spot_img
Friday, July 3, 2026
Home Blog Page 408

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് റേഷൻ കാര്‍ഡ് മാസ്റ്ററിംഗ് നടത്താൻ വീടുകളില്‍ ആളെത്തും

0

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച്‌ 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങള്‍ക്ക് അതാത് റേഷൻകടകള്‍ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി.

മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർ റേഷൻ കാർഡ് അംഗങ്ങളായി ഉണ്ടെങ്കില്‍ അവരുടെ മസ്റ്ററിങ് നടത്തുന്നതിനായി രണ്ടാംഘട്ട മസ്റ്ററിങ് സമയത്ത് ഉദ്യോഗസ്ഥർ വീടുകള്‍ സന്ദർശിച്ച്‌ മസ്റ്ററിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

റേഷൻ കടകളില്‍ പോയി പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികള്‍, ഗർഭിണികള്‍ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടും നിലവില്‍ റേഷൻകടകളില്‍ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.

പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങല്‍ പാറ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവർക്ക് ഇത് സംബന്ധിച്ച്‌ നിവേദനം അയച്ചിരുന്നു. പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികള്‍, ഗർഭിണികള്‍ എന്നിവർക്ക് നടത്തുന്നതിന് റേഷൻ കടകളില്‍ പോകുന്നതും അവിടെ തിരക്ക് മൂലം മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതിനും ഏറെ പ്രയാസമാണ് എന്നും ഇത്തരക്കാർക്ക് റേഷൻ കടകളില്‍ പോകാതെ മസ്റ്ററിംഗ് നടത്തുന്നതിന് അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഷ്റഫ് നിവേദനം സമർപ്പിച്ചത്.

നിവേദനം സംബന്ധിച്ച്‌ അടിയന്തര നടപടി സ്വീകരിക്കാൻ സിവില്‍ സപ്ലൈ ഡയറക്ടർക്ക് ഭക്ഷ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടർ വിഷയത്തില്‍ ആശ്വാസകരമായ നിലപാട് എടുക്കുകയായിരുന്നു.

ഏപ്രില്‍ 1 മുതല്‍ മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡ് അംഗങ്ങള്‍ക്ക് റേഷൻ ആനുകൂല്യം ലഭിക്കില്ല എന്ന സർക്കാർ തീരുമാനത്തില്‍ ആശങ്ക നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവർക്ക്‌ ഈ തീരുമാനം വളരെയധികം ആശ്വാസം പകരുന്നതാണ്.

സിദ്ധാര്‍ഥന്‍റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു

0

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന്‍റെ വികാരം മാനിച്ച്‌ കേസന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചെന്നാണ് വിശദീകരണം.

ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്‍ഥന്‍റെ മരണം. സിദ്ധാർഥന്‍റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസന്വേഷിച്ചാല്‍ സിദ്ധാര്‍ഥന് നീതി കിട്ടില്ലെന്ന് കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

സിദ്ധാര്‍ഥന്‍റെ മരണത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് രാവിലെ കുടുംബം പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്.

മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്, ശ്രദ്ധിച്ച്‌ കുടിക്കാം കുപ്പിവെള്ളം

0

കോഴിക്കോട്: കനത്ത വെയിലില്‍ ദാഹിച്ച്‌ വലയുമ്പോൾ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം നടത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുത്.

കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ശുദ്ധജലം, ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നത് അപകടകരമാണ്.

വില്ലൻ പോളി എത്തിലീൻ ടെറഫ് താലേറ്റ്

പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികള്‍ നിർമ്മിക്കുന്നത്. ചില സമയങ്ങളില്‍ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ഇതിനൊപ്പം ചേർക്കുന്ന സാഹചര്യവുമുണ്ട്. കുപ്പിവെള്ളം വെയിലത്ത് വെക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങാൻ സാഹചര്യമുണ്ട്. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീൻ ഉപയോഗിച്ചുള്ള ലേബല്‍ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോള്‍ പശയും നേരിയ തോതില്‍ വെള്ളത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.

പരിശോധന ശക്തം

കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള കർശന പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്. അഞ്ചു സ്‌ക്വാഡുകളായാണ് പരിശോധന. നിലവില്‍ 160 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വെയിലത്ത് തുറന്നിട്ട രീതിയില്‍ കുപ്പി വെള്ളം സൂക്ഷിച്ച 10 സ്ഥാപനങ്ങള്‍ക്ക് വെള്ളം പരിശോധിക്കാൻ നോട്ടീസ് നല്‍കി. തുറന്നിട്ട വാഹനത്തില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കുപ്പി വെള്ളം കൊണ്ടുപോയതിന് രണ്ടു വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. മേയ്‌ 31 വരെ പരിശോധന തുടരും.

ശ്രദ്ധിക്കാം

1. തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ള വിതരണത്തിനായി കൊണ്ടുപോകരുത്

2. കുപ്പിവെള്ളം തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ വെയിലേല്‍ക്കരുത്

3. വെയിലത്തു പാർക്ക് ചെയ്ത കാറുകളില്‍ കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല

4. കുപ്പി വെള്ളത്തില്‍ ഐ.എസ്‌.ഐ മുദ്ര‌യുണ്ടോ എന്ന് ഉറപ്പു വരുത്തണം

5.കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കരുത്

പരാതികള്‍ക്ക് ;1800 425 1125

“വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.” സക്കീർ ഹുസെെൻ, അസി.കമ്മിഷണർ , ഭക്ഷ്യസുരക്ഷ ഓഫീസർ

സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും; മുന്നറിയിപ്പുമായി കെഎസ്‌ഇബി

0

തിരുവനന്തപുരം: സർക്കാരില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎസ്‌ഇബി. ഇത് സംബന്ധിച്ച്‌ കെഎസ്‌ഇബി സംസ്ഥാന സർക്കാരിന് കത്ത് നല്‍കി. പരീക്ഷാ കാലമായതിനാല്‍ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ് വൈദ്യുത ബോർഡ്.

മുൻകൂർ പണമടച്ച്‌ വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മഴ കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീർഘകാല കരാറുകള്‍ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭ്യമാകില്ല എന്നതും വെല്ലുവിളിയാണ്. എന്നാല്‍ ഓപ്പണ്‍ സോഴ്‌സുകളില്‍ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിന് മുൻകൂർ പണം നല്‍കേണ്ടി വരും. കോടികള്‍ ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ തന്നെ ബോർഡിന് വായ്പയും ലഭ്യമല്ല.

വൈദ്യുതി ബില്‍ കുടിശ്ശിക വർദ്ധിച്ചതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്‌ഇബിയ്‌ക്ക് വായ്പ ലഭിക്കാത്തതിന്റെ പ്രധാനകാരണം. റിസർവ് ബാങ്ക് വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവില്‍ കെഎസ്‌ഇബിയും. ഇനി വായ്പ കിട്ടിയാല്‍ തന്നെ ഇതിന് ഭീമമായ പലിശ നല്‍കേണ്ടതായി വരും.

കോഴിക്കോട് റോഡ് റോളര്‍ മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0

കോഴിക്കോട്: ഉള്ള്യേരി ആനവാതിലില്‍ റോഡ് റോളർ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി മോലിയാണ് മരിച്ചത്. അപകടത്തില്‍ യുവാവ് റോഡ് റോളറിന് അടിയില്‍ അകപ്പെടുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മോലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

കേരളത്തിന് അധിക തുക നൽകാനാവില്ലെന്ന് കേന്ദ്രം; ചർച്ച പരാജയം

0

തിരുവനന്തപുരം: സംസ്ഥാനം അധികമായി ചോദിച്ച തുക നൽകാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിന്നു. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചത് അടക്കം കേന്ദ്ര അവഗണനക്ക് എതിരായി കേരളം നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം സമ്മതിച്ചിരുന്നു. കേരളത്തിന്‍റെ ഹർജി പിൻവലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുൻ നിലപാട് കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം കഴിഞ്ഞ ദിവസം തിരുത്തി. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ചർച്ച നടന്നത്.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശമ്പളവും പെൻഷനും നൽകാൻ പോലും സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ അറുപത് ശതമാനം കേന്ദ്രത്തിന്റേതാണ്. 26000 കോടി രൂപ കടമെടുക്കാൻ അടിയന്തര അനുവാദം വേണം. സംസ്ഥാനത്തിന്റെ അവകാശത്തിന് മേലുള്ള കടന്നുക്കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അവകാശമാണെന്നും സുപ്രീം കോടതിയിൽ സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയിൽ പറയുന്നുണ്ട്.

കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കേരളത്തിൽ മോശം ധനകാര്യനിർവഹണമാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്നങ്ങൾ കേരളം ഉന്നയിക്കുന്നു. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂർണ്ണമായ ധനനിർഹണമില്ല. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ലോണിൽ കേരളം വീഴ്ച്ചവരുത്തി. കിഫ്ബിയുടെ കടം സംസ്ഥാനത്തിന് ബാധ്യതയാണ്. കടമെടുപ്പിന് വീണ്ടും അനുമതി നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്താനൊരുങ്ങി വിതരണക്കാര്‍; കിട്ടാനുള്ളത് 75 കോടി രൂപ കുടിശ്ശിക

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള മരുന്നു വിതരണം പ്രതിസന്ധിയിലേക്ക്. കുടിശ്ശിക നല്‍കാത്ത പക്ഷം മാര്‍ച്ച്‌ 10 മുതല്‍ ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ന്യായവില മരുന്ന് ഷോപ്പുകളിലേക്ക് മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇതുസംബന്ധിച്ച കത്ത് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും, ആരോഗ്യ മന്ത്രിക്കും കൈമാറിയിട്ടുണ്ട്.

ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നീ പദ്ധതികളിലായി 175 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് നല്‍കാനുണ്ട്. ഇതിനാലാണ് വിതരണക്കാര്‍ക്ക് പണം നല്‍കുന്നത് വൈകുന്നതെന്നും ആരോഗ്യ മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

14.2 കിലോ സിലിണ്ടറിന് 603 രൂപ; ഉജ്ജ്വല ഗ്യാസ് സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പത്തുകോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ സബ്‌സിഡി 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയിരുന്നു. 14.2 കിലോഗ്രാമുള്ള എല്‍പിജി സിലിണ്ടര്‍ 603 രൂപയ്ക്ക് തുടര്‍ന്നും ലഭിക്കും. സബ്‌സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിന് 12,000 കോടിയുടെ നഷ്ടമുണ്ടാകും.2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി എല്‍പിജി കണക്ഷനുകള്‍ നല്‍കിയത്.

ഇന്ധന വില കുതിച്ചുയര്‍ന്നപ്പോള്‍, 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കി. 2023 ഒക്ടോബറില്‍ ഇത് 300 രൂപയായി വര്‍ധിപ്പിച്ചു. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് പോലും സിലിണ്ടര്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബത്തിനാണ് ഉജ്വല യോജനയുടെ ഗുണം ലഭിക്കുക. കൂടാതെ എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും.

മാര്‍ച്ച്‌ അവസാനത്തോടെ ജില്ലയില്‍ 1600 വീടുകള്‍ ഗ്യാസ് പൈപ്പ് ലൈനിലേക്ക്

0

കോഴിക്കോട്: നഗരത്തില്‍ ഗ്യാസ് പൈപ്പ് ലൈൻ നിർമാണം 56 കിലോമീറ്റർ പൂർത്തിയായി. ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരില്‍ നിന്നാരംഭിച്ചു താമരശേരി കൊടുവള്ളി വഴി കുന്ദമംഗലംവരെ എത്തിനില്‍ക്കുന്ന സ്റ്റീല്‍ മെയിൻ പൈപ്പ് ലൈൻ കുന്ദമംഗലത്തുനിന്ന് കോഴിക്കോട് സിറ്റിയില്‍ എത്തിക്കാനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

നിലവില്‍ നല്ലളം, വട്ടക്കിണർ, ബേപ്പൂർ, ചക്കുംകടവ്, മാനാഞ്ചിറ, മാവൂർ റോഡ് ജംഗ്ഷൻ, വെസ്റ്റ് ഹില്‍, പുതിയങ്ങാടി, പാവങ്ങാട്, ബിലാത്തിക്കുളം, അരയിടത്തുപാലം, കോവൂർ, വാപോളിതാഴം ഏരിയകളില്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി 56 കിലോമീറ്റർ ദൂരത്തില്‍ പൂർത്തീകരിച്ചതായാണ് കണക്ക്.

കുന്ദമംഗലത്തുനിന്ന് ആരംഭിച്ച പ്രവൃത്തി വരട്ടിയാക്കല്‍, മില്‍മ, സിഡബ്ല്യുആർഡിഎം, മുണ്ടിക്കല്‍താഴം വഴി കോവൂർ ജംഗ്ഷനിലെ പൈപ്പ് ലൈനുമായി കണക്‌ട് ആകുന്നതോടെ കോഴിക്കോട് സിറ്റിയിലേക്കുള്ള വാതക വിതരണം ആരംഭിക്കും .

മാർച്ചില്‍ കൂടുതല്‍ വീടുകളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ ഉണ്ണികുളം പഞ്ചായത്തില്‍ നിലവില്‍ അറുന്നൂറോളം വീടുകളില്‍ പാചകവാതകം ലഭ്യമാക്കി. ഉണ്ണികുളത്തിന് പുറമെ കാക്കൂർ, നരിക്കുനി, നന്മണ്ട, കിഴക്കോത്, പനങ്ങാട്, ബാലുശേരി പഞ്ചായത്തുകളില്‍ വാതക വിതരണത്തിനുള്ള എംഡിപിഇ പൈപ്പ്‌ ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

മാർച്ച്‌ അവസാനത്തോടെ ഈ പഞ്ചായത്തുകളില്‍ 1000 വീടുകള്‍ കൂടി കണക്‌ട് ചെയ്യുന്നതോടെ ജില്ലയില്‍ 1600 വീടുകള്‍ പൂർണമായി ഗ്യാസ് സിലിണ്ടറുകള്‍ ഉപേക്ഷിച്ചു പൈപ്പ് ലൈൻ വഴിയുള്ള പാചകവാതകത്തിലേക്കു മാറും.

ഒടുവില്‍ ഷീ ലോഡ്ജ് തുറക്കും, ഒപ്പം വനിതാ ഹോസ്റ്റലും

0

കോഴിക്കോട്: നിർമ്മാണം ഏറെക്കാലം കഴിഞ്ഞിട്ടും പൂട്ടിയിട്ട കോർപ്പറേഷൻ വനിതാ ഹോസ്റ്റലും ഷീ ലോഡ്ജും തുറക്കാൻ തീരുമാനിച്ചു. 11ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇരുപദ്ധതികളും ഉദ്ഘാടനം ചെയ്യും. ഷീ ലോഡ്ജിന്റെ ഉദ്ഘാടനം രാവിലെ 9.30നും വനിതാ ഹോസ്റ്റലിന്റേത് 10.30നുമാണ്.

ടൗണ്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ ഷീലോഡ്ജ് കെട്ടിടത്തില്‍ ഡോർമെറ്ററി മുതല്‍ എ.സി ഡീലക്സ് ഡബിള്‍ ബെഡ് വരെയുള്ള സൗകര്യങ്ങളാണുള്ളത്. ഒരേ സമയം 60 പേർക്ക് താമസിക്കാനാകുന്ന തരത്തിൽ മാങ്കാവിലാണ് ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റല്‍. നഗരത്തിലെ ജോലിക്കാരായ വനിതകളെ ലക്ഷ്യമിട്ടാണ് ഹോസ്റ്റല്‍ ആരംഭിച്ചത്. ഇവിടെ നാല് ബെഡുകളുള്ള മുറികളും ഒരുക്കിയിട്ടുണ്ട്. ഇവയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല.

ഷീവേള്‍ഡ്, സാഫല്യം തുടങ്ങിയ കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഷീലോഡ്ജിന്റെയും ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല. രണ്ടിടത്തും താമസക്കാർക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇഷ്ടാനുസരണമുള്ള ഭക്ഷണത്തിന് പ്രത്യേകം തുക ഈടാക്കും. ഷീലോഡ്ജിലേയും ഹോസ്റ്റലിലേയും മുറികള്‍ ബുക്ക് ചെയ്യുന്നതിന് നേരിട്ടും ഓണ്‍ലൈൻവഴിയുമുള്ള സൗകര്യം ഒരുക്കുമെന്ന് മേയർ ബീനാഫിലിപ്പ് അറിയിച്ചു.

നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും ജോലി ചെയ്യുന്നവർക്കും ഏറെ ആശ്വാസമാകുന്ന കെട്ടിടങ്ങള്‍ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2020ലാണ് 4.7 കോടി രൂപ ചെലവിട്ട് ഷീ ലോഡ്ജ് നിർമ്മിച്ചത്. എന്നാല്‍ നടത്തിപ്പിന് അനുയോജ്യരെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ കെട്ടിടം അടച്ചിടുകയായിരുന്നു.

അടുക്കള, ഡൈനിംഗ് ഹാള്‍, ടോയ്‌ലെറ്റ് ബ്ലോക്ക് സർവീസ് മുറി, ലൈബ്രറി മെഡിറ്റേഷൻ റൂം, പാർക്കിംഗ്, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസം വരെയാണ് താമസം അനുവദിക്കുക.

നാല് കോടി ചെലവഴിച്ചാണ് മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റല്‍ നിർമ്മിച്ചത്. ഇരുനിലകളിലും ഡബിള്‍, സിംഗിള്‍ റൂമുകള്‍, ഡോർമെറ്ററി, വലിയ കിടപ്പുമുറികള്‍, ഗസ്റ്റ് റൂം, റീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് റൂം എന്നിവയും ഒരുക്കിട്ടുണ്ട്.

ഷീലോഡ്ജ് ഒരേസമയം 120 പേർക്ക് താമസിക്കാം

ഡോർമെറ്ററി – 100 രൂപ

സിംഗിള്‍ ബെഡ്റൂം- 200 രൂപ

ഡബിള്‍ ബെഡ്റൂം 350 രൂപ

എ.സി ബെഡ് റൂം സിംഗിള്‍ 750 രൂപ

എ.സി ബെഡ് റൂം ഡബിള്‍ 1200 രൂപ

എ.സി ഡീലക്സ് സിംഗിള്‍ ബെഡ് 1750 രൂപ

എ.സി ഡീലക്സ് ഡബിള്‍ ബെഡ് 2250 രൂപ

വിമൻസ് ഹോസ്റ്റല്‍ ഒരേ സമയം 60 പേർക്ക് താമസിക്കാം

സിംഗിള്‍ ബെഡ് റൂം 5000 രൂപ

ഡബിള്‍ ബെഡ് റൂമിന് ബെഡ് ഒന്നിന് 2500 രൂപ