spot_img
Saturday, June 20, 2026
Home Blog Page 555

കേരളത്തിൽ തെരുവ് നായ പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി: ഇടക്കാല ഉത്തരവ് സെപ്തംബർ 28-ന്

0

കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി. 

പേവിഷ ബാധയ്ക്ക് എതിരായ വാക്സീൻ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകൾ മരണപ്പെടുന്ന സ്ഥിതി അഭിഭാഷകനായ വി.കെ.ബിജു കോടതിക്ക് മുൻപിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രശ്നക്കാരായ തെരുവ് നായകളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.  

ഇരുവിഭാഗത്തിൻ്റേയും വാദങ്ങൾ വിശദമായി കേട്ട കോടതി പ്രശ്നക്കാരായ നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച പാർപ്പിക്കാൻ സൌകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന  അംഗീകരിക്കാനാവില്ലെന്നും കേരളത്തിൽ തെരുവ് നായകൾ ഗൌരവകരമായ ഭീഷണി ഉയർത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു. 

പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം വിശദമായി പരിശോധിക്കേണ്ടി വരുമെന്നും തെരുവ് നായ പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നം കൂട്ടിച്ചേർത്തു.ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി. 

ഈ ഓണം ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തട്ടെ’; ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമു

0

ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമു. “എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ” ദ്രൗപദി മുർമു തന്റെ ട്വിറ്ററിൽ മലയാളത്തിൽ കുറിച്ചു.


അതേസമയം, രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളികൾ.സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളം ആഘോഷമാക്കുകയാണ്.

തൃശൂരില്‍ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു; അപകടം മദ്രസയിൽ നിന്ന് മടങ്ങവേ

0

തൃശൂർ: തൃശൂരില്‍ മുള്ളുർക്കരയിൽ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി കുമുള്ളമ്പറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ്‌ റിസ്‌വാൻആണ് മരിച്ചത്. ഏഴ് വയസായിരുന്നു. രാവിലെ 8.30 ഓടെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന ജേഷ്ഠൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

തൃശ്ശൂർ പോട്ടോരിൽ കഴിഞ്ഞ ദിവസം ട്രാക്ക് പരിശോധിക്കുന്നതിനിടെ കീമാൻ ട്രെയിൻ തട്ടി മരിച്ചുിരുന്നു. പ്രമോദ് കുമാർ ആണ് മരിച്ചത്. വടക്കാഞ്ചേരി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് ഇടയിലെ സ്ഥലത്ത് ആണ് അപകടം. പരിശോധന നടത്തിക്കൊണ്ടിരുന്ന ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറി നിൽക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ട്രാക്കിലൂടെ വരികയായിരുന്ന മെമു ട്രെയിൻ പ്രമോദിനെ ഇടിക്കുകായിരുന്നു. പരിക്കേറ്റ പ്രമോദിന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം, കണ്ണൂരിലും സമാനമായ അപകടം നടന്നിരുന്നു. വിവാഹ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്. പുന്നച്ചേരി സ്വദേശിനിയാണ് കൂലോത്ത് വളപ്പിൽ പ്രഭാവതി. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരി പ്രവിതയെയും ട്രെയിൻ തട്ടിയിരുന്നു. പരിക്കേറ്റ പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം തെലങ്കാനയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ പതിനേഴുകാരനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു എന്നതാണ്. തെലങ്കാനയിലെ കാസിപേട്ടിലാണ് പതിനേഴുകാരൻ അക്ഷയ് രാജ് കൂട്ടുകാർക്കൊപ്പം റീൽസ് എടുക്കാനായി ചീറിപ്പാഞ്ഞ ട്രെയിനും റെയിൽവേ ട്രാക്കും തെരഞ്ഞെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രെയിൻ അതിവേഗത്തിൽ വരുമ്പോൾ അതിന് മുന്നിലൂടെ നടക്കുന്നത് വീഡിയോ ആക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തിരിഞ്ഞു നടന്നതിനാൽ ട്രെയിനിന്‍റെ വരവ് കാണാനായില്ല. ട്രാക്കിലേക്ക് അറിയാതെ കേറിയ അക്ഷയ് രാജിനെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാ‍ർ ഈ വീഡിയോ പിന്നീട് പുറത്തുവിടുകയും ചെയ്തു.

‘ആദ്യം കഴുത്ത് ഞെരിച്ചു, വിളക്ക് കൊണ്ട് തലക്കടിച്ചു’; വർക്കലയിലെ നവവധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

0

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവ വധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പ്രതി അനീഷ് കഴുത്ത് ഞെരിച്ചു. മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. മൃതദേഹത്തിൽ കുത്തേറ്റ പാടുണ്ട്. കഴുത്ത് ഞെരിച്ച ശേഷം ഫാനിൽ കെട്ടി തൂക്കാനും ശ്രമിച്ചു. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച തുണി മുറിയിൽ നിന്നും ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ജൂലൈ എട്ടിനായിരുന്നു വ‍ർ‍ക്കല സ്വദേശി അനീഷും ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിതയും തമ്മിലുള്ള വിവാഹം. അനീഷ് ദുബായ് തുറമുഖത്തായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹ ശേഷം ഇരുവരും വിദേശത്ത് പോയി. 10 ദിവസം മുമ്പ് അനീഷിന് കാലുവേദനയ്ക്ക് ചികിത്സക്കായി ഇവര്‍ നാട്ടിലെത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കം പതിവായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ഇന്ന് പുലർച്ചെയും വാക്കുതർക്കമുണ്ടായി. വീട്ടിലെ നിലവിളക്കെടുത്ത് അനീഷ് ഭാര്യയുടെ തലക്കടിച്ചു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്‍റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് നിഖിതയെ പൊലീസ് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് തന്നെ അനീഷിനെ കസ്റ്റിലെടുത്തു. നാട്ടിലെത്തിയ ശേഷം നിഖിത ഫോണ്‍ വിളിക്കുന്നത് തന്നെ കുറിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 

ഭാര്യയോടുള്ള അനീഷിന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനീഷിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം നിഖിതയുടെ മൃതദേഹം പോസ്റ്റുമോ‍ർട്ടം നടത്തും

വാടക വീടിനുള്ളിൽ പ്രവര്‍ത്തിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് എക്സൈസ് കണ്ടെത്തി.

0

കോട്ടയം: കോട്ടയം വടവാതൂരിൽ വാടക വീടിനുള്ളിൽ പ്രവര്‍ത്തിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് എക്സൈസ് കണ്ടെത്തി. കോട്ടയം, പാമ്പാടി എക്സൈസ് യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് പാൻ നിർമാണ യന്ത്രവും മദ്യവും കണ്ടെത്തിയത്. വീട് വാടകയ്ക്കെടുത്തിരുന്ന ആളെ അറസ്റ്റ് ചെയ്തു.

വടവാതൂര്‍ ശാസ്താക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ നിന്നാണ് ഇരുപത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളും പന്ത്രണ്ട് കുപ്പി വിദേശമദ്യവുമാണ് പിടിച്ചെടുത്തത്. പാൻ നിർമാണ യന്ത്രവും കണ്ടെത്തി. അരുണ്‍ എന്ന യുവാവാണ് ഈ വീട് വാടകയ്ക്ക് എടുത്തിരുന്നത്. അരുണിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. പുകയില ഉല്‍പന്നങ്ങള്‍ വന്‍ തോതില്‍ ഈ വീട്ടില്‍ എത്തിച്ച ശേഷം പ്രത്യേക യന്ത്രം ഉപയോഗിച്ച് പായ്ക്ക് ചെയ്താണ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. രണ്ട് മാസം മുമ്പ് കുറുവിലങ്ങാട്ടും സമാനമായ രീതിയില്‍ പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് പൊലീസ് കണ്ടെത്തിയിരുന്നു.

എം.ബി രാജേഷ് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0

തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജിവെച്ച എം ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ  മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 ന് രാജ് ഭവനിലാണ് ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് ഓഫീസിലെത്തി എം.ബി രാജേഷ് ചുമതല ഏറ്റെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക.

സൈനിക ഉദ്യോഗസ്ഥനായിരുന്ന കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എംകെ രമണിയുടെയും മകനായ എം ബി രാജേഷ്

പഠനത്തിലും പോരാട്ടത്തിലും പട്ടാളച്ചിട്ട കാത്തു സൂക്ഷിച്ചിരുന്നു. സൈനികനാകാനാണ് ആഗ്രഹിച്ചതെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിനായിരുന്നു നിയോഗം. ജന്മനാടായ ചളവറയിലെ സ്ക്കൂളിൽ ലീഡറായപ്പോഴും SFI യിലും DYF I യിലും നേതൃസ്ഥാനം വഹിച്ചപ്പോഴും പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടുപോയി.

