spot_img
Saturday, June 20, 2026
Home Blog Page 85

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

0

കൊച്ചി: നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. സത്യൻ നായകനായ ഈ ചിത്രത്തിന് ശേഷം ഉദയയുടെ നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി. എന്നാൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നൽകിയത്.മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെ അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

0

പാലക്കാട് ∙ നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവിൽ ജഗതി ശ്രീകുമാർ

0

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വർഷം മുൻപ് നടന്ന അപകടത്തിനുശേഷം അപൂർവമായി മാത്രമേ ജഗതി ശ്രീകുമാർ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.അഭിനയത്തിൻ്റെ ഓരോ അണുവിലും നവരസങ്ങൾ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാർ. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേർന്ന മറ്റൊരു താരം മലയാളത്തിലില്ല.കിലുക്കത്തിലെ നിശ്ചൽ ആയും മീശമാധവനിലെ പിള്ളേച്ചൻ ആയും ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയായും ജഗതി പകർന്നാടിയപ്പോൾ മലയാളി വിസ്മയത്തോടെയാണ് അവ നോക്കി നിന്നത്. സംഭാഷണങ്ങളേക്കാൾ ഭാവപ്രകടകനങ്ങളാണ് ജഗതിയുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ആയിരത്തി അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട ജഗതി അഞ്ച് തവണ സംസ്ഥാന അവാർഡ് നേടി.2012 മാർച്ചിലുണ്ടായ വാഹനാപകടം ജഗതിയെ തളർത്തിയെങ്കിലും കാലത്തിൻന്റെ തടവറയിൽ ഒതുങ്ങാൻ ആ പ്രതിഭാധനൻ തയാറായിരുന്നില്ല. 2022ൽ സി ബി ഐ 5ലും ഇപ്പോൾ അരുൺ ചന്ദുവിന്റെ വലയിലും ജഗതി വേഷമിട്ടു. വീൽചെയറിലുള്ള ശാസ്ത്രജ്ഞനായാണ് ജഗതി വലയിൽ വേഷമിടുന്നത്.

മുണ്ടക്കൈ-ചൂരൽമല: ഒന്നാം ഘട്ടമായി മുന്നൂറോളം വീടുകൾ പൂർത്തീകരിച്ചു ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

0

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞ പുതുവർഷം ഒരു മഹാദുരന്തമുഖത്ത് നിന്നും സംസ്ഥാനം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേർന്നു നിന്നത്. 2026ലേക്ക് കടക്കുന്നത് മറ്റൊരനുഭവവുമായാണ്.

ആ ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ ഒരുക്കാൻ കഴിയുന്നതിൻറെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്.. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ. 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങൾ ഉൾക്കൊള്ളുന്നു.11.4 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റർ കുടിവെള്ള ടാങ്ക്, ഫുട്ബാൾ ഗ്രൗണ്ട്, മാർക്കറ്റ്, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയൽ, ഓരോ വീട്ടിലും സൗരോർജ പ്‌ളാൻറ് തുടങ്ങിയ സൗകര്യങ്ങൾ ടൗണ്ഷിപ്പിലുണ്ടാകും.

207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോൺക്രീറ്റ് ഭിത്തി, തേപ്പ്, ടൈൽ പാകൽ, പെയിൻറിംഗ് എന്നീ ജോലികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റർ നീളത്തിൽ റോഡിന്റെ പ്രാരംഭ പണി പൂർത്തിയായി. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാർക്കൽ കഴിഞ്ഞു. ആയിരത്തിയറുന്നൂറോളം ജീവനക്കാർ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുകയാണ്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നൽകുന്നത്.20 വർഷത്തോളം വാറൻറിയുള്ള, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമ്മാണത്തിനുപയോഗിക്കുന്നത്. സിമൻറ്, മണൽ, മെറ്റൽ, കമ്പി മുതലായവ നിർമ്മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവൻ നിർമ്മാണങ്ങൾക്കും 5 വർഷത്തേയ്ക്ക് കേടുപാടുകളിൽ നിന്നും കരാറുകാർ സംരക്ഷണം നൽകും.’ബിൽഡ് ബാക്ക് ബെറ്റർ’ എന്ന തത്വം ഉൾക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0

കരിപ്പൂർ വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്ക് പരിഷ്കരിച്ചു; ടാക്സി നിരക്കിലും സമയക്രമത്തിലും വലിയ ഇളവുകൾ; കുറഞ്ഞത് 283 ൽ നിന്ന് 100 ലേക്ക്.

കരിപ്പൂർ : അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാർക്കിങ് ഫീസിൽ യാത്രക്കാർക്ക് ആശ്വാസകരമായ ഇളവുകൾ വരുത്തി നിരക്ക് പരിഷ്‌കരിച്ചു. ദീർഘകാലമായി യാത്രക്കാരും ടാക്‌സി തൊഴിലാളികളും ഉന്നയിച്ചിരുന്ന പരാതികൾ പരിഗണിച്ചാണ് എയർപോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം.യാത്രക്കാരെ കൊണ്ടുപോകാൻ വരുന്ന ടാക്‌സി വാഹനങ്ങൾക്ക് മുൻപ് നൽകേണ്ടിയിരുന്ന 283 രൂപ എന്ന വലിയ തുക 100 രൂപയായി കുറച്ചു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റിനകം പുറത്തിറങ്ങിയില്ലെങ്കിൽ പാർക്കിങ് ഫീസ് നൽകണമെന്ന കടുത്ത വ്യവസ്ഥ പിൻവലിച്ചതാണ് ഏറ്റവും വലിയ ആശ്വാസം.

വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും നിശ്ചിത സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാത്തത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇത്തരത്തിൽ ഫീസ് ഈടാക്കില്ല.വിമാനത്താവള കവാടത്തിൽ നിന്ന് സമയം രേഖപ്പെടുത്തിയ സ്ലിപ്പ് നൽകുമെങ്കിലും തിരിച്ചുപോകുമ്പോൾ സമയം നോക്കി പണം ഈടാക്കുന്ന രീതി ഇനി ഉണ്ടാവില്ല. എന്നാൽ ഈ സ്ലിപ്പ് യാത്രക്കാർ കൈവശം കരുതണം. യാത്രക്കാരെ ഇറക്കാൻ വരുന്ന ടാക്‌സി വാഹനങ്ങൾ തുക നൽകേണ്ടതില്ലെന്നും യാത്രക്കാരുമായി എത്തുമ്പോൾ യാത്രാരേഖകൾ കാണിച്ചാൽ മതിയെന്നും അധികൃതർ.അതേസമയം, ഇളവുകൾ നൽകുന്നതോടൊപ്പം തന്നെ ചില നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. നിശ്ചിത പാർക്കിങ് ഏരിയകളിൽ അല്ലാതെ വാഹനം നിർത്തിയിട്ടാൽ 500 രൂപ പിഴ ഈടാക്കും. മുൻപ് ഇത് 250 രൂപയായിരുന്നു

മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

0

റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്.മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബം സഞ്ചരിച്ച ജി എം സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

0

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

‘കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും’; മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

0

കോഴിക്കോട്: കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. കാക്കൂർ സ്വദേശിനി ഹസ്നയുടെ ശബ്ദസന്ദേശമാണ് പുറത്തു വന്നത്. കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. കൊടി സുനിയുടെയും ഷിബുവിന്റെയും വിവരങ്ങൾ പുറത്ത് വിടുമെന്ന് ശബ്ദസന്ദേശത്തിൽ സൂചിപ്പിക്കുന്നു.

ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതിയുടെ ഓഡിയോയിലുണ്ട്. എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടും’- ശബ്ദസന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് 34കാരി ഹസ്നയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഹസ്‌നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. നിലത്ത് കാൽ തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും വാതിൽ തുറന്നിട്ട നിലയിലായിരുന്നെന്നും വീട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

റോഡിൽ കാൽ നടയാത്രക്കാരുടെ അവകാശങ്ങളെ കൂടി മാനിക്കാം:മോട്ടോർ വാഹന വകുപ്പ്

0

സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരോട് വലിയൊരു വിഭാഗം വാഹന ഡ്രൈവർമാർ യാതൊരു വിധ പരിഗണനയും കാണിക്കുന്നില്ല. പല ഡ്രൈവർമാരും സീബ്ര ക്രോസിംഗിന് മുകളിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്ത് അതിന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നു. കാൽനടപ്പാതകൾ പോലും വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നത് വളരെ തെറ്റായ ഡ്രൈവിംഗ് സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 800-ലധികം കാൽനടയാത്രക്കാരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 50% പേരും മുതിർന്ന പൗരന്മാരാണ്. സീബ്ര ക്രോസിംഗിന് അടുത്ത് വേഗത കുറയ്ക്കാതെ അതിവേഗം ഓടിക്കുന്നത് കാൽനടയാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരു കാൽനടയാത്രക്കാരൻ കാത്തുനിൽക്കുമ്പോൾ, ഡ്രൈവർ ക്രമേണ വേഗത കുറച്ച് സീബ്ര ക്രോസിംഗിൽ നിന്ന് കുറഞ്ഞത് 3 മീറ്റർ അകലെ വാഹനം നിർത്തി കൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.

കാൽനടയാത്രക്കാരെ പരിഗണിക്കുന്നതും അവരുടെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നതും ഡ്രൈവിംഗ് ലൈസൻസ് നിലനിർത്താൻ അത്യാവശ്യമാണ്. കാൽനടയാത്രക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ MVD ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം ഇവർക്ക് 2000/- രൂപ പിഴയും ചുമത്തും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കാൻ ബഹു. ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.#mvdkerala #pedastriancrossing #zebracrossing #roadsafety

പോലീസിന്റെ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രിഫ്ളാഗ്ഗ് ഓഫ് ചെയ്തു.

0

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു.തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതുതായി വാങ്ങിയ 172 ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റ് ഡി.വൈ.എസ്.പി മാരുടെ ഓഫീസുകള്‍, ബറ്റാലിയനുകള്‍, എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. 86 ബൊലേറോ വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കാണ്. ഇവ സ്റ്റേഷനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.സംസ്ഥാനത്തെ വിവിധ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്കായി 36 ബോലേറൊ വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത് ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.വിവിധ ബറ്റാലിയനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയ്ക്കായി 20 ബോലേറൊ വാഹനങ്ങളും സജ്ജമാക്കി. ഇത് കൂടാതെ സ്പെഷ്യല്‍ യൂണിറ്റുകളിലുള്ള ഡി.വൈ.എസ്.പി മാര്‍ക്കായി 30 ബോലേറൊയും സജ്ജമാക്കിയിട്ടുണ്ട്.എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, പോലീസ് ആസ്ഥാനം ഐ.ജി ആര്‍ നിശാന്തിനി, പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.#keralapolice