spot_img
Saturday, June 20, 2026
Home Blog Page 553

എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ

0

എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവറുടേതാണ് ഈ വാഹനം.

എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തതോടെ സുപ്രധാന നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. നിലവിൽ വാഹനം ക്രൈംബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.

ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളവരെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. നാലുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്താനായില്ലെന്നായിരുന്നെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജിതിന്റെ അഭിഭാഷകന്റെ വാദം.

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; അടുത്ത ദിവസങ്ങളിൽ പ്രിയങ്കയും സോണിയയും ചേരും

0

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച്  കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 

ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.  കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും.  19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്.

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി.

0

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെ കൂടെ നിരോധിച്ച് കേന്ദ്രം. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു.

കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. രാജ്യവ്യാപക റെയ്ഡിന് പിന്നാലെ പിഎഫ്ഐയെ നിരോധനത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്നുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. രാജ്യവ്യാപക പരിശോധനയില്‍ പിഎഫ്ഐക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് നിരോധന നടപടിയെന്നുമാണ് വ്യക്തമാകുന്നത്

ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം

സംവിധായകൻ അശോകൻ അന്തരിച്ചു; മൂക്കില്ലാരാജ്യത്തിന്റെ ഇരട്ട സംവിധായകരിലൊരാൾ

0

കൊച്ചി : പ്രശസ്ത സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ  അശോക് കുമാർ  (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി സിംഗപ്പൂരിൽ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.

അശോകൻ എന്ന പേരിൽ എൺപതുകളിലും തൊണ്ണൂറുകളിലും ചലച്ചിത്ര സംവിധാന രംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം വർണ്ണം , ആചാര്യൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു . അശോകൻ- താഹ കൂട്ടുകെട്ടിൽ പിറന്ന മൂക്കില്ലാ രാജ്യത്ത് , സാന്ദ്രം തുടങ്ങിയ സിനിമകൾ മലയാളത്തിന്‍റെ ജനപ്രിയ ചിത്രങ്ങളാണ്.  ശശികുമാറിന്റെ ഒട്ടനവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് .

വിവാഹ ശേഷം ബന്ധുക്കൾക്കൊപ്പം സിംഗപ്പൂരിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ പിന്നീട് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. കൈരളി ടിവിയ്ക്ക് വേണ്ടി സംവിധാനം ചെയ്‌ത കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംസ്ഥാനസർക്കാരിന്റെ മികച്ച ടെലിഫിലിനുള്ള അവാർഡ് നേടി .

ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനിൽ പൊതുദർശനത്തിനുശേഷം വർക്കലയിലെ കുടുംബവീട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. ഭാര്യ – സീത, മകൾ – ഗവേഷണ വിദ്യാർത്ഥിയായ അഭിരാമി.

ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍; കേരളാ പൊലീസ്

0

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും. അക്രമങ്ങളിൽ 170 പേർ അറസ്റ്റിലായി. സംസ്ഥാനത്താകെ 157 കേസുകൾ റജസിറ്റർ ചെയ്തു. ഏറ്റവും കൂടുതൽ കേസ് കണ്ണൂർ സിറ്റിയിലാണ്. പ്രതിരോധ നടപടികൾക്കായി 368 പേരെ കരുതൽ തടങ്കലിലാക്കി.

കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ലോറിയുടെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായി എ‍‍ഡിജിപി അറിയിച്ചു. കണ്ണൂരിൽ മിൽമ ടീ സ്റ്റാൾ അടിച്ചുതകർത്തു. ജോലി ചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളിക്ക് തലയ്ക്ക് പരുക്കേറ്റു. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കല്യാശേരിയിൽ ബോംബുമായി ഒരാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. ജനൽ ചില്ല് തകർന്നു. ഓഫിസിലെ കിടക്കയ്ക്ക് തീപിടിച്ചു.സ്കൂട്ടിയിലെത്തിയ രണ്ടുപേരാണ് പെട്രോൾ ബോംബ് എറിഞ്ഞത്. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റി. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട അടിച്ചുതകര്‍ത്തു. ചങ്ങനാശേരിയില്‍ ഡോക്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഈരാറ്റുപേട്ടയിലും സംഘർഷമുണ്ടായി. പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി.

തൃശൂർ ചാവക്കാട് ആംബുലൻസിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകൾ അടിച്ചുതകർത്തു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തിൽ പരുക്കേറ്റു. ഹോട്ടലിനു മുൻപിൽ നിർത്തിയിട്ട ബൈക്കും അക്രമികൾ തകർത്തു.

സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ലോറികൾക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവർമാർ ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ബസുകൾ ഓടുന്നത്.

മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.

സ്കൂൾ സമയം രാവിലെ എട്ടുമണി മുതൽ ഒരു മണി വരെ: ഖാദർ കമ്മിറ്റിയുടെ ശുപാർഷ

0

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്.ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു.

അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍്ട്ടിനെതിരെ ചില അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഘടനമാറ്റം സംബന്ധിച്ച്‌ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂന്ന് ഡയറക്ടറേറ്റുകളുടെ ലയനവും ഇതിനനുസൃതമായി വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളുമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഒന്നാം ഭാഗത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

നേതാക്കളുടെ അറസ്റ്റ്: കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്തു പോപ്പുലർ ഫ്രണ്ട്

0

കോഴിക്കോട്: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. തെലുങ്കാനയിലെ പോപുലർ ഫ്രണ്ട് ആസ്ഥാനം എൻ.ഐ.എ സീൽ ചെയ്തു.

എകെജി സെന്റർ ആക്രമണം: ഒരാൾ പിടിയിൽ

0

തിരുവനന്തപുരം:എകെജി സെന്റർ ആക്രമണക്കേസിൽ ഒരാൾ പിടിയിൽമൺവിള സ്വദേശി ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങൾ. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന

0

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡ്. വിവിധയിടങ്ങളിലായി റജിസ്റ്റര്‍ചെയ്ത കേസുകളിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകൾക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലും റെയ്‌ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് റെയ്‌ഡ്

ഡൽഹിയിലും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന. തിരുവനന്തപുരം മണക്കാട്ടെ ജില്ലാ കമ്മിറ്റി ഓഫിസിലും പരിശോധന നടന്നതിനു പിന്നാലെ പ്രവർത്തകർ ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചു. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു.

കൺസഷനെച്ചൊല്ലി തർക്കം: അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനം; മന്ത്രി റിപ്പോർട്ട് തേടി

0

തിരുവനന്തപുരം:കാട്ടാക്കടയില്‍ അച്ഛനും മകള്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം.വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്‌ആര്‍ടിസി എംഡിയോട് വിശദീകരണം തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമലനോട് ജിവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്

മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയുടെ കണ്‍സെഷന്‍ ടിക്കറ്റ് എടുക്കാനാണ് പ്രേമലന്‍ മകള്‍ക്കൊപ്പം ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്‌ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമലന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമലനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമലനെ മര്‍ദിക്കുകയുമായിരുന്നു.

ജീവനക്കാര്‍ പ്രേമലനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമലനെ മര്‍ദിക്കുകയായിരുന്നു.അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.