spot_img
Friday, November 20, 2026
Home Blog Page 73

ബസിനൊരു മുത്തം, ടയറില്‍ തൊട്ടുതൊഴുതു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കല്‍ നിമിഷം.

0

കുമളി : എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുന്‍വശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ ഒന്ന് നോക്കി, പിന്നാലെ ആ ഡ്രൈവര്‍ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മു‍ന്‍ വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കല്‍ നിമിഷം സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ യാത്ര പറച്ചിലാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.

കുഞ്ഞിന്റെ ‍ഡയപ്പറിൽ ഒളിപ്പിച്ച് കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

0

കോഴിക്കോട് : കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. മലപ്പുറം പൊന്നാനി സ്വദേശിയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ നിന്നാണ് സ്വർണമിശ്രിതം പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.ഇയാളും മൂന്നു മക്കളുമാണ് റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയത്. അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വർണമാണ് കുട്ടിയുടെ ഡയപ്പറിൽ കണ്ടെത്തിയത്. തുടർപരിശോധനയിൽ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ബാക്കി സ്വർണമിശ്രിതം ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം; നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

0

തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ഉല്‍പ്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്‌സ് അളവ് നിശ്ചയിക്കണമെന്നും ആവശ്യമുന്നയിച്ചു. അമൃതം പൊടിയുടെ പാക്കേജില്‍ പോഷക വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അനിവാര്യമാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട അളവും പാക്കേജില്‍ കൃത്യമായി വ്യക്തമാക്കണം. ഇതു സംബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.അമൃതം പൊടിയില്‍ 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ആറുമാസം മുതല്‍ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ദിവസം 135 ഗ്രാം എന്ന കണക്കില്‍ പലഹാരമായോ കുറുക്കിയോ നല്‍കാമെന്നതാണ് അംഗനവാടികളില്‍ നിന്നു നല്‍കുന്ന നിര്‍ദേശം.നേരത്തെ ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശവുമായി വനിത-ശിശുവികസന വകുപ്പും രംഗത്തെത്തിയിരുന്നു. അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ 20 ശതമാനം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. കുട്ടികള്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ ഇത്രയും പഞ്ചസാര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നും വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം

0

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ആദ്യം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു.പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോൾ കാർ പൂർണമായും അഗ്നിക്കിരയായിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി. ഉടൻ തന്നെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. എന്നാൽ അതിനോടകം തന്നെ സുധാകരൻ മരണപ്പെട്ടിരുന്നു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്.

0

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയാണ് 38 വാ‍‍ർഡുകളില്‍ ഉപതെരഞ്ഞെടുപ്പ്. ഫാത്തിമ തഹ്‍ലിയ പ്രതിനിധീകരിച്ച കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർ ഷാ പാലോട് അംഗമായിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ തുടങ്ങി ദീപക് ജോയ്, ടി എം ശശി, സുമേഷ് അച്യതൻ, വിനു ജോബ്, സി വി ശാന്തകുമാർ എന്നിവരുടെ വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.സെപ്തംബർ മൂന്ന് മുതൽ പത്ത് വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 309713 പേരാണ് വോട്ടർ പട്ടികയിലുളളത്.മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്. കൊല്ലം ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ ( എറണാകുളം, കോഴിക്കോട് )മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ( തിരുവനന്തപുരം, കോട്ടയം, പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ,23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

സസ്പെൻഷനിലുള്ള എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല; പട്ടിക പിൻവലിച്ച് ഡിജിപി

0

തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു. ഡിജിപിയാണ് പട്ടിക പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വർക്കല പൊലീസ് സ്റ്റേഷന്‍റെ ചുമതലയാണ് അജിത്കുമാറിന് നൽകിയിരുന്നത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ചുമതല നൽകിയത് മീഡിയവൺ വാർത്തയാക്കിയിരുന്നു.സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്നോ ഫീൽഡ് ഡ്യൂട്ടികളിൽ നിന്നോ മാറ്റിനിർത്തുകയാണ് പതിവ്. എന്നാൽ, ഈ കീഴ് വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് വിവാദ ഉത്തരവുണ്ടായത്. സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തി സസ്പെൻഷനിൽ തുടരുകയാണ് അജിത്കുമാർസീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ സസ്പെൻഷനിലുള്ള എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ.

