spot_img
Sunday, June 14, 2026
Home Blog Page 16

ഓപ്പറേഷൻ തൂഫാൻ; അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പിടിയിൽ.

0

വളാഞ്ചേരി: ബ്രൗൺഷുഗറിന്‍റെ വൻ ശേഖരവുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ. 333 ഗ്രാം ബ്രൗൺഷുഗറുമായി അസം നാഗോൺ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് ( 31), റഷീദുല്‍ ഇസ്ലാം ( 32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി അസമിൽനിന്ന് അതിൽ ബ്രൗൺഷുഗർ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ജീപ്പിന്റെ രഹസ്യ അറയിൽ ബ്രൗൺഷുഗർ ഒളിപ്പിച്ച നിലയിൽവളാഞ്ചേരി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് ഓപറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി – പട്ടാമ്പി റോഡിൽ കൊട്ടാരത്ത് വെച്ച് പ്രതികളെ പിടികൂടിയത്.

തിരൂര്‍ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ. സിബി, വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ ആനന്ദ്ബാബു, പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, വളാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ എം. നിര്‍മല്‍ കൂടാതെ ജില്ലാ ഡാന്‍സാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ചോദ്യപ്പേപ്പർ കടുപ്പിച്ചു, A+ പകുതിയായി; കൂട്ടത്തോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച് വിദ്യാർഥികൾ.

0

തിരുവനന്തപുരം: എസ്.എസ്.എൽ.സി. വിജയിച്ചവരിൽ പകുതി വിദ്യാർഥികളും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതോടെ, പ്ലസ് വൺ ട്രയൽ അലോട്മെന്റായിട്ടും പരീക്ഷാഫലം വന്നില്ല. എല്ലാവർഷവും ശരാശരി ഒന്നേക്കാൽലക്ഷംപേരാണ് എസ്.എസ്.എൽ.സി. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാറുള്ളത്. ഇത്തവണ അപേക്ഷ രണ്ടരലക്ഷം കടന്നു.

അതായത്, എസ്.എസ്.എൽ.സി. വിജയിച്ച 4.10 ലക്ഷം വിദ്യാർഥികളിൽ പകുതിയിലേറെയും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു.ഇതോടെ, ഫലം വൈകി.ഗുണമേന്മ ഉറപ്പാക്കാനാണ്, വാരിക്കോരി മാർക്കിടുന്നതിനു തടയിട്ട് 2025-26 അധ്യയനവർഷം പത്താംക്ലാസ് ചോദ്യപ്പേപ്പർ കടുപ്പിച്ചത്. ഇതോടെ, ഫുൾ എ പ്ലസുകാർ മുൻവർഷത്തെക്കാൾ പകുതിയായി. 2024-25ൽ 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചെങ്കിൽ, ഈ വർഷം അത് 30,514 പേരായി. മറ്റു ഗ്രേഡുകളിലും ഇങ്ങനെ കുറവുണ്ടായി. ഇതോടെ, വിജയിച്ച പകുതിയിലേറെയുംപേർ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു.അധ്യാപകർ സ്ക്‌കൂൾ തുറക്കലിന്റെ തിരക്കുകളിലായതും സെൻസസ് ഡ്യൂട്ടിയുടെ പരിശീലനത്തിനു പോകേണ്ടിവന്നതുമൊക്കെ ഫലം വൈകാൻ കാരണമായെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

മുൻവർഷങ്ങളിൽ മേയിൽ പുനർമൂല്യനിർണയഫലം പൂർത്തിയായിരുന്നു. ഇത്തവണ മേയ് 21-നുള്ളിൽ അപേക്ഷകൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല.കഴിഞ്ഞദിവസം പ്ലസ് വൺ ട്രയൽ അലോട്മെന്റും പ്രസിദ്ധീകരിച്ചതോടെ, എസ്.എസ്.എൽ.സി. മാർക്കിലെ മാറ്റം ഇനി പ്രവേശനത്തിൽ പ്രതിഫലിക്കുമോയെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.

