തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സിഡിഎസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊതുക് ജന്യരോഗ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മൊസ് ‘ക്വിറ്റ് ‘ഓ എന്ന പേരിൽ ഗ്രാമപഞ്ചായത്തിലെ 14 കേന്ദ്രങ്ങളിൽ കൊതുക് സാന്ദ്രത പഠനം നടത്തി. വാപ്പാട് പ്രദേശത്ത് നടന്ന കൊതുക് സാന്ദ്രത പഠനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർ കെ.എം.മുഹമ്മദലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്കുമാർ കെ. എന്നിവർ സംസാരിച്ചു. ‘കൊതുക് ജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ ഡോ. ഫസീന ഹസൻ ക്ലാസെടുത്തു. കുടുംബശ്രീ എഡിഎസ് സെക്രട്ടറി സ്മിത ബാബു, ടി കെ ശിവൻ വാപ്പാട്ട്, വാർഡ് വികസന സമിതി കൺവീനർ എം.അഖിലേഷ്, ആശാവർക്കർ പി.പി. സുനിഷ, അഷ്റഫ് പി.സി., KMCT നഴ്സിങ് വിദ്യാർഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കൊതുക് സാന്ദ്രത പഠനത്തിൻ്റെ ഭാഗമായി കൊതുകിൻ്റെ കൂത്താടികളെ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിൽ തുടർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
തിരുവമ്പാടി: ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.തിരുവമ്പാടി ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിലാണ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്

ഇന്നു വൈകിട്ട് അഞ്ചേമുക്കാലോടെ കൂടി ആയിരുന്നു അപകടം സംഭവിച്ചത്.
സ്കൂട്ടർ യാത്രക്കാരായ ശബ്ന(19) ശഹാന (17) പരിക്കുകളോടെ ഓമശ്ശേരിലെയും കോഴിക്കോടിലെയും സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ഞങ്ങളും കൃഷിയിലേക്ക്സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു
കൂടരഞ്ഞി:സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, കേര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ജൂൺ 9 ന് കൃഷിഭവൻ ഹാളിൽ വെച്ച് ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എൽ. പി. വിഭാഗം ചിത്രരചനയിൽ സ്റ്റെല്ലാമേരീസ് ബോർഡിംഗ് സ്കൂൾ കൂടരഞ്ഞി യു പി. വിഭാഗം ഫാത്തിമാബി മെമ്മോറിയൽ സ്ക്കൂൾ കൂമ്പാറ ഹൈസ്ക്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് സ്ക്കൂൾ കക്കാടംപൊയിൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്കുള്ള മൊമെന്റോയും മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവ്വഹിച്ചു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. എം തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ ചെയർപേഴ്സൺ ജറീന റോയ് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വി. എസ്. രവീന്ദ്രൻ വാർഡ് മെമ്പർമാരായ ബാബു മുട്ടോളി ജോണി വാളിപ്പാക്കൽ മോളി തോമസ് കേരസമിതി പ്രസിഡണ്ട് കെ. വി. തോമസ് ക്വിസ് മാസ്റ്റർ വി. എ. ജോസ് ചിത്രകലാ അധ്യാപകൻ ബേബി നാക്കമലയിൽ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ പി. എം. മൊഹമ്മദ് കാർഷിക സന്ദേശം നൽകി. സോമനാഥൻ മാസ്റ്റർ കൂട്ടത്ത് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. കേര സമിതി സെക്രട്ടറി പയസ് തീയാട്ട്പറമ്പിൽ കാർഷിക വികസന സമിതി അംഗങ്ങളായ മരക്കാർ കൊട്ടാരത്തിൽ ബിജു മുണ്ടക്കൽ ഷൈജു കോയിനിലം, നാലാം വാർഡ് കൺവീനർ തങ്കച്ചൻ തേവറുകുന്നേൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് കേര ഗ്രാമം ട്രഷറർ രാജേഷ് മണിമലതറപ്പിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ് നന്ദിയും പറഞ്ഞു.
സംസ്ഥാനപാത ഓമശ്ശേരി-എരഞ്ഞിമാവ് റീച്ച് 3 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന് നിർദേശം നൽകി
സംസ്ഥാനപാത ഓമശ്ശേരി-എരഞ്ഞിമാവ് റീച്ച് 3 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന് നിർദേശം നൽകിയതായി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിലെ തിരുവമ്പാടി നിയോജകമണ്ഡലപരിധിയിൽ വരുന്ന ഓമശ്ശേരി -എരഞ്ഞിമാവ് റീച്ച് പ്രവൃത്തി അവലോകനം നടത്തി.
പ്രവൃത്തി 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും നിർദേശം നൽകി.പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്തു.നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡ്,സർക്കാർപറമ്പ് റോഡിന് സമീപം,നോർത്ത് കാരശ്ശേരി എന്നിവിടങ്ങളിൽ ഡ്രൈനേജുകൾ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് അനുസൃതമായി സ്ഥാപിക്കും.മുക്കം കല്ലൂർ അമ്പലം റോഡ്,അഗസ്ത്യൻമുഴി തുടങ്ങിയയിടങ്ങളിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കലക്ഷൻ ചേമ്പർ,ബോക്‌സ് കൾവെർട്ട് എന്നിവ സ്ഥാപിക്കും.പ്രധാന അങ്ങാടികളിൽ ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കും.ബസ് ഷെൽറ്ററുകൾ സ്ഥല ലഭ്യതക്കനുസരിച്ച് റോഡിന് വശത്തേക്ക് മാറ്റി സ്ഥാപിക്കും.കൾവെർട്ട് എക്സ്റ്റൻഷനുകൾ പൂർത്തിയാക്കും.യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.പി ഉദ്യോഗസ്ഥർ,കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂരിൽ വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ടു പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് . മലദ്വാരത്തിൽ മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ ബഹറൈനിൽ നിന്ന് വന്ന ജിഎഫ് 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു ചോദ്യം ചെയ്തെങ്കിലും, സ്വർണം കൊണ്ടു വന്ന കാര്യം റൗഫ് സമ്മതിച്ചില്ല. എന്നാൽ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ തെളിഞ്ഞു.മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 8.05 ന് ബഹ്റൈനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പൊലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു. ചോദ്യം ചെയ്യലിൽ ഇയാളും സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ കാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് കാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാളും കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്
നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി, മുഖ്യാതിഥിയായി ഷാരൂഖ് ഖാനും
നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക പ്രവേശനമില്ല
സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
താരവിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനും മഹാബാബലിപുരത്തെത്തി. ഷാരുഖ് ഖാന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് തന്റെ നായികയുടെ സ്പെഷ്യല്‍ഡേയില്‍ പങ്കെടുക്കാന്‍ സൂപ്പര്‍താരം എത്തിയത്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.നടൻ രജനീകാന്തും തമിഴ് താരങ്ങളായ വിജയ് സേതുപതി, രാധിക ശരത് കുമാർ എന്നിവരും എത്തിയതായാണ് റിപ്പോർട്ട്.
നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയ‌്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.വടകര എംഇടി കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനി നഹീമയ‌്ക്കാണ് വെട്ടേറ്റത്. പേരോട് തട്ടാറത്ത് പള്ളിക്ക് സമീപമാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. കൃത്യത്തിന് ശേഷം പ്രതി നഹാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. നഹീമയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.പെണ്‍കുട്ടിക്ക് തലയ‌്ക്കും ശരീരത്തിലും ആസകലം വെട്ടേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മാസങ്ങളോളമായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ
തിരുവമ്പാടി: മൂന്നു മാസത്തോളമായി ഉപേക്ഷിച്ച നിലയിൽ ബൈക്ക്.തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കോളേജ് റോഡ് ജംഗ്ഷനിലാണ് റോഡരികിലായി മൂന്നു മാസത്തോളമായി KL- 10 W 2218 ഫാഷൻ പ്രൊ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കാടുമൂടി കിടക്കുന്നത്.
തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം അശ്വതി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കൽ പരിശോധനയിൽ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. മേക്കാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.
എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേളശിക്കുന്നത്.
ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് (ജൂൺ ഒമ്പത്) അർധരാത്രി നിലവിൽ വരും. ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം.നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് സ്പെഷ്യൽ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും.ജില്ലയിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞിരുന്നു.



