spot_img
Thursday, June 25, 2026
Home Blog Page 510

ഗുരുവായൂരപ്പന് വഴിപാടായി 28.85 ലക്ഷം രൂപയുടെ പുതുപുത്തൻ മഹീന്ദ്ര എക്‌‌‌സ്‌യു‌വി

0

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തൻതലമുറ എക്സ്‌യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്‌യുവി 700 എഎ‌ക്‌സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹനസമർപ്പണ ചടങ്ങ്. കിഴക്കേ നടയിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ഓട്ടോമോറ്റീവ് ടെക്നോളജി ആന്റ് പ്രോഡക്ട് ഡവലപ്മെന്റ് പ്രസിഡന്റ് ആർ.വേലുസ്വാമി കൈമാറി

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആന്റ് പി) എം.രാധ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം അസി.മാനേജർ രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോള്‍ എഡിഷൻ എക്സ്‌യുവിയാണിത്. രണ്ടായിരം സിസിയുള്ള വാഹനത്തിന് ഓൺ റോഡ് വില 28.85 ലക്ഷം രൂപയാകും. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു

ദിവസങ്ങൾ നീണ്ട പെരുമഴയ്ക്ക് ശേഷം ഇന്ന് അല‍‌ർട്ട് ഇല്ലാത്ത ദിനം, പൂർണ വിവരങ്ങൾ

0

ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. തിരുവനന്തപുരം, തൃശ്ശൂർ‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂ‍ർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം.

തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം09-07-2023 വരെ: കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രതാ നിർദേശം10-07-2023 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 11-07-2023 & 12-07-2023 നു ഇതേ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 09-07-2023 & 12-07-2023 : ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

പുസ്തകങ്ങൾ എന്നും അറിവിൻ്റെ നിറശേഖരങ്ങൾ

0

കൊച്ചി .. മനുഷ്യൻ്റെ വൈജ്ഞാനികവും സാംസ്കാരികവുമായ ഉന്നമനത്തിനാധാരമായ അറിവുകളുടെ ശേഖരമാണ് പുസ്തകങ്ങളെന്നു കേരള ജംഇയ്യതുൽ ഉലമ ട്രഷറർ സി.എം മൗലവി ആലുവ പറഞ്ഞു.കെ.എൻ.എം മർകസുദ്ദഅവ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വായന മരിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണ്.

വായനയുടെ മാധ്യമങ്ങളിൽ വൈവിധ്യം വരികയും വിവിധ തലങ്ങളിലുള്ള വായന കൂടുകയും ചെയ്യുകയാണെന്നും അദ് ദേഹം പറഞ്ഞു.എം.ജി.എം പ്രസിഡൻ്റ് സൽമ അൻവാരിയ്യ അദ്ധ്യക്ഷത വഹിച്ചു. ജന സിക്രട്ടറി സിടി ആയിഷ മുഖ്യപ്രഭാഷണം നടത്തി.ജില്ലകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരാണ് സംസ്ഥാനതല മത്സരത്തിൽ മാറ്റുരച്ചത്. ഫാതിമ മൻസൂർ (ആലപ്പുഴ) ഹസീന മൻസൂർ (മലപ്പുറം വെസ്റ്റ് ) ജമിന അൻസാർ , ഇ ഒ നിഹാല എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കെ എൻ എം മർകസുദ്ദഅവ സൗത്ത് സോൺ സിക്രട്ടറി സലീം കരുനാഗപ്പള്ളി, സാബിക് കൊച്ചി, നെക്സി കോട്ടയം, ഹിബ വിസമദ് , ഹാറൂൻ കക്കാട്, ഡോ. മുസ്തഫ കൊച്ചിൻ , ജ്യോതി ടീച്ചർ ആശംസകൾ നേർന്നു.

വരയുടെ കുലപതിക്ക് ഔദ്യോ​ഗിക ബഹുമതികളോടെ യാത്രാമൊഴിയേകി കേരളം

0

അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. എടപ്പാളിലെ വീട്ടിലും തൃശൂർ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദർശനത്തിൽ സാംസ്കാരികരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. 

പുലർച്ചെ 12യോടെ  മലപ്പുറം  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വരയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. മൃതദേഹം    ഉച്ചവരെ എടപ്പാളിലെ വീട്ടിലും പിന്നീട് തൃശൂർ ലളിതകലാ അക്കാദമിയിലും പൊതു ദ‍ർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ. ലളിതകലാ അക്കാദമി ചെയർമാനായും സർക്കാരിന്റെ പരമോന്നത ബഹുമതികൾ നേടിയും  സാംസ്കാരികകേരളത്തിന്റെ മുഖമായി മാറിയ നമ്പൂതിരിക്ക്  പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്. 

