കോഴിക്കോട് : വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ നടപടിക്ക് വിധേയയായ അധ്യാപികയ്ക്ക് വകുപ്പിൻ്റെ ചുമതല നൽകിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. മനശാസ്ത്ര വിഭാഗം ആക്ടിങ് ഹെഡ് ഡോക്ടർ അനിത കുമാരിക്കെതിരെയാണ് പ്രതിഷേധം. വിദ്യാർത്ഥികളുടെ പരാതിയിൽ നേരത്തെ സ്ഥലം മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടിയാണ് തിരികെ എത്തിയത്. പിന്നാലെയാണ് വകുപ്പിൻ്റെ ചുമതല അനിത കുമാരിക്ക് നൽകിയത്. പൊതുവേദിയിലും രോഗികൾക്കും മുമ്പിലും അപമാനിക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് 12 പിജി വിദ്യാർത്ഥികൾ നൽകിയ പരാതിയിലായിരുന്നു കഴിഞ്ഞ ജൂണിൽ ഡോ.അനിത കുമാരിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. സമാന ആരോപണം നേരിട്ട ഡോ. സ്മിതയെ കൊല്ലം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ഇരുവരും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി. സൈക്യാട്രി വകുപ്പ് മേധാവിയും, മറ്റൊരു സീനിയറായ അധ്യാപകനും അവധിയിൽ പോയതിനെ തുടർന്നാണ് ഡോ.അനിത കുമാരിയെ ആക്ടിങ് എച്ച്ഒഡി ആയി നിയമിച്ചത്.