ഐഎഎസ് തലപ്പത്ത് വൻ‌ അഴിച്ചുപണി: അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രശാന്ത് കായിക വകുപ്പിൽ.

0

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി. സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കായികവകുപ്പ് സ്പെഷൽ സെക്രട്ടറിയായാണ് എൻ. പ്രശാന്തിന് നിയമനം. യുവജനകാര്യം, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിനായിരിക്കും.

അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്ട്മെന്റിന്റെയും അധിക ചുമതല നൽകും.കെ.ആർ. ജ്യോതിലാലിനു പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകും. മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ടി.വി. അനുപമയാകും ഗതാഗത സെക്രട്ടറി. ഷാർമിള മേരി ജോസഫാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. രത്തൻ യു ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽ‌കി. കെ.ബിജുവാണ് വനം വകുപ്പ് സെക്രട്ടറി.

എം.ജി. രാജമാണിക്യമാണ് കെഎസ്ഇബി ചെയർമാൻ. കെ.ജീവൻ ബാബുവിനെ റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും എസ്. സുഹാസ് ജല വിഭവ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായും നിയമിച്ചു.ദിവ്യ എസ്. അയ്യർ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അദീല അബ്ദുല്ല പൊതുമരമാത്ത് വകുപ്പ് സ്‌പെഷൽ സെക്രട്ടറിയാകും. സീറാം സാംബശിവ റാവുവിനു ഐടി വകുപ്പിന്റെ അധിക ചുമതല നൽകും. ഷാനവാസ്‌.എസ് തദ്ദേശ വകുപ്പ് സ്പെഷ്ൽ സെക്രട്ടറിയാകും. ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.

വരുന്നു, കോഴിക്കോട് സ്റ്റേഷനില്‍ തീവണ്ടിക്കോച്ചില്‍ റസ്റ്ററന്റ്.

0

കോഴിക്കോട് : ആധുനിക ഇരിപ്പിട സംവിധാനവും ഉൾവശത്തെ അലങ്കാരപ്പണികളും മികച്ച സൗകര്യങ്ങളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്കോച്ചിൽ റസ്റ്ററന്റ് വരുന്നു. സംസ്ഥാനത്ത് ഒരുങ്ങുന്ന രണ്ടാമത്തെ കോച്ച് റസ്റ്ററന്റ് ആണിത്. ആദ്യത്തേത് പയ്യന്നൂർ സ്റ്റേഷനിൽ ഒരുങ്ങുന്നുണ്ട്.റെയിൽവേയുടെ ഉപയോഗംകഴിഞ്ഞ നല്ല കോച്ച് കണ്ടെത്തി ശീതികരിച്ച് ചായംപൂശി മോടികൂട്ടി ഡൈനിങ്ഹാളും അനുബന്ധസൗകര്യങ്ങളുമൊരുക്കിയാണ് റസ്റ്റന്റ് ഒരുക്കുക. അഞ്ചുവർഷത്തേക്കാണ് കരാർ. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്ഥാപിക്കുന്നതിനായി പ്രത്യേക റെയിൽപ്പാളവും ഒരുക്കുന്നുണ്ട്.ഈറോഡ് ആസ്ഥാനമായുള്ള ജെസിസ് ഫുഡ്കോർട്ടിനാണ് നിർമാണച്ചുമതല. ഓഗസ്റ്റ് അവസാനത്തോടെ നിർമാണം ആരംഭിക്കും. ചെന്നൈ സെൻട്രൽ സ്റ്റേഷനുമുന്നിൽ ഈ കമ്പനി തന്നെ തുടങ്ങിയ ഹൈടെക്ക് കോച്ച് റസ്റ്ററന്റിന്റെ അതേമാതൃകയിലായാകും റസ്റ്ററന്റ് സ്ഥാപിക്കുക.

