spot_img
Wednesday, July 1, 2026
Home Blog Page 433

നവകേരള സദസിന് ശേഷം മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’

0

തിരുവനന്തപുരം: നവകേരള സദസിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്‍കുന്ന ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ. വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന പരിപാടി ഫെബ്രുവരി 18 മുതല്‍ മാർച്ച്‌ 3 വരെയാണ് സംഘടിപ്പിക്കുന്നത്.

വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. ഫെബ്രുവരി 18നു കോഴിക്കോട് വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണു പരിപാടി ആരംഭിക്കുക.

വനിതകള്‍, സാംസ്കാരിക പ്രവർത്തകർ, ആദിവാസി-ദളിത് വിഭാഗങ്ങള്‍, ഭിന്നശേഷിക്കാർ, വയോജനങ്ങള്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി സംവദിക്കും.

സംസാരിക്കാൻ കഴിയാത്തവർക്ക് കാര്യങ്ങള്‍ എഴുതി നല്‍കാം. എഴുതി നല്‍കുന്ന കാര്യങ്ങള്‍ ഒരു പേജില്‍ കവിയരുതെന്ന നിർദേശമുണ്ട്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നീ സ്ഥലങ്ങളിലാണു പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീട് തകർന്ന് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

0

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

അപകട കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

0

തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ (എൻടിഇപി) ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്.

സ്വകാര്യ മേഖലയിൽ നിന്നും നിക്ഷയ് പോർട്ടൽ മുഖേന ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരെ രജിസ്റ്റർ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. 2019ൽ സ്വകാര്യ മേഖലയിൽ നിന്നും 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ അത് 6542 ആയി ഉയർന്നു. ഈ നേട്ടമാണ് പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ 330 സ്റ്റെപ്സ് സെന്ററുകൾ (സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ) പ്രവർത്തിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നൽകുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്സ് സെന്റർ. ഇവിടെ ചികിത്സക്ക് എത്തുന്ന ക്ഷയരോഗ ബാധിതർക്ക് രോഗ നിർണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.

സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതർക്ക് പോഷകാഹാര കിറ്റുകൾ നൽകാൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

നിലവിൽ എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളിൽ കൊച്ചിൻ ഷിപ്പ്യാഡിന്റെയും, കിംസ് ആശുപത്രിയുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകൾ നൽകിവരുന്നു. മറ്റു ജില്ലകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകൾ നൽകുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന തലത്തിൽ നടന്നു വരുന്നു.

‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി

0

സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്.

കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.

ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദി ആഘോഷം: വാഗ്ഭടാനന്ദൻ ജനശക്തിയിലൂടെ സാമൂഹ്യമാറ്റം വരുത്തി:മുഖ്യമന്ത്രി

0

വടകര (കോഴിക്കോട്): വാഗ്ഭടാനന്ദനെക്കുറിച്ച്‌ പറയാതെ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിയെക്കുറിച്ച്‌ പറയാനാവില്ലെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിച്ച അദ്വൈതത്തിന്റെ ഭൗതിക പ്രയോഗമായിരുന്നു ഗുരുവിന്റെ മാർഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിഗ്രഹാരാധനയെ എതിർത്ത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന സാമൂഹ്യ പരിഷ്ക്കാരത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. നവോത്ഥാനം കേവല സാമൂഹ്യ പരിഷ്കരണം മാത്രമല്ല സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുള്ള ഭൗതികവികാസം കൂടിയായിരിക്കണമെന്ന ദീർഘ വീക്ഷണത്തിനാണ് ഒരു നൂറ്റാണ്ട് തികയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണ് യു.എല്‍.സി.സി. പതിനായിരക്കണക്കിന് മനുഷ്യർക്ക് സ്ഥിരം തൊഴിലും മെച്ചപ്പെട്ട വേതനവും എന്ന ലക്ഷ്യം നേടി സമയനിഷ്ഠയും ഗുണമേന്മയും അഴിമതി രഹിതമായ സംഘാടനവും കൊണ്ട് മുന്നേറുന്ന സൊസൈറ്റി കാലത്തിനനുസരിച്ച പരിഷ്കാരങ്ങളും വൈവിദ്ധ്യങ്ങളും കൊണ്ടുവന്ന് മഹാപ്രസ്ഥാനമായി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, എം.എല്‍.എമാരായ കെ.കെ രമ, ഇ.കെ വിജയൻ, ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എഴുത്തുകാരായ ടി.പത്മനാഭൻ, എം. മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, സി.പി ജോണ്‍, സി.കെ നാണു, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കോലിയക്കോട് കൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത്, ടി.പി മിനിക, ആയിഷ ഉമ്മർ, പി.പി ചന്ദ്രശേഖരൻ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവർ പ്രസംഗിച്ചു. യു.എല്‍.സി.സി.എസ് പ്രസിഡന്റ് രമേശൻ പലേരി സ്വാഗതം പറഞ്ഞു.

രുചി വിളമ്പാൻ സജിത്രൻ ഇനിയില്ല

0

കുറ്റ്യാടി: ഇന്ത്യയിലേയും വിദേശത്തെയും നക്ഷത്ര ഹോട്ടലുകളില്‍ ദീർഘകാലം ഷെഫായി സേവനമനുഷ്ഠിച്ചും ടിവി ചാനലുകളില്‍ നടത്തിയ കുക്കറി ഷോകളിലൂടെയും ശ്രദ്ധേയനായ യുവ ഷെഫ് സജിത്രന്‍റെ അകാലത്തിലെ വേർപാട് നൊമ്പരമായി മാറി.

പാചക കലയിലെ നൈപുണ്യം കൊണ്ട് ശ്രദ്ധേയനാകുമ്പോള്‍ തന്നെ കലാ- സാംസ്കാരിക മേഖലകളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ഡോക്യുമെന്‍ററികള്‍ ഷോർട്ട് ഫിലിമുകള്‍, ആല്‍ബങ്ങള്‍ മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ‌

മീഡിയാ വണ്ണില്‍ പ്രക്ഷേപണം ചെയ്ത പച്ചമുളക്, ട്രീറ്റ് കുക്കറി ഷോ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത മൈ സൂപ്പർ ഷെഫ് തുടങ്ങിയ പരിപാടികളിലൂടെ സജിത്രൻ ജനശ്രദ്ധയാകർഷിച്ചു. ബേസിക് നോളജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, ദി വോയ്സ് ഓഫ് വയനാട് തുടങ്ങിയ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് കെപിഎം ട്രിപെന്‍റ ഹോട്ടലില്‍ എക്സിക്യൂട്ടീവ് ഷെഫായിരിക്കെയാണ് ന്യൂമോണിയ ബാധിച്ച്‌ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.

കുണ്ടുതോട് തോട്ടക്കാട് മിച്ചഭൂമി സമരയോദ്ധാവും സിപിഎം മുൻകാല ബ്രാഞ്ച് സെക്രട്ടറിയുമായ പരേതനായ കുട്ടിക്കുന്നുമ്മല്‍ ബാലനാണ് സജിത്രന്‍റെ പിതാവ്. പരേതയായ കുട്ടിക്കുന്നുമ്മല്‍ കല്യാണി മാതാവാണ്. ഭാര്യ വിനീത. മകൻ: ഫിദല്‍ വി. സജിത്രൻ. സഹോദരൻ സജി കുട്ടിക്കുന്നുമ്മല്‍ (മഹാരാഷ്ട്രയില്‍ അധ്യാപകനാണ്).

പടനിലടത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്ക്

0

കുന്നമംഗലം:താഴെ പടനിലടത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ അഞ്ച് പൊലീസുകാരുമുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഒരാളുടെ നില ഗുരുതരമാണ്. 

അതേസമയം, കോഴിക്കോട് മുക്കത്ത് കാർ നിയന്ത്രണം വിട്ട്  വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് രാവിലെ 9:15 ഓടെ അപകടമുണ്ടായത്. റ്റാറ്റാ നെക്സൺ കാർ നിയത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മാര്‍ക്കറ്റുകള്‍ നിശ്ചലമായി വ്യാപാരികളുടെ കടയടപ്പ് സമരം

0

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന കടയടപ്പ് സമരം ജില്ലയിലും പൂർണം. ഗ്രാമങ്ങളില്‍ അടക്കം കടകമ്പോളങ്ങൾ രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടു വരെ അടഞ്ഞു കിടന്നു.

സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി സമിതി വിട്ടു നിന്നിരുന്നു. മെഡിക്കല്‍ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കുറച്ച്‌ കടകളും മാത്രമാണ് തുറന്നത്. നഗരത്തില്‍ ഏറ്റവുമധികം തിരക്കുണ്ടാവുന്ന മിഠായിത്തെരുവ് ഹർത്താലിന് സമമായിരുന്നു. പുലർച്ചെ തന്നെ സജീവമാകുന്ന പാളയം മാർക്കറ്റും വലിയങ്ങാടിയിലേയും കടകളെല്ലാം അടഞ്ഞു കിടന്നു. കാന്റീനുകളും ഒറ്റപ്പെട്ട ഹോട്ടലുകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഇത് ജന ജീവിതം ദുസ്സഹമാക്കി. ദൂര സ്ഥലങ്ങളില്‍ നിന്ന് എത്തിയവരില്‍ പലരും റെയില്‍വേ സ്റ്റേഷനിലും പുതിയ സ്റ്റാൻഡിലുമായി ഭക്ഷണം കിട്ടാതെ വലയുന്ന സ്ഥിതിയായിരുന്നു. വഴിയോര കടച്ചവടക്കാരും ചായക്കടകളുമായിരുന്നു ആശ്രയം.

അമിതമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിൻവലിക്കുക, ട്രേഡ് ലൈൻസസിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകളടച്ച്‌ സമരം ചെയ്തത്.

വ്യാപാരമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ജനുവരി 29ന് കാസർഗോഡ് നിന്നാരംഭിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി ജാഥയുടെ സമാപന ദിവസമാണ് സമരം നടന്നത്.

രണ്ട് കിലോ തൂക്കവും 30 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വീതിയും; വിദ്യാര്‍ത്ഥിനിയുടെ ആമാശയത്തില്‍ നിന്നും നീക്കം ചെയ്തത് ഭീമൻ മുടിക്കെട്ട്

0

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആമാശയത്തില്‍നിന്നും ഭീമൻ മുടിക്കെട്ടു നീക്കം ചെയ്തു. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപൂർവ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

കുട്ടിക്കു കുറച്ചു നാളുകളായി ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമാശയത്തിനുള്ളിലെ കെട്ടു പിണഞ്ഞ് കിടക്കുന്ന ട്യൂമർ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുക ആയിരുന്നു.

പുറത്തെടുത്ത മുടിക്കെട്ടിന് രണ്ടു കിലോയ്ക്കു മുകളില്‍ തൂക്കവും 30 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും ഉണ്ട്. ആമാശയത്തിനു സമാനമായ രൂപത്തിലായിരുന്നു പുറത്തെടുത്ത മുടിക്കെട്ട്. പല കാലങ്ങളിലായി വയറ്റിനുള്ളിലെത്തിയ തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറുകയായിരുന്നു. ഇത് രോഗിയില്‍ വിളർച്ചയും ക്ഷീണത്തിനും കാരണമായതോടെയാണ് ആശുപത്രിയിലെത്തിയത്.

ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. പൂർണ ആരോഗ്യവതിയാണ്. സർജറി വിഭാഗം പ്രഫസർ ഡോക്ടർ വൈ.ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ്. ഡോ. ജെറി, ഡോ. ജിതിൻ, ഡോ. അഞ്ജലി, അനസ്തീഷ്യ വിഭാഗം പ്രഫസർ ഡോ. അബ്ദുല്ലത്തീഫ്, ബ്രദർ ജറോം തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

0

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെയാണ് കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവ കണ്ടെത്തിയത്.10 വയസുള്ള ആൺകടുവയാണ് ചത്തത്.

ഇന്നലെ പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷ പ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു. കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്നുമാണ് ഡിഎഫ്ഒ ഇന്നലെ അറിയിച്ചത്.