spot_img
Friday, November 20, 2026
Home Blog Page 74

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം.

0

തിരുവനന്തപുരം : ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നിവര്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യില്‍ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നല്‍കും. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിനും അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദിഷ്ട ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി അടച്ച രസീതിയുടെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം നല്‍കണം. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍നിന്നുള്ള സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 10-നകം അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2300523, 24, 2302090. ഇ-മെയില്‍: director.mwd@gmail.com.

എൽനിനോ തുടരുന്നു: സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്. കാലവര്‍ഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ നിലവില്‍ ലഭിച്ചത് 1365.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നുണ്ട്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയിൽ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍ 45ശതമാനവും കൊല്ലത്ത് 30 ശതമാനവും തൃശ്ശൂരില്‍ 27 ശതമാനവും പാലക്കാട് 26 ശതമാനവും മഴക്കുറവ് ഉണ്ടായി.സെപ്റ്റംബര്‍ ആദ്യവാരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴയാകും ലഭിക്കുക. എല്‍ നിനോ പ്രതിഭാസം ശക്തമായി തുടരുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എല്‍ നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ ലഭ്യതയെ പ്രതികൂലമായി ബാധിക്കും.കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ ആറ് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം.

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ രാത്രി 12-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

തബലിസ്റ്റു കൂടിയാണ്. പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ട് ഗാനശാഖയില്‍ മൂവായിരത്തിലധികം അനശ്വര ഗാനങ്ങള്‍ അബൂബക്കര്‍ സമ്മാനിച്ചിട്ടുണ്ട്.യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്. സുജാത, എംജി ശ്രീകുമാര്‍, അഫ്‌സല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ അബൂബക്കറിന്റെ സംവിധാനത്തില്‍ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ അവുക്കയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്.

ദേവരാജന്‍ മാസ്റ്ററുടേയും രവി ബോംബെയുടേയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. പ്രശസ്ത സിനിമാ താരം മാമുക്കോയ അവുക്കയുടെ സഹപാഠിയാണ്. പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അവുക്കയുടെ സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവരാണ് മക്കള്‍.

അവസാനം അയാൾ ഇങ്ങനെ എഴുതി; ഇനി മുതൽ ഞാൻ നിങ്ങളുടെ ഭാഗമാണ്, വിജയങ്ങളുടെ കാലത്ത് മാത്രമല്ല… എല്ലായിപ്പോഴും.