നിലവിൽ സ്റ്റേഷനിൽ നടക്കുന്ന നവീകരണ-നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാം പ്ലാറ്റ്ഫോമിനുമുന്നിൽ ലിങ്ക് റോഡിനോടുചേർന്നുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താവും ഇത് സ്ഥാപിക്കുക. 40 ലക്ഷമാണ് പ്രതീക്ഷിതച്ചെലവ്. 6000 ചതുരശ്രയടിസ്ഥലത്താണ് റസ്റ്ററന്റ് സ്ഥാപിച്ച് അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നത്.23 മീറ്റർ നീളവും നാലുമീറ്റർ ഉയരവും മൂന്നരമീറ്റർ വീതിയുമുള്ള ഏകദേശം 866 ചതുരശ്രയടി വരുന്ന കോച്ചിലാണ് ഡൈനിങ്ങ്ഹാൾ ഒരുക്കുക. കോച്ചിനരികെ പ്രത്യേക പ്ലാറ്റ് ഫോം പണിയും. ഇതിലൂടെയായിരിക്കും പ്രവേശനം. പ്ലാറ്റ്ഫോമിലിരുന്നും ഭക്ഷണം കഴിക്കാം. ഓൺലൈനായി വാങ്ങാൻ ബുക്കിങ് കൗണ്ടറുമുണ്ടാകും.

6000 ചതുരശ്രയടിയിൽ ബാക്കിവരുന്ന സ്ഥലത്ത് പ്രത്യേക ഡൈനിങ് ഏരിയ, അടുക്കള, പാർക്കിങ് മേഖല, ബേക്കറികളും കോഫീഷോപ്പുകളും ഉൾപ്പെടെയുള്ള സ്റ്റാളുകൾ എന്നിവയും ഒരുക്കും. ചരക്കു-ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ ഈ പുതിയ ഉദ്യമം. ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിലും കോച്ച് റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ഡിവിഷനുകീഴിൽ സ്ഥാപിക്കുന്ന മൂന്നു റസ്റ്ററന്റുകളിൽ ഒന്നാണ് കോഴിക്കോട് സ്റ്റേഷനിൽ തുടങ്ങുന്നത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലും കോച്ച് റസ്റ്ററന്റ് തുടങ്ങുന്നുണ്ട്.

ഭായിമാര്‍ തിരിച്ചെത്തി! നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തി തുടങ്ങി.

0

എറണാകുളം: നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തി തുടങ്ങി. എറണാകുളത്ത് ഇന്ന് വന്നിറങ്ങിയത് നൂറുകണക്കിന് അതിഥി തൊഴിലാളികളാണ്.അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയി മടങ്ങിയെത്തിയിരുന്നില്ല.

നിര്‍മ്മാണ മേഖലക്ക് പുറമേ ഹോട്ടല്‍, പ്ലൈവുഡ് തുടങ്ങി സര്‍വ്വ മേഖലകളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ തൊണ്ണൂറ് ശതമാനത്തിലേറെയും ജോലി ചെയ്യുന്നത് അതിഥി തൊഴിലാളികളാണ്. ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. വോട്ട് ചെയ്യാനായി ബംഗാളിലേക്ക് മിക്കവരും പോയത് ഏപ്രില്‍ ആദ്യ വാരം. അന്നു തൊട്ട് നിര്‍മ്മാണ മേഖലയുടെ താളം തെറ്റി. ഒന്നരമാസത്തിലേറെയായി ആ പ്രതിസന്ധി തുടരുകയാണ്. കോണ്‍ക്രീറ്റ് ,തേപ്പ്, പടവ് തുടങ്ങിയ ജോലികളൊക്കെ മുടങ്ങിയിപ്പോയിരുന്നു.

കരാറുകാര്‍ തൊഴിലാളികളെ ബന്ധപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ടായിരുന്നുഅതിനാണ് ഇന്ന് പരിഹാരമായത്. ഇതില്‍ ചെറുകിട കരാറുകാരാണ് ഏറെ പ്രതിസന്ധിയിലായിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍‍മ്മാണം തീര്‍ത്തു നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ഇവര്‍ വന്‍ നഷ്ടം സഹിക്കുകയായിരുന്നു. ഏറ്റെടുത്ത കരാര്‍ ജോലികളില്‍ മലയാളികള്‍ ചെയ്യുന്ന ഇലക്‌ട്രിക്ക്, പ്ലംബിങ്ങ് പോലുള്ളവ മാത്രമാണ് നടക്കുന്നത്.

കെ.എസ്.ആർ.ടി.സി സ്ത്രീ സൗജന്യയാത്ര: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യം

0

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതൽ ഓർഡിനറി ബസുകളിൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി. ശേഖരിക്കും.ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി. സർക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സർക്കാർ നൽകും. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യം നൽകും.

എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രയ്ക്ക് അർഹതയുണ്ടാകും.ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 712 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും.ഫാസ്റ്റ് മുതലുള്ള സൂപ്പർക്ലാസ് ബസുകളിൽ സൗജന്യം അനുവദിക്കുന്നത് നിലവിൽ പരിഗണിച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശംനൽകി.

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂർണബാധ്യത സർക്കാർ വഹിക്കുമെന്നും അതിൽ ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും മന്ത്രി സി.പി. ജോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 10-നുള്ള മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ബാറിൽ അക്രമം; യുവാക്കൾക്ക് പരിക്ക്, നാല് പേർ പിടിയിൽ.

0

താമരശ്ശേരി : ബാറിൽ വെച്ച് യുവാക്കളെ ആക്രമിച്ച നാലു പേർ പിടിയിൽ. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു സംഭവം. ആക്രമത്തിൽ പരിക്കേറ്റ ബാലുശ്ശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇവരുടെ പരാതിയിൽ പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

മർദനമേറ്റ വിഷ്ണുവും പ്രതികളിൽ ഒരാളായ ഫഹദും പരിചയക്കാരാണ്. മുമ്പ് അവർ ഒരുമിച്ച് മദ്യപിച്ച സമയം ഫഹദിന്റെ മൊബൈൽ ഫോൺ കാണാതായിരുന്നു. ഇത് വിഷ്ണു എടുത്തു എന്നാണ് ഫഹദ് ആരോപിക്കുന്നത്.

സംഭവത്തിനു ശേഷം ഇന്ന് ഫഹദ് ബാറിൽ വെച്ച് വിഷ്ണുണുവിനെ നേരിൽ കണ്ടപ്പോൾ ഇതേപ്പറ്റി ചോദിച്ചതാണ് പരസ്പരം വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.ഇടിക്കട്ട കൊണ്ടും കൈകൊണ്ടും പ്രതികൾ ക്രൂരമായി മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പ്രതികളെ സംഭവസ്ഥലത്തു വെച്ച് പിടികൂടിയത്. മെഡിക്കൽ ചെക്കപ്പിനായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ആശുപത്രിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

സ്ത്രീ സൗജന്യ യാത്രയ്ക്ക് കൂടുതല്‍ ബസുകള്‍ വേണം; സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആർടിസി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രാപദ്ധതി പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാനൊരുങ്ങി കെഎസ്ആർടിസി. യാത്രാപദ്ധതി തുടങ്ങുമ്പോൾ കൂടുതൽ ബസുകൾ വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ. ഇതിനൊപ്പം പരസ്യ വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളും കെഎസ്ആർടിസി സജീവമാക്കുന്നുണ്ട്. നിലവിൽ പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് യാത്രാവശ്യങ്ങൾക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്.

സൗജന്യ യാത്രാപദ്ധതി വരുന്നതോടെ ഈ കണക്ക് ഇനിയും കുതിച്ചുയരും. എന്നാൽ, കോർപ്പറേഷന്റെ പക്കൽ ആകെ 5772 ബസുകൾ മാത്രമാണുള്ളത്. ഇതിൽ 700 എണ്ണം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകളിലാണ്. ഫലത്തിൽ 5000 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്.മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ കുറവായതിനാൽ സൗജന്യ യാത്രാപദ്ധതി പൂർണമായി ഗുണം ചെയ്യില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കുറഞ്ഞത് 500 സ്വകാര്യ ബസുകളെങ്കിലും വാടകയ്ക്കെടുക്കാൻ ആലോചിക്കുന്നത്.

പുതിയ ബസുകൾ വാങ്ങാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിന് സമയമെടുക്കും.ഇതിനുപുറമെ, 15 വർഷം കാലാവധി കഴിഞ്ഞ 1917 കെഎസ്ആർടിസി ബസുകൾക്ക്, കേന്ദ്ര നയം മറികടന്ന് സംസ്ഥാന സർക്കാർ രണ്ട് തവണ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ ഇനി അത് അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷ് കുമാർ മന്ത്രിയായിരുന്ന കാലത്താണ്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർപ്പറേഷൻ 340 പുതിയ ബസുകൾ വാങ്ങിയത്.കെഎസ്ആർടിസിയുടെ ഈ നീക്കത്തോട് സ്വകാര്യ ബസുടമകൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം. സ്വകാര്യ ബസുകൾ ആവശ്യപ്പെടുന്ന വാടക നൽകാൻ കോർപ്പറേഷന് കഴിഞ്ഞില്ലെങ്കിൽ ഈ പദ്ധതി അപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടി വരും.

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അർധരാത്രി മുതൽ ട്രോളിങ് നിരോധനം.

0

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് പുറമെ, സംസ്ഥാനത്തെ തീരമേഖലകളിൽ ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തെ ട്രോളിങ് നിരോധനവും പ്രാബല്യത്തിൽ വരികയാണ്. വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാക്കിയുള്ള ബോട്ടുകൾ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ തിരിച്ചെത്തും. ഇതോടെ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐസ് പ്ലാൻറുകളും ഡീസൽ പമ്പുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും അടക്കം ഇനി അടഞ്ഞുകിടക്കും.ബോട്ടുകൾ ഹാർബറുകളിൽ കെട്ടിത്തുടങ്ങിയതോടെ ഇനിയുള്ള നാളുകൾ അറ്റകുറ്റപ്പണികളുടേതാണ്. പെയിൻറിങ്, എൻജിൻ പണി എന്നിവ ചെയ്യുന്നതിനായി ബോട്ടുകൾ ഇതിനോടകം യാർഡുകളിലേക്ക് നീങ്ങിത്തുടങ്ങി. കടലിൽ പോകുന്നില്ലെങ്കിലും ബോട്ടുടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുടെ കാലം കൂടിയാണിത്.

ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. ഒരു ബോട്ടിലെ ശരാശരി 15 ഓളം വരുന്ന തൊഴിലാളികൾക്ക് ഈ നിരോധന കാലയളവിൽ സഹായം നൽകേണ്ട ബാധ്യതയും ഉടമകൾക്കുണ്ട്.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ബോട്ടുടമകളെയാണ്. ഡീസലിനും വാണിജ്യ സിലിണ്ടറിനും ഒപ്പം പെയിൻറിനും നൈലോൺ വലകൾക്കും വിപണിയിൽ വലിയ രീതിയിൽ വില വർധിച്ചിട്ടുണ്ട്. വൻതുക ചിലവാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, നിരോധന കാലയളവ് കഴിഞ്ഞ് വീണ്ടും കടലിലിറങ്ങുമ്പോൾ ഈ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ തീരദേശം.

ഇൻസ്റ്റഗ്രാം വഴി അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്തു; യുവാക്കൾ പൊലീസ് പിടിയിൽ.

0

കൊളത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കൾ പിടിയിൽ. വറ്റലൂർ കരിഞ്ചാപ്പാടിയിലെ ഇരുപത്തൊന്നുകാരനും കൊളത്തൂർ അമ്പലപ്പടിയിലെ ഉത്തർപ്രദേശ് സ്വദേശിയായ 23കാരനുമാണ് കൊളത്തൂർ പൊലീസിൻ്റെ പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോടതിയിൽ അഡ്വാൻസ് സെർച്ച് മെമ്മോറാണ്ടം സമർപ്പിച്ച ശേഷം മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് സംഘം യുവാക്കളുടെ അടുത്തെത്തിയത്. മൊബൈൽ ഫോണുകളും സിമ്മുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു.