കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് . ജൂൺ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒഴിപ്പിക്കല്‍ ഈ മാസം 9നകം പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മുന്‍സിഫ് കോടതി പ്രത്യേകം ഇറക്കിയ ഉത്തരവ് തടയണം എന്നായിരുന്നു റൂറല്‍ എസ്പിയുടെ ആവശ്യം.
യുവാവിനെ ആക്രമിച്ച് പണവും രേഖകളും കവർന്ന കേസ്: പ്രതികൾ പിടിയിൽ..
കോഴിക്കോട് യുവാവിനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പുതിയങ്ങാടി കൂമൻകണ്ടി വീട്ടിൽ അറാഫത്ത് (32), നടക്കാവ് പുതിയകടവ് രായിൻപുരയിൽ വീട്ടിൽ ഫൈസൽ (കൊള്ളി ഫൈസൽ – 46)Vo5146എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.മേയ് 25നായിരുന്നു സംഭവം. രാജാജി റോഡ് ജംക്ഷന് സമീപത്തുവച്ച് തിരുവമ്പാടി സ്വദേശിയെ ആക്രമിച്ച് 8500 രൂപയും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ അടങ്ങിയ പഴ്സും കവരുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തി അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികൾക്കെതിരെ കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആഷിസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ, സിവിൽ പൊലീസ് ഓഫിസർ രതീഷ്, ടൗൺ അസി. കമ്മിഷണറുടെകീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മൂത്ത മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കും. അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്നുണ്ടാകുമെന്നാണ് വിവരം.സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നവീന്‍ ബാബുവിന്റെ മരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സിബിഐക്ക് വിടുന്ന കേസ്.
പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു വിഞ്ജാപനമിറക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം നല്ല രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.ആദ്യ ഘട്ടത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ പോയെന്നും പിന്നീട് അത് ഉണ്ടായില്ലെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചിരുന്നു.2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ കലക്ടറേറ്റിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ സിപിഐഎം നേതാവായിരുന്ന പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത് നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയിരുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചിരുന്നു. 13 സാക്ഷികളെ പുതുതായി ചേര്‍ത്ത് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സൗജന്യയാത്ര ഏതൊക്കെ ബസ്സുകളില്‍?; ഇനി 10 ദിവസം മാത്രം, പദ്ധതി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കണം എന്നതില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അത് എങ്ങനെ നടപ്പാക്കണം, മാനദണ്ഡങ്ങള്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി അറിയിച്ചത് അനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കാബിനറ്റിന്റെ ഇന്നത്തെ അജണ്ടയില്‍ ഇല്ലെങ്കിലും, പ്രത്യേക വിഷയമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവില്‍ ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് 90 കോടി രൂപയാണ് സര്‍ക്കാരിന് അധികബാധ്യതയായി വരുന്നത്. ഇത് എങ്ങനെ കണ്ടെത്തും എന്നത് അടക്കം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും.
ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഗതാഗതമന്ത്രി സി പി ജോണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ആഗ്രഹിക്കുന്നത്. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു.
കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം. ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ടെർമിനലിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ
*അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി.
വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.സംസ്ഥാനത്തെ റോഡുകളിൽ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും.
തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വരും ദിവസങ്ങളിൽ എ എൻ പി ആർ (automatic number plate recognition) അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.പരിശീലനത്തിന് ശേഷം നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുസേവന രംഗത്തെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകൾ ഉദ്യോഗസ്ഥർ നിരന്തരമായി ഉൾക്കൊള്ളണമെന്ന് മന്ത്രി നിർദേശിച്ചു.ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അച്ചടക്കവും മര്യാദയും പുലർത്തണമെന്നും യൂണിഫോമിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി ചടങ്ങിൽ സമ്മാനിച്ചു.ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ് അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ അഷ്കർ ചവിട്ടാറുണ്ട്’; നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ അഷ്കറിന്റെ ഉമ്മ
` തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ ഉമ്മ. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു. ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിച്ചിരുന്നു. ആഹാരം കഴിക്കാത്തതിന് അഷ്കർ കുഞ്ഞിനെ ചവിട്ടാറുണ്ട്. ആ മർദനത്തിലാകാം കുഞ്ഞ് മരിച്ചതെന്നും അഷ്കറിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഒന്നരവയസ്സുകാരൻ അർഷിദ് നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. മർദ്ദനം മൂലമുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നരവയസ്സുകാരൻ തടസ്സമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്ക്കർ മർദ്ദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ല. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയിൽ നിന്നും വീണതെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദ്ദനത്തിൽ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്‍റെ സംശയം.
മഴക്കാല മുന്നൊരുക്കം: വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
കോഴിക്കോട് : വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശംമഴ പെയ്യുന്നതോടെ നഗരത്തിലെ പ്രധാന റോഡുകളിലും ദേശീയ പാതയിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയോരത്തെ ഡ്രെയിനേജുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തടസ്സം നേരിടുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും ദേശീയപാത അധികൃതരെ അറിയിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിക്കുമെന്നും അവര്‍ അറിയിച്ചു. ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചില്‍ വടകര, മടപ്പള്ളി, പയ്യോളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതില്‍ മടപ്പള്ളി ഭാഗത്തെ പ്രശ്നം പരിഹരിച്ചതായി ദേശീയപാത അധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രധാന റോഡുകളായ മാനാഞ്ചിറ-മലാപറമ്പ് റോഡ്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലെ പ്രശ്നങ്ങളും കലക്ടര്‍ വിലയിരുത്തി. നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം, പുതിയസ്റ്റാന്‍ഡ് ജങ്ഷന്‍, എരഞ്ഞിപ്പാലം ഭാഗങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദ്രുതകര്‍മസേനയും വനം വകുപ്പിനു കീഴിലെ പ്രൈമറി റെസ്പോണ്‍സ് ടീമും സജജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം സജീദ്, ദേശീയപാത, പി.ഡബ്ല്യു.ഡി, മോട്ടോര്‍ വാഹന വകുപ്പ്, കെ.ആര്‍.എഫ്.ബി, വനം തുടങ്ങി വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; അന്വേഷണ ചുമതല നെടുമങ്ങാട് ഡിവൈഎസ്പിക്ക്
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ അന്വേഷണ ചുമതല നെടുമങ്ങാട് ഡിവൈഎസ്പിക്ക് നൽകി. പ്രതി അഷ്കറിന് മേൽ SC ST വകുപ്പ് കൂടി ചുമത്തി. അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരൻ നേരിട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതിൽ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണിട്ടാണെന്നാണ് അമ്മയും അഷ്‌കറും നൽകിയ മൊഴി. എന്നാൽ അതിൽ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അഷ്‌കർ പൊലീസിന് നൽകിയിരുന്ന മൊഴി.അതേസമയം , അഷ്‌കർ ആദ്യ ഭാര്യയെ ക്രൂരമായി ആക്രമിച്ചു ശരീരം തളർത്തിയ സംഭവത്തിൽ പൊലീസ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഷ്‌കറിനൊപ്പം താമസിച്ചിരുന്ന ചിറയിൻകീഴ് സ്വദേശിയായ പെൺകുട്ടിയുടേ മരണവും പൊലീസ് അന്വേഷിക്കും
ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി നിർമാർജനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്‌സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വിൽപനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡി.ജെ പാർട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കർശനമായി തടയുകയും, അവരുടെ അന്തർസംസ്ഥാന ബന്ധങ്ങൾ തകർക്കുകയും ചെയ്യും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.



