spot_img
Wednesday, July 1, 2026
Home Blog Page 431

30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ്ജ്

0

തിരുവനന്തപുരം : ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിംഗ് ആരംഭിച്ചു. 30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണ്.

ശൈലി രണ്ടിൽ കുടുതൽ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീൻ ചെയ്യുക മാത്രമല്ല പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ശൈലി ഒന്നാംഘട്ടത്തിൽ പ്രവർത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തിന്റെ (ശൈലി 2.0) ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് പൂർത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇതിനായി ശൈലി 2.0 ആപ്പ് വികസിപ്പിച്ചു.

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവി കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വാർഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും. വീടുകളിലെത്തി സ്‌ക്രീനിംഗിലൂടെ രോഗസാധ്യത കണ്ടെത്തിയ വ്യക്തികൾക്ക് പരിശോധനയും രോഗനിർണവും നടത്തി തുടർചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും രോഗ സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ പ്രതിരോധിക്കാനും സാധിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ഇ ഹെൽത്ത് പ്രോജക്ട് ഡയറക്ടർ അനുകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മറ്റ് സീനിയർ ഉദ്യോഗസ്ഥർ, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലകളിലെ സീനിയർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായി കൊച്ചി

0

കൊച്ചി: പൂർണമായും സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍), ഹരിതോർജ പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കുന്നു.ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എല്‍) ധാരണാപത്രം ഒപ്പുവച്ചു.

ലോകത്തില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍, ഇത്തരമൊരു സംരംഭം.ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെ കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച്‌ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.

സിയാലിന്റെ സൗരോർജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച്‌ ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജനാണ് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കുന്നത്. കാർബണ്‍ വിമുക്ത (സീറോ കാർബണ്‍) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങള്‍ക്ക് ഇത് കരുത്ത് പകരും.

തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാർ കൈമാറ്റം നടന്നത്. കരാർ പ്രകാരം ബി.പി.സി.എല്‍ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും.

വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും. 2025-ന്റെ തുടക്കത്തില്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും.ഈ പദ്ധതി സിയാലിന്റെ ഹരിതോർജ പ്രവർത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ രണ്ട് ലക്ഷം യൂനിറ്റ് വൈദ്യുതി, സിയാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാല്‍ സ്ഥാപിക്കുന്നത്.

വന്യജീവി സംഘര്‍ഷം: വയനാട്ടില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും; ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

0

കല്പറ്റ : മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് നിയമിക്കുക.സിസിഎഫിന് കൂടുതല്‍ അധികാരം നല്‍കാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും അതില്‍ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി. ഇത്തരം യോഗങ്ങള്‍ കൃത്യമായി ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

റവന്യു, പോലീസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തണം. ഇവരുള്‍പ്പെടുന്ന വാര്‍റൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആര്‍ആര്‍ടികള്‍ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നല്‍കാനാകണം. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കണം.

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായി. വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതി നല്‍കി കഴി‍ഞ്ഞു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഒരു സ്പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും.

വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം.

വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്ക്കരിക്കണം. ജൈവ മേഖലയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.

ജനവാസ മേഖലകളില്‍ വന്യജീവി വന്നാല്‍ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടര്‍ക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് രക്ഷ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. നിലവിലുള്ള ട്രെ‍ഞ്ച്, ഫെന്‍സിങ്ങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം. ഫെന്‍സിങ്ങ് ഉള്ള ഏരിയകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും.

കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആലോചിക്കണം. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കുള്ള സഹായം ആലോചിക്കും. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രികളില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം.

അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. സ്വാഭാവിക വനവല്‍ക്കണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വനവല്‍ക്കരണം നടത്തണം. തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ലക്ഷ്യമിട്ടത് പാദസരം, യുവതിയെ വളഞ്ഞ് ബസ് യാത്രക്കാര്‍’; അറസ്റ്റ്

0

കോഴിക്കോട്: ബസില്‍ വെച്ച് രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയെ പിടികൂടി. പാലക്കാട് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി വട്ടിപ്പെട്ടിയിലെ അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്.

ഇന്നലെ രാവിലെയാണ് സംഭവം. കൊടുവള്ളി സ്റ്റാന്‍ഡില്‍ നിന്ന് പതിമംഗലത്തെ വീട്ടിലേക്ക് പോകാനായി അമ്മയും കുട്ടിയും ബസില്‍ കയറി. ബസ് വെണ്ണക്കാട് ഭാഗത്തെത്തിയപ്പോള്‍ അവരുടെ സമീപത്തു തന്നെയുണ്ടായിരുന്ന അഞ്ജു, കുഞ്ഞിന്റെ ഒരു പവനോളം വരുന്ന പാദസരം പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി കരഞ്ഞതോടെ മോഷണശ്രമം പാളി. ഇത് ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിന്റെ അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അഞ്ജുവിനെ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അഞ്ജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം : സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷാണു പുരസ്കാര പ്രഖ്യാപനം നടത്തിയത്.

സ്വരാജ് ട്രോഫിയിൽ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് ജില്ല), പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല), വൈക്കം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം ജില്ല) എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. ഇവർക്ക് 40 ലക്ഷം രൂപ വീതം അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാന തലത്തിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് (കാസർഗോഡ് ജില്ല) ഒന്നാം സ്ഥാനവും മുട്ടാർ ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ ജില്ല) രണ്ടാം സ്ഥാനവും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് (കോട്ടയം ജില്ല) മൂന്നാം സ്ഥാനവും  നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ നഗരസഭ (തൃശൂർ ജില്ല) ഒന്നാം സ്ഥാനവും, വടക്കാഞ്ചേരി നഗരസഭ (തൃശൂർ ജില്ല) രണ്ടാം സ്ഥാനവും, ആന്തൂർ നഗരസഭ (കണ്ണൂർ ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലാതല പുരസ്കാരങ്ങൾ ചുവടെ: (ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)

തിരുവനന്തപുരം –  ഉഴമലയ്ക്കൽ, മംഗലപുരം. കൊല്ലം – ശാസ്താംകോട്ട, കുന്നത്തൂർ. പത്തനംതിട്ട – അരുവാപ്പുലം, പന്തളം തെക്കേക്കര. ആലപ്പുഴ – പുന്നപ്ര സൗത്ത്, വീയപുരം. കോട്ടയം – തിരുവാർപ്പ്, വെളിയന്നൂർ. ഇടുക്കി – ചക്കുപള്ളം, ഉടുമ്പന്നൂർ. എറണാകുളം – പാലക്കുഴ, മണീട്. തൃശൂർ – എളവള്ളി, മറ്റത്തൂർ. പാലക്കാട് – വെള്ളിനേഴി, കൊടുവായൂർ. മലപ്പുറം – എടപ്പാൾ, ആനക്കയം. കോഴിക്കോട് – ചേമഞ്ചേരി, പെരുമണ്ണ. വയനാട് – മീനങ്ങാടി, തരിയോട്. കണ്ണൂർ – കതിരൂർ, കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര (രണ്ടാം സ്ഥാനം രണ്ടു പഞ്ചായത്തുകൾക്ക്). കാസർഗോഡ് – ചെറുവത്തൂർ, ബേഡഡുക്ക.

ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്. കണ്ണൂർ ജില്ലയിൽ 2 ഗ്രാമ പഞ്ചായത്തുകൾ തുല്യ സ്കോർ നേടി രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളതിനാൽ രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് തുക തുല്യമായി വീതിച്ചു നൽകും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരവും പ്രഖ്യാപിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും, അട്ടപ്പാടി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് (പാലക്കാട്) രണ്ടാം സ്ഥാനവും, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് (ആലപ്പുഴ) മൂന്നാം സ്ഥാനവും നേടി.

ഗ്രാമപഞ്ചായത്തുകളിൽ വെള്ളറട (തിരുവനന്തപുരം), എടപ്പാൾ (മലപ്പുറം) ഗ്രാമപഞ്ചായത്തുകൾ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, കള്ളിക്കാട് (തിരുവനന്തപുരം) രണ്ടാം സ്ഥാനവും പുത്തൂർ (പാലക്കാട്) മൂന്നാം സ്ഥാനവും നേടി.

മഹാത്മാ പുരസ്കാരം – മികച്ച ഗ്രാമപഞ്ചായത്ത് (ജില്ലാതലം)(ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)

തിരുവനന്തപുരം – അമ്പൂരി, അണ്ടൂർക്കോണം. കൊല്ലം – മയ്യനാട്, ഓച്ചിറ. പത്തനംതിട്ട – മൈലപ്ര, കൊടുമൺ (ഒന്നാം സ്ഥാനം രണ്ടു ഗ്രാമപഞ്ചായത്തുകൾക്ക്) ഓമല്ലൂർ. ആലപ്പുഴ – കഞ്ഞിക്കുഴി, മുട്ടാർ. കോട്ടയം – മറവൻതുരുത്ത്, തലയാഴം. ഇടുക്കി – രാജകുമാരി, ഇടമലക്കുടി. എറണാകുളം – കരുമാലൂർ, പള്ളിപ്പുറം. തൃശ്ശൂർ – അതിരപ്പള്ളി, കാട്ടകാമ്പാൽ. പാലക്കാട് – ഷോളയൂർ, അഗളി. മലപ്പുറം – ആതവനാട്, കണ്ണമംഗലം. കോഴിക്കോട് – മൂടാടി, ചെറുവണ്ണൂർ. വയനാട് – എടവക, വേങ്ങപ്പള്ളി. കണ്ണൂർ – അഞ്ചരക്കണ്ടി, ഉളിക്കൽ. കാസർഗോഡ് – മടിക്കൈ, പനത്തടി.

സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമാണ് ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടുള്ളത്.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവു പരിഗണിച്ച് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്കാരവും മന്ത്രി പ്രഖ്യാപിച്ചു. കോർപ്പറേഷനുകളിൽ കൊല്ലം കോർപ്പറേഷൻ പുരസ്കാരം നേടി. മുനിസിപ്പാലിറ്റികളിൽ വടക്കാഞ്ചേരി നഗരസഭ ഒന്നാം സ്ഥാനവും വൈക്കം നഗരസഭ രണ്ടാം സ്ഥാനവും നേടി.

പാതിരാത്രിയിലെ വിശപ്പ്; ഈ പ്രശ്നമൊഴിവാക്കാൻ ചില ടിപ്സ്…

0

മിക്കവരും ആവര്‍ത്തിച്ച് പറയുന്ന ഒരു പ്രശ്നമാണ് പാതിരാത്രിയിലെ വിശപ്പ്. വണ്ണം വച്ച് വരുന്നല്ലോ എന്ന് ചൂണ്ടിക്കാട്ടുമ്പോഴൊക്കെ മിക്കവരും പറയുന്ന പരാതി ഇതാണ്. രാത്രി അത്താഴമൊക്കെ കഴിഞ്ഞാലും ഏറെ നേരം ഉറങ്ങാതിരുന്നാല്‍ അപ്പോള്‍ വിശപ്പിന്‍റെ വിളിയായി. പിന്നെ കയ്യില്‍ കിട്ടുന്നതെല്ലാം അങ്ങ് കഴിക്കലാണ്. 

ഈ ശീലം വളരെ അനാരോഗ്യകരമായൊരു ശീലം തന്നെയാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണം, പ്രമേഹം, ദഹനപ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, പകല്‍സമയത്ത് തളര്‍ച്ച തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് പതിയെ നമ്മളെ നയിക്കാം. പലരും ഇതെക്കുറിച്ചൊന്നും അറിയാതെയും മനസിലാക്കാതെയും പോകുന്നതിനാല്‍ ഇതിന്‍റെ ഗൗരവം അറിയുന്നില്ലെന്ന് മാത്രം.

പാതിരാത്രിയിലെ വിശപ്പ് മാറ്റാൻ ആദ്യം ചില മാറ്റങ്ങള്‍ ജീവിതരീതിയില്‍ കൊണ്ടുവരണം. ഇതിലൊന്ന് ഉറക്കമാണ്. രാത്രി ഏറെ നേരം ഫോണിലോ ലാപിലോ ടിവിയിലോ നോക്കിയിരിക്കുന്ന ശീലം വേണ്ട. വര്‍ക്കിംഗ് ഡേയ്സില്‍ ഈ ശീലം ഒഴിവാക്കുക. ഉറക്കപ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാൻ പ്രത്യേകമായി തന്നെ ശ്രമിക്കണം. കാരണം ഉറക്കമില്ലായ്മ, സ്ട്രെസ് എന്നിവയെല്ലാം പാതിരാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാം. 

ഇനി ഡ‍യറ്റുമായി ബന്ധപ്പെട്ട് വരുന്ന മൂന്ന് ടിപ്സ് കൂടി പങ്കുവയ്ക്കാം. പാതിരാത്രിയില്‍ പിന്നെയും എഴുന്നേറ്റ് ഭക്ഷണസാധനങ്ങള്‍ തപ്പാതിരിക്കാൻ ഇവ സഹായിച്ചേക്കും…

ഒന്ന്…

പ്രോട്ടീൻ കാര്യമായി അടങ്ങിയ ഭക്ഷണം തന്നെ അത്താഴമായി കഴിക്കുക. ഇത് വിശപ്പിനെ നല്ലരീതിയില്‍ ശമിപ്പിക്കും. വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാൻ പ്രോട്ടീൻ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക കഴിവാണ്. കൂടാതെ ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച്- പ്രോട്ടീൻ വിശപ്പിനെ കുറയ്ക്കുകയും ചെയ്യുകയാണ്. ഇതെല്ലാം കൂടിയാകുമ്പോള്‍ മറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയുന്നത് കുറയും.

രണ്ട്…

മൈൻഡ്‍ഫുള്‍ ഈറ്റിംഗ് പരിശീലിക്കുന്നതും വളരെ നല്ലതാണ്. അതായത്- പാതിരാത്രിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കണമെന്ന് തോന്നി. അത് ചെയ്യാതെ വയ്യ എന്നുമാകാം. അങ്ങനെ വരുമ്പോള്‍ അളവ് തീരെ കുറയ്ക്കാനായി വളരെ പതിയെ, മനസറിഞ്ഞ് കഴിക്കുക. ഇതാണ് മൈൻഡ്‍ഫുള്‍ ഈറ്റിംഗ്. അമിതമായി എന്തെങ്കിലും ഭക്ഷണം പാതിരാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കാൻ ഈ പരിശീലനം സഹായിക്കും. സ്നാക്സ് കഴിക്കുമ്പോള്‍ ഒരു പാത്രമെടുത്ത് അതില്‍ മാത്രം എടുത്ത് കഴിക്കുകയും ചെയ്യണം. ഭക്ഷണസാധനം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിന്നോ പാക്കറ്റില്‍ നിന്നോ കഴിക്കുന്നത് അളവ് കൂട്ടും. 

മൂന്ന്…

രാത്രിയില്‍ എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാല്‍ അല്‍പം നട്ട്സ് കഴിക്കുക. നട്ട്സിലുള്ള ഹെല്‍ത്തി ഫാറ്റ് നമ്മുടെ വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കും. മറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക ഹെല്‍ത്തി ഫു‍ഡ് ആണെന്നോര്‍ത്ത് നട്ട്സും അധികമാകരുതേ. ഇത് ഗുണത്തിന് പകരം ദോഷമായി വരാം.

നിലമ്പൂരിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് സ്ഥലം തീയിൽ കത്തിയമർന്നു

0

നിലമ്പൂർ : നിലമ്പൂരിൽ വൻ തീപിടുത്തം ഏക്കർ കണക്കിന് സ്ഥലം തീയിൽ കത്തിയമർന്നു. നിലമ്പൂർ റെയിൽവെയുടെ സ്ഥലത്തും ചോലപ്പൊയിലിലും, ഒറവൻകുഴിയിലുമാണ് രണ്ട് മണിയോടെ തീപിടുത്തം ഉണ്ടായത്. നിലമ്പൂർ അഗ്നി രക്ഷാ സേനയും, പ്രദേശവാസികളും ചേർന്ന് മണിക്കൂറുകളായി തീ അണക്കാൻ നടത്തി വന്ന ശ്രമം 4 മണിയോടെ ഫലം കണ്ടു .

അഡ്വ.ഷെറി ജോർജ്, കെ.ടി. കുഞ്ഞാൻ എന്നിവരുടെയും, ചുങ്കത്തറ സ്വദ്ദേശികളുടെയും പറമ്പുകളിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് തീ അണക്കാൻ നടത്തുന്ന ശ്രമത്തിനിടയിൽ വെള്ളം തീർന്നതിനാൽ താൽക്കാലിക പ്രതിസന്ധി ഉണ്ടാക്കി. സമീപത്തെ കിണറ്റിൽ നിന്നും വെള്ളമടിച്ചാണ് ശ്രമം തുടർന്നത്. പീന്നീട് ഫയർഫോഴ്സിൻ്റെ ഒരു യൂണിറ്റ് കൂടെ എത്തിയാണ് തീ അണച്ചത്.

പറമ്പിൽ ഉണങ്ങി നിൽക്കുന്ന പുല്ല് ആളി കത്തിയതാണ് തീ പടരാൻ കാരണം. ആരെങ്കിലും തീ ഇട്ടതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കത്തിയ സ്ഥലത്തിൽ പകുതിയിലേറെ ഭാഗത്ത് കൃഷി ഒന്നും ഇല്ലാത്തതിനാൽ വലിയ നഷ്ടം ഉണ്ടായിട്ടില്ല, 4 മണിയോടെ തീ അണച്ചു

മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പാലക്കാട് ഐ.ഐ.ടി, ഗോമൂത്രത്തില്‍ പരീക്ഷണം വിജയം

പാലക്കാട്: മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകള്‍ ‘Seperation and Purification Technology’ എന്ന ഓണ്‍ലൈൻ ജേണലില്‍ പ്രസിദ്ധപ്പെടുത്തി.

മനുഷ്യമൂത്രം ഉപയോഗിച്ച്‌ പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. 20,000 രൂപ വരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കള്‍ക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല.

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്‌ രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഇൻവെന്റീവ് മേളയില്‍ ഇവരുടെ പ്രോജക്‌ട് ശ്രദ്ധ നേടിയിരുന്നു.

മനുഷ്യ മൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ വിജയിച്ചാല്‍ ഷോപ്പിങ് മാളുകള്‍, സ്കൂളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച്‌ വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു.

ഐ.ഐ.ടി.യിലെ സിവില്‍ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്‌ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച്‌ അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

വൈദ്യുതി ഉത്പാദിപ്പിച്ചത് ഇങ്ങനെ

ഒരു ചേംബറില്‍ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്‌ട്രോ കെമിക്കല്‍ റിസോഴ്സ് റിക്കവറി റിയാക്ടർ-ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകള്‍ക്കുള്ളില്‍ ആനോഡായി മഗ്നീഷ്യം ഇലക്‌ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു.

ഇത്തരത്തില്‍ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലില്‍ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്‌ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്. പത്തെണ്ണമുള്ള ഒരു സെറ്റില്‍നിന്ന് ശരാശരി 1.5 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച്‌ മൊബൈല്‍ഫോണ്‍, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുന്നുണ്ട്. എല്‍.ഇ.ഡി. വിളക്കുകള്‍ കത്തിക്കുന്നുമുണ്ട്.

രണ്ടാം ഘട്ടത്തില്‍ വളം

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂത്രത്തിന്റെ ശേഷി കുറഞ്ഞുവരുന്നതോടെ മറ്റൊരു ചേംബറിലേക്ക് കുഴല്‍ വഴി മാറ്റും. ഒരു പല്‍ചക്രം ഉപയോഗിച്ച്‌ ഇവയെ കലർത്തും. അര മണിക്കൂർ കഴിയുമ്പോഴേക്കും പൊടി രൂപത്തിലുള്ള വളം അടിയും. ഫോസ്ഫറസ്, അമോണിയ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഈ വളം ചെടികള്‍ക്ക് നേരിട്ട് പ്രയോഗിക്കാം. വിപണിയില്‍ ലഭ്യമായ വളങ്ങളിലുള്ളതിനു സമാനമായ അളവിലുള്ള ഘടകങ്ങള്‍ ഇതിലുണ്ടെന്ന് പരിശോധിച്ച്‌ ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘം പറയുന്നു.

ഒരു ലിറ്റർ മൂത്രത്തില്‍ നിന്ന് 10 ഗ്രാം വളം ഉണ്ടാവും. ബാക്കി വരുന്ന വെള്ളം, മണലും കല്ലും കരിയും നിക്ഷേപിച്ച കുപ്പിയിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കുന്നു. ഈ വെള്ളം നനയ്ക്കാനും മറ്റും ഉപയോഗിക്കാം.

സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു

0

2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : മാർച്ച് 16. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org ലും ലഭ്യമാണ്.

വനം, വന്യജീവി നിയമം കാലോചികമായി പരിഷ്‌ക്കരിക്കണം: യു.ഡി.എഫ്

0

കല്‍പ്പറ്റ: വയനാട്ടിലെ കർഷകരുടെ ജീവനും സ്വത്തിനും രക്ഷ നല്‍കാൻ നിലവിലെ വനം വന്യജീവി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് ജില്ലാ യു.ഡി.എഫ് കണ്‍വീനർ കെ കെ വിശ്വനാഥൻ ആവശ്യപ്പെട്ടു.

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ വനം വന്യജീവി നിയമമാണ് ഇപ്പോഴും നിലവിലുള്ളത്. വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധന അന്നത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്. കർഷകരുടെ സ്വൈര്യജീവിതം ഉറപ്പാക്കാനും, അവരുടെ ജീവനും സ്വത്തിനും രക്ഷ നല്‍കാനുമുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റേതാണ്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് സർക്കാരിന് ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ല.

അടുത്തകാലത്താണ് ഒരാളുടെ ജീവനെടുത്ത കാട്ടാനയെ ഷിമോഗയിലും, പന്തല്ലൂരിനടുത്ത് ഒരു കുട്ടിയുടെ ജീവനെടുത്ത കടുവയെയും അതാത് സർക്കാരുകള്‍ വെടിവച്ച്‌ കൊന്നത്. മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ എല്ലാ പഴുതുകളും നോക്കുന്ന സർക്കാർ മനുഷ്യജീവന് അല്‍പ്പം പോലും വില കല്‍പ്പിക്കാത്തത് കാടത്തമാണ്.

വയനാട്ടിലെ കർഷകർ വന്യമൃഗശല്യം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒന്നും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, കുലയ്ക്കാറായ തെങ്ങും കമുകും മുഴുവൻ കാട്ടാനകള്‍ പിഴുതെറിയുകയാണ്.കിഴങ്ങുവർഗങ്ങളാണെങ്കില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്.

ഇതിനൊപ്പം മാൻ, കുരങ്ങ്, മയില്‍ എന്നിങ്ങനെയുള്ളവയും കൃഷിയിടത്തില്‍ ശല്യക്കാരാണ്. ആനയെയും കടുവയെയും കാട്ടുപോത്തിനെയും ഭയന്ന് കുട്ടികളെ സ്‌കൂളിലയക്കാൻ പോലും ഭയമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും രൂക്ഷമായ പ്രശ്നങ്ങള്‍ ജില്ലയിലുണ്ടായിട്ടും ജില്ലയുടെ ചുമതലക്കാരൻ കൂടിയായ വനം മന്ത്രിയും മുഖ്യമന്ത്രിയും അനാഥരായ കുടുംബങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറാകാത്തത് അപലപനീയമാണ്.

ആദിവാസികള്‍ക്ക് ഭൂമി നല്‍കാൻ എന്ന പേരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കാട് വെട്ടിതെളിച്ചത് മൂലമുണ്ടായ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റവും കാട്ടാനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്കും കൃഷിയിടത്തിലേക്കും ഇറങ്ങാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി യു ഡി എഫ് കർഷകസംഘടനകളുമായി ചേർന്ന് അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇതിന്റെ ഭാഗമായി നാളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.