0

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല… അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു.”ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച കാര്യം, നാഷണൽ ടീമിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം, ഞാൻ നിങ്ങളെ അറിയിക്കുന്നു.നെഞ്ച് തകർക്കുന്ന തീരുമാനമാണത്. ഉള്ളു പൊള്ളിക്കുന്നത്. പക്ഷേ ആ സമയമായി. ഈ ജേഴ്‌സിയണിഞ്ഞ് കൊണ്ട്, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന സകലരും അർജന്റീനക്കാർ എന്ന നിലയിൽ അഭിമാനിക്കുന്നതിൽ, സന്തോഷിപ്പിക്കുന്നതിൽ, ആവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്; തുടർ വിജയങ്ങളുടെ കഥകൾ പറയാനുള്ള സമീപകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും.ആ അധ്യായങ്ങളെല്ലാം അവസാനിക്കുകയാണ്. കഥ തീരാൻ അധികം സമയമില്ല. ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നാഷണൽ ടീമിന്റെ ഭാഗമായിരിക്കുക എന്നത് ഞാൻ എത്രയോ ഇഷ്ടപ്പെടുന്ന കാര്യമാണ്. എല്ലാക്കാലത്തും അത്യധികം ഇഷ്ടമുള്ള കാര്യം. എനിനുള്ളതെല്ലാം ഞാൻ നൽകി. ഇനിയൊന്നും എനിക്ക് നൽകാനില്ല എന്ന് തോന്നുന്നു. അതിനെല്ലാം ഉപരിയായി, അത്യഗ്രനായി കളിക്കുന്ന എത്രയോ യുവാക്കൾ ഉയർന്ന് വരുന്നുണ്ട്. അവരാണ് ഇനി നാഷണൽ ടീമിൽ ഉണ്ടാകേണ്ടത്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിങ്ങൾ നിർലോഭം നൽകിവരുന്ന സ്‌നേഹത്തിന് പെരുത്ത് നന്ദി. നിങ്ങളുടെ സ്‌നേഹാരവം ടീമിന്റെ ഭാഗമായി അനുഭവിക്കുന്ന സന്തോഷം എനിക്ക് നഷ്ടമാകും. ഇനി മുതൽ ഞാൻ നിങ്ങളുടെ ഭാഗമാണ്. വിജയങ്ങളുടെ കാലത്ത് മാത്രമല്ല, എല്ലായിപ്പോഴും, എന്ത് സംഭവിച്ചാലും പുറത്ത് നിന്ന് ആർത്ത് വിളിക്കുകയും ആനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒപ്പം.അതിമനോഹമെങ്കിലും അതികഠിനമായ ഈ യാത്രത്തിൽ, എല്ലാക്കാലത്തും എനിക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിന് നന്ദി. പരിശീലകർക്ക്, സഹകളിക്കാർക്ക്, നേതാക്കൾക്ക്… ഒരോരുത്തർക്കും നന്ദി. അവർക്കൊപ്പം ഉണ്ടാവുക എന്നത് എന്റെ ഭാഗ്യമായിരുന്നു. ഒരോ ഓർമ്മയും അവിസ്മരീയമായ മുഹൂർത്തങ്ങളും എല്ലാക്കാലത്തും എനിക്കൊപ്പമുണ്ടാകും.എന്റെ കളിക്കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന സ്വപ്‌നസമാനമായ സമയങ്ങളെ കൂടെ കൂട്ടിയാണ്, അഭിമാനത്തോടെയും സമാധാനത്തോടെയും ഞാൻ യാത്രയാകുന്നത്. നിങ്ങൾക്കെല്ലാമൊപ്പമുള്ള സമയമെന്തൊരു മനോഹരമായിരുന്നു! ഐ ലവ് യൂ!! എന്നെ അർജന്റീനക്കാരനാക്കിയ ദൈവമേ, നന്ദി!!! ഗോ അർജന്റീന!!!!ഇത് ജൂലായ് 21ന് ഞാനെഴുതിയതാണ്; ഫൈനൽ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം. ഇന്ന്, എന്നെ ഡാഡി എന്നെ വിട്ട് പോയതിന് ശേഷം ഇക്കാര്യത്തിന് എനിക്ക് കൂടുതൽ വ്യക്തതയുണ്ട്.”നന്ദി ലിയോ നിങ്ങൾ ഞങ്ങൾക്ക് ആവേശമായതിന്…

ലയണല്‍ മെസി വിരമിച്ചു.

0

ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന ജേഴ്‌സിയില്‍ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി.2022ലെ ലോകകപ്പ് അര്‍ജന്റീനയ്ക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായി. പക്ഷേ ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചില്ല

