spot_img
Monday, June 15, 2026
Home Blog Page 43

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ, ഇടിമിന്നലിനും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞു കൈയ്യറ്റു; യുവാവിന് കെഎസ്ആര്‍ടിസി ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

0

സുല്‍ത്താന്‍ബത്തേരി: കെ എസ് ആര്‍ ടി സി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാന്‍ വിധി. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്. അപകടത്തിൽപ്പെട്ട അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്‌ലം (19) നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ എസ് ആര്‍ ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തപ്പോള്‍ റോഡരികിലെ വൈദ്യുതക്കാലില്‍ അസ്ലമിന്റെ ഇടതുകൈ ചേര്‍ത്ത് ഉരയുകയും കൈമുട്ടിന്റെ മുകളില്‍ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളേജില്‍ ഫാര്‍മസി കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. 

തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ബത്തേരിയിലെ അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ മുഖേന വയനാട് എം എ സി ടി കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി യാണ് നഷ്ടപരിഹാര തുക ഹര്‍ജിക്കാരന് നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടര്‍വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

മഴ ആശ്വാസമായി, വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

0

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ അല്പം ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുന്നു. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം. പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യുതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നായിരുന്നു വിശദീകരിച്ചത്. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 

കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും അധിക നാള്‍ വേണ്ടി വരില്ലെന്നും കെഎസ്ഇബി പറഞ്ഞിരുന്നു. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിച്ചിരുന്നു. അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളം എത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല.

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

0

കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് ഏറെ ആശ്വാസം പകർന്ന് ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി.സി.സി) പ്രാദേശിക സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥകളാണ് അഡ്മിനിസ്‌ട്രേഷൻ ഇപ്പോൾ എടുത്തുകളഞ്ഞത്.ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ കടമ്പയായിരുന്നു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽനിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഇതിനൊപ്പം ദ്വീപിലെ താമസക്കാരനോ സ്‌പോർട്‌സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്‌സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററോ സ്‌പോൺസർ ചെയ്താൽ മാത്രമേ പെർമിറ്റ് അനുവദിച്ചിരുന്നുള്ളൂ. ഈ രണ്ട് നിബന്ധനകളും ഒഴിവാക്കിയതോടെ ലക്ഷദ്വീപ് യാത്ര കൂടുതൽ ലളിതമായി

പുതിയ പരിഷ്കാരം അനുസരിച്ച് ടൂറിസ്റ്റ് കാറ്റഗറിയിൽ വരുന്നവർക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം. ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും നൽകിയാൽ പെർമിറ്റ് ലഭിക്കും. ഒരു അപേക്ഷയിൽ പരമാവധി ആറു പേരെ വരെ ഉൾപ്പെടുത്താൻ സാധിക്കും. അപേക്ഷാ ഫീസായി ഒരാൾക്ക് 50 രൂപയും, മുതിർന്നവർക്ക് 200 രൂപ വീതം ഹെറിറ്റേജ് ഫീസും നൽകണം.12 മുതൽ 18 വരെ വയസ്സുകൾക്ക് 100 രൂപയാണ് ഹെറിറ്റേജ് ഫീസ്

ദ്വീപിലെ വിനോദസഞ്ചാര മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കും. കപ്പൽ മാർഗമോ വിമാനം വഴിയോ ദ്വീപിലെത്തുന്നവർ യാത്രക്ക് മുമ്പ് ഓൺലൈൻ വഴി പെർമിറ്റ് ഉറപ്പാക്കണം. വിദേശ വിനോദസഞ്ചാരികൾക്ക് ഇപ്പോഴും പാസ്പോർട്ടും വിസയും നിർബന്ധമാണ്

കിണറിലെ കപ്പിയിൽ ശംഖു വരയൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

0

മുക്കം: പാമ്പ് ഭീതി ഒഴിയാതെ മലയോര മേഖല. കിണറിലെ കപ്പിയിൽ ചുറ്റിയ പാമ്പിന്റെ കടിയിൽ നിന്നും വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിലെ കിണറ്റിലെ കപ്പിയിൽ നിന്നാണ് ശംഖു വരയൻ പാമ്പിനെ പിടികൂടിയത്. വീട്ടമ്മയായ സെൽമത്ത്‌ വെള്ളം കോരുന്ന സമയത്ത് കൈയിൽ എന്തോ സ്പർശിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്‌ക്യു അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിച്ചതോടെ അദ്ദേഹം എത്തി പാമ്പിനെ പിടികൂടി.

‘സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡ്ഡിങ് ഇല്ല, ട്രിപ്പ് ആകുന്നതും ലോഡ് ഷെഡ്ഡിങ്ങും തമ്മിൽ വ്യത്യാസമുണ്ട്’: കെ. കൃഷ്ണൻകുട്ടി

0

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ അടിയന്തരയോഗം ചേർന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.അപ്രതീക്ഷിതമായ കാലാവസ്ഥയാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം കേരളത്തിൽ ക്രമാതീതമായി വർധിച്ചു. വൈദ്യുതി ഉല്പാദന രംഗത്ത് ഇതുവരെ ഉണ്ടാകാത്ത കുതിച്ചുചാട്ടം. ഹൈഡൽ പ്രോജക്ടുകളിലൂടെ മാത്രം 175 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒന്നും ചെയ്തില്ല എന്ന് പറയുന്നത് മനോവിഷമം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല. ട്രിപ്പ് ആകുന്നതും ലോഡ് ഷെഡ്ഡിങ്ങും തമ്മിൽ വ്യത്യാസമുണ്ട്. വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ മാധ്യമങ്ങളുടെ ക്യാമ്പയിൻ വേണം. മാധ്യമങ്ങളാണ് പുതിയ പദ്ധതികൾ വരാൻ സമ്മതിക്കാത്തത്. ഒരുപാട് ഉപഭോഗം വരുമ്പോൾ മാത്രമാണ് കട്ട് ആവുന്നത്. ബാഗും തൂക്കി വരുന്നവരാണ് പദ്ധതികൾ നടപ്പാക്കാൻ സമ്മതിക്കാത്തത് എന്ന് പറഞ്ഞ മന്ത്രി നിരക്ക് കൂടുമോയെന്ന് പറഞ്ഞില്ല. വരവും ചിലവും നോക്കി തീരുമാനം എടുക്കുക റെഗുലേറ്ററി കമ്മീഷൻ എന്ന് മറുപടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ അനുമതി നൽകുന്നത് വൈകിയതിൽ റെഗുലേറ്ററി കമ്മീഷനെയും അദ്ദേഹം വിമർശിച്ചു.

വേനല്‍: വളര്‍ത്തുമൃഗങ്ങള്‍ക്ക് കരുതല്‍ വേണം

0

വേനല്‍ക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ അനുഭവിക്കുന്ന താപസമ്മര്‍ദം ലഘൂകരിക്കാനും അവയുടെ ആരോഗ്യ സംരക്ഷണത്തിനും ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂട് മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും സാരമായി ബാധിക്കുന്നതിനാല്‍ ഇത് പ്രതിരോധിക്കാന്‍ വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കുടിവെള്ളം

*24 മണിക്കൂറും തണുത്തതും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കണം. ഒരു കറവപ്പശുവിന് ദിവസം 100 മുതല്‍ 150 ലിറ്റര്‍ വരെ വെള്ളം ആവശ്യമായി വരാം.
*ടാങ്കുകള്‍ക്കും പൈപ്പുകള്‍ക്കും ഇന്‍സുലേഷന്‍ നല്‍കുകയോ വെള്ള പെയിന്റ് അടിക്കുകയോ ചെയ്യുന്നത് വെള്ളം ചൂടാകാതിരിക്കാന്‍ സഹായിക്കും.
*അമിതമായി കിതക്കുമ്പോഴും വിയര്‍ക്കുമ്പോഴും നഷ്ടപ്പെടുന്ന ലവണങ്ങള്‍ തിരികെ ലഭിക്കാന്‍ വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, ബൈകാര്‍ബണേറ്റ് തുടങ്ങിയ ഇലക്‌ട്രോലൈറ്റുകള്‍ ചേര്‍ക്കാവുന്നതാണ്.

തൊഴുത്ത്

*തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വലിയ ഫാനുകള്‍, മിസ്റ്റ്/ഫോഗിങ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് അന്തരീക്ഷ താപനില കുറക്കാന്‍ സഹായിക്കും.
*മേല്‍ക്കൂരക്ക് 10-12 അടി ഉയരം ഉണ്ടായിരിക്കണം. സിമന്റ്/ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ക്ക് മുകളില്‍ വൈക്കോലോ തെങ്ങോലയോ വിരിക്കുന്നത് ചൂട് കുറക്കും. കൂടാതെ മേല്‍ക്കൂരയില്‍ വെള്ള പെയിന്റ് അടിക്കുന്നതും പന്തല്‍ (കോവല്‍, പാഷന്‍ ഫ്രൂട്ട്) വളര്‍ത്തുന്നതും നല്ലതാണ്.
*മൃഗങ്ങളെ കുത്തിനിറച്ച് കെട്ടരുത്. കൃത്യമായ അകലം പാലിക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും.
*കടുത്ത ചൂട് കാരണം തണുപ്പുള്ള തൊഴുത്തുകളിലും മറ്റും പാമ്പുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
*വേനല്‍ക്കാലത്ത് ഈച്ചകള്‍, ഉണ്ണി തുടങ്ങിയവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്ത് എപ്പോഴും ഉണങ്ങിയ നിലയില്‍ സൂക്ഷിക്കുക.

ആഹാരക്രമം

*ദിവസേന നല്‍കുന്ന ഭക്ഷണത്തിന്റെ 60-70 ശതമാനവും അന്തരീക്ഷം തണുപ്പുള്ള പുലര്‍ച്ചെയോ രാത്രിയോ നല്‍കുക.
*ദഹനത്തിന് കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ രാത്രി മാത്രം നല്‍കുക. പകല്‍ പച്ചപ്പുല്ല്, അസോള തുടങ്ങിയവ ധാരാളമായി നല്‍കണം.
*തീറ്റ എടുക്കുന്നത് കുറയുന്നതിനാല്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്ന ‘ബൈപാസ് ഫാറ്റുകള്‍’ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വിദഗ്ധ നിര്‍ദേശപ്രകാരം അപ്പക്കാരം, യീസ്റ്റ്, വൈറ്റമിനുകള്‍ എന്നിവയും നല്‍കാവുന്നതാണ്.

ശരീര പരിപാലനം

*ദിവസം രണ്ടുനേരം മൃഗങ്ങളെ കുളിപ്പിക്കുന്നത് നല്ലതാണ്. പന്നികള്‍, എരുമകള്‍ എന്നിവക്ക് വിയര്‍പ്പുഗ്രന്ഥികള്‍ കുറവായതിനാല്‍ അവയെ കൂടുതല്‍ സമയം വെള്ളത്തില്‍ നനക്കുന്നത് ഗുണകരമാണ്.
*മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പുലര്‍ച്ചെയോ വൈകുന്നേരമോ ആയി പരിമിതപ്പെടുത്തുക. വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകരുത്.
*കൃത്യമായ വാക്സിനേഷന്‍ നല്‍കുക

സൂര്യാഘാതം: ലക്ഷണങ്ങളും പ്രതിവിധിയും

ലക്ഷണങ്ങള്‍:
* ശരീരതാപനില ഉയരുക, കഠിനമായ കിതപ്പ്, വായ തുറന്നുള്ള ശ്വസനം.
* വായില്‍നിന്ന് ഉമിനീര്‍ നുരയും പതയുമായി ഒലിക്കുക.
* തളര്‍ച്ച, പാലുല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ്.

പ്രതിവിധി:
* സൂര്യഘാതമേറ്റാല്‍ ഉടന്‍ മൃഗത്തിന്റെ ശരീരത്തില്‍ നന്നായി പച്ചവെള്ളം ഒഴിക്കുക.
* ധാരാളം കുടിവെള്ളം നല്‍കുക.
* അടിയന്തരമായി വെറ്ററിനറി ഡോക്ടറുടെ ചികിത്സ തേടുക.

ഉഷ്ണതരംഗവും ഉള്ളിയും: കയ്യിൽ ഉള്ളി കരുതിയാൽ ചൂട് കുറയുമോ? ഡോക്ടർമാർ പറയുന്നത് ഇങ്ങനെ

0

ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പോക്കറ്റില്‍ ഒരു ഉള്ളി കരുതിയാല്‍ മതിയെന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിചിത്ര പ്രസ്താവനയ്ക്ക് പിന്നാലെ ‘ചൂടുപിടിച്ച’ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഉത്തരേന്ത്യ കഠിനമായ ഉഷ്ണതരംഗത്തിൽ ഉരുകുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ സയൻസ് ക്ലാസ്.ജനങ്ങള്‍ ചൂടിനെ നേരിടാന്‍ തന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. അതിന് മറുപടിയായി ഉള്ളി പോക്കറ്റില്‍ കരുതുകയെന്ന സന്ദേശമാണ് താന്‍ നല്‍കാറാണ്. എസി താന്‍ ഉപയോഗിക്കാറില്ലെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.ചൂടിൽ നിന്ന് ഉള്ളി സംരക്ഷിക്കുമോ?

ഇന്നലെ സോഷ്യൽ മീഡിയ തിരഞ്ഞത് ചൂടിൽ നിന്ന് ഉള്ളി സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു. ഇതിന് പിന്നാലെ കഠിനമായ ഉഷ്ണതരംഗത്തെ പ്രതിരോധിക്കാൻ ഉള്ളി കയ്യിൽ കരുതുന്നത് ഗുണം ചെയ്യുമെന്ന വാദത്തിൻ്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധർ.ഉള്ളി കയ്യിൽ വെച്ചാൽ അത് ശരീരത്തിലെ ചൂട് വലിച്ചെടുക്കുമെന്ന ധാരണയ്ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം നാട്ടുവിദ്യകളിൽ വിശ്വസിച്ച് ഉഷ്ണതരംഗ സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരിക്കുന്നത് അപകടമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇത് പ്രചാരത്തിലുള്ള ഒരു വീട്ടുചികിത്സയാണെങ്കിലും, ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ഡോക്ടർമാർ കൂട്ടിചേർക്കുന്നു.

ഉള്ളിയിൽ ജലാംശം, ആന്റിഓക്‌സിഡന്റുകൾ, ജലാംശം നിലനിർത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവ പുറമെ ഉപയോഗിക്കുന്നത് കൊണ്ട് ശാരീരികമായി ഒരു ഗുണവുമില്ല. “ശരീരത്തിന് പുറത്ത് കേവലം ഒരു ഉള്ളി കൊണ്ടുനടക്കുന്നത് ശരീരതാപനിലയെ സ്വാധീനിക്കുകയോ ചൂട് മൂലമുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയോ ചെയ്യില്ല. നമ്മുടെ ചർമ്മം ഒരു പ്രതിരോധ കവചമായി പ്രവർത്തിക്കുന്നതിനാൽ, ശരീരത്തിൽ നിന്നുള്ള ‘ചൂട് വലിച്ചെടുക്കാൻ’ ഉള്ളിക്ക് പ്രത്യേകിച്ച് മറ്റ് സംവിധാനങ്ങളൊന്നുമില്ല,” അവർ പറയുന്നു.ക്വെർസെറ്റിൻ , സൾഫർ സംയുക്തങ്ങൾ എന്നിവ ശരീരത്തിലെ ചൂട് നിയന്ത്രിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. കൂടാതെ ഉള്ളി ഒരു സ്വാഭാവിക കൂളന്റായി പ്രവർത്തിക്കുന്നതിനാൽ വേനൽക്കാലത്ത് സാലഡുകളിലും മറ്റും ഇത് ഉൾപ്പെടുത്തുന്നത് ഉന്മേഷം നൽകും. എന്നാൽ കയ്യിൽ ഉള്ളി കൊണ്ടുനടന്നതുകൊണ്ട് മാത്രം സൂര്യാഘാതത്തിൽ നിന്ന് രക്ഷപെടാൻ കഴിയില്ല.

ഉഷ്ണതരംഗത്തെ നേരിടാൻ കൃത്യമായ ശാസ്ത്രീയ മാർഗങ്ങൾ പിന്തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ധാരാളം വെള്ളം കുടിക്കുക, ഒആർഎസ് ലായനികൾ ഉപയോഗിക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവയാണ് ഫലപ്രദമായ രീതികൾ. ഉള്ളി മുറിച്ച് മുറിക്കുള്ളിൽ വെക്കുന്നത് വായുവിലെ അണുക്കളെ നശിപ്പിക്കുമെന്ന പ്രചാരണവും തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അന്ധവിശ്വാസങ്ങളിൽ വീഴാതെ ആരോഗ്യപരമായ മുൻകരുതലുകൾ എടുക്കുന്നതിലാണ് കാര്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഉഷ്ണതരംഗങ്ങൾ അപകടകരമാകുന്നു?

നമ്മുടെ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനത്തെ തകരാറിലാക്കാൻ ഉഷ്ണതരംഗങ്ങൾക്ക് സാധിക്കും. ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, ഉയർന്ന താപനിലയിൽ ദീർഘനേരം കഴിയുന്നതും അതോടൊപ്പം ശരീരത്തിലെ ജലാംശം കുറയുന്നതും (dehydration) ഹീറ്റ് എക്‌സോഷൻ (heat exhaustion) അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്ക് (heatstroke) എന്നിവയ്ക്ക് കാരണമാകും.ലക്ഷണങ്ങൾ: ശരീരതാപനില ഉയരുക (40 ഡിഗ്രി സെൽഷ്യസിനു മുകളിൽ), തലകറക്കവും ആശയക്കുഴപ്പവും, ഹൃദയമിടിപ്പ് വർധിക്കുക, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ബോധക്ഷയം ഇവയ്ക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

0

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു.ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഇറാന്റെ കപ്പല്‍ യുഎസ് നാവികസേന തടയുക കൂടി ചെയ്തതോടെ വീണ്ടും യുദ്ധമുണ്ടാവുമോ എന്ന ആശങ്കകള്‍ എണ്ണവിലയെ ഉയര്‍ത്തുകയായിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 109.6 ഡോളറായി ഉയര്‍ന്നു.ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 11 ഡോളര്‍ ഇടിഞ്ഞ് 4668 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 74.52 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടിയത് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് 1,26,920 രൂപയായിരുന്ന പവന്‍ വില പിന്നീട് ലക്ഷത്തിന് താഴേക്ക് വീണിരുന്നു. വെടിനിര്‍ത്തല്‍ ധാരണയായതിന് പിന്നാലെയാണ് വീണ്ടും ഉയര്‍ന്നത്.

ഫോൺ നഷ്ടപ്പെട്ടാൽ ടെൻഷൻ വേണ്ട!; ഉടൻ ഇക്കാര്യങ്ങൾ ചെയ്ത് സുരക്ഷിതരാകൂ

0

കൊച്ചി: യാത്രയ്ക്കിടെയിലോ മറ്റോ ഫോൺ നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാവാതെ ഉടൻ തന്നെ സിം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ആദ്യം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണം. തുടർന്ന് www.ceir.gov.in എന്ന വെബ്സൈറ്റിൽ കയറി ഫോൺ ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. www.ceir.gov.in എന്ന വെബ്സൈറ്റിൽ കയറി ഫോൺ ബ്ലോക്ക് ചെയ്യുന്ന വിധം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് പൊലീസ്.

കുറിപ്പ്:

നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ എന്ത് ചെയ്യണം?

www.ceir.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം

ഈ വെബ് സൈറ്റിലെ ഫോമിലൂടെ IMEI Block ചെയ്യുന്നതിനുള്ള നടപടിക്രമം ഇപ്രകാരമാണ്: –

1) പോലീസ് സ്റ്റേഷനിൽ ഒരു പരാതി ഫയൽ ചെയ്യുക, പരാതിയുടെ ഒരു പകർപ്പ് സൂക്ഷിക്കുക.

2) നിങ്ങളുടെ ടെലികോം സേവന ദാതാവിൽ നിന്ന് (ഉദാ, എയർടെൽ, ജിയോ, വോഡ/ഐഡിയ, ബിഎസ്എൻഎൽ, എംടിഎൻഎൽ മുതലായവ) നഷ്ടപ്പെട്ട നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉടൻ തന്നെ എടുക്കുക, കാരണം നിങ്ങളുടെ IMEI തടയുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുമ്പോൾ നിങ്ങൾ ഇത് പ്രാഥമിക മൊബൈൽ നമ്പറായി നൽകേണ്ടതുണ്ട് (OTP ഈ നമ്പറിലേക്ക് അയയ്ക്കും). (ശ്രദ്ധിക്കുക: TRAI-യുടെ നിയന്ത്രണമനുസരിച്ച്, വീണ്ടും ഇഷ്യൂ ചെയ്ത സിമ്മുകളിൽ SMS സൗകര്യം 24 മണിക്കൂർ സിം ആക്ടിവേഷൻ കഴിഞ്ഞേ പ്രവർത്തനക്ഷമമാകൂ.)

3)നിങ്ങളുടെ രേഖകൾ തയ്യാറാക്കുക – പോലീസിൽ കൊടുത്ത പരാതിയുടെ ഒരു പകർപ്പും ഒരു ഐഡൻറിറ്റി പ്രൂഫും നിർബന്ധമായും നൽകണം. നിങ്ങൾക്ക് മൊബൈൽ വാങ്ങിയതിൻ്റെ ഇൻവോയ്സും നൽകാം.

4) നഷ്‌ടപ്പെട്ട/മോഷ്‌ടിക്കപ്പെട്ട ഫോണിന്റെ IMEI ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റുകൾ അറ്റാച്ചുചെയ്യുക.

5) ഫോം സമർപ്പിച്ച ശേഷം, നിങ്ങൾക്ക് ഒരു രജിസ്ട്രേഷൻ ഐഡി ലഭിക്കും. നിങ്ങളുടെ അപേക്ഷയുടെ നില പരിശോധിക്കുന്നതിനും ഭാവിയിൽ IMEI അൺബ്ലോക്ക് ചെയ്യുന്നതിനും ഇത് ഉപയോഗിക്കാം.