spot_img
Monday, June 15, 2026
Home Blog Page 600

മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

0

കോഴിക്കോട്: സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു.

ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍.

പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുമുണ്ട്.മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

കളിക്കുന്നതിനിടയില്‍ എലിവിഷത്തിന്റെ ട്യൂബ് വായിൽവച്ചു,മൂന്നു വയസുകാരന് ദാരുണാന്ത്യം

0

മലപ്പുറം: അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ മകൻ റസിൻഷാ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഒഴിവാക്കിയ ഉപയോഗശൂന്യമായ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുകയായിരുന്നുഇതിനിടെയാണ് കുട്ടി ഇത് വായിൽ തേച്ചത്.

തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലർച്ചെയാണ് മരിച്ചത്

അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച സംഭവം; അറസ്റ്റിലായ ആര്‍.വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു

0

അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍.വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍.വിനോയ് ചന്ദ്രന്‍ ഗയിന്‍ പിഎഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്.

സര്‍ക്കാര്‍ സേവനം ലഭ്യമാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയത് അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. വിനോയ്ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കും.

പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുവാന്‍ ശ്രമിച്ച പിഎഫ് വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ കോട്ടയത്ത് ഇന്റലിജന്‍സ് പിടിയിലാകുകയായിരുന്നു. ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പിഎഫ് നോഡല്‍ ഓഫീസറായ പ്രതി കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. ഈ വിവരം അധ്യാപിക ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ  സീനിയര്‍ പിജി വിദ്യാർത്ഥികൾ റാഗ് ചെയ്തതിനെ തുടർന്ന് ജൂനിയർ പി ജി വിദ്യാർത്ഥിക്ക്  പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്ത് പ്രിൻസിപ്പലിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു.  ഏപ്രിലിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. റാഗിംഗിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി ജി  ഒന്നാം വർഷ വിദ്യാർത്ഥിയാണ് പഠനം അവസാനിപ്പിച്ചത്. 

സംഭവത്തിൽ രണ്ട് നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്പെൻഢ് ചെയ്തിരുന്നു. സംഭവത്തിൽ റാഗിംഗിനിരയായ വിദ്യാർത്ഥി പരാതിനൽകാതിരുന്നതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. മെഡിക്കൽ കോളേജിൽ നിന്നും ടിസിവാങ്ങിയ ഇയാൾ ഇപ്പോൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നാണ് ഇയാളുടെ നിലപാട്

മാര്‍ച്ച്‌ 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍

0

മാര്‍ച്ച്‌ 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ അറിയിച്ചു.

ഇതോടൊപ്പം അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാ‍ര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങള്‍ക്കുള്ള മുതി‍ര്‍ന്ന പൗരന്‍മാര്‍ക്കായിരുന്നു വാക്സിനേഷന് അനുമതി.

രാജ്യത്തെ വിവിധ ആരോ​ഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ച‍ർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാ​ഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂ‍ർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോ​ഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു. “കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യം സുരക്ഷിതമാണ്! 12 മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കും 13 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കും മാർച്ച് 16 മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. കൂടാതെ, 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ സ്വീകരിക്കാം.”- ആരോ​ഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു

വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

ദിവസം ചെല്ലുംതോറും വേനല്‍ കടക്കുകയാണ്. ചെറിയ ചൂടുകുരു മുതല്‍ വലിയ കിഡ്‌നി രോഗങ്ങള്‍ വരെ വേനല്‍ക്കാലത്ത് കണ്ടുവരാറുണ്ട്. താഴെയുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ ശീലമാക്കിയാല്‍ വേനല്‍ക്കാലം ആരോഗ്യകരമാക്കാം

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.

മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്‌സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക.

തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ തുടങ്ങിയ പഴങ്ങള്‍, കൂടുതല്‍ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തുക.

മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേള്‍ക്കുന്ന സാഹച്യര്യം ഒഴിവാക്കുക.

സൂര്യ പ്രകാശം തട്ടാതിരിക്കാന്‍ പരുത്തിയുടെ ഇളം നിറത്തിലുള്ള അയഞ്ഞ മുഴു വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.

ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റുക.രണ്ട് നേരവും കുളിക്കുക

ഫാന്‍, കൂളര്‍, എന്നിവ പൊടി തട്ടിയും എയര്‍ കണ്ടീഷനര്‍ ഫില്‍റ്റര്‍ വൃത്തിയാക്കിയും ഉപയോഗിക്കുക.

കുട്ടികള്‍ കളിക്കുമ്പോള്‍ വെയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ തൊട്ടി, ഊഞ്ഞാല്‍, കളിക്കുന്ന ഉപകരണങ്ങള്‍ എല്ലാം വെയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെക്കുകയും ചെയ്യുക.