മൂത്ത മകൻ പരമേശ്വരൻ ചിതയ്ക്ക് തീ കൊളുത്തി. ചിത്രകലയെ ജനകീയവൽക്കരിച്ചവരിൽ പ്രധാനിയായ നമ്പൂതിരിക്ക് അന്തിമോപചാരമർപ്പിക്കാൻ പ്രമുഖരെത്തി. പാണക്കാട്  മുനവ്വറലി തങ്ങൾ നടൻ വികെ ശ്രീരാമൻ കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു, മന്ത്രി കെ രാജൻ, സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ, ടിഎൻ പ്രതാപൻ  എംപി എന്നിവർ തൃശൂരിൽ അന്ത്യാഭിവാദ്യമർപ്പിച്ചു.

ഈ മാസം ഒന്നിനാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന്  നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യകാല ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.  മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെയും ചിത്രകലാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. 3 തലമുറയിലെ എഴുത്തുകാർക്ക് വേണ്ടി കഥാപാത്രരൂപകല്പന ചെയ്തിട്ടുണ്ട് നമ്പൂതിരി. നമ്പൂതിരി നൽകിയ മുഖഛായയിലൂടെയാണ് പല കഥാപാത്രങ്ങളും മനസ്ലിൽ പതിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു

ഇന്ത്യയിലാദ്യം! മലയാളികളും എമിറേറ്റികളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍റെ തെളിവ്; സായിദ് മാരത്തൺ കോഴിക്കോട്

0

കോഴിക്കോട്: യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തിൽ നടത്താൻ ധാരണയായി. യു എ ഇ, ഈജിപ്റ്റ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്നിട്ടുള്ള  മാരത്തൺ ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്. മലയാളികളും എമിറേറ്റികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സായിദ് മാരത്തണിന്റെ സംഘാടകർ കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

ലോകമെമ്പാടും സ്‌നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ കാഴ്ചപ്പാടാണ്  സായിദ് മാരത്തണുള്ളത്. ജീവകാരുണ്യ സംരംഭങ്ങളെ, പ്രത്യേകിച്ച് ആരോഗ്യ പരിപാലന മേഖലയെ പിന്തുണയ്‌ക്കുന്നതിനുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ജൂലൈ അഞ്ചിന് ചേർന്ന ഉന്നതതലയോഗം പരിപാടിയുടെ ആതിഥേയ നഗരമായി കോഴിക്കോടിനെ  തിരഞ്ഞെടുത്തിരുന്നു.

മറൈൻ ഗ്രൗണ്ട് പ്രധാന വേദിയാക്കി മാനാഞ്ചിറ വഴിയുള്ള 5 കിലോമീറ്റർ റോഡ് ആണ് ചാരിറ്റി റണ്ണിനുള്ള റൂട്ട് ആയി ആസൂത്രണം ചെയ്തിരിക്കുന്നത്.  ടൂറിസം മന്ത്രി ചെയർമാനും കായിക മന്ത്രി കോ-ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രെട്ടറി ഡോ. കെ.എം.എബ്രഹാം ആണ് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍. മുൻ  സംസ്ഥാന പോലിസ് മേധാവി ജേക്കബ് പുന്നൂസ് ചെയർമാനായുള്ള വർക്കിംഗ് കമ്മിറ്റിയുടെ രൂപീകരണത്തിന് യോഗം അംഗീകാരം നൽകി.

കേരളത്തിനകത്തും പുറത്തുമുള്ള യുവജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള 18 വയസ്സ് പൂര്‍ത്തിയായ  20000 ത്തോളം പേരെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 2023 ഡിസംബറില്‍ പരിപാടി സംഘടിപ്പിക്കാനാണ് ലക്ഷ്യം. കോഴിക്കോട് നഗരത്തില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. വലിയ തോതിലുള്ള ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നത് വഴി ആഗോള കായിക ഭൂപടത്തിൽ സംസ്ഥാനത്തിന്റെ സ്ഥാനം ഉയർത്താനും ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുവാനും കഴിയും. 

മലപ്പുറത്ത് നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കോഴിക്കോട് സ്വദേശികളായ ഇവർ മലപ്പുറം മുണ്ടുപറമ്പിൽ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലായിരുന്നു. തുടർന്നാണ് ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസ്സുള്ള ഹരി​ഗോവിന്ദ്, രണ്ടര വയസ്സുള്ള ​ശ്രീവർധൻ എന്നിവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

0

മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി 12.21ന് ആണ് മരണം. സംസ്കാരം ഇന്ന്.

കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളിൽ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീർഘകായരായാണ്. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ചിരുന്നു നമ്പൂതിരി.

1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും അൽപം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെമണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താൽപര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി. പിൽക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അതിനൊപ്പം പ്രവർത്തിച്ചു. നാട്ടിലെത്തി 1960 ൽ മാതൃഭൂമിയിൽ ചേർന്നു.

എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു. മലയാള സാഹിത്യത്തിലെ പ്രകാശസ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ വരയ്ക്കൊപ്പമാണ്. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. നമ്പൂതിരിയുടെ സ്ത്രീകളെ കണ്ട് ഭ്രമിച്ചു പോയിട്ടുണ്ടെന്ന് വികെഎൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത പെയിന്റിങ്ങുകളുമുണ്ട് അദ്ദേഹത്തിന്റേതായി.

മോഹൻലാൽ അടക്കമുള്ള പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് പ്രശസ്തമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട് നമ്പൂതിരി. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ആ വിരലുകളിൽ എഴുത്തും സുന്ദരമായി വഴങ്ങും എന്നു തെളിയിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ

പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ കുരുങ്ങി, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

0

കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ  മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്.

ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാൽ. 

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം, യുവാവ് അറസ്റ്റിൽ  

0

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ ആളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ കൊടകര  സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൃശ്ശൂർ സ്വദേശിയായ സിജു പെരുമ്പാവൂരിൽ നിന്നാണ് ബസിൽ കയറിയത്.

പെൺകുട്ടി ഈ സമയം ബസിലുണ്ടായിരുന്നു. നേര്യമംഗലം കഴിഞ്ഞപ്പോൾ പെൺകുട്ടി ഇരുന്ന സീറ്റിലുണ്ടായിരുന്നവർ ഇറങ്ങി. തുടർന്ന് പെൺകുട്ടിക്ക് സമീപം സിജു വന്നിരുന്നു. കട്ടപ്പനയിലെ റിക്രൂട്ടിംഗ് എജൻസിയിലേക്ക് വന്നതായിരുന്നു സിജു. തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിലെത്തിയപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി ഇത് ചോദ്യം ചെയ്തു. ബഹളം കേട്ട് ബസ് ജീവനക്കാരും സഹയാത്രികരുമിടപെട്ടു. തുടർന്ന് ബസ് തങ്കമണി പോലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം നഗ്നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. നഗ്നത പ്രദർശനം നടത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് മഹേഷ്; ‘മോനെ, നീ എത്രയും പെട്ടന്ന് സുഖമാകട്ടേ’ന്ന് ബിനു അടിമാലി

0

മിമിക്രി വേദികളിലൂടെ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയെടുത്ത താരമാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. വളരെ പെർഫക്ട് ആയിട്ടുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ വലിയൊരു അപകടം മഹേഷിന് നേരിടേണ്ടി വന്നിരുന്നു.  നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ കാറപകടത്തിൽ ആണ് മഹേഷിനും പരിക്കേറ്റത്.  ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിൽ എത്തിയ മഹേഷ് പതിയെ തന്റെ ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ്. 

ഇപ്പോഴിതാ മഹേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തിൽ ബിനു അടിമാലിയും ഉണ്ടായിരുന്നു. അടുത്തിടെ ആണ് ബിനു ആശുപത്രി വിട്ടത്. മഹേഷിനെ കാണാനായി വീട്ടിൽ എത്തിയതായിരുന്നു ബിനുവും കൂട്ടരും. 

വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് നിൽക്കുന്ന മഹേഷിന്റെ ഫോട്ടോയാണ് ബിനു പങ്കുവച്ചിരിക്കുന്നത്. ‘മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ബിനു അടിമാലി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ബിനുവും മഹേഷും ആരോ​ഗ്യം വീണ്ടെടുത്ത് തിരിച്ചുവരാൻ  ആശംസകളുമായി രം​ഗത്തെത്തിയത്. 

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.