ചരിത്രവും പൈതൃകവും കൺമുന്നിൽ; വിദ്യാർത്ഥികളുടെ ‘സീൻ’ എക്സ്പോ ശ്രദ്ധേയമായി

0

ഓമശ്ശേരി: ഉൽപ്പംകണ്ടി ഇർഷാദുസ്സിബ്‌യാൻ സെക്കൻഡറി മദ്രസയിൽ മീലാദ് പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സീൻ’ എക്സ്പോ വേറിട്ട കാഴ്ചാനുഭവമായി.അറബി അക്ഷരമാലയിലെ ‘സീൻ’ എന്ന അക്ഷരത്തെ പ്രമേയമാക്കി മദ്രസയിലെ പെൺകുട്ടികൾ തയ്യാറാക്കിയ ചരിത്ര-പൈതൃക മാതൃകകളും വിവിധ പ്രദർശനങ്ങളുമാണ് എക്സ്പോയിൽ ഒരുക്കിയത്. നിരവധിയാളുകൾ എക്സ്പോ സന്ദർശിച്ചു.ഇസ്‌ലാമിക ചരിത്രവും പൈതൃകവും ലോകചരിത്രത്തിലെ വിവിധ ഘട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രദർശനം.മക്കയും മദീനയും പഴയ മദീന പള്ളിയും പതിനാറാം നൂറ്റാണ്ടിലെ വീടുകളുടെ മാതൃകകളും പഴയ ഫലസ്തീനും യുദ്ധവും നാശവും നേരിടുന്ന ഇന്നത്തെ ഫലസ്തീന്റെ ദൃശ്യാവിഷ്കാരവും വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു.പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഹിറാ ഗുഹയുടെ മാതൃക,ഇസ്റാഅ്-മിഅ്റാജ് യാത്രയുടെ ദൃശ്യാവിഷ്കാരം,വിവിധ പുരാതന വസ്തുക്കൾ,പഴയകാല ജീവിതരീതികളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ തുടങ്ങിയവയും എക്സ്പോയിൽ ഇടംപിടിച്ചു.മനുഷ്യൻ സമ്പന്നനായാലും ദരിദ്രനായാലും പദവിയുള്ളവനായാലും സാധാരണക്കാരനായാലും മരണത്തോടെ എല്ലാവരും ഒരേ മണ്ണിലേക്ക് മടങ്ങുന്നുവെന്ന സന്ദേശവും പ്രദർശനത്തിലൂടെ വിദ്യാർത്ഥിനികൾ പകർന്നു നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും പ്രോത്സാഹനവും പരിപാടിയുടെ വിജയത്തിന് കരുത്തേകി. വിദ്യാർത്ഥികളുടെ കൈകളിലൂടെ ചരിത്രത്തെ പുനരാവിഷ്കരിക്കുകയും പൈതൃകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യ ശ്രദ്ദേയമായ ‘സീൻ’ എക്സ്പോ മദ്രസാതലത്തിൽ വേറിട്ട മാതൃകയായി മാറി.എക്സ്പോ ഓമശ്ശേരിഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പ്രധാനാധ്യാപകൻ അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.മലയമ്മ റെയ്ഞ്ച് എസ്.കെ.ജെ.എം.പ്രസിഡന്റ്റ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മുസ്‌ലിയാർ മലയമ്മ, മദ്രസ പ്രസിഡന്റ് യു.എച്ച്. ഇബ്രാഹീം കുട്ടി ഹാജി.ജനറൽ സെക്രട്ടറി യു.കെ.എ.അസീസ് മുസ്‌ലിയാർ,കെ.ടി. മുഹമ്മദ്,തടായിൽ അബൂഹാജി,വി.സി. അബൂബക്കർ ഹാജി,കെ.ടി.എ. ഖാദർ,സി.വി. ബഷീർ,എ.ടി. ശംസുദ്ദീൻ,റഹീസ് അശ്അരി മലയമ്മ,അൻവർ സഫാദ് വാഫി,മുഹമ്മദലി മുസ്‌ലിയാർ നടമ്മൽ പൊയിൽ,കെ.ടി. ഇബ്രാഹീം ഹാജി,യു.കെ. അബു ഹാജി,യു.കെ.മൊയ്തീൻ ഹാജി,കെ.ടി. കബീർ,സി.മുസ്തഫ ദാരിമി,പി. സുൽഫിക്കർ മാസ്റ്റർ,കെ.ടി.ഹാരിസ്,യു.കെ. ഷാഹിദ്,ഡോ.യു.അബ്ദുൽ ഹസീബ്,ടി.പി.മുനീർ തുടങ്ങിയവർ സംസാരിച്ചു.ഫോട്ടോ: ഉൽപ്പംകണ്ടി ഇർഷാദുസ്സിബ്‌യാൻ സെക്കൻഡറി മദ്രസയിൽ സംഘടിപ്പിച്ച ‘സീൻ’ എക്സ്പോ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.

അടിവാരം ബസ് സ്റ്റാന്റിലേക്ക് നടപ്പാത നിർമ്മിക്കണം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകി

0

അടിവാരം: അടിവാരം അങ്ങാടിയിൽ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകുന്നതിന് ദേശീയപാത (NH 766) യോരത്ത് അടിയന്തിരമായി നടപ്പാത സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി. പി.കെ. ബഷീറിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ബിജു താന്നിക്കാകുഴി നിവേദനം നൽകി.അടിവാരം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാതയ്ക്ക് അഭിമുഖമായി എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജമാക്കിയ പുതിയ ബസ് സ്റ്റാന്റ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്.