പാർലമെൻറിൽ പത്തു വർഷം പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം ബി രാജേഷ്, മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ മികവ് തെളിയിച്ച ആളാണ്. വിഷയങ്ങൾ പഠിച്ച് ഇടപെടുക എന്നതാണ് എം ബി രാജേഷിൻ്റെ ശൈലി.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.
എസ്എഫ്ഐ യിലൂടെയാണ് പൊതുരംഗത്തേയ്ക്ക് വരുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

തൃത്താലയിലെ വീറുറ്റ പോരാട്ടത്തിൽ വി ടി ബൽറാമിനെ തോൽപ്പിച്ചപ്പോൾ തന്നെ മന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാൽ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.  സ്പീക്കറായി തിളങ്ങിയ എം ബി രാജേഷ് മന്ത്രിയാമ്പോൾ അതിനേക്കാൾ തിളങ്ങുമെന്ന കാര്യത്തിൽ സിപിഎമ്മിന് സംശയമില്ല.

കോണ്‍ഗ്രസിന്‍റെ വി. ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് നിയമസഭയിലെത്തുന്നത്.  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു

0

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. 

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു. 

അടിവസ്ത്രം അഴിപ്പിച്ച വിവാദം; നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും

0

പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിവാദത്തില്‍ ആയ കൊല്ലത്തെ നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടത്തും. കൊല്ലം ആയൂര്‍ മാര്‍ത്തോമ എഞ്ചിനീയറിങ് കോളജില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് പുനഃപരീക്ഷ നടത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിലാണ് പരീക്ഷ നടത്തുക. കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം രാജ്യ തലത്തില്‍ തന്നെ വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സംഘത്തെ നിയോഗിച്ചു.

പരീക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന വര്‍ക്ക് തെറ്റ് സംഭവിച്ചു എന്ന് അന്വേഷണസമിതി കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ആയൂര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ടെങ്കിലും പരാതി ഉള്ളവര്‍ മാത്രം പുനഃപരീക്ഷയില്‍ പങ്കെടുത്താല്‍ മതിയാകും.

മരംമുറിച്ചതിനെ തുടർന്ന് പക്ഷികൾ ചത്ത സംഭവം; റിപ്പോർട്ട് തേടി വനം, പൊതുമരാമത്ത് മന്ത്രിമാർ.

0

മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ  പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട  സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കരാർ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് വനം വകുപ്പ് കേസെടുത്തത്. കെ എൻ ആർ സി എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാർ ഏറ്റെടുത്തിരിക്കുന്നത്. മരം മുറിക്കുന്നതിന് ഇവർ ഉപകരാർ നൽകുകയായിരുന്നു.പക്ഷികൾ ചത്ത സംഭവം വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. എന്നാൽ ഇവർ എത്തും മുമ്പ് മൂന്ന് ചാക്കുകളിലായി ചത്ത പക്ഷികളെ തൊഴിലാളികൾ മാറ്റി .ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

അതേസമയം വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് മരം മുറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. രാമനാട്ടുകര മുതൽ പൊന്നാനി അതിർത്തി വരെയുള്ള ഭാഗത്ത്  രണ്ടായിരത്തിലേറെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നു. അതിൽ ഈ മരം ഉൾപ്പെട്ടിട്ടില്ല. അനുമതി ഇല്ലാതെ കൂടുതൽ മരങ്ങൾ മുറിച്ചോ എന്നും വനം വകുപ്പ് പരിശോധിക്കും. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടു.  ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ്  ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.

മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയി . ചിതറിത്തെറിച്ച മുട്ടകളും ജീവൻ പോയ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. 

മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശം പോലും കരാറുകാരൻ ലംഘിക്കുകയായിരുന്നു

വ്യവസായിയെ ഹണിട്രാപ്പിലാക്കി, നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണി; ‘വൈറൽ’ ദമ്പതികൾ അറസ്റ്റിൽ

0

പാലക്കാട് : സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി.

സമൂഹമാധ്യമത്തിൽ വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്.

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടത്.

ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു. ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

വിപുലമായ അന്വേഷണം നടത്തിയ സൗത്ത് പൊലീസ്, ആറു പേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിനു മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കെണിയിൽ വീഴുന്ന ആളാണെന്ന് ഉറപ്പാക്കിയത്
ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി. വ്യവസായിയുടെ കയ്യില്‍നിന്നു തട്ടിയെടുത്ത സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു