spot_img
Wednesday, July 1, 2026
Home Blog Page 432

കര്‍ണാടക സംഗീതജ്ഞൻ ഉമയനല്ലൂര്‍ എസ്. വിക്രമൻ നായര്‍   അന്തരിച്ചു

0

കോഴിക്കോട്: കർണാടക സംഗീതജ്ഞൻ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂർ എസ്. വിക്രമൻ നായർ (78) അന്തരിച്ചു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോൻ റോഡിലെ വസതിയിലായിരുന്നു അന്ത്യം.

മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ: വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എൻഎസ്‌എസ് സ്‌കൂള്‍ റിട്ട. അധ്യാപിക)

മക്കൾ: എഴുത്തുകാരി ഇന്ദു മേനോൻ, ഹരി വി. നാരായണൻ, അമ്മു. മരുമക്കള്‍: രൂപേഷ് പോള്‍, ഡോ. അമ്പിളി, അനീഷ് മുരളി മേനോൻ.

അര്‍ബുദത്തിനുള്ള വാക്‌സീന്‍ വൈകാതെ ലഭ്യമാകും; വ്ളാഡിമിര്‍ പുടിന്‍

മോസ്‌കോ: അര്‍ബുദത്തിനുള്ള വാക്‌സീന്‍ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വൈകാതെ വാക്‌സീന്‍ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ അറിയിച്ചു. ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ആരോഗ്യ മേഖലയിലെ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

അതേസമയം ഏത് തരം അര്‍ബുദത്തിനുള്ള വാക്‌സീനാണ് കണ്ടുപിടിച്ചതെന്നോ മറ്റു വിവരങ്ങളോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല. നിരവധി രാജ്യങ്ങളും കമ്പനികളും അര്‍ബുദ വാക്‌സീനുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ജര്‍മ്മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവെച്ചിരുന്നു. മരുന്ന് കമ്പനികളായ മോഡേണയും മെര്‍ക്ക് ആന്‍ഡ് കോയും അര്‍ബുദ വാക്‌സീന്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാളെ ഭാരത് ബന്ദ് ; കേരളത്തിൽ പ്രകടനം മാത്രം

0

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ–ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.

സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ ഒന്നു മുതല്‍

തിരുവനന്തപുരം: സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നു മുതല്‍ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസുകള്‍ക്ക് മാർച്ച്‌ ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.

എസ്.എസ്.എല്‍.സി പരീക്ഷാ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്കൂളുകളില്‍ മാർച്ച്‌ 18 മുതല്‍ 26 വരെയായിരിക്കും വാർഷിക പരീക്ഷ.

മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകള്‍ക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

നഗരസഭ ബഡ്ജറ്റ് ;1238 കോടി സാഹിത്യം, മാലിന്യമുക്തം, വയോജന സൗഹൃദം

0

കോഴിക്കോട്:സാഹിത്യനഗരത്തെ അർത്ഥപൂർണമാക്കുമെന്നും വയോജന ക്ഷേമം ഉറപ്പാക്കുമെന്നും നഗരത്തെ മാലിന്യമുക്തമാക്കുമെന്നും പ്രഖ്യാപിച്ച്‌ കോർപറേഷൻ ബഡ്ജറ്റ്.

99 കോടി രൂപയുടെ നീക്കിയിരിപ്പടക്കം 1238 കോടി വരവും 1178 കോടി ചെലവും 60.4 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഡെപ്യൂട്ടി മേയർ സി.പി.മുസഫിർ അഹമ്മദ് അവതരിപ്പിച്ച ബ‌ഡ്ജറ്റ്.

കോതി, ആവിക്കല്‍, സരോവരം എസ്.ടി.പികള്‍ക്കായി 336 കോടി വകയിരുത്തി. അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കും. ഞെളിയൻ പറമ്പില്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യും. മാലിന്യസംസ്കരണ രംഗത്ത് നഗരത്തിന് അനുയോജ്യമായ മാതൃകകള്‍ അവതരിപ്പിക്കുന്നതിന് നഗരത്തിലെ യുവജനങ്ങള്‍ക്കായി ഇന്നവേഷൻ ചലഞ്ച് എന്ന പദ്ധതി നടപ്പക്കും. ഇതിനായി പത്ത് ലക്ഷം വകയിരുത്തി.

മാലിന്യനിർമാർജനത്തിനുള്ള ബോധവല്‍ക്കരണത്തിനായി എസ്‌.പി.സി മാതൃകയില്‍ വിദ്യാർത്ഥികളെ ഉള്‍പ്പെടുത്തി എസ്.ജി.സി( സ്റ്റുഡന്റ് ഗ്രീൻ കാഡറ്റ്സ്) രൂപീകരിക്കും. 25 ലക്ഷം രൂപയാണ് വകയിരിത്തിയത്. മൊബൈല്‍ എഫ്.എസ്‌.ടി.പി സംവിധാനം നടപ്പിലാക്കും. രണ്ട് മൊബെെല്‍ ടോയ്ലറ്റ് ബ്ലോക്കും തയ്യാറാക്കും.

ട്രാഷ് ടു ആർട്ട് പാർക്കുകള്‍ സ്ഥാപിക്കും. ബ്ലാക്ക് സോള്‍ജിയർ ഫ്ളൈ ഉപയോഗിച്ച്‌ ജൈവ മാലിന്യത്തില്‍ നിന്ന് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന റൂയിൻസ് ടു പ്രോട്ടീൻസ് പദ്ധതി നടപ്പിലാക്കും. നഗരത്തില്‍ നടക്കുന്ന പരിപാടികള്‍ പരിസ്‌ഥിതി സൗഹൃദമാക്കും.

സീറോ വേസ്റ്റ് നയം ഫലപ്രദമായി നടപ്പാകുന്നവർക്ക് അംഗീകാരം നല്‍കും.നഗരത്തില്‍ ആയിരം അഴക് ബിന്നുകള്‍ സ്ഥാപിക്കും. സ്വീവേജ്, സെപ്റ്റേജ് ശുചീകരണതൊഴിലാളികളെ നമസ്തേ പദ്ധതി വഴി പുനരധിവസിപ്പിക്കും.

ഞെളിയൻ പറമ്പില്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യും. നിലവിലുള്ള വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് നവീകരിച്ച്‌ അവിടെയുള്ള ലെഗസി വേസ്റ്റും ഡെയ്‌ലി വേസ്റ്റും സമയബന്ധിതമായി സംസ്ക‌രിക്കുന്ന പദ്ധതിക്ക് താല്‍പ്പര്യപത്രം ക്ഷണിച്ചു. ശുചീകരണത്തിന് കൈവണ്ടികള്‍ക്ക് പകരം റോഡ് ക്ലീനിംഗ് ഇ – ബൈക്ക് കാർട്ട് വാങ്ങും. മൂന്ന് റോഡ് സ്വീപിംഗ് മെഷീനുകള്‍ വാങ്ങുന്നതിന് 1.5 കോടി ചെലവഴിക്കും.

75 വാർഡുകളിലും കൂടുതല്‍ തണലിടം വരും. നഗരത്തെ നാല് വയോജന മേഖലകളായി തിരിച്ച്‌ നിയമസഹായ ക്ലിനിക്കുകള്‍ ആരംഭിക്കും. വയോജനങ്ങളുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് പദ്ധതി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മൈക്രോ പ്ലാൻ സർവെ നടത്തും. ബി.പി.എല്‍ കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കും. ടാലന്റ് ബാങ്ക് രൂപീകരിക്കും. പകല്‍വീടുകളില്‍ വയോജനങ്ങള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ അരംഭിക്കുന്നതിന് പത്ത് ലക്ഷം. കിടപ്പുരോഗികളായ വയോജനങ്ങള്‍ക്ക് അയല്‍വാസികളുടെ സഹായം തേടുന്നതിന് വിശ്വാസമണി സ്ഥാപിക്കും.

കോഴിക്കോടെത്തുന്നവർക്ക് ഇവിടെ താമസിച്ച്‌ സാഹിത്യകലാ പ്രവർത്തനത്തിന് സൗകര്യം, ലെെബ്രറികളുടെ നവീകരണം, പൊതുവായനാ ഇടങ്ങള്‍, സാഹിത്യോത്സവങ്ങള്‍, കുട്ടികളുടെ സാഹിത്യപരിപാടി തുടങ്ങിയ പദ്ധതികളാണ് സാഹിത്യനഗരം പദ്ധതിയിലുള്ളത്.

പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം മുതല്‍ ബീച്ച്‌ വരെ സാഹിത്യ ഇടനാഴി ഒരുക്കും. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നഗരത്തില്‍ അന്താരാഷ്ട്ര സാഹിത്യോത്സവം, വർഷം തോറും നാടകോത്സവം, അന്താരാഷ്ട്ര ചലചിത്രാത്സവം, തനത് കലകളെ സംരക്ഷിക്കുന്നതിനായി ഫോക്ലോർ ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. സംഗീത വേദിയും ഫെസ്റ്റിവല്‍ സിറ്റിയും ഒരുക്കും.

 ടാഗോർഹാളിന് പുതുമുഖം

ടാഗോർ സെന്റിനറിഹാളിന്റെ പ്രാഥമിക പ്രവർത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ബഡ്ജറ്റില്‍ വകയിരിത്തി. രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഓഡറ്റോറിയവും അതോടൊപ്പം മിനി ഹാളും കൂടുതല്‍ പാർക്കിംഗ് സൗകര്യം ഉള്‍പ്പെടെ ഒരുക്കുന്ന കള്‍ച്ചറല്‍ തീയറ്റർ കോംപ്ലക്സുമാണ് പുതുതായി നിർമ്മിക്കുന്നത്. ഇതിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. സെൻട്രല്‍ മാർക്കറ്റ് നവീകരിക്കുന്നതിനായി 55 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.

 നഗരത്തില്‍ പൂകൃഷി
ഉത്സവകാല ആവശ്യം കണക്കിലെടുത്ത് ഈ വർഷം നഗരത്തില്‍ പൂകൃഷി നടത്തുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. നെല്‍കൃഷി പരപോഷിപ്പിക്കുന്നതിന് തരിശ് ഭൂമിയിലെ കൃഷി ഹെക്ടറിന് നാല്‍പ്പതിനായിരം രൂപ സബ്സിഡി നല്‍കും. നഗരത്തിലെ എല്ലാ വീടുകളിലും മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈകള്‍ വിതരണം ചെയ്യും. കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍, തൈകള്‍, വളങ്ങള്‍, കാർഷിക ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനായി കാർഷിക നഴ്സറി സ്ഥാപിക്കും. കാർഷിക മേഖലക്ക് 1.59 കോടി രൂപ വകയിരുത്തി.

 നഗരത്തിലാകെ സി.സി.ടി.വികള്‍
നഗരത്തില്‍ കൂടുതല്‍ സി.സി.ടി.വികള്‍. പോലീസുമായി സഹകരിച്ച്‌ ഘട്ടംഘട്ടമായി നഗരത്തിന്റെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സി.സി.ടി.വി സ്ഥാപിക്കും. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നതും കുറ്റകൃത്യങ്ങളും തടയാൻ ഇത് സഹായകമാകും

 വലിയങ്ങാടി ഇനി ‘വലിയ’ അങ്ങാടി

വലിയങ്ങാടി വ്യാപാര കേന്ദ്രത്തിന്റെ പാരമ്പര്യവും പ്രൗഢിയും പൈതൃകവും സംരക്ഷിച്ച്‌ ആധുനിക സൗകര്യങ്ങളുള്ള വ്യാപാര കേന്ദ്രമുയരും. പ്രാഥമിക പ്രവർത്തനങ്ങള്‍ക്കായി ഒരു കോടി വകയിരുത്തി. വിനോദ വിശ്രമ സൗകര്യങ്ങളും പാർപ്പിട സമുച്ചയങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് മാസ്റ്റർ പ്ലാൻ. ഭാവിയില്‍ സ്‌പൈസസ് മ്യൂസിയവും സ്ഥാപിക്കും.

 ബഡ്ജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

ഈ വർഷം 25 പുതിയ പകല്‍ വീടുകള്‍

നവജാതശിശുക്കള്‍ക്ക് വെല്‍ക്കം കിറ്റ്

കോർപറേഷൻ ഓഫീസ് സമുച്ഛയം

ബീച്ച്‌ ആശുപത്രിയില്‍ ജെറിയാട്രിക് കെയർ സെന്റർ

തെരുവ് നായക്കള്‍ക്കായി ‌ഡോഗ് പാർക്ക്

മാലിന്യനീക്കത്തിന് ആധുനിക യന്ത്രങ്ങള്‍

ശ്മശാനങ്ങള്‍ ഹാപ്പിനസ് പാർക്കുകളാക്കും

ഓഫീസില്‍ പഞ്ചിംഗ് , ഓഫീസുകളില്‍ സി.സി.ടി.വി

കുടുംബശ്രീ ആസ്ഥാന മന്ദിരം

ഒയിറ്റി റോഡിന് മുകളില്‍ മേല്‍പ്പാലം

പാർക്കിംഗിന് മൊബെെല്‍ ആപ്പ്

കിഡ്സണ്‍, സ്റ്റേഡിയം പാർക്കിംഗ് പ്ലാസകള്‍ക്ക് 400 കോടി

25 അങ്കണവാടികള്‍ പണിയാൻ 1.5 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് 16 കോടി

വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് കേന്ദ്രം

കിടപ്പ് രോഗികള്‍ക്കായി മൊബെെല്‍ മെഡിക്കല്‍ ലാബ്

ബീച്ചില്‍ ജനകീയ ഫാർമസി

ഇടിയങ്ങരയില്‍ മള്‍ട്ടി സ്പെഷ്യാലിറ്രി മെഡിക്കല്‍ ലാബ്

കെ സ്മാർട്ട് വഴി മെച്ചപ്പെട്ട സേവനം

പദ്ധതി ആസൂത്രണത്തിന് ജി.ഐ.എസ് മാപ്പിംഗ്

വെസ്റ്റ് ഹില്ലില്‍ ഹെല്‍ത്ത് കോംപ്ലക്സ്

കൂടുതല്‍ കേന്ദ്രങ്ങളില്‍ ടെയ്ക് എ ബ്രേക്ക്

ഹരിത കർമ്മ സേനയെ ശക്തിപ്പെടുത്തും

ക്ഷീര കർഷകർക്ക് കന്നുകുട്ടി പരിപാലന പദ്ധതി

കറവ പശുവളർത്തല്‍ കാലിത്തീറ്റ പദ്ധതിയ്ക്കായി 3.15 കോടി

മൊഫ്യൂസില്‍ ബസ് സ്റ്റാൻഡ് വികസനത്തിന് 1 കോടി

മെഡിക്കല്‍ കോളേജിന് മുന്നില്‍ എസ്കലേറ്റർ

കൊളത്തറ പാർക്ക് നവീകരണത്തിന് 1.4 കോടി

ജെൻഡർ സെയ്ഫ് കോറിഡോറുകളും സ്പോട്ടുകളും 1 കോടി

അൻസാരി പാർക്ക് നവീകരണം

ചെലവൂരില്‍ നീന്തല്‍ക്കുളവും നീന്തല്‍ പരിശീലനകേന്ദ്രവും

പാർപ്പിട പദ്ധതികള്‍ക്കായി 35 കോടി

ട്രാൻസ്‌ജൻഡർ ഷെല്‍ട്ടർ നിർമ്മിക്കും

25 സമൂഹ അടുക്കളകൂടി ഒരുക്കും

വിദേശ നാണയ വിനിമയ ചട്ട ലംഘനം; പേടിഎമ്മിനെതിരെ അന്വേഷണവുമായി ഇഡി

0

മുബൈ: റിസർവ് ബാങ്ക് വിലക്കിന് പിന്നാലെ പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇ ഡി അന്വേഷണം. പേടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ പേടിഎം ഓഹരി വില ഇന്നും പത്ത് ശതമാനം കുറഞ്ഞ് സർവകാല ഇടിവിലെത്തി. ആർ  ബി ഐ വിലക്ക് നേരിട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണവുമായി പേ ടിഎമ്മിലെത്തുന്നത്. കമ്പനി വിദേശനാണ്യ വിനിമയച്ചട്ടം ലംഘനം ആരോപിച്ചാണ് ഇ.ഡി അന്വേഷണം.

പേടിഎമ്മിലെ ചൈനീസ് നിക്ഷേപങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പരിശോധന നടത്തുന്നുണ്ട്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിന്‍റെ ഉപസ്ഥാപനമായ പേയ്ടിഎം പേമെന്‍റസ് ബാങ്കിനോട് നിര്‍ദേശിച്ചത്. കൃത്യമായ രേഖകൾ ഇല്ലാതെ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളിൽ സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആർ ബി ഐ വിലക്ക്.  

പേടിഎം യു.പി.ഐ സേവനങ്ങള്‍ മറ്റൊരു വിഭാഗമായതിനാല്‍, റിസര്‍വ് ബാങ്കിന്‍റെ നടപടി ബാധകമല്ല. എന്നാല്‍, പേടിഎം ബാങ്കിന്‍റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതോടെ അത്  യു.പി.ഐ ആപ്പ് സേവനങ്ങളെയും ബാധിക്കും. ഇതോടെ പുതിയ നോഡൽ ബാങ്കിനെ കണ്ടെത്തി വാലറ്റ് പ്രതിസന്ധി പരിഹരിക്കാൻ പേടിഎം നീക്കം തുടങ്ങിയിരുന്നു.  ഇ ഡി അന്വേഷണം കൂടി എത്തിയതോടെ പേടിഎം ഓഹരിവില  സർവകാല ഇടിവിലെത്തി. ഇന്ന് പത്ത് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ  കമ്പനിയുടെ 52 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്.

വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം: സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും.

0

കോഴിക്കോട് : നവ കേരള സദസിന്റെ തുടര്‍ച്ചയെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് നടത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും.

പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങി 2000 വിദ്യാർത്ഥികളാണ് പങ്കെടുക്കുക. രാവിലെ 9.30 മുതല്‍ ഉച്ച ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, ജില്ലയിലെ രണ്ട് മന്ത്രിമാര്‍, സര്‍വകലാശാല വി.സിമാര്‍, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രഗല്‍ഭര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടര്‍, കൊളീജ്യറ്റ് എജുക്കേഷന്‍ വകുപ്പ് മേധാവി, ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയരക്ടര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും പങ്കെടുക്കും.

നവകേരള സൃഷ്ടിക്കായുള്ള വിദ്യാര്‍ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും ആശയവിനിമയം നടത്താനുമുള്ള സംവിധാനവും ഒരുക്കും.

മുഖാമുഖത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഴി ഇതിനകം പൂര്‍ത്തിയായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും മുഖാമുഖം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവ്

0

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്‌ കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമില്‍ സയൻറ്റിസ്റ്റ്‌ ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക്‌ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട്‌ ഗവ. മെഡിക്കല്‍ കോളേജിൻറെ ഓഫീസില്‍ വയസ്സ്‌, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി 17നു രാവിലെ 11 മണിക്ക്‌ ഹാജരാവേണ്ടതാണ്‌. ഫോണ്‍ : 0495 2350216

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു, പോലീസും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു

0

ആലുവ: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടത് പരിഭ്രാന്തി പടർത്തി. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്.

ശക്തമായ പുകയോടെയാണ് തീവണ്ടി സ്റ്റേഷനിലെത്തിയത്. റെയില്‍വേ പോലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് തീണയച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാർ സ്ഥിതിചെയ്യുന്നത്. റെയില്‍വേ അധികൃതർ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം തീവണ്ടി പിടിച്ചിട്ട ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ തീവണ്ടി യാത്ര തുടർന്നു.

കുത്തനെ വീണ് സ്വർണവില; ഇത് വമ്പൻ ഇടിവ്

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്  ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 480  രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45600 രൂപയാണ്. 

അന്താരാഷ്ട്ര സ്വർണ്ണവില 2028 ഡോളറിൽ നിന്നും 38 ഡോളർ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോള൪ കുറഞ്ഞിട്ടുണ്ട്.  പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയിൽ കുറയാതിരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കും എന്ന തീരുമാനം മാറി ചിന്തിക്കാൻ ഇടയാക്കിയേക്കും എന്നതാണ്  സ്വർണ്ണവില കുറയാൻ കാരണമായത്. 
 

ഫെബ്രുവരിയിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ഫെബ്രുവരി 1 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 –  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,480 രൂപ
ഫെബ്രുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
ഫെബ്രുവരി 7 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46400 രൂപ
ഫെബ്രുവരി 8 – സ്വർണവിലയിൽ മാറ്റമില്ല വിപണി വില 46400 രൂപ
ഫെബ്രുവരി 9 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46320 രൂപ
ഫെബ്രുവരി 10 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46160 രൂപ
ഫെബ്രുവരി 11 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 12 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 13 –  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46080 രൂപ