കോഴിക്കോട് :നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി. രണ്ടു ദിവസങ്ങളിലായി(മാര്‍ച്ച് 29, 30) നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ (മാര്‍ച്ച് 29) കുറ്റ്യാടി മണ്ഡലത്തില്‍നിന്ന് 2,52,450 രൂപ, നാദാപുരം -5,00000 രൂപ, കൊയിലാണ്ടി -2,00000 രൂപ, കുന്ദമംഗലം -19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂര്‍ – 18,16,750 രൂപ, തിരുവമ്പാടി -12,0000 രൂപ, പേരാമ്പ്ര -3,99,000 രൂപ, ബാലുശ്ശേരി -7,95,500 രൂപ എന്നിങ്ങനെയും ഇന്ന്(മാര്‍ച്ച് 30) ബേപ്പൂര്‍ മണ്ഡലത്തില്‍നിന്ന് 1,40,000 രൂപയുമാണ് പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.
മതിയായ രേഖകളില്ലാത്ത 71,51,950 രൂപ പിടിച്ചെടുത്തു
വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു
പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായിരുന്നു, അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റു.
നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെയാണ് (25) വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്‌ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെ ആയിരുന്നു അപകടം. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെ ആയിരുന്നു അപകടം. കാടാങ്കോട് ജങ്ഷനടുത്ത വളവില്‍ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കില്‍ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് മറിഞ്ഞത്. റോഡിനെതിര്‍വശത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. ഈസമയം മൂന്നുപേര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി, ആംബുലന്‍സില്‍നിന്ന് ആളുകളെ പുറത്തെടുക്കുമ്പോള്‍ ഇതേദിശയില്‍ മറ്റൊരു ആംബുലന്‍സെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല. ബൈക്കില്‍വന്ന രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. പള്ളിയില്‍നിന്ന് പ്രാര്‍ഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകന്‍ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. ഉടനെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് അപകടവിവരം അറിഞ്ഞത്. മകള്‍: ഹസീന. പിതാവ്: പരേതനായ മുത്തുറാവുത്തര്‍. മാതാവ്: പരേതയായ ആയിഷാമ്മ. സഹോദരങ്ങള്‍: ഉസനാര്‍, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തര്‍, യൂസഫ് റാവുത്തര്‍
ഐ.പി.എൽ ടിക്കറ്റുകളുടെ പേരിൽ സൈബർ തട്ടിപ്പ്:പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങളുമായി പോലീസ്
ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐ.പി.എൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, “VIP ടിക്കറ്റ്”, “Limited seats” തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.
ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ
. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത്.
. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക.
. സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക.
. അപരിചിതരുമായുള്ള ഓൺലൈൻ പണമിടപാട് ഒഴിവാക്കുക.
ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്തു തട്ടിപ്പും
ഐ.പി.എൽ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാകാം. “XMTV Live” തുടങ്ങിയ വ്യാജ ആപ്പുകളെ തിരിച്ചറിയുക.
സൗജന്യമായി ഐ.പി.എൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: “Free Streaming” എന്ന പേരിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഡൌൺലോഡ് ചെയ്ത അപ്പുകളിൽ അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക: അപരിചിതമായ ആപ്പുകൾക്ക് ഫോണിലെ SMS, ബാങ്കിംഗ് വിവരങ്ങൾ, സ്ക്രീൻ ഷെയറിംഗ് എന്നിവയ്ക്കുള്ള അനുമതി നൽകരുത്.
ബാങ്ക് വിവരങ്ങൾ ഒ.ടി.പി എന്നിവ ആരുമായും കൈമാറരുത്, അപരിചിതമായ യാതൊരു പ്ലാറ്റ്‌ഫോമിലും നിങ്ങളുടെ UPI പിൻ (PIN) വിവരങ്ങൾ നൽകരുത്.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.
ഷാർജയിൽ മലയാളി കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു
ഷാർജ: ഷാർജ ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി ഒരാൾ കൊല്ലപ്പെട്ടു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. കേസിൽ സഹപ്രവർത്തകനായ ഷമീർ ഷാർജ പൊലീസിന്റെ പിടിയിലായി. കരുവൻപൊയിൽ സ്വദേശിയാണ് പിടിയിലായ ഷമീർ.ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനാണ് മരിച്ച നിഷാദ്. ഇതേ സ്ഥാപനത്തിലെ ജൂസ്‌മേക്കറാണ് ഷമീർ. കൊലപാതകം സംബന്ധിച്ച് ഷാർജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
കോഴിക്കോടിന്റെ നഗരവും ഇനി ഡബിൾ ഡക്കറിൽ ചുറ്റാം.ഇന്ന് മുതൽ
കോഴിക്കോട് ഡബിൾ ഡക്കർ സിറ്റി റൈഡ്
റൂട്ട് :KSRTC ബസ് സ്റ്റാൻഡ് -സരോവരംറോഡ്-മാനാഞ്ചിറ-പാളയം-കോതിബീച്ച്-കുറ്റിച്ചിറ-കണ്ണപ്പറമ്പ് ബീച്ച്-സൗത്ത്ബീച്ച് സെൻട്രൽബീച്ച് -ആകാശ വാണി-വലിയങ്ങാടി-ഗാന്ധി പാർക്ക്-വരക്കൽ ബീച്ച് __ഭട്ട് റോഡ് ബീച്ച് -ഇംഗ്ലീഷ് ചർച്ച് -മാനാഞ്ചിറ സ്‌ക്വയർ-KSRTC ബസ്സ്റ്റാന്റ്
ടിക്കറ്റ്_നിരക്ക് :
മുകളിൽ ₹200
താഴെ ₹100
സമയവിവരം :–
ട്രിപ്പ് 1: 03:00PM ••••04:20PM
ട്രിപ്പ് 2: 04:30PM ••••05:50PM
ട്രിപ്പ് 3: 06:00PM ••••07:20PM
ട്രിപ്പ് 4: 07:30PM ••••08:50PM
ട്രിപ്പ് 5: 09:00PM ••••10:20PM
ഡബിൾ ഡക്കർ റൈഡ് – ബുക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ
===========================
1. onlineksrtcswift.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
2. Travelling From എന്ന സ്ഥലത്ത് Kozhikode Double Decker എന്ന് നൽകുക.
3. Going To എന്ന സ്ഥലത്ത് Kozhikode എന്ന് നൽകുക.
4. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി (Date) തിരഞ്ഞെടുക്കുകയും Search ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
5. ലഭ്യമായ ട്രിപ്പുകളിൽ നിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പിന് നേരെയുള്ള Select seats ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
6. നിങ്ങൾക്ക് ആവശ്യമായ Upper Deck / Lower Deck സീറ്റ് തിരഞ്ഞെടുക്കുക.
7. Boarding Point: Kozhikode Double Decker എന്നും Dropping Point: Kozhikode എന്നും തിരഞ്ഞെടുക്കുക.
8. തുടർന്ന് Provide Passenger Details ക്ലിക്ക് ചെയ്ത് യാത്രക്കാരുടെ പേര്, വയസ്, gender, mobile number, email id എന്നിവ നൽകുക.
9. Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ Payment Option തിരഞ്ഞെടുക്കുകയും പേയ്മെന്റ് പൂർത്തിയാക്കുകയും ചെയ്യുക.
10. പേയ്മെന്റ് വിജയകരമായി പൂർത്തിയായതിന് ശേഷം ടിക്കറ്റ് കൺഫർമേഷൻ സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്നതാണ്.
മതിയായ രേഖകളില്ലാത്ത 9,26,250 രൂപ പിടിച്ചെടുത്തു
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 9,26,250 രൂപ പിടികൂടി. എലത്തൂർ മണ്ഡലത്തിൽനിന്ന് 4,26,250 രൂപയും നാദാപുരം മണ്ഡലത്തിൽനിന്ന് 5,00000 രൂപയുമാണ് പിടിച്ചെടുത്തത്. ഇതുവരെ 30,08,750 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൻ്റെ ചിലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ഫ്ലയിങ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെൽ നോഡൽ ഓഫീസർ കെ പി മനോജൻ അറിയിച്ചു.
ഒളിവിൽ കഴിഞ്ഞ 105 ശിക്ഷാപ്രതികൾ കുടുങ്ങി
ഒളിവിൽ കഴിഞ്ഞ 105 ശിക്ഷാപ്രതികൾ കുടുങ്ങി; തൃശ്ശൂർ റൂറൽ പോലീസിന്റെ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ വിജയംപിടിയിലായവരിൽ 2001 2007, 2009 വർഷങ്ങളിലെ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുംഇരിങ്ങാലക്കുട: കോടതി ശിക്ഷ വിധിച്ചിട്ടും നിയമത്തിന് പിടികൊടുക്കാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 105 പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നേതൃത്വം നൽകിയ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ എന്ന പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയധികം പ്രതികൾ വലയിലായത്. പിടികൂടിയവരെയെല്ലാം വിവിധ കോടതികളിൽ ഹാജരാക്കി ശിക്ഷാ നടപടികൾക്കായി കൈമാറി. രണ്ട് പതിറ്റാണ്ടിലേറെയായി പോലീസിനെ വെട്ടിച്ച് നടന്നവർ വരെ പിടിയിലായവരിലുണ്ട്. തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 2001, 2007, 2009, 2015 വർഷങ്ങളിലെ അടിപിടിക്കേസുകളിലും പണം വാങ്ങി ഈടായി നൽകിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട (138 NI Act) 2000 മുതൽ 2018 വരെയുള്ള കാലയളവിലെ നിരവധി കേസുകളിലും ശിക്ഷിക്കപ്പെട്ടവർ ഒളിവിൽ പോയതിനെ തുടർന്ന് ബന്ധപ്പെട്ട കോടതികൾ ഇവരെ പിടികൂടുന്നതിനായി ജാമ്യമില്ലാ ശിക്ഷാവിധി വാറണ്ടുകൾ പുറപ്പെടുവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ പിടികൂടി വിവിധ കോടതിയിൽ ഹാജരാക്കിയത്.പിടിയിലായവരുടെ സ്റ്റേഷൻ തിരിച്ചുള്ള വിവരം; ഇരിങ്ങാലക്കുട 9, കാട്ടൂർ 1, ചേർപ്പ് 5, അന്തിക്കാട് 5, മാള 18, ആളൂർ 1, ചാലക്കുടി 19, അതിരപ്പിള്ളി 1, കൊരട്ടി 5, കൊടകര 1, പുതുക്കാട് 3, വരന്തരപ്പിള്ളി 3, കൊടുങ്ങല്ലൂർ 9, മതിലകം 11, കൈപ്പമംഗലം 8, വലപ്പാട് 3, വാടാനപ്പിള്ളി 3. “”സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്നവർക്കുമെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ തടയുന്നതിനും, വിവിധ കേസുകളിൽ കോടതികൾ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായുള്ള തൃശ്ശൂർ റൂറൽ പോലീസിന്റെ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ പോലുള്ള പ്രത്യേക പരിശോധനകൾ തുടരും. കുറ്റവാളികളെ സഹായിക്കുന്നവർക്കെതിരെയും അവർക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുന്നവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കും.”#thrissurruralpolice #operation #iron #grip #warrent
രേഖകളില്ലാത്ത 21,47,500 രൂപ ഫ്‌ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു
കോഴിക്കോട് : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 21,47,500 രൂപ പിടികൂടി. മാര്‍ച്ച് 23, 24 ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മാര്‍ച്ച് 23ന് കുറ്റ്യാടി മണ്ഡലം -102450 രൂപ, ബാലുശ്ശേരി മണ്ഡലം – 25,0000 രൂപ, കുന്ദമംഗലം മണ്ഡലം -1156050 രൂപ, എലത്തൂര്‍ മണ്ഡലം -189000 രൂപ എന്നിങ്ങനെയും മാര്‍ച്ച് 24ന് കോഴിക്കോട് സൗത്ത് മണ്ഡലം -250000 രൂപ, കൊയിലാണ്ടി മണ്ഡലം -200000 രൂപ എന്നിങ്ങനെയുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍ എന്നിവയും ആയുധങ്ങളും പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്പന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്പന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.#
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു.
കൊല്ലം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്‍. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്.നാടക നടനായാണ് തുടക്കം. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന്‍ അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യു പി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്‌കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സിനു ചേര്‍ന്നു.പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദര്‍ഭത്തിലാണ് ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്നു.വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍, ഭാര്യാപിതാവായ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രന്‍ തന്നെ ഒരു റഷ്യന്‍ നോവല്‍ നാടകമാക്കി.1987ല്‍ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഈ നാടകം നേടുകയുണ്ടായി.പിന്നീട് രാജേന്ദ്രന്‍ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരന്‍. തുടര്‍ന്ന് ആറേഴു വര്‍ഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇക്കാലയളവില്‍ സന്ധ്യയ്ക്ക് ഏറ്റവും മികച്ച നാടകനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി ആര്‍ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയില്‍ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. പിന്നീട് പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് 2,70,51,150 രൂപ പിഴ ഈടാക്കി
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,13,011 ഇരുചക്ര വാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ – സേഫ് റൈഡ്’ എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിൻറെ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐ.ജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്.പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.



