ദുബൈയിൽ ഡ്രൈവറില്ലാ വാഹനത്തിൽ സൗജന്യ യാത്ര ചെയ്യാൻ അവസരം
ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനത്തില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം. ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലെ ഇന്നൊവേഷന്‍ സെന്ററാണ് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുന്നത്. പാര്‍ക്കിലെ സന്ദര്‍ശകര്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ (സ്മാര്‍ട്ട് നൂതന ഓട്ടോണമസ് ബസുകള്‍) സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ഇന്നൊവേഷന്‍ സെന്ററിലും സോളാര്‍ പാര്‍ക്കിലെ ഇന്നൊവേഷന്‍ ട്രാക്കിലുമാണ് ബസ് സന്ദര്‍ശകരെ കൊണ്ടുപോവുക.ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി.) കജജ മോഡല്‍ ഉപയോഗിച്ചുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ പാര്‍ക്കാണ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക്. 5000 മെഗാവാട്ട് ശുദ്ധ വൈദ്യുതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കിന്റെ നിര്‍മാണം. പദ്ധതിയുടെ ആകെ ചെലവ് 50 ബില്യന്‍ ദിര്‍ഹമാണ്.
യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും
ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഗോ എയറിന് പിന്നാലെയാണ് എയർ ഇന്ത്യയും സമാന തീരുമാനമെടുത്തത്.ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.ഇന്ത്യയിലെ വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണമെന്നും എയർ ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ യാത്ര അനുവദിക്കുന്നുണ്ട്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഷുറൻസ് മറക്കരുതേ
ദുബായ് ∙ യുഎഇയിലേക്കു യാത്രാ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ എത്തി രോഗബാധിതരായി വൻ കടക്കെണിയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. മലയാളികൾ അടക്കമുള്ളവർ ഇങ്ങനെ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയാതെ വലയുകയാണ് അധികൃതരും. എക്സ്പോയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ ഇങ്ങനെ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടുത്ത സമയത്തു വിസിറ്റ് വീസയിലെത്തി ദുബായിലെ ആശുപത്രികളിൽ 60 ലക്ഷം രൂപയ്ക്കു മേൽ കടക്കെണിയിലായി മലയാളി ഉൾപ്പെടെ 3 പേർ കഴിയുന്നുണ്ട്. മറ്റ് എമിറേറ്റുകളിലെ ആശുപത്രികളിലും ഇങ്ങനെയുള്ളവരുണ്ട്. കോവിഡിന്റെ ചികിത്സയ്ക്കുള്ള പരിരക്ഷയ്ക്കുള്ള ഇൻഷുറൻസ് മാത്രമെടുത്ത് വരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും എന്നാൽ സ്ട്രോക്ക് ഉൾപ്പടെയുള്ളവ പിടിപെട്ടാണു പലരും ആശുപത്രികളിൽ കഴിയുന്നതെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ വിങിലെ സന്നദ്ധ പ്രവർത്തകൻ പ്രവീൺ ചൂണ്ടിക്കാട്ടി. 20 മുതൽ 25 ദിർഹം മാത്രം ചെലവാക്കിയാണ് ഇങ്ങനെ കോവിഡ് പരിരക്ഷ നേടുന്നത്. ഇതു പോലും ഇല്ലാതെ എത്തുന്നവരുമുണ്ട്. അതേ സമയം ചില ഏജൻസികൾ വ്യാജ ഇൻഷുറൻസ് രേഖകൾ നൽകിയും യാത്രക്കാരെ കൊണ്ടു വരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. മുൻപും യാത്രാ ഇൻഷുറൻസ് ഇല്ലാതെയെത്തി രോഗ ബാധിതരായി മാസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ് കോടികളുടെ കടക്കെണിയിലായവരുടെ ധാരാളം അനുഭവങ്ങൾ മനസ്സിലാക്കിയിട്ടും വീണ്ടും ആളുകൾ ഇങ്ങനെ എത്തുന്നത് കഷ്ടമാണെന്ന് പ്രവീൺ പറയുന്നു. കോൺസുലേറ്റും ഇവിടുത്തെ സുമനസ്സുകളായ പ്രവാസികളും ഒരുമിച്ച് പ്രവർത്തിച്ചാണ് പലപ്പോഴും ഇങ്ങനെയുള്ളവരെ നാട്ടിൽ എത്തിക്കുന്നത്. നാട്ടിൽ നിന്ന് ടിക്കറ്റെടുക്കുമ്പോൾ തന്നെ ഇൻഷുറൻസ് കാര്യവും ശ്രദ്ധിക്കണമെന്നു പ്രവീൺ ചൂണ്ടിക്കാട്ടുന്നു..
ചോദിച്ചു വാങ്ങാൻ മടിക്കേണ്ട…
ടൂറിസ്റ്റ് വീസയിൽ ഏതു സ്ഥലത്തേക്കു പോകുന്നവരും ടിക്കറ്റിനൊപ്പം യാത്രാ ഇൻഷുറൻസ് ചോദിച്ചു വാങ്ങിയിരിക്കണമെന്ന് അൽ സൂറ ട്രാവൽസ് ജനറൽ മാനേജർ ജോയ് തോമസ് പറഞ്ഞു. വെറും 50 ദിർഹത്തിന് പോലും നല്ല യാത്രാ ഇൻഷുറൻസ് ലഭിക്കും. കഴിഞ്ഞ മാസം ശ്രീലങ്കയിൽ നിന്നെത്തിയ വനിത ഇവിടെ എത്തി ഗുരുതര രോഗബാധിതയായി. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നത് തുണയായി. 33,000 ദിർഹം ചികിത്സയ്ക്കായി ഇൻഷുറൻസ് വഴി നേടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് ഏതു തരമാണെന്ന് ചോദിച്ചു മനസ്സിലാക്കി കൃത്യമാക്കണം. രേഖകളും കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും ജോയ് തോമസ് ചൂണ്ടിക്കാട്ടി
ട്രാഫിക് സിഗ്നലുകളിൽ പെട്ടെന്ന് വരി മാറുന്നവരെ പിടികൂടാൻ റഡാറുകൾ
അബുദാബി ∙ ട്രാഫിക് സിഗ്നലുകളിൽ പെട്ടെന്ന് വരി മാറുന്നവരെ പിടികൂടാൻ അബുദാബി പാതകളിലെ റഡാറുകൾ കൂടുതൽ സജീവമാക്കി. ട്രാഫിക് സിഗ്നലുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കവലകളിൽ നിർബന്ധിത ലെയ്ൻ പാലിക്കണമെന്ന് അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഡ്രൈവർമാരോട് അഭ്യർഥിച്ചു, പെട്ടെന്നുള്ള വ്യതിയാനമാണ് ട്രാഫിക് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യക്തമാക്കി. കവലകളിൽ നിർബന്ധിത പാത പാലിക്കാത്ത ഡ്രൈവർമാരെ പിടികൂടാൻ ഓട്ടോമാറ്റിക് കൺട്രോൾ പ്രവർത്തനക്ഷമമാക്കിയതായി സേന അറിയിച്ചു. പെട്ടെന്ന് വാഹനങ്ങൾ വളയ്ക്കുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണെന്നും അത് വലിയ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് പറഞ്ഞു. പെട്ടെന്ന് പാത മാറ്റുകയോ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ 400 ദിർഹമാണ് പിഴ. അബുദാബിയിൽ വരികൾ മാറുമ്പോൾ ഇൻഡിക്കേറ്ററുകളോ ടേൺ സിഗ്നലുകളോ ഉപയോഗിക്കാത്തതിന് 16,378 വാഹനയാത്രക്കാർക്ക് കഴിഞ്ഞ വർഷം പിഴ ചുമത്തിയതായി പൊലീസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ട്രാഫിക് ലൈറ്റുകളുടെ അടുത്തെത്തുമ്പോൾ പെട്ടെന്നുള്ള ലെയ്ൻ മാറ്റം അപകടകരമായ ഒരു പെരുമാറ്റമാണ്. ഇത് ഡ്രൈവറുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നു. യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി പൊലീസ് സമൂഹമാധ്യമങ്ങളിൽ വിഡിയോ ക്ലിപ്പും പങ്കുവച്ചു. റോഡിലിറങ്ങുമ്പോൾ ഡ്രൈവർമാർ ശ്രദ്ധാലുക്കളായിരിക്കണമെന്നും അവരുടെ ശ്രദ്ധ തിരിക്കുന്നതോ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതോ ആയ കാര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു






