spot_img
Saturday, June 20, 2026
Home Blog Page 561

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍. ഇവയ്‌ക്കെതിരെ വളരെ ശ്രദ്ധ വേണം. മാത്രമല്ല കോവിഡില്‍ നിന്നും പൂര്‍ണമുക്തരല്ല. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും. ക്യാമ്പുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി

മണ്ണുമായോ മലിന ജലവുമായോ സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തില്‍ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും.

കൊതുകുജന്യ രോഗങ്ങള്‍

ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ, വെസ്റ്റ് നൈല്‍, ജപ്പാന്‍ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നിരീക്ഷിച്ച് നശിപ്പിക്കണം.

വായുജന്യ രോഗങ്ങള്‍

കോവിഡ്, എച്ച്1 എന്‍ 1, വൈറല്‍ പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ വായുജന്യ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മാസ്‌ക് ശരിയായവിധം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

ജലജന്യ രോഗങ്ങള്‍

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ്. ലായനി ആവശ്യാനുസരണം നല്‍കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കൂടുതലായി നല്‍കുക. വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കണം. വര്‍ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചര്‍മ്മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

ചര്‍മ്മ രോഗങ്ങള്‍

കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ത്വക്ക് രോഗങ്ങള്‍, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുക.

മങ്കിപോക്‌സ്

കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ മൂന്നാഴ്ച സ്വയം നീരീക്ഷിക്കുകയും മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യണം.

പാമ്പുകടിയും വൈദ്യുതാഘാതവും

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ട് മാത്രം അറ്റകുറ്റ പണികള്‍ ചെയ്യുക.

മാനസികാരോഗ്യം വളരെ പ്രധാനം

മാനസികാരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപരമായ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം

0

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ. 

നാളെ കണ്ണൂര്‍,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളിൽ റെ‍ഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. 

ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമായിരിക്കും.

ഫോണില്‍ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ അനിയന്‍ കൊലപ്പെടുത്തി

0

പാലക്കാട് കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്‍റെ അനിയന്‍ സക്കീറിനെ കൊപ്പം പൊലീസ്  കസ്‌റ്റഡിയിലെടുത്തു. 

തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട്  ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. 

ചികിത്സയിലായിരുന്ന സാബു ഇന്നു പുലർച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മൃതദേഹം  തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

0

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. 

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു. 

നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടിച്ചു

0

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ പിടികൂടി. മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടിടിഇ പാമ്പിനെ പിടികൂടിയത്.  ട്രെയിൻ മലപ്പുറം തിരൂരിൽ എത്തിയപ്പോഴാണ് എസ്5 കോച്ചിൽ പാമ്പിനെ ആദ്യം കാണുന്നത്. കോഴിക്കോട്ട് എത്തിയപ്പോൾ ലഗേജും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ലഗേജുകൾക്കിടയില്‍ ഒളിച്ചിരുന്ന പാമ്പ് വ്യാ‍ഴാഴ്ച വസായ് റോഡ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാർ കണ്ടത്. പാമ്പിനെ പിടികൂടാൻ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷൻ മാസ്റ്റർ അനൗൺസ്മെന്റ് നടത്തി. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാർ പാമ്പിനെ പിടികൂടാൻ തയാറായി മുന്നോട്ട് വന്നു. ഇരുമ്പുദണ്ഡ് തലയിൽ അമർത്തി പാമ്പിനെ പിടികൂടി. ഗ്രാമത്തിൽ ചെറുപ്പത്തിൽ പാമ്പുകളെ പിടിച്ചുള്ള അനുഭവമാണ് ധൈര്യം പകർന്നതെന്ന് ബിഹാറിലെ നളന്ദ സ്വദേശിയായ സുകേഷ് കുമാർ പറഞ്ഞു.

ആഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം ,സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം പ്രധാനമന്ത്രി

0

ദില്ലി;സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണം.സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്

തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട്: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ 47 പേര്‍ക്ക് കൂടി ജില്ലാ ഭരണകൂടത്തിന്റെ കരുതല്‍

0

കോഴിക്കോട്: ഇന്നലെ വരെ ഒരു മേല്‍ക്കൂരയുടെ തണലോ കരുതലോ ഇല്ലാതിരുന്ന 47 പേര്‍ക്ക് ഇനി തെരുവില്‍ അലയേണ്ടിവരില്ല. നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന 47 പേരെയാണ് ജില്ലാ ഭരണകൂടം കരുതല്‍ കരങ്ങളായ ഉദയം ഹോമിലേക്ക് മാറ്റിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരം, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ കിടന്നുറങ്ങിയവരെയാണ് ഉദയം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 

തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തെരുവില്‍ കിടന്നുറങ്ങുന്നവരെയും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കുമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഉദയം പ്രോജക്ട് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസിന്റെ സഹായത്തോടെ നടന്ന പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി, സ്‌പെഷല്‍ ഓഫിസര്‍ ഡോ. ജി രാഗേഷ്, ഉദയം പ്രൊജക്റ്റ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സജീര്‍ പി മറ്റു ഉദയം സ്റ്റാഫുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

നഗരത്തിന്റെ തിരക്കില്‍ ആരോരുമില്ലാതെ അലഞ്ഞു നടന്നിരുന്ന അശരണര്‍ക്ക് തുണയാവുകയാണ് ജില്ലാ ഭരണകൂടം. ചേവായൂര്‍, വെള്ളിമാടുകുന്ന്, മാങ്കാവ്, വെസ്റ്റ്ഹില്‍, എന്നിവിടങ്ങളിലായി 400 ഓളം ആളുകളെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് ഉദയം ഹോമുകളിലുള്ളത്. ആരോരുമില്ലാത്തവര്‍ക്ക് ഒരു വീടിന്റെ കരുതലും സ്‌നേഹവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഉദയം ഹോമിന്റെ നടത്തിപ്പിന് ഉദാരമതികളുടെ സഹായം സ്വീകരിക്കുന്നുണ്ട്. ഉദയം ബാങ്ക് അക്കൗണ്ടുകളിലേക്കോ ഉദയം ഹോമുകളിലേക്കോ പണമായും വസ്തുക്കളായും സ്പോണ്‍സര്‍ഷിപ്പ് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ക്ക് 9207391138 എന്ന നമ്പറില്‍ ബന്ധപ്പെടാം

കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ.

0

കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ.   ബാലുശ്ശേരി കരുമലമഠത്തിൽ  റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കോഴിക്കോടാണ് സംഭവം.  കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയിൽ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.

സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ ക്യാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ പുകിലൊന്നുമറിയാതെ ഫോൺ എടുക്കാൻ വന്ന യുവാവിനെ  ആളുകൾ കയ്യോടെ പിടികൂടി. വിവരം പൊലീസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു.  

റിജേഷ് മൊബൈൽ ഫോൺ ഉപയോഗിച്ച്  ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.  ഫോൺ സൈബർ  സെല്ലിന്റെ  പരിശോധനക്ക് അയച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി

0

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ്. സഹോദരന്‍ ശ്യാം ചന്ദ്രന്‍.

ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഒരു നിരയെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ ആന്‍റണി അവതരിപ്പിച്ച നായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന്‍ ഉണ്ടായിരുന്നു. ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

ശരത്തിന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്‍റണി വര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്

സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

0

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല എന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു. 

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.  ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 

ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് നിരീക്ഷവും കോടതി നടത്തിയിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതിക്കെതിരെ എസ് സി – എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.