spot_img
Friday, November 20, 2026
Home Blog Page 72

ദേശീയപാതയിൽ റോങ് സൈഡ് വെച്ചുപിടിച്ച് സ്വകാര്യ ബസ്; 5 കി.മീ. യാത്ര, നടപടിക്കൊരുങ്ങി എം.വി.ഡി

0

കോഴിക്കോട്: ദേശീയപാതയിൽ അഞ്ചു കിലോമീറ്ററോളം തെറ്റായ ദിശയിൽ അപകടയാത്ര നടത്തിയ സ്വകാര്യ ബസ്സിനെതിരെ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ് അധികൃതർ. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ഗ്രൂപ്പിന്റെ കെ.എൽ. 08 എ.സെഡ് 6696 ബസാണ് പൂക്കാട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയ പാതയിൽ തെറ്റായ ദിശയിലൂടെ ഓടിയത്. അഞ്ച് കിലോമീറ്ററോളം ബസ്സ് എതിർദിശയിൽ ഓടി. ബസ്സിന്റെ എതിർ ദിശയിലുളള ഓട്ടം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. ബസ്സിലെ ഡ്രൈവറോടും കണ്ടക്ടറോടും ബുധനാഴ്ച കൊയിലാണ്ടി ജോ.ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരാവാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കൊയിലാണ്ടി പൂക്കാട്ടു നിന്നാണ് ബസ് എതിർദിശയിലേക്ക് പ്രവേശിച്ചത്.

തിരുവങ്ങൂർപൂക്കാട് ഭാഗത്ത് റോഡ് നിർമാണത്തെ തുടർന്ന് സർവീസ് റോഡിൽ ഉണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസ് എതിർദിശയിൽ ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതു തന്നെയാണ് ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും വിശദീകരിച്ചതെന്നും അറിയുന്നു. കഴിഞ്ഞ ആഴ്ച തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിലെ മേൽപ്പാലത്തിൽ ഇറക്കിവിട്ട സംഭവത്തിൽ ഉടമയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് ഇതേ ഗ്രൂപ്പിന്റെ മറ്റൊരു ബസും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.കൊയിലാണ്ടി ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലൂടെയാണ് ബസ് അമിതവേഗത്തിലും അപകടമുണ്ടാക്കും വിധവും ഓടിയത്. എതിർ ഭാഗത്തു നിന്ന് ധാരാളം വാഹനങ്ങൾ ഈ സമയം കോഴിക്കോട് ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു. എതിരേ വരുന്ന ബസ്സുകളും മറ്റും വാഹനങ്ങളും വഴിമാറിക്കൊടുത്തതു കൊണ്ടു മാത്രമാണ് അപകടമുണ്ടാകാതിരുന്നത്. ഈ രീതിയിൽ ചില ബസ്സുകൾ മുൻപും എതിർദിശയിൽ ഓടിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ബെംഗളൂരു വിമാനത്താവളം– കോഴിക്കോട് ഫ്ലൈ ബസ് വൻ ഹിറ്റ്; സർവീസ് തുടങ്ങിയത് കർണാടക ആർടിസി

0

ബെംഗളൂരു :ബെംഗളൂരു നായന്തഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു,ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി വഴിയുള്ള വോൾവോ എസി മൾട്ടി ആക്സിൽ ബസിൽ 48 പേർക്ക് യാത്ര ചെയ്യാം. 1550 രൂപയാണ് ടിക്കറ്റ് നിരക്ക് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർടിസി ഫ്ലൈ ബസ് സർവീസിനു മികച്ച പ്രതികരണം. ഓഗസ്റ്റ് 15ന് സർവീസ് തുടങ്ങിയ ബസിൽ കോഴിക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേർ കയറുന്നത്. നേരത്തെ മൈസൂരുവിലെത്തിയാണ് ഇവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസിൽ കയറിയിരുന്നത്.കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയക്രമം രാജ്യാന്തര യാത്രക്കാർക്കു സൗകര്യപ്രദമായ രീതിയിൽ പരിഷ്കരിക്കുന്നതും ആലോചിക്കുന്നുണ്ട്. നിലവിൽ രാത്രി 7.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.15നാണ് വിമാനത്താവളത്തിലെത്തുന്നത്. പുലർച്ചെ 2.30ന് മുൻപ് വിമാനത്താവളത്തിലെത്തുന്ന സമയക്രമമാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് രാത്രി 10.45ന് പുറപ്പെടുന്ന ബസ് രാവിലെ 7.15നാണ് കോഴിക്കോട്ടെത്തുന്നത്.

പുറത്തിറങ്ങാൻ മടിച്ച പ്രതിയെ വാഹനത്തിൽനിന്നു തൂക്കിയെടുത്ത് പൊലീസ്; സംഭവം തെളിവെടുപ്പിനിടെ.

0

കോഴിക്കോട് : മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.ഓഗസ്റ്റ് 10 നാണ് പേരാബ്രയിലെ ഒരുവീട്ടിൽ രാഹുൽ രാജ് മോഷണത്തിനു എത്തിയത്. വീട്ടിനുള്ളിൽ കടന്ന് അലമാരകൾ അടക്കം പ്രതികൾ കുത്തിത്തുറന്നിരുന്നു. ഇതേ കേസിൽ രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫ എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു.രാഹുൽ രാജിനെ പന്തിരങ്കാവ് പൊലീസാണ് തെളിവെടുപ്പിനു എത്തിച്ചത്. എന്നാൽ ജീപ്പിൽനിന്നു പുറത്തിറങ്ങാൻ പ്രതി മടിച്ചതോടെ പൊലീസും നാട്ടുകാരും ചേർന്നു തൂക്കിയെടുത്ത് വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

0

കോഴിക്കോട്: കരിപ്പൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.കുഞ്ഞിന്റെ പിതാവ് പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടിയുടെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയിരുന്നു. 28കാരിയായ യുവതി നാപ്കിനില്‍ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വര്‍ണമാണ്. ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആര്‍ഐ ക്ക് മൊഴി നല്‍കിയിരുന്നു. ഇതേതുടർന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ച റെവന്യു ഇന്റലിജന്‍സ് വിഭാഗമാണ് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി എത്തിയ ഫാറൂഖിനെ കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളുമായാണ് 34കാരന്‍ റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വര്‍ണം കണ്ടെടുത്തത്. ഭര്‍ത്താവും, രണ്ടാമത്തെ ഭാര്യയും ചേര്‍ന്ന് ഇതു വരെ കൊണ്ടുവന്നത് മൊത്തം മൂന്ന് കോടിയുടെ സ്വര്‍ണമാണെന്ന് റെവന്യു ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ഡിആര്‍ഐ അന്വേഷണം തുടരുകയാണ്.

സ്വകാര്യ ബസുകളെ വാടകയ്ക്കെടുത്ത് ‘പ്രിയദർശിനി’യാക്കും: രക്ഷാപാക്കേജ് ഒരുക്കി കെഎസ്ആർടിസി.

0

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്നു പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിനു കൈമാറി. ബസുകളുടെ കാലാവധി 22 ൽനിന്ന് 25 വർഷമായി ഉയർത്തുക, സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയാണു സമിതിയുടെ പ്രധാന നിർദേശങ്ങൾ.

എംഎസ്എംഇ പരിഗണന നൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ കഴിയുമെന്ന് സമിതി ശുപാർശ ചെയ്യുന്നു.പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്. കിലോമീറ്റർ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇതു നടപ്പിലാക്കുക. രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസ് ക്രമീകരിക്കുക.

നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ തന്നെ പ്രതിമാസം വാഹന നികുതി അടയ്ക്കാൻ ഉടമകൾക്കു സൗകര്യമൊരുക്കണം. കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കേരള മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണം. യാത്ര ഫ്യുവൽസ് പമ്പുകളിൽനിന്ന് ഡീലർ നിരക്കിൽ സ്വകാര്യ ബസുകൾക്ക് ഇന്ധനം ലഭ്യമാക്കാനും നിർദേശമുണ്ട്. അവധി ദിവസങ്ങളിൽ നൽകുന്ന പ്രത്യേക പെർമിറ്റുകൾക്കായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഓൺലൈൻ വഴി വേഗത്തിൽ ലഭ്യമാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി നൽകണം. ഇതിനായി ഓരോ പരസ്യത്തിനും പ്രത്യേകം ഫീസ് ഈടാക്കുന്നതിനു പകരം പ്രതിവർഷം ഒറ്റത്തവണയായി മിതമായ തുക ഈടാക്കുന്നത് പരിഗണിക്കാം. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി സ്വകാര്യ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണം. പ്രിയദർശിനി സർവീസുകൾ നടക്കുന്ന റൂട്ടുകളിൽ സമയക്രമം സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിയുണ്ടാകണം.

ഇതിനായി മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഏകോപന സമിതികൾ രൂപീകരിക്കണം.ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ മൂന്ന് പേർ എന്നതിനു പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴിൽ വകുപ്പിന്റെ പരിഗണനയ്ക്കു വിടാനും സമിതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ നീട്ടി: സൗജന്യമായി പ്രതിരോധ കുത്തിവെപ്പെടുക്കാം.

0

കോഴിക്കോട്:ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ നീട്ടി. ആഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്ര തലം മുതലുള്ള ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു. ജില്ലയില്‍ ഇതുവരെ 12,944 (49 ശതമാനം) കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 1,499 കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴിയുള്ള വാക്‌സിനേഷന്‍ ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നല്‍കിയത്.ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവെപ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന് മുന്നോടിയായി ആദ്യഘട്ടത്തില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് എച്ച്.പി.വി വാക്‌സിന്‍ നല്‍കുന്നത്.*ഗര്‍ഭാശയഗള കാന്‍സറും പ്രതിരോധവും*ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്‌സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറില്‍ രണ്ടാം സ്ഥാനത്താണിത്.ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കാന്‍ നിലവില്‍ രാജ്യത്തുള്ള വാക്‌സിനാണ് എച്ച്.പി.വി വാക്‌സിന്‍. വിപണിയില്‍ 4000 രൂപ വിലവരുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എച്ച്.പി.വി വൈറസ് മൂലമുണ്ടാകുന്ന അണുബാധയില്‍നിന്ന് സുരക്ഷയൊരുക്കുന്ന ആന്റിബോഡികള്‍ വാക്സിന്‍ സ്വീകരിക്കുന്നയാളുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. സമയബന്ധിതമായ വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിങ്ങും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറക്കാനാകും.

കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാവ് ഭാര്യയെ കൊലപ്പെടുത്തി

0

മലപ്പുറം: വണ്ടൂരില്‍ കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കുന്നമ്മല്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് റഷീദ് വീട്ടിലെത്തിയപ്പോള്‍ കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി തര്‍ക്കംം തുടങ്ങിയത്. തര്‍ക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത ഫസീലയെ കുത്തുകയായായിരുന്നു. സാരമായി പരിക്കേറ്റ ഫസീലെയെ ഉടന്‍ തന്നെ വണ്ടൂരില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസമയം റഷീദ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. റഷീദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റഷീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും 

0

കോഴിക്കോട്: രണ്ട് ദിവസത്തെ അവധിക്ക് ശേഷം സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. വിവിധ കാര്‍ഡ് വിഭാഗങ്ങള്‍ക്ക് ലഭ്യമായ സൗജന്യവും, സബ്‌സിഡിയുള്ളതുമായ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ നിര്‍ദ്ദിഷ്ട അളവുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതിനിടയില്‍ സംസ്ഥാനത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും ഈ റേഷന്‍.ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ക്വാര്‍ട്ടറിലെ മണ്ണെണ്ണ വിതരണവും സെപ്റ്റംബര്‍ 3 മുതല്‍ ലഭിക്കും.

ബ്രേക്കിനു പകരം കാൽ അമർത്തിയത് ആക്സിലേറ്ററിൽ; നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി

0

കോഴിക്കോട് : ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ ചവിട്ടിയതോടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി. കോഴിക്കോട് ഡിസിസി ഓഫിസിന് തൊട്ടുമുന്നിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. അത്തോളി സ്വദേശിയായ യുവതിയാണ് കാർ ഓടിച്ചത്.ഇടറോഡിൽ നിന്ന് കയറിവരികയായിരുന്ന കാർ രണ്ട് ഇരുചക്രവാഹനക്കാരെ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതോടെ കാർ റോഡിനു നടുവിലുള്ള ഡിവൈഡറിൽ ഇടിച്ചുകയറി നിൽക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വെള്ളിമാട്കുന്ന് മാനാഞ്ചിറ റോഡിലാണ് അപകടം ഉണ്ടായത്

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

0

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചത്. ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള തിരച്ചിൽ അപകടം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവർത്തക‍ർ തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217 മൃതദേഹങ്ങളും നാവൽപരാസി വെസ്റ്റിൽ നിന്ന് 190 മൃതദേഹങ്ങളും നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഗോർഖയിൽ നിന്ന് 66, ധാദിങ്ങിൽ നിന്ന് 59, റസുവയിൽ നിന്ന് 45, തനഹുവിൽ നിന്ന് 38 മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തു എന്നാണ് അധികൃതർ അറിയിക്കുന്നത്.1,113 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും നിയമപരമായ തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കിയതായും പൊലീസ് അറിയിച്ചു. ഇതുവരെ 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാതായ ബന്ധുക്കളെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലകളിൽ നിന്ന് ഇതുവരെ 6,541 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ 4,858 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ അറിയിച്ചു.ദുരന്തത്തിൽ നിരവധി വിദേശ പൗരന്മാരെയും കാണാതായിട്ടുണ്ട്. നേപ്പാളിൽ മാത്രം 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 583 വിദേശ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെയും കാണാനില്ലെന്നും റിപ്പോർട്ട് ഉണ്ട്. നേപ്പാളിൽ കാണാതായതിൽ വിദേശ പൗരന്മാരിൽ ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗങ്ങളിലൊന്ന്. 275 ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ വംശജരായ 128 പേരെയും കാണാതായതായി ന്യൂഡൽഹി അറിയിച്ചു. 85 അമേരിക്കൻ പൗരന്മാരെ കാണാതായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഞായറാഴ്ച അറിയിച്ചു.നേപ്പാളിലെ ടൂറിസം അധികൃതരിൽ നിന്നും വിവിധ രാജ്യങ്ങളുടെ എംബസികളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം 62 യുക്രെയ്ൻ പൗരന്മാരെയും 51 മലേഷ്യൻ പൗരന്മാരെയും 42 ഓസ്‌ട്രേലിയൻ പൗരന്മാരെയും 33 ബ്രിട്ടീഷ് പൗരന്മാരെയും കാണാതായിട്ടുണ്ട്. അതേസമയം നേപ്പാളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തുന്ന നദികളിൽ നിന്ന് 17 മൃതദേഹങ്ങൾ ഇന്ത്യയിലെ ഉത്തർപ്രദേശ് അധികൃതർ കണ്ടെത്തി. പ്രളയത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ഇന്ത്യൻ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇവ നേപ്പാളിലെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല.