ നല്‍കുന്ന നിര്‍ദേശം. സ്കൂളുകളില്‍ വാർഷിക പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് വാട്ടർ ബെല്‍ വീണ്ടും കൊണ്ടുവരുന്നത്. മുൻ വർഷങ്ങളില്‍ ചൂട് കനത്തപ്പോഴും സമാനമായ നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.

കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ മുൻകരുതല്‍ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചൂടു കൂടിയ സമയത്ത് പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മതിയായ അളവില്‍ വെള്ളം കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങള്‍. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാക്കാലമായാല്‍ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയ്ക്കുള്ള സമയത്ത് കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

കാട്ടാന ആക്രമണത്തില്‍ ഈ വര്‍ഷം മാത്രം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

0

കല്‍പ്പറ്റ: വയനാട്ടില്‍ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (52) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോളിന്‍റെ മരണത്തോടെയാണ് ഈ വര്‍ഷം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്.

ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ ജനങ്ങളുട ജീവൻ നഷ്ടമാകുന്ന സംഭവത്തില്‍ ശാശ്വത പരിഹാരം തേടിയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോളിന്‍റെ മരണത്തോടെ ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്.

കാട്ടാന ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് പോളിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോളിനെ എത്തിച്ചത്. മാനന്തവാടിയില്‍നിന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്.കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു.

0

വയനാട്: പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു പാക്കം സ്വദേശി പോളാ(52)ണ് മരിച്ചത്.

ഇന്ന് രാവിലെ ചെറിയമല ജംഗ്ഷനിൽ വച്ചാണ് ഡ്യൂട്ടിക്കിടെ ആന ആക്രമിച്ചത്.. പരിക്കേറ്റ പോളിനെ ചികിത്സയ്‌ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചങ്കിലും മൂന്നരയോടെ മരണപ്പെട്ടു

.

സംസ്ഥാനത്ത് ചൂട് കൂടും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും  (2024 ഫെബ്രുവരി 16, 17)  കണ്ണൂർ  ജില്ലയിൽ  ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും,  ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

നിക്ഷേപ സമാഹരണം: റെക്കോർഡ് നേട്ടവുമായി സഹകരണബാങ്കുകൾ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിച്ചു

0

തിരുവനന്തപുരം : സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44-) മത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

‘സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായ്’ എന്ന മുദ്രാവാക്യത്തോടെ ജനുവരി 10 മുതൽ 2024 ഫെബ്രുവരി 12 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം നടന്നത്. 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 7000 കോടി 14 ജില്ലകളിൽ നിന്നും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ആകെ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആകെ സമാഹരിച്ച തുകയിൽ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്. എറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിക്കാൻ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകൾക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാൻ കോഴിക്കോട് ജില്ലക്കായി.

രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാർജറ്റ് 800 കോടി), മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിൽ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും (ടാർജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാർജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.

മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങൾ, ടാർജറ്റ് ബ്രാക്കറ്റിൽ തിരുവനന്തപുരം 1171.65 കോടി (ടാർജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി (ടാർജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ടാർജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി (ടാർജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാർജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ (ടാർജറ്റ് 500 കോടി രൂപ), തൃശൂർ 1169.48 കോടി രൂപ (ടാർജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി (ടാർജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ (ടാർജറ്റ് 150 കോടി രൂപ), കാസർഗോഡ് 865.21 കോടി രൂപ (ടാർജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക് ഇക്കാലയളവിൽ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.


നിക്ഷേപ സമാഹരണത്തിൽ ഉണ്ടായ ഈ നേട്ടം ജനങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ജനങ്ങൾ ഒന്നായി സഹകരണ മേഖലയ്ക്ക് പിന്നിൽ അണിനിരന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നിക്ഷേപങ്ങൾ. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിക്ഷേപ സമാഹരണത്തിന്റെ വിജയം സഹകരണ ബാങ്കിങ് മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് നൽകിയിട്ടുണ്ട്.

നിക്ഷേപ സമാഹരണത്തേയും, കേരളത്തിലെ സഹകരണ മേഖലയെയും ജനങ്ങൾ ഹൃദയത്തിലേറ്റിയെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു

0

തിരുവനന്തപുരം: വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഓർമ്മത്തോണി. ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വയോജനങ്ങളുടെ ജീവിത സ്വാസ്ത്യം ഉറപ്പുനൽകുക അവരുടെ സമ്പൂർണമായ സുരക്ഷയും സംരക്ഷണവും സാധ്യമാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓർമ്മത്തോണി പദ്ധതിക്ക് സാമൂഹ്യ നീതി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വയോമിത്രം യൂണിറ്റുകൾ പ്രവർത്തിക്കുന്ന 91 നഗരസഭാ പ്രദേശങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്ക് പകൽവീടുകൾ നടത്തുന്നതിന് തയ്യാറായ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. ഈ പകൽവീടുകൾ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നതായും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.

ഓർമ്മയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് വയോജനങ്ങൾ നേരിടുന്നത്. ഓർമ്മ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിവിധ അവസ്ഥകളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് വയോജനങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും ശാസ്ത്രീയമായ അവബോധം നൽകുക, സംസ്ഥാനത്ത് വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ സംഘടിപ്പിക്കുക, മെമ്മറി ക്ലിനിക്കുകളുടെ സഹായത്തോടെ വയോജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ കണ്ടെത്തുക, ഈ അവസ്ഥയെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, മരുന്നുകളും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും പരിചരണം ലഭ്യമാക്കുക തുടങ്ങിയവയാണ് ഓർമ്മത്തോണി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.

ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനും ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരമൊരു സഹായം വയോജനങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും മെമ്മറി ക്ലിനിക്കുകളിലൂടെ നൽകാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓർമ്മത്തോണി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർഥികളായ ദിയ സലിനും ലിയ സലിനും നൽകി മന്ത്രി പ്രകാശനം ചെയ്തു. ദിയയും ലിയയുമാണ് കൈപുസ്തകത്തിലെ ചിത്രങ്ങൾ വരച്ചത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 350ഓളം വയോജനങ്ങൾക്ക് ഡിമെൻഷ്യ പ്രാഥമിക സ്‌ക്രീനിംഗും ഡോക്ടർമാരുടെ നേതൃത്വത്തിൽ അവബോധ ക്ലാസുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

തിരുവനന്തപുരം വഴുതയ്ക്കാട് ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, വഴുതയ്ക്കാട് വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കെ.എസ്.എസ്.എം അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ്, എസ്.സി.എഫ്.ഡബ്ല്യു.എ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ നായർ, ഡോ. മോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു.

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക: കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്

0

പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു.

തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു. വാതിൽ തുറക്കുന്ന ആളിനോട് താൻ ആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിൻ്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകൾ ഈ അവസരം മുതലെടുത്ത് മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു.

കാളിങ് ബെൽ അടിച്ചശേഷം വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന അല്ലെങ്കിൽ കിട്ടുന്ന സാധനങ്ങൾ എടുത്തുകൊണ്ടുപോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്.

അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…#keralapolice

പണിപാളി, എച്ച് പാസായാൽ മാത്രം ഇനി ലൈസൻസ് കിട്ടില്ല, കൂടുതൽ വിയർത്തേ പറ്റൂ!

0

എച്ച് എടുത്ത് പാസായാൽ ഉടൻ കാര്‍ ലൈസന്‍സ് സ്വന്തമാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. ആ പരിപാടി ഇനി നടക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇറക്കവും കയറ്റവും റിവേഴ്‌സും പാര്‍ക്കിങുമൊക്കെ നല്ല രീതിയില്‍ ചെയ്താല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. മെയ് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നേക്കും.

എച്ച് എടുക്കൽ മാത്രമല്ല സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് ഉൾപ്പെടെയുള്ളവ അപേക്ഷകർ പാസാകേണ്ടിവരും. ഇവ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഗ്രൗണ്ടില്‍ ഒരുക്കണം. എന്നാൽ ഇത് സര്‍ക്കാരാണോ ഡ്രൈവിങ് സ്‌കൂളുകളാണോ ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.

സംസ്ഥാനത്ത് 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടി വരുമെന്നും ഉടമകള്‍ പറയുന്നു.

അതേസമയം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്‍ കുമാർ അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കും എന്നും ചുമതലയേറ്റയുടൻ അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണെന്നും ഇതുപോലുള്ളവ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ദിനംപ്രതി 500 -ൽ പരം ലൈസൻസ് അടിച്ചു നൽകി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാമെന്ന്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതായത് വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷമായിരിക്കും ഇനി ഡ്രൈവിംഗ് ലൈസൻസ് നൽകുക എന്ന് ചുരുക്കം.

അതേസമയം എംവിഡിയെ സംബന്ധിച്ച മറ്റൊരു വാർത്തയിൽ സംസ്ഥാനത്ത് വാതിൽ തുറന്നുവച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വാതിൽ തുറന്നു വച്ച് സർവീസ് നടത്തിയ അഞ്ചു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ സർവീസ് നടത്തുന്നതായി തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സിഗരറ്റ് വലിച്ചുകൊണ്ട് വാഹനമോടിച്ചതായി കണ്ടെത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിരുന്നു.