എന്നാൽ അടിവാരം അങ്ങാടി ഭാഗത്ത് നിന്നും ബസ് സ്റ്റാന്റിലേക്ക് ദിവസേന പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് പാതയോരത്ത് നടപ്പാതയില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. അപകട സാധ്യത വളരെയേറെയുള്ള ഈ പാതയിൽ അടിയന്തിരമായി നടപ്പാത നിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.കഴിഞ്ഞ ഓഗസ്റ്റ് 29-ന്. തിരുവമ്പാടി എം.എൽ.എ.. സി.കെ. കാസിമിന്റെ അധ്യക്ഷതയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സർവ്വകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വേഗത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കുന്ദമംഗലത്ത് കിണറ്റിൽ വീണ് പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

0

കുന്ദമംഗലം : കിണറിലെ മോട്ടോർ നന്നാക്കാൻ ഇറങ്ങുന്നതിനിടയിൽ കിണറ്റിൽ വീണ് പരിക്കേറ്റ യുവാവിനെ വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യൂണിറ്റ് രക്ഷപ്പെടുത്തി. കുന്ദമംഗലം അരഞ്ഞോളിച്ചാലിലാണ് സംഭവം.മോട്ടോർ അറ്റകുറ്റപ്പണിക്കായി കിണറ്റിലേക്ക് ഇറങ്ങവേ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് സാരമായി പരിക്കേറ്റതോടെ യുവാവിന് സ്വയം കരയ്ക്ക് കയറാൻ സാധിക്കാതെയായി. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.ഫയർ സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. എം. റെജിൻ കിണറ്റിലിറങ്ങി റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

പൊതുജനങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനാകുക മൂന്ന് ദിവസം മാത്രം; തിരക്കിലെന്ന് വിശദീകരണം

0

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയം വെട്ടിച്ചുരുക്കി. നിലവില്‍ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് സന്ദര്‍ശന അനുമതി.തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വൈകിട്ട് മൂന്നര മുതല്‍ അഞ്ചര വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍ എന്നിവരെയാകും മുഖ്യമന്ത്രി ആദ്യം കാണുക. ഇതിന് ശേഷമായിരിക്കും മറ്റുള്ളവരെ കാണുക. നിയന്ത്രണം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് സമയം വെട്ടിച്ചുരുക്കിയതെന്നാണ് വിശദീകരണംമുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളില്‍ പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. മൂന്ന് മുതല്‍ അഞ്ച് വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയം.

ഡ്രാഗൺ ഹൗസ്! 10 തൈകളിൽ തുടങ്ങി, ഇപ്പോൾ 140 ചെടികളിലെത്തി; കൃഷി ടെറസിൽ 20 ലീറ്റർ പെയിന്റ് ബക്കറ്റുകളിൽ.

0

കോഴിക്കോട് : കൃഷി നിങ്ങളുടെ അഭിരുചിയാണെങ്കിൽ, അതു നിങ്ങളുടെ ഹൃദയത്തിലുണ്ടെങ്കിൽ ഏക്കറുകണക്കിനു സ്ഥലമൊന്നും വേണ്ട അതു വിജയിപ്പിക്കാനെന്നു തെളിയിച്ചതാണ് പി.വിശ്വന്റെ കഥ. ഫറോക്ക് നഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിൽ ഉൾപ്പെട്ട പനോളിപറമ്പിലെ ഇരുനില ടെറസ് വീടിനു മുകളിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയാണ് ഈ അഭിരുചിയുടെ കഥ പറയുന്നത്. കൃഷിയോട് പണ്ടു മുതലേയുള്ള വിശ്വന്റെ താൽപര്യത്തിന് ഡ്രാഗൺ ഫ്രൂട്ടിലൊരു സാധ്യതയുണ്ടെന്ന സൂചന നൽകിയതു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളാണ്.ജില്ലയിൽ ഈ രീതിയിൽ കൃഷി വിജയിപ്പിച്ച ചിലരുടെ അനുഭവസാക്ഷ്യങ്ങൾ വിശ്വനു പ്രോത്സാഹനവുമായി. 10 തൈകളിൽ തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ 140 ചെടികളിലെത്തി. 5 വർഷമായി വിശ്വൻ ഈ രംഗത്തുണ്ട്. പൂർണമായും ജൈവ കൃഷിയാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാർ വിശ്വനെ തേടിയെത്തുകയാണ് പതിവ്. വിപണിയിൽ നിന്നു ലഭിക്കുന്ന പഴത്തേക്കാൾ രുചിയും ഗുണവും ഉയർന്ന നിലവാരത്തിൽ നമ്മുടെ സ്വന്തം തോട്ടത്തിലെ ഉൽപന്നങ്ങൾക്കു ലഭിക്കുമെന്നു സ്വന്തം അനുഭവത്തിലൂടെ ഇദ്ദേഹം ഉറപ്പു നൽകുന്നു.20 ലീറ്റർ പെയിന്റ് ബക്കറ്റുകളിലാണ് ഇദ്ദേഹം തന്റെ ടെറസിനു മുകളിൽ ഈ കൃഷി ചെയ്യുന്നത്. ചെടിയിൽനിന്ന് മൂത്ത കമ്പ് 10 ഇഞ്ച് വലുപ്പത്തിൽ മുറിച്ചെടുത്താണ് തൈകളാക്കാൻ വേരു പിടിപ്പിക്കുന്നത്. 3 മാസം വളർച്ചയായാൽ ബക്കറ്റിലേക്ക് മാറ്റിനടും. മുക്കാൽ ഇഞ്ച് വലുപ്പത്തിൽ 3 ദ്വാരങ്ങൾ ഇട്ട ബക്കറ്റിൽ കരിയില, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോർ, മണ്ണ് എന്നിവ ചേർത്ത മിശ്രിതം ബക്കറ്റിന്റെ പാതി ഭാഗത്ത് നിറച്ച ശേഷം അതിലേക്കാണ് തൈകൾ മാറ്റി നടുന്നത്. പിന്നീട് പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, ശർക്കര എന്നിവ ചേർത്ത ലായനി 5 ദിവസംകൊണ്ടു പുളിപ്പിച്ചെടുത്തശേഷം നേർപ്പിച്ചു വളമായി നൽകും. ഒരു കപ്പ് ലായനിയിൽ 9 കപ്പ് വെള്ളം ചേർത്താണ് നേർപ്പിക്കുക. 8 മാസത്തിനകം പൂവിടും. 30 ദിവസംകൊണ്ട് കായ്‌ഫലം ലഭിച്ചുതുടങ്ങും. 15 പഴങ്ങൾ വരെ ഒരു ചെടിയിൽനിന്നു ലഭിക്കുന്നുണ്ട്.വളത്തിനൊപ്പം നല്ല വെയിലാണു ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യം. വെള്ളം കെട്ടിനിൽക്കാതെ ചെടികൾ സംരക്ഷിക്കുകയാണ് പരിചരണത്തിൽ പ്രധാനവും. താൽപര്യമുള്ള ആർക്കും ഈ കൃഷി ചെയ്യാവുന്നതാണെന്ന് സ്വന്തം അനുഭവം വ്യക്തമാക്കി അദ്ദേഹം ഉറപ്പു നൽകുന്നു. ആവശ്യക്കാർക്ക് തൈകളും കൃഷിരീതിയും വിശ്വനിൽ നിന്നു ലഭിക്കും. വിളിക്കാം: 98472 48569.ടെറസിനു പുറത്തും ഇദ്ദേഹത്തിന് അത്യാവശ്യം മറ്റു കൃഷികളുമുണ്ട്. വീടിന് ചുറ്റും മഞ്ഞൾ, കപ്പ, ചേന എന്നിവയാണു കൃഷി ചെയ്യുന്നത്. 8 വലിയ ചട്ടികളിലായി വളർത്തുന്ന കുറ്റിക്കുരുമുളകു ചെടികളിൽ നിന്ന് വീട്ടാവശ്യത്തിനുള്ള കുരുമുളകും ലഭിക്കുന്നുണ്ട്.