കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. ഇത് പിന്നീട് ഓണായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ; മുമ്പ് അറസ്റ്റിലായ അധ്യാപികമാർ നൽകിയ വിവരം സഹായകമായി
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്ഐടി സംഘം പ്രതിയെ പിടികൂടിയത്.വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ പുലര്‍ച്ചെ 5.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ പുനഃപരിശോധന ക്യാമ്പ്.
ബാലുശ്ശേരി :സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പുനഃപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും വി ടി സൂരജ് എം.എല്‍.എ നിര്‍വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ അധ്യക്ഷയായി. ഫ്‌ളയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ കെ നാസര്‍, ഓട്ടോറിക്ഷ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി ടി രമേശന്‍, ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ കെ ഷാജിര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബിനു ബാലക് എന്നിവര്‍ സംസാരിച്ചു.
ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം; മാതാവ് കസ്റ്റഡിയിൽ
നിലമ്പൂർ∙ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 27ന് അർധരാത്രി യുവതി പ്രസവ വേദനയെത്തുടർന്ന് അമിത രക്തസ്രാവവുമായി എത്തിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.പ്രസവ കേസുകൾ എടുക്കാറില്ലെന്ന് ജീവനക്കാർ മറുപടി നൽകി. ജില്ലാ ആശുപത്രിയിൽ പോകാനും നിർദേശിച്ചു. വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. അൽപം കഴിഞ്ഞ് യുവതി ആംബുലൻസിൽ പോകുകയും ചെയ്തു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ മൃതദേഹം കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെ സിസിടിവി തകരാറിലായതിനാൽ യുവതിയെ തിരിച്ചറിയാനായില്ല.
യുവതി ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ രക്തസ്രാവത്തിന് ചികിത്സ തേടിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രസവിച്ച വിവരം പറഞ്ഞില്ല. മരുന്ന് നൽകി വിട്ടു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സ്‌കാനിങ് പരിശോധനയിൽ പ്രസവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ജില്ലാ ആശുപത്രിയിലെ പ്രസവ വിഭാഗത്തിൽ വിദഗ്ധ പരിശോധനക്ക് വിധേയയാക്കും.
പ്രിയദര്‍ശിനി സൗജന്യ യാത്ര ; പദ്ധതി ദുരുപയോഗം ചെയ്യുന്നത് കുറക്കും, വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് പരിഗണനയില്‍.പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാര്‍ ഒന്നിലേറെ ടിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. ദൂരേക്കുള്ള ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക്് യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്.
പദ്ധതി നിരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഡ് അത്യാവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി.
കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു. കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കും. ഇനിയും അറസ്റ്റുണ്ടാകുമെന്നും മെറിൻ ജോസഫ് പറഞ്ഞു.
എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്താക്കി. പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുൻപ് അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണു കാവ്യയെയും അറസ്റ്റ് ചെയ്തത്.
മരുതോങ്കര സ്വദേശി കീർത്തനയെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അതേസമയം, ലഹരിക്കേസിൽ അധ്യാപകർ പിടിയിലായ സംഭവത്തിൽ ഇന്നലെ പേരാമ്പ്ര ബിആർസിയിൽ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഉപരോധ സമരവും നടത്തി.എംഡിഎംഎ കേസിൽ അറസ്റ്റിലായ എസ്എസ്കെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആർസി പ്രോജക്ട് ഓഫിസർ ഷാജിമ പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതിൽ ക്ലാസെടുത്തത് കായികാധ്യാപികയായ കീർത്തനയാണ്. കീർത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു.ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങൾക്ക് എത്തിയത്. കീർത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നും കാവ്യ പറഞ്ഞെന്നും ഷാജിമ പറഞ്ഞു.
സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, കോഴിക്കോട് യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ്.
കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് ഒരു യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് എന്ന 24 കാരനാണ് മരിച്ചത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ട് ദിവസം മുൻപാണ് ഷരീഖ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരികെ വീട്ടിലെത്തിയിരുന്നില്ല.ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് മുണ്ടുപാലത്തെ ഒരു വീട്ടിലെ മുറിയിൽ ഷരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.യു വാവ് എങ്ങനെ ആ മുറിയിലെത്തി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഷരീഖിന് ആ മുറിയുമായി എന്ത് ബന്ധമാണുള്ളതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുറിയിൽ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അറിയാനാകൂ.ആദ്യം മരണവിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത് യുവാവിന്റെ സഹോദരൻ എന്ന് പറഞ്ഞ് ഒരു വ്യക്തിയാണ്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഷരീഖിന്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.അഷ്റഫിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുറിയിലെ സാഹചര്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.പ്രദേശവാസികളോടും ഷരീഖിന്റെ സുഹൃത്തുക്കളോടും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്; ലംഘിച്ചാൽ കർശന നടപടി.
ചെന്നൈ:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്‌മയമാണ് നീലക്കുറിഞ്ഞി.ഓരോ സീസണിലും നീലക്കുറിഞ്ഞി കാണാൻ സന്ദർശകർ ഒഴുകിയെത്തും. പക്ഷേ തമിഴ്‌നാട്ടിൽനീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത സസ്യവിഭാഗത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രദേശത്ത് വന്യമൃഗങ്ങളുടെ (കാട്ടാനകളുടെ) സാന്നിധ്യം ശക്തമായതിനാലും മുൻകരുതലിൻ്റെ ഭാഗമായാണ് നടപടി.ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള നടുഗണി, ഗൂഡല്ലൂർ, ഊസിമല, ഓവാലി എന്നിവിടങ്ങളിലാണ് നിലവിൽ നീലക്കുറിഞ്ഞി വൻതോതിൽ പൂത്തുലഞ്ഞിരിക്കുന്നത്.വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സസ്യമാണ് നീലക്കുറിഞ്ഞിയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനാൽ തന്നെ കുറിഞ്ഞിപ്പൂക്കൾ പറിക്കുന്നതും ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പൂത്തുലഞ്ഞു നിൽക്കുന്ന ഈ മേഖലകളിൽ നിലവിൽ കാട്ടാനകളുടെ സഞ്ചാരം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളും പൊതുജനങ്ങളും സ്വന്തം സുരക്ഷ മുൻനിർത്തി ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.നീലക്കുറിഞ്ഞി വിരിയുന്ന പ്രധാന കേന്ദ്രങ്ങൾചൊക്രമുടി: സർക്കാർ കൈയേറ്റമൊഴിപ്പിച്ചെടുത്ത ഈ പ്രദേശം ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഇവിടെ ഇതിനകം തന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി.മീശപ്പുലിമല: ഹിമാലയത്തിന് തെക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഇക്കോ ട്രെക്കിങ് കേന്ദ്രം.എടലിമേട്: മാട്ടുപ്പെട്ടിക്ക് സമീപമുള്ള മനോഹരമായ പുൽമേട്.സെവൻമലഗുണ്ടമലഎന്താണ് നീലക്കുറിഞ്ഞി12 വർഷം കൂടുമ്പോൾ ജൂലായ്, ഓഗസ്റ്റ് മാസങ്ങൾക്ക് ഇടയിലായാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അവസാനമായി 2018 ലാണ് ഇത് പൂവിട്ടത്. കാലചക്രം അനുസരിച്ച് 2030ൽ വീണ്ടും പൂവിടും. കാന്തേസി കുടുംബത്തിലും സ്ട്രോബിലാന്തസ് ജനുസിലും ഉൾപ്പെടുന്ന ഒരു തനതായ സസ്യമാണ് നീലക്കുറിഞ്ഞി. ഈ ജനുസിൽ ഏകദേശം 250 ഇനമുണ്ട്. അതിൽ 46 ഇനം കുറിഞ്ഞി ചെടികൾ ഇന്ത്യയിലാണ് കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഷോല വനങ്ങളിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞി സാധാരണയായി 1,300-2,400 മീറ്റർ ഉയരത്തിൽ വളരും. ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും ഒരുമിച്ച് പൂവിടുമെന്നതാണ് ഈ അപൂർവ സസ്യത്തിന്‍റെ പ്രധാന സവിശേഷത.പേര് പോലെ തന്നെ നീല നിറത്തിൽ മനോഹരമായ കാഴ്‌ച അനുഭവം നൽകുന്ന നീലക്കുറിഞ്ഞിയെ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ് അനുഭവപ്പെടാറ്. മേഖലയിലെ ടൂറിസം വളർച്ചയ്ക്ക് നീലകുറുഞ്ഞി വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇന്ന് നീലക്കുറിഞ്ഞി പല തരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. അതിനാൽ തന്നെ നീലക്കുറിഞ്ഞി സംരക്ഷണത്തിനായി കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്
അർജന്റീന വിറച്ച നിമിഷം; ലോകകപ്പിലെ മികച്ച ഗോളായി കാബോ വെർദെയുടെ ലോപ്പസ് കബ്രാളിന്റെ ലോങ് റേഞ്ചർ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗോൾ ഓഫ് ദി ടൂർണമെന്റായി കാബോ വെർദെ താരം സിഡ്‌നി ലോപ്പസ് കബ്രാൾ നേടിയ ഗോൾ. വോട്ടെടുപ്പിലൂടെയാണ് വിശ്വമേളയിലെ മികച്ച ഗോൾ ഫിഫ തെരഞ്ഞെടുത്തത്. ഉസ്ബകിസ്താൻ താരം എൽദോർ ഷോമുറോഡോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവർ നേടിയ ഗോളുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മാക്‌സി റോഡ്രിഗസ്, ഡിയേഗോ ഫോർലാൻ, ഹാമസ് റോഡ്രിഗസ്, ബെഞ്ചമിൻ പവാർഡ്,റിച്ചാർലിസൻ എന്നിവർക്ക് ശേഷമാണ് കബ്രാൽ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.റൗണ്ട് ഓഫ് 32 മത്സരത്തിൽ 103ാം മിനിറ്റിലാണ് അർജന്റീനയുടെ നെഞ്ചുപിളർത്തിയ ഗോൾ എത്തിയത്. ഇടതുവിങിലൂടെ മുന്നേറിയ കബ്രാൾ, ബോക്‌സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ വലതുളച്ചു. എമിലിയാനോ മാർട്ടിനസിന് യാതൊരു അവസരവും നൽകാതെയുള്ള ഷോട്ട് അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിൽ അർജന്റീനക്കെതിരെ കാബോ വെർദെ സമനില പിടിച്ചതും ഈ ഗോളിലൂടെയായിരുന്നു. എന്നാൽ മെസ്സിയും സംഘവും ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയെങ്കിലും ഈ കിടിലൻ ഗോൾ ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.