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര്‍ വിലയിലാണ് വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ ഈ വിലവര്‍ധന ഹോട്ടലുകള്‍, ഭക്ഷ്യോത്പ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടര്‍ച്ചയായ വില വര്‍ധനയുണ്ടായപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ന്നിരുന്നു.

കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപെട്ടു; ഓണത്തിനുള്ള വസ്ത്രം നൽകാൻ അഞ്ജനയെ വിളിച്ചുവരുത്തി കൊലപാതകം.

0

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ ചുരുളഴിയുന്നില്ല. കൊലപാതകത്തിനു തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നതായും ഉല്ലാസവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന മൊഴി. കൊലപ്പെടുത്താന്‍ എത്തിയതെന്നറിയാതെ അനിലയെ ആന്‍ വീട്ടിലേക്ക് സ്വീകരിച്ചത് ഹൃദ്യമായെന്ന് ബന്ധുവിൻ്റെ വെളിപ്പെടുത്തൽ.മാസങ്ങള്‍ക്ക് മുമ്പ് വരെ യുവതികള്‍ ഒരേ അപാര്‍ട്‌മെന്റില്‍ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആന്‍ മേരി മാത്യു 10 കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. അവിടെയാണ് അനില കൊലപാതകത്തിനായി ആദ്യമെത്തിയത്. ആ സമയത്ത് ആന്‍ ബന്ധുവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നും വളരെ സന്തോഷത്തോടെ അനിലയെ സ്വീകരിക്കുന്നത് മറുതലക്കല്‍ നിന്നും താന്‍ കേട്ടതായും ബന്ധു വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ആ സംഭാഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു എന്നാണ് ബന്ധുവിൻ്റെ വെളിപ്പെടുത്തൽഅതേസമയം ഒരേ അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന അഞ്ജനയെ അനില താഴേക്ക് വിളിച്ച് ഇറക്കുകയായിരുന്നു. ഓണാഘോഷത്തിനായി ഇവര്‍ തയ്ക്കാന്‍ നല്‍കിയ വസ്ത്രം ലഭിച്ചുവെന്നു പറഞ്ഞാണ് അഞ്ജനയെ താഴേക്ക് വിളിച്ചതെന്നാണ് വിവരം. ഇവര്‍ തമ്മില്‍ അതുവരെ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ യാതൊരു അസ്വാഭാവികതയും കൂടാതെയാണ് അഞ്ജന താഴേക്ക് പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഈ സമയത്ത് ജോലി സ്ഥലത്തായിരുന്ന തന്നോട് പറഞ്ഞ ശേഷമാണ് അഞ്ജന അനിലക്ക് അടുത്തേക്ക് പോയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. താഴേക്ക് എത്തിയപ്പോഴാണ് കാറിടിച്ച് കൊലപ്പെടുത്തിയത്.അഞ്ജന കൊല്ലപ്പെട്ട വിവരം പറയുന്നതിനായി ആന്‍ മേരി മാത്യുവിനെ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെയാണ് ആനിന്റെ ഭര്‍ത്താവ് ഫ്‌ളാറ്റിലേക്ക് ചെല്ലുകയും ആന്‍ കൊല്ലപ്പെട്ടതായി കാണുകയും ചെയ്യുന്നത്. ആന്‍ ഫ്‌ളാറ്റില്‍ തന്നെ കുത്തേറ്റ് ചോരവാര്‍ന്ന് നിലയില്‍ കിടക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. ആനിന്റെ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അനില കൊണ്ടുപോയതാകാം എന്നാണ് സംശയിക്കുന്നത്.കൊലപാതകത്തിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ജോലി നഷ്ടപ്പെട്ടതിലും വര്‍ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിലും അനില അസ്വസ്ഥയായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അനിലയെ പൊലീസ് സാന്‍ഹോസെ സൈക്ലിക് ജയിലിലേക്ക് മാറ്റിയെന്നാണ് സൂചന.കൊല്ലപ്പെട്ട യുവതികളില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടത്തും. വെള്ളിയാഴ്ചയോടുകൂടി എംബസിയില്‍ പേപ്പറുകള്‍ പൂര്‍ത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.

കിടപ്പുരോഗി പരിചരണത്തിൽ പുതിയ കോഴ്സ് ആരംഭിക്കാൻ ജില്ല പഞ്ചായത്ത്

0

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തികൾ വൈകുന്നതിൽ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിമർശനം. വടകര ഗവ. ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ നിർമാണ പദ്ധതിയിൽ ടാങ്കുകൾ മാറ്റി സ്ഥാപിക്കുന്നതിനു പുതിയ പദ്ധതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചക്ക് എടുത്തപ്പോഴാണ് വിമർശനം ഉയർന്നത്. സൊസൈറ്റി തകർച്ചയുടെ വക്കിലാണെന്നും അതിനാൽ ഇനിയും പ്രവൃത്തികൾ നൽകുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും ഭരണസമിതി അംഗം പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടുയു.എൽ.സി.സി തകർച്ചയിലാണെന്നു പറയുന്നത് ശരിയല്ലെന്ന് ഒ.കെ. മുരളീധരൻ പറഞ്ഞു. യു.എൽ.സി.സി ഏറ്റെടുത്ത പ്രവൃത്തികളുടെ തുക സർക്കാറിൽ നിന്നും ലഭിക്കുന്നില്ലെന്നും അതിനു പരിഹാരം കാണണമെന്നും എ.കെ. മണി പറഞ്ഞു. മുൻ സർക്കാറാണ് ഫണ്ട് കുടിശ്ശിക വരുത്തിയതെന്നു പി.ജി. മുഹമ്മദും പറഞ്ഞു. സർക്കാറുകൾ തുടർച്ചയാണെന്നും അതിനാൽ അടിയന്തരമായി ഫണ്ട് നൽകുകയാണ് വേണ്ടതെന്നു മുരളീധരനും ആവശ്യപ്പെട്ടു. ചർച്ച ചൂടേറിയപ്പോൾ പ്രസിഡന്റ് മില്ലി മോഹൻ ഇടപെട്ടു.വടകര ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ പദ്ധതിയിലെ നിലവിലെ പ്രവൃത്തി യു.എൽ.സി.സി ചെയ്യുന്നതിനാൽ ടാങ്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച രണ്ടു ലക്ഷം രൂപയുടെ പ്രവൃത്തിയും യു.എൽ.സി.സിക്കു നൽകാൻ തീരുമാനിച്ചു. സ്കൂളുകളുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾ ഗുണഭോക്തൃ സമിതി എന്ന നിലയിൽ പി.ടി.എക്ക് ഏറ്റെടുത്തു നടത്താമെന്നതിനാൽ അത്തരം നടപടികളുമായി മുന്നോട്ടു പോകാൻ നിർദേശം ഉയർന്നു. ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരു പ്രവൃത്തിക്കു പകരം രണ്ടു പ്രവൃത്തികൾ വരെ നടത്താനാകുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത് പറഞ്ഞു.

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം.

0

തിരുവനന്തപുരം : ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നിവര്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യില്‍ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നല്‍കും. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിനും അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദിഷ്ട ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി അടച്ച രസീതിയുടെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം നല്‍കണം. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍നിന്നുള്ള സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 10-നകം അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2300523, 24, 2302090. ഇ-മെയില്‍: director.mwd@gmail.com.