spot_img
Wednesday, July 1, 2026
Home Blog Page 435

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്: രണ്ടു പേര്‍ക്ക് പരുക്ക്

0

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്.

0

ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്ന തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും.

എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഏതെങ്കിലും വ്യാജ വെബ്‌സൈറ്റ് കാണിച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പൊതുജനങ്ങള്‍ത് ട്രാഫിക് ലംഘനം അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് വരുന്നു

0

നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക.

ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പാകത്തിലാകും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങളുടെ ഇടപെടല്‍കൂടി ഉണ്ടാകുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍, മൊബൈല്‍ ഫോണ്‍ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. നിലവില്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്ത് പിഴ ചുമത്തുന്നത്.

എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് മൊബൈല്‍ ആപ്പിന്റെ സാധ്യത നിര്‍ദേശിച്ചത്. പിഴ ചുമത്തുന്നതിലെ പിഴവുകള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം സജ്ജീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ക്രമീകരണം കേന്ദ്രസര്‍ക്കാരിന്റെ ഇ- ചലാന്‍ വെബ്സൈറ്റില്‍ വന്നതോടെ പദ്ധതി അപ്രസക്തമായി. ഈ സാഹചര്യത്തിലാണ് ആപ്പ് ഇടം പിടിച്ചത്.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നേരത്തെയും മോട്ടോര്‍വാഹന വകുപ്പ് പൊതുജന പങ്കാളിത്തം തേടിയിരുന്നു. വാട്സ് ആപ്പിലൂടെ ചിത്രങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുത്തിരുന്നു. എന്നാല്‍ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പദ്ധതി വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആപ്പിലാകുമ്പോള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാകും.

ശരാശരി വേഗം ഇനിയും അകലെഎ.ഐ. ക്യാമറകള്‍ കാണുമ്പോള്‍ വേഗം കുറയ്ക്കുകയും അതിന് ശേഷം പായുകയും ചെയ്യുന്നവരെ പിടികൂടാന്‍ രണ്ട് ക്യാമറകള്‍ക്കിടയിലെ വാഹനങ്ങളുടെ ശരാശരി വേഗം കണക്കാക്കാന്‍ തീരുമാനിച്ചെങ്കിലും ഉടന്‍ നടക്കാനിടയില്ല. ഇതിനുള്ള ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് വന്‍ മുടക്കു മുതല്‍ വേണ്ടിവരും. തുക ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെ കെല്‍ട്രോണ്‍ സമീപിച്ചിരുന്നു. പിഴ ചുമത്തുന്നതിലെ കുടിശ്ശിക തീര്‍ത്തിട്ട് മതി പുതിയ പദ്ധതി എന്നു പറഞ്ഞ് മടക്കി. വിവാദം ഭയന്ന് എ.ഐ. ക്യാമറ ഇടപാടില്‍ പുതിയ മുതല്‍ മുടക്കിന് മോട്ടോര്‍ വാഹനവകുപ്പ് തയ്യാറല്ല.

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

0

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ സർട്ടിഫൈ ചെയ്യേണ്ടതാണ്.

കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റം ഉൾക്കൊണ്ടാണ് കളർ വിഷൻ ടെസ്റ്റ് നിർബന്ധമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് www.mvd.kerala.gov.in.

സിഗ്നൽ കിട്ടി, റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിൽ ആന; ആളെക്കൊല്ലി മോഴയെ പിടിക്കാൻ ദൗത്യസംഘം സജ്ജം

0

മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മക്‌നയെ പിടികൂടാനുള്ള നടപടികൾക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11 45 ഓടെ മോഴയുടെ സിഗ്നൽ വനംവകുപ്പിന് കിട്ടി. കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളത്. റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിലാണ് ആനയുള്ളത്. സിഗ്നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്‌ദ്ധർ കാടുകയറി.

ആനപ്പാറ വളവിൽ വലിയ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വെറ്റിനറി ടീമും സ്ഥലത്ത് എത്തി. പടമല കുന്നുകളിൽ നിന്ന് പുലർച്ചയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളിൽ എത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടങ്ങിയതിനു പിന്നാലെ സിഗ്നൽ കൂടി ലഭിച്ചു.

വൈൽഡ് ലൈഫ് സിസിഎഫ് മുഹമ്മദ്‌ ശബാബ്, നോർത്തേൻ സിസിഎഫ്, 5 ഡിഎഫ്ഒമാർ വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് മോഴ പിടുത്തത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നത്.

വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂര്‍വമായ സംഭവമല്ല; സ്വീകരിക്കേണ്ട മുൻകരുതലുകളുമായി എംവിഡി

0

കൊച്ചി : ചൂടുകൂടുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി. വേനല്‍ കാലത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല എന്നും ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകള്‍ സ്വീകരിക്കാമെന്നുമാണ് എം വി ഡി സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യമെന്നും പരിഹാര മാർഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നും പങ്കുവെച്ചിട്ടുണ്ട്.

എംവിഡിയുടെ പോസ്റ്റ്

ചൂട് കൂടുന്നു…വാഹനങ്ങളിലെ അഗ്നിബാധയും…….വേനല്‍ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും . വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോള്‍, അതുകൊണ്ടു തന്നെ നമ്മള്‍ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകള്‍ സ്വീകരിക്കാം..ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആള്‍ട്ടറേഷനുകളും ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്‌ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിംഗ് സ്ഥലങ്ങള്‍ വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാം. അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം.

പരിഹാര മാർഗ്ഗങ്ങള്‍

  1. കൃത്യമായ ഇടവേളകളില്‍ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയില്‍ ഓയില്‍/ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തില്‍ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക.
  2. വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ഇത് ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഉപകാരപ്പെടും.
  3. കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സർവീസ് സെൻററില്‍ കാണിച്ച്‌ റിപ്പയർ ചെയ്യുകയും ചെയ്യുക
  4. വാഹന നിർമ്മാതാക്കള്‍ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായ പാർട്സുകള്‍ ഉപയോഗിക്കുന്നതും അനാവശ്യമായ ആള്‍ട്ടറേഷനുകള്‍ ഒഴിവാക്കുകയും ചെയ്യുക.
  5. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം
  6. പാനല്‍ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.
  7. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകള്‍ ഘടിപ്പിക്കണം.
  8. കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
  9. വളരെ ചൂടുള്ള കാലാവസ്ഥയില്‍ ഡാഷ് ബോർഡില്‍ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകള്‍ ലെൻസ് പോലെ പ്രവർത്തിച്ച്‌ സീറ്റ് അപ്ഹോള്‍സ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വാട്ടർ ബോട്ടിലുകള്‍ സാനിറ്റൈസറുകള്‍ സ്പ്രേകള്‍ എന്നിവ ഡാഷ്ബോർഡില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
  10. വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തില്‍ വച്ചാകരുത്.
  11. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളില്‍ ഒന്നാണ്.
  12. ആംബുലൻസുകളില്‍ ഓക്സിജൻ സിലിണ്ടറുകള്‍ കൃത്യമായി ബ്രാക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉറപ്പിക്കുകയും റെഗുലേറ്ററുകള്‍ക്ക് തകരാറുകള്‍ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.
  13. സാധാരണ വാഹനത്തിൻ്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാല്‍ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാല്‍ തന്നെ ഒഴിവാക്കേണ്ടതാണ്.
  14. കൂട്ടിയിടികള്‍ അഗ്നിബാധയിലേക്ക് നയിക്കാം എന്നതിനാല്‍ തന്നെ സുരക്ഷിതമായും ഡിഫൻസീവ് ഡ്രൈവിംഗ് രീതികള്‍ അനുവർത്തിച്ചു കൊണ്ടും വാഹനം ഓടിക്കുക
  15. എല്ലാ വാഹനങ്ങളിലും ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷർ (Fire extinguisher )പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയില്‍ സൂക്ഷിക്കുക.
  16. വാഹനങ്ങള്‍ നിർത്തിയിടുമ്പോൾ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ മറ്റ് അഗ്നിബാധയ്ക്ക് സാധ്യതയുള്ളതോ ആയ സ്ഥലങ്ങളോ ഒഴിവാക്കുക.

താമരശ്ശേരി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

0

താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂർ പോത്തുകല്ല് സ്വദേശികൾ സഞ്ചിരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സും. ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്തിയത്.

അക്രമകാരിയായ ആനയെ വെടിവെച്ച്‌ കൊല്ലണം: ജുനൈദ് കൈപ്പാണി

0

മാനന്തവാടി: മാനന്തവാടി പയ്യമ്പള്ളി പനച്ചിയില്‍ അജി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും അക്രമകാരിയായ ആനയെ ബന്ധപ്പെട്ടവർ വെടിവെച്ച്‌ കൊല്ലണമെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു. ദിവസങ്ങളോളമായി പയ്യമ്പള്ളി മേഖലയില്‍ തുടരുന്ന റേഡിയോ കോളര്‍ ധരിപ്പിച്ച ആനയെ തുരത്തുന്നതിനോ പിടികൂടുന്നതിനോ കഴിയാതിരുന്ന വനംവകുപ്പ് ജീവനക്കാരുടെ ജാഗ്രത കുറവ് പ്രതിഷേധർഹമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

കർണാടക വനംവകുപ്പ് ഘടിപ്പിച്ച റേഡിയോ കോളർ കൃത്യമായി നിരീക്ഷിക്കാനുള്ള ആൻ്റിനയടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ കർണാടക വനംവകുപ്പ് നൽകാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് കേരളാ വനം വകുപ്പ് വിശദീകരിക്കുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും കർണാടക വനംവകുപ്പ് അവർ പിടികൂടി വിട്ടയച്ച ആനയെ ട്രാക്ക് ചെയ്യാനുള്ള ഉപകരണങ്ങൾ നൽകാത്ത നിലപാട് തിരുത്തണമെന്നും ജുനൈദ് പറഞ്ഞു.

കോഴിക്കോട് വലിയ വിമാനങ്ങളുടെ സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘം

ഡല്‍ഹി : കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കുമെന്ന് സിവില്‍ ഏവിയേഷൻ ഡയറക്ടർ ജനറല്‍ വിക്രംദേവ് ദത്ത് എം.കെ.രാഘവൻ എം.പി.യെ അറിയിച്ചു. വിമാനാപകട അന്വേഷണ ബ്യൂറോ നിർദേശിച്ച സുരക്ഷാ നിർദേശങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കിയതായും റണ്‍വേയും എയർപോർട്ടും പൂർണ സുരക്ഷിതമാണെന്നും എം.പി. ഡയറക്ടർ ജനറലിനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

റെസ നവീകരണം പൂർത്തിയാകാൻ കാത്തുനില്‍ക്കണമെന്ന കേന്ദ്രനിലപാട് തൊട്ടടുത്തുള്ള സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാൻ മാത്രമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു. 2002 മുതല്‍ ഒരപകടവും കൂടാതെ വലിയ വിമാനങ്ങള്‍ സർവീസ് നടത്തുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ 2015-ല്‍ താത്കാലികമായി സർവീസ് നിർത്തിവെച്ചശേഷം കൃത്യമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് 2018-ല്‍ സർവീസ് പുനഃസ്ഥാപിച്ചത്.

പൈലറ്റിന്റെ വീഴ്ചയാല്‍ 2020-ല്‍ നടന്ന വിമാനാപകടശേഷം വലിയ വിമാനങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തിയതിന് അടിസ്ഥാനമില്ലെന്നും എം.പി. നിവേദനത്തില്‍ പറഞ്ഞു. 2021 ജനുവരിയില്‍ സൗദി എയർലൈൻസ്, എയർ ഇന്ത്യ, ഖത്തർ എയർവേയ്സ്, എമിറേറ്റ്‌സ് എന്നീ ലോകോത്തര വിമാനക്കമ്പനികൾ വീണ്ടും വലിയ വിമാനസർവീസ് നടത്താനുള്ള സന്നദ്ധത ഡി.ജി.സി.എ.യെ അറിയിച്ചതാണ്. വിമാനക്കമ്പനികൾ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്നിരിക്കെ കോഴിക്കോടിന്റെ വലിയ വിമാനസർവീസ് അനുമതി നിഷേധിക്കുന്നതിന് കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും എം.പി. പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് അടിയന്തിര ധനസഹായം നൽകും

0

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. രോണു രാജ്. സംഭവുമായ് ബന്ധപ്പെട്ട് മാനന്തവാടി സബ് കളക്ടറുടെ ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മരണപ്പെട്ട യുവാവിൻ്റെ ഭാര്യക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുമെന്നും മരണപ്പെട്ടയാളുടെ പേരിലുള്ള കടങ്ങൾ എഴുതി തള്ളാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 50 ലക്ഷം രൂപയിൽ ബാക്കി 40 ലക്ഷം നൽകാൻ എം.എൽ.എമാരുടെ നേതൃത്വത്തിൽ സർക്കാരിനോട് ശുപാർശ ചെയ്യും.

ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടർ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. യോഗത്തിൽ എം.എൽ.എ മാരായ ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജനപ്രതിനിധികൾ, സബ് കളക്ടർ മിസാൽ സാഗർ ഭാരത്, ജില്ലാ പോലിസ് മേധാവി ടി. നാരായണൻ, ഉത്തരമേഖല സി.സി.എഫ് കെ.എസ് ദീപ, റവന്യു അധികൃതർ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.