കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
പുനലൂരിൽ കാറും ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ;
കൊല്ലം: പുനലൂർ വാഴത്തോപ്പിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കാറിൽ സഞ്ചരിച്ചിരുന്ന മലപ്പുറം സ്വദേശി സുനീഷിനാണ് ഗുരുതര പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യ കറവൂർ പെരുന്തോയിൽ സ്വദേശിനി അജിതക്കും പരിക്കുണ്ട്. ബസ് ഡ്രൈവർ ലാലു ഉൾപ്പെടെ ആറ് ബസ് യാത്രികർക്കും പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. പത്തനാപുരം ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന കാർ മറ്റൊരു ബസിനെ മറികടന്ന് വരുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസ് വെട്ടിക്കാൻ ശ്രമിച്ചതോടെ സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ മലപ്പുറത്തുനിന്നും യാത്രതിരിച്ചതാണ് കാർ യാത്രികർ. ഉറങ്ങിപ്പോയതാകാം അപകടകരണം എന്നാണ് പ്രാഥമിക നിഗമനം.
വിയറ്റ്നാം കോളനിയിലെ വില്ലൻ റാവുത്തർ;നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്.
ഹൈദരാബാദിൽ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.
തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹത്തിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചു.
രംഗരാജുവിൻ്റെ സംസ്കാരം ചെന്നൈയിൽ നടക്കും. വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്.
മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍
മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് പിടിയില്‍. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന ആത്മഹത്യ ചെയ്തത്. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഷഹാന നേരിട്ടത് വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. നിറത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവ് നേരിട്ടുതന്നെ ഷഹാനയെ പലതും പറഞ്ഞ് അപമാനിച്ചിരുന്നു.
ഭര്‍ത്താവ് വാഹിദ് ഒരുമാസം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയതിന് ശേഷം ഗള്‍ഫില്‍വച്ചും വിളിക്കുമ്പോഴെല്ലാം നിറത്തിന്റെ പേരില്‍ ഷഹാനയെ അധിക്ഷേപിച്ചു. നിറം കുറവാണെന്നും, കറുപ്പാണെന്നും, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദിന്റെ അധിക്ഷേപം തുടര്‍ന്നു.
ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്താലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ ഷഹാനയെ വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചത്. അയല്‍വാസികള്‍ ഉള്‍പ്പെടെ എത്തി ഷഹാനയുടെ മുറിയുടെ വാതില്‍ പൊളിച്ചപ്പോള്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിറത്തിന്റെ പേരില്‍ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയത്. നിറം കുറവാണെന്ന് പറഞ്ഞ് ഷഹാനയെ നിരന്തരമായി ഭര്‍ത്താവ് കുറ്റപ്പെടുത്തുമായിരുന്നുവെന്നും ആത്മഹത്യ കടുത്ത മാനസിക പീഡനം മൂലമാണെന്നുമാണ് ആരോപണം. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.