സുൽത്താന്‍റെ നിർദേശം: ഒമാൻ വിസനിരക്കുകൾ കുറച്ചു ജൂൺ ഒന്നിന് നടപ്പിൽവരും

0

മസ്കത്ത്: വിദേശികളുടെ വിസനിരക്കുകൾ കുറക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ് നിർദേശം നൽകി. അൽ അഹ്​ലാം കൊട്ടാരത്തിൽ മസ്കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധമായ നിർദേശം സുൽത്താൻ നൽകിയത്. സുൽത്താന്റെ നിർദേശപ്രകാരം മാനവവിഭവശേഷി മന്ത്രാലയം പുതുക്കിയ വിസനിരക്കുകൾ പുറത്തിറക്കി. ഇതനുസരിച്ച് പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്​കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവും ഉണ്ട്. ഈ വർഷം ജൂൺ ഒന്നു മുതലാണ് പുതിയ വിസനിരക്ക് നടപ്പിൽവരുക. രണ്ടു വർഷമാണ് വിസ കാലാവധി. പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലിയെടുക്കുന്നവരുടെ വിസനിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽവന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ വിസ ഫീസായി ഈടാക്കിയിരുന്നത്. സർക്കാർ നിർദേശിച്ച സ്വദേശിവത്​കരണ തോത് പൂർണമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽനിന്ന് 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 251 ആയി കുറച്ചു. മൂന്നാം വിഭാഗത്തിൽപെട്ടവരുടെ വിസ നിരക്ക് 201 റിയാലായി കുറച്ചു. നേരത്തേ ഈ വിഭാഗത്തിൽനിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ടുജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്

മീഡിയ വൺ വിലക്ക്;പ്രതിഷേധ സായാഹ്നം ഇന്ന് മുക്കത്ത്

0

മുക്കം : മീഡിയ വൺ ചാനൽ വിലക്കിയ നടപടിക്കെതിരെ ഇന്ന് (14/O3/22) മുക്കത്ത് പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.

പരിപാടിയിൽ സാമൂഹിക ,രാഷ്ട്രീയ ,മത ,സാംസ്ക്കാരിക സംഘടന നേതാക്കളും പ്രമുഖ മാധ്യമ പ്രവർത്തകരും സംസാരിക്കും . നാല് മണിക്ക് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ സമ്മേളനം പ്രമുഖ ആക്ടിവിസ്റ്റ് സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.

ഞാറാഴ്ച നടക്കാനിരുന്ന പ്രതിഷേധ സായാഹ്നം മുക്കം ഓർഫനേജ് പ്രസിഡൻ്റ് വയലിൽ ഉമ്മർകോയ ഹാജിയുടെ നിര്യാണത്തെ തുടർന്നാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത് .

കോഴിയിറച്ചി വില ഇരട്ട സെഞ്ച്വറി അടിക്കുമോ; ചിക്കന്‍ വില കുതിക്കുന്നു…

0

സംസ്ഥാനത്ത് ചിക്കന്‍ വില കുതിച്ചുയരുന്നു. 170 രൂപയും കടന്ന് കുതിക്കുകയാണ് കോഴിവില.

കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയതോടെ ചിക്കന്‍ വിഭവങ്ങളും തൊട്ടാല്‍ കൈ പൊള്ളുന്ന സ്ഥിതിയിലാണ്. ചൂടു കൂടുന്ന മാര്‍ച്ച് മാസത്തില്‍ സാധാരണ കോഴിയിറച്ചിക്ക് വില കുറയാറാണ് പതിവെങ്കിലും ഇത്തവണ വില കുതിക്കുകയാണ്. ഇങ്ങനെ പോയാല്‍ ചിക്കന്‍ വില ഇരട്ട സെഞ്ച്വറി കടുക്കുമോ എന്നാണ് ആശങ്ക.

കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇവയ്ക്കുള്ള തീറ്റയുടെ വിലയും കൂടിയതാണ് ചിക്കന് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. 1500 രൂപയ്ക്കുള്ളില്‍ കിട്ടിയിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ ചാക്കൊന്നിന് 2500 രൂപ അടുക്കാറായി. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. 

ചിക്കന് വില കൂടിയതോടെ ഇറച്ചി വിഭവങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനം. വില ഇങ്ങനെ കുതിച്ച് കയറിയാല്‍ ചിക്കന്‍ വിഭവങ്ങള്‍ വാങ്ങുമ്പോള്‍ കൈ പൊള്ളും. കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

0

ചില ഭക്ഷണങ്ങളിൽ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ പലർക്കും ഏലയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയല്ല എന്നതാണ് വസ്തുത. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ മൂന്നോ നാലോ ഏലയ്ക്ക ചേർക്കണമെന്നാണ് ആയുർവേദ വിദ​ഗ്ധ ഡോ. ദിക്സ ഭാവസർ പറയുന്നത്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ഭക്ഷണത്തിൽ ഏലയ്ക്ക ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം കൂടിയാണിത്. ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.ചായക്കൊപ്പം ഒരു കഷ്ണം ഏലയ്ക്ക ചേർക്കാമെന്നും 250 – 500 മില്ലിഗ്രാം എന്ന അളവിൽ ഏലയ്ക്ക പൊടിച്ചത് നെയ്യോ തേനോ ചേർത്ത് കഴിക്കാമെന്നും അവർ പറഞ്ഞു. ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പ്, ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഏലയ്ക്ക ചേർത്ത ചായ കുടിക്കാമെന്നും ഡോ.ഭാവ്സർ നിർദേശിച്ചു.

ശ്രദ്ധിക്കുക: ചിലരുടെ ശരീരത്തിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ അലർജിയും മറ്റും പ്രശ്നങ്ങൾഉള്ളതിനാൽ മുകളിൽ ഉള്ള ആരോഗ്യ ടിപ്സ് ഉപയോഗിക്കുന്നതിന് മുമ്പായി ഒരു ഡയറ്റീഷന്റെ നിർദ്ദേശം സ്വീകരിക്കുക