spot_img
Saturday, June 20, 2026
Home Blog Page 84

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം:മന്ത്രി വി ശിവൻകുട്ടി

0

വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായ ബാഗിൻ്റെ ഭാരം കുറക്കാനും ബാക്ക് ബെഞ്ചേഴ്സിനെ ഇല്ലാതാക്കാനും ഒരുങ്ങി കേരളത്തിലെ വിദ്യാഭ്യാസ രംഗം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഈ നിർദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്.പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

0

കൊച്ചി: പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. കടവന്ത്ര ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. നേവൽ ബേസ് ജീവനക്കാരനായിരുന്നു.

മിമിക്രി കലാകാരനായിരുന്ന രഘു ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിൽ വേഷമിട്ടിട്ടുണ്ട്. പി എസ് രഘു എന്നതാണ് മുഴുവൻ പേര്.

സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകള്‍

0

തിരുവനന്തപുരം :സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്‌റ്റോപ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു.

16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും.

16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.

16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.

16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.

16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ്.

16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ

16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷൻ

16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷൻ

16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷൻ

19259 തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് :വടകര സ്‌റ്റേഷൻ

16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷൻ

22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷൻ

22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷൻ

66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷൻ

പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

0

പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്‌ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്‌ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്‌കാരം ഇന്ന് (വ്യാഴം) വൈകിട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്‌ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു.

നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിർദേശങ്ങൾ മുന്നോട്ടുവച്ച റിപ്പോർട്ട്, ചില മേഖലകളിൽ ഖനനവും നിർമാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉൾപ്പെടെ നിരോധിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൂർണമായിനടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കായിരുന്നു പുരസ്‌കാരം. രാജ്യം പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി ആദരിച്ചു.ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു.

വയനാട്ടിൽ 2024ലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ക്വാറികളുടെ നിരന്തരപ്രവർത്തനവും പാറപൊട്ടിക്കലും കാരണമെന്നാണ് പ്രഫ. മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.വന്യജീവികളുടെ ആക്രമണങ്ങളിൽ കർഷകർക്കൊപ്പമാണ് ഗാഡ്‌ഗിൽ നിലയുറപ്പിച്ചത്. മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമായി, വന്യജീവിസംരക്ഷണത്തിനു മാത്രം പ്രാമുഖ്യം നൽകുന്ന 1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടതെന്നും 2025 ഒക്ടോബറിൽ കേരളത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന കർഷകരുടെ പ്രതിഷേധ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.1942ൽ പുണെയിൽ ജനിച്ച ഗാഡ്ഗിൽ പുണെയിലെ ഫെർഗൂസൻ കോളജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവഡ് യൂണിവേഴ്സിറ്റി എന്നിവയിൽനിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. ഡോ. സുലോചന ഗാഡ്ഗിലാണ് ഭാര്യ.

കുട്ടികളുടെ സ്ക്രീൻ ടൈം ശ്രദ്ധിക്കണം

0

“അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ” എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയിരുന്നില്ല എന്നാണ്. മറ്റു കുട്ടികൾക്ക് നേരത്തെ ഫോൺ കിട്ടിയെന്ന് കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്.

മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിനാൽ അവർക്ക് ഉറങ്ങാനും ഹോം വർക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും… ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് പല കുട്ടികൾക്കും ഒരു ശീലമായിട്ടുണ്ട്. മാതാപിതാക്കൾ തന്നെ ശീലിപ്പിച്ചിട്ടുണ്ട് എന്ന് വേണമെങ്കിലും പറയാം. കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് അറിയാമായിരുന്നിട്ടും കുറച്ചു സമയമെങ്കിലും വികൃതി കുറയട്ടെ എന്ന് കരുതി പല മാതാപിതാക്കളും അവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നു. പരിധിവിട്ട ഉപയോഗം കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി ഉണ്ടാകാൻ കാരണമാകുന്നുവെന്ന് വിദഗ്ദർ പറയുന്നു. കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ മൊബൈലിൽ നിന്നുണ്ടാകുന്ന വൈദ്യത കാന്തിക തരംഗങ്ങൾ മുതിർന്നവരേക്കൾ വേഗത്തിൽ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു.

വീഡിയോ ഗെയിം തുടങ്ങി മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തിൽ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളിൽ ദൃശ്യമാകുന്നു. മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലത്ത് കുട്ടികൾക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു. സോഷ്യൽ മീഡിയയുടെ വളർച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈൽ ഫോണിന്റെ ചെറിയ സ്‌ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല. ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാർ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ മാതാപിതാക്കളിൽ പലർക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല. മൊബൈൽ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കിൽ അനുവദിക്കുക. രക്ഷാകർതൃത്വം എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലർത്തുക. #keralapolice

മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

0

മുന്‍മന്ത്രിയും മുസ്‍ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു.വ്യവസായ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു.

പൊന്നോമനകൾ ഇനിയില്ലെന്ന് അറിയാതെ മാതാപിതാക്കൾ ആശുപത്രിയിൽ, നെഞ്ചുനീറി പ്രവാസ ലോകം,ഖബറടക്കം നാളെ ദുബൈയിൽ

0

അബുദാബി: ഒരു കുടുംബത്തിന്‍റെ മുഴുവൻ സന്തോഷങ്ങളും ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചതിന്‍റെ ഞെട്ടലിലാണ് പ്രവാസ ലോകം. ഒരുമിച്ച് കളിച്ചു വളർന്ന നാല് മലയാളി കുട്ടികളാണ് അപകടത്തിൽ മരണപ്പെട്ടത്. അബുദാബി – ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് നാല് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരിയും മരണപ്പെട്ടത്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്.

അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരണപ്പെട്ടത്. പിന്നീട് ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയായ അസാം ബിൻ അബ്ദുല്ലത്തീഫ് (7) കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്.

കളിച്ച് ചിരിച്ച് കൂടെയുണ്ടായിരുന്ന പൊന്നോമനകൾ ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിലെ ആവേശക്കാഴ്ചകൾ കണ്ട് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകർന്നു. മൂന്ന് കുരുന്നുകളുടെയും ബുഷ്റയുടെയും ജീവൻ സംഭവസ്ഥലത്ത് തന്നെ പൊലിഞ്ഞു. പിന്നീട് ചികിത്സിയിലിരിക്കെ നാലാമത്തെ കുട്ടിയും മരണപ്പെടുകയായിരുന്നു. നാലു കുട്ടികളുടെയും ഖബറടക്കം നാളെ ദുബൈയിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്. വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പികൾ മോഷണം പോകാതിരിക്കാൻ സ്ഥലത്ത് വൻ എക്സൈസ് സംഘം

0

കോഴിക്കോട്: ഇന്നലെ പുലർച്ചെ കോവൂർ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലുണ്ടായ അപകടത്തിൽ റോഡിൽ ഒഴുകിയതു 2989 കുപ്പി ബീയർ. കർണാടക ഹാസനിൽ നിന്നു 700 കെയ്സ് ബീയർ ബവ്റിജസ് കോർപറേഷൻ എറണാകുളം ഗോഡൗണിലേക്കു കൊണ്ടുപോകുമ്പോഴാണു കാറിടിച്ചു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. അതിൽ, 249 കെയ്സ് ബീയറിന്റെ കുപ്പി പൂർണമായും പൊട്ടി. മറ്റൊരു കെയ്സിലെ ഒരു കുപ്പിയും പൊട്ടിയിട്ടുണ്ട്. ലോറി നിയന്ത്രണം വിട്ടു മറിഞ്ഞതോടെ ബീയർ കുപ്പികൾ റോഡിൽ ചിതറി. പുലർച്ചെ 4ന് അപകട വിവരം അറിഞ്ഞ ഉടൻ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സും ചേവായൂർ എസ്ഐ അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി.

കാബിനുള്ളിൽ കുടുങ്ങി ലോറി ഡ്രൈവർ അപകടത്തിന്റെ ശബ്ദം കേട്ടും മറ്റും ഓടിയെത്തിയ നാട്ടുകാർ ലോറിക്കുള്ളിൽ കുരുങ്ങിപ്പോയ ഡ്രൈവർ അഖിൽ കൃഷ്ണനെ പുറത്തെടുക്കാനാകാതെ വലഞ്ഞു. നെഞ്ചിന്റെ താഴ്ഭാഗം പൂർണമായും കാബിനുള്ളിൽപെട്ട ഡ്രൈവറെ പുറത്തെടുക്കാനും മറ്റും ശ്രമിക്കുന്നതോടൊപ്പം അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ്, കാബിനിൽ കുരുങ്ങിയ ലോറി ഡ്രൈവർ അഖിൽ കൃഷ്ണനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

ഗതാഗതം മുടങ്ങി, ഭീഷണിയായി കുപ്പിച്ചില്ല്ലോറി മറിഞ്ഞതിനെ തുടർന്നു ജംക്‌ഷനിൽനിന്നു ചേവരമ്പലം ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നേരം പുലർന്നു തിരക്കു വർധിക്കും മുൻപു ലോറി നിവർത്തിയും റോഡിൽ ചിതറിയ കുപ്പിച്ചില്ലുകൾ മാറ്റിയും ഗതാഗതം സുഗമമാക്കി. അഗ്നിരക്ഷാസേനയും പൊലീസും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേർന്നാണു ചില്ലുകൾ റോഡിൽ നിന്നു മാറ്റിയത്. പെട്ടികൾ പൊട്ടി ചിതറിയ ബീയർ കുപ്പികൾ മോഷണം പോകാതിരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തി. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫ്, സിഐ ഗിരീഷ്, ഇൻസ്പെക്ടർ നിഷിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ എക്സൈസ് സംഘം സ്ഥലത്തുണ്ടായിരുന്നു. അവരുടെ നേതൃത്വത്തിലാണു പൊട്ടാത്ത ബീയർ കുപ്പികൾ എണ്ണി തിട്ടപ്പെടുത്തി മറ്റൊരു ലോറിയിലേക്കു മാറ്റിയത്.

അപകട കാരണം അമിതവേഗം അപകട കാരണം കാറിന്റെ അമിതവേഗമാണ് എന്നു പൊലീസ്. കാർ അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചുവന്നു ലോറിയുടെ പിൻഭാഗത്തു തട്ടുകയായിരുന്നു. ലോറി താരതമ്യേന കുറഞ്ഞ വേഗത്തിൽ ജംക്‌ഷൻ കടന്നുപോകുന്നതിനിടെ കാറിന്റെ ഇടിയേറ്റ് നിയന്ത്രണം വിട്ടു. കാറിന്റെ മുൻഭാഗവും തകർന്നു. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തപ്പോഴും ജംക്‌ഷൻ മുന്നറിയിപ്പു നൽകുന്ന മഞ്ഞ ലൈറ്റ് തെളിയാറുണ്ട്. അത് ആരും ശ്രദ്ധിക്കാറില്ല. ഇന്നലെ കാർ ഓടിച്ചയാൾ അതു ശ്രദ്ധിക്കാത്തതാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു.

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

0

കൊച്ചി: നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. സത്യൻ നായകനായ ഈ ചിത്രത്തിന് ശേഷം ഉദയയുടെ നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി. എന്നാൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നൽകിയത്.മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെ അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

0

പാലക്കാട് ∙ നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്