spot_img
Saturday, November 21, 2026
Home Blog Page 182

കണ്ണൂരിലെ ഒട്ടേറെ വാഹന മോഷണ കേസുകളിലെ തലവൻ പിടിയിൽ.

0

കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അടക്കം ഒട്ടേറെ വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. ബൽദേവ് സിംഗ് ആണ് പിടിയിലായത്.2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയാണ് ഇയാൾ ഉത്തർപ്രദേശിലെ അലിഗഡിലുള്ള ടപ്പലിൽ നിന്നാണ് ഹരിയാന പൊലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ് ഐ മധുസൂദനൻ, എ എസ് ഐ ബിജു, എ എസ് ഐ രാജേഷ്കുമാർ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ 1 LP വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ ഇയാൾക്കെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുണ്ട്. കഴിഞ്ഞ 22 വർഷമായി ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു.

0

കണ്ണൂർ: ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ നാടകപ്രവർത്തകൻ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ, 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിൽ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്.

കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല പ്രമുഖ സമിതികളിലും പ്രവർത്തിച്ചിട്ടുണ്ട്.നാടകപ്രവർത്തനത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. നാടകാഭിനയത്തിനും സംവിധാനത്തിനും പുറമേ ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്

.സംസ്ഥാന പുരസ്കാര ജേതാവും നാടക-സിനിമാ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ മിനി രാധൻ ആണ് ഭാര്യ. മക്കൾ: ആതിര (ആർട്ടിസ്റ്റ്), ആരതി (നഴ്സ്, യു.കെ). മരുമകൻ: വിവേക് (ഡെസ്ക് എഡിറ്റർ, ബാലരമ). സഹോദരങ്ങൾ: ഗിരിജ, ജിഷ, രജനി

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കെ എസ് ആർ ടി സി പ്രിയദർശിനി ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടയായിരുന്നു സംഭവം. കൊട്ടാരക്കരയിലേക്ക് സർവ്വീസ് നടത്തുന്ന ബസിൽ മന്ത്രി ആദ്യ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ കയ്യിൽ നിന്ന് ബിന്ദു കൃഷ്ണയുടെ തലയിലും ദേഹത്തും പായസം വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സീറോ ടിക്കറ്റ്.. അൺലിമിറ്റഡ് ഹാപ്പിനസ്.. സ്ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്.

തിരുവനന്തപുരം: സീറോ ടിക്കറ്റ്… അൺലിമിറ്റഡ് ഹാപ്പിനസ്… മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി ജോണും മുന്നിലെ ഡോറിനടുത്ത സീറ്റിലിരുന്ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് 9.36ന് പ്രിയദർശിനി ബസ് പുറപ്പെട്ടപ്പോൾ കേരളത്തിന് അത് ചരിത്ര നിമിഷം. ഏറെ ആഹ്ലാദത്തോടെ നിറയെ യാത്രക്കാരുമായാണ് ബസ് സ്റ്റാന്റിൽ നിന്ന് പുറപ്പെട്ടത്. തമ്പാനൂർ സ്റ്റേഷനിൽ വർണാഭമായ ചടങ്ങളിൽ ആയിരങ്ങളെ സാക്ഷി നിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു. 9.32 ഓടെ മുഖ്യമന്ത്രി ബസ്സിൽ കയറി ജനങ്ങളെ നിറഞ്ഞ മനസ്സോടെ ആഭിവാദ്യം ചെയ്തു. ഇതോടെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങളിലൊന്ന് സർക്കാർ ജനങ്ങൾക്കായി സമർപ്പിച്ചു.

മറ്റ് മന്ത്രിമാരും ബസ്സിലുണ്ടായിരുന്നു..ഉദ്ഘാടന വേദിയിൽ വെച്ച് യാത്രക്കാർക്കുള്ള ആദ്യ ടിക്കറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രിയദർശിനി സൗജന്യ യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാകുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണ് പദ്ധതി. പദ്ധതികൊണ്ട് കെ.എസ്.ആർ.ടി.സിക്ക് നഷ്ടങ്ങളുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..

തിരുവനന്തപുരത്ത് നിന്ന് പെരുമാതുറയിലേക്കാണ് ആദ്യബസ് പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിത ഡ്രൈവർ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയാണ് ഓടിച്ചത്..ഇന്ന് രാവിലെ ഒമ്പതു മുതലാണ് പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നത്.ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്.

ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും..പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും.

Lഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്..3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു..

നോർക്ക ഐഡി കാർഡ് പ്രചാരണ മാസാചരണം ഇന്നു മുതല്‍ ജൂലൈ 15 വരെ.

0

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച 2026 (ജൂൺ 15 )ഇന്ന് മുതൽ ജൂലൈ 15 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു. വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കുളള പ്രവാസി ഐഡി കാർഡ്, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കേരളീയവിദ്യാര്‍ത്ഥികള്‍ക്കായുളള സ്റ്റുഡൻ്റ് ഐഡി കാർഡ്, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസികേരളീയര്‍ക്കായുളള എൻ.ആർ.കെ ഐഡി കാർഡ്, ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം.

കരുതൽ, സുരക്ഷ, അംഗീകാരം എന്നതാണ് ഈ വര്‍ഷത്തെ തീം. ഐഡി കാർഡ് എടുത്തവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവർക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ അപകട മരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് ഐ.‍ഡി കാര്‍ഡ് സേവനങ്ങള്‍.

പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ 661 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ ഗുരുതരമായ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും അപകടമരണത്തിന് മൂന്നു ലക്ഷം രൂപയുടെയും അംഗ വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. നോര്‍ക്ക ഐ.ഡി കാർഡുകൾക്ക് മൂന്നു വർഷവും നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസിന് ഒരു വർഷവുമാണ് കാലവധി. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് (www.norkaroots.kerala.gov.in) സന്ദര്‍ശിച്ച് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

നോര്‍ക്ക ഐ.ഡി കാര്‍ഡുളളവര്‍ക്ക് മാത്രമേ സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിലും നോര്‍ക്ക കെയര്‍ പ്ലസ്സിലും എന്‍റോള്‍മെന്റ് സമയത്ത് അംഗമാകാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസുകാരൻ മരിച്ചു.

0

കോഴിക്കോട്: കേരളത്തിൽ വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസുകാരനാണ് മരിച്ചത്. മലപ്പുറം കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത് .

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ഇന്ന്.

0

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 2,46,638 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 71,264 സീറ്റ് ഒഴിവുണ്ട്. ആകെ 4,44,772 അപേക്ഷകളാണുള്ളത്ഇതില്‍ 43,735 പേര്‍ സ്വന്തം ജില്ലയ്ക്ക് പുറമെ സമീപ ജില്ലയില്‍കൂടി അപേക്ഷ നല്‍കിയവരാണ്.

3,17,902 മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനത്തില്‍ പ്ലസ് വണ്‍ പ്രവേശനം നടക്കുക. വിഎച്ച്എസ് ഇയില്‍ 25,122 സീറ്റുകളിലേക്ക് ആദ്യ അലോട്ട്‌മെന്റ് നടന്നു. ആകെ മെറിറ്റ് സീറ്റ് 30,660.അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ബുധന്‍ വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം. ആദ്യ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റു ഓപ്ഷനുകളില്‍ സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിവരങ്ങള്‍ക്ക് https://www.hscap.kerala.gov.in പരിശോധിക്കാം.

കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

0

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തു. ഉദ്ഘാടന പരിപാടി എൽഡിഎഫ് ബഹിഷ്കരിച്ചു.ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യമുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകൾക്ക് സർക്കാരിന്‍റെ ഒരു വാഹനത്തിൽ സഞ്ചരിക്കാം. പല തട്ടിലുള്ള സാധാരണക്കാരായ സ്ത്രീകൾക്ക് തുക മാറ്റിവയ്ക്കാൻ കഴിയും.ആ തുക എന്ത് ചെയ്യണം എന്ന് വരെ സ്ത്രീകൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. തന്നോട് സ്ത്രീകൾ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.800 കോടി രൂപ സർക്കാർ കെഎസ്ആര്‍ടിസിക്ക് പ്രതിവർഷം കൊടുക്കും.ഗതാഗതമന്ത്രിയെ നല്ല വിശ്വാസമുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ഗതാഗത മന്ത്രി ഇങ്ങോട്ട് പറയും പൈസ ഇനി വേണ്ട എന്ന്. സ്വകാര്യ ബസ് ഉടമകൾക്ക് ഉത്കണ്ഠയുണ്ട്. നിങ്ങൾ സ്വകാര്യമല്ല ഞങ്ങൾ പൊതു ഗതാഗതത്തിന്‍റെ ഭാഗമാണ്. സർക്കാരിന്‍റെ ഗതാഗത നയത്തിൽ സ്വകാര്യ ബസുകളും പങ്കാളികളാണ് ഒരു സെക്ടറും തകരാൻ പാടില്ല” മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുമ്പോൾ മെൻസ് അസോസിയേഷൻ ഭയങ്കര പ്രതിഷേധത്തിലാണ്. ഞാൻ പുരുഷ വിരോധി ഒന്നുമല്ല.സർക്കാരിൻ്റെ ഈ പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണെന്നും വി.ഡി സതീശൻ പറഞ്ഞു.ഇനി മുതൽ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.

കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പരാതി നൽകി ഹനാൻഷാ.

0

കോഴിക്കോട്: കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി ഗായകൻ ഹനാൻഷാ. ആഭ്യന്തരമന്ത്രിയ്ക്ക് നേരിട്ടെത്തിയാണ് പരാതി നൽകിയത്.യൂട്യൂബർ നിഹാദ് എന്ന ‘തൊപ്പി’യും സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ തന്നെയും കുടുംബത്തെയും തന്റെ കൂട്ടുകാരെയും വലിച്ചിഴക്കുന്നതിൽ ഹനാൻഷാ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

തനിക്കും കുടുംബത്തിനും അപകീർത്തികരമായ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിച്ചിരുന്നെന്നും എന്നാൽ വീണ്ടും റീൽസുകളായും ഷോർട്ട്സുകളായും പ്രചരിക്കുകയാണെന്നും ഹനാൻഷാ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു.”എന്നെയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവിൽ ഉപദ്രവം, അധിക്ഷേപം, സ്ത്രീകൾക്ക് നേരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ യൂട്യൂബിൽ നൽകിയ കോപ്പിറൈറ്റ് സ്‌ട്രൈക്കിനാൽ നീക്കം ചെയ്യപ്പെട്ടു.

ഗോൾമഴയിൽ മുങ്ങി കുറാസാവോ; ഫിഫ ലോകകപ്പിൽ ജർമ്മനിക്ക് തകർപ്പൻ വിജയം ( 7-1).

0

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ കരുത്ത് തെളിയിച്ച് ജർമ്മനി. ഇന്നലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ കുറാസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മൻ പട ലോകകപ്പിലെ തങ്ങളുടെ വരവറിയിച്ചത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ജർമ്മൻ നിര, എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് ഗോൾപ്പട്ടിക പൂർത്തിയാക്കിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഫെലിക്സ് നെമേച്ചയിലൂടെ ജർമ്മനി ഗോളടിക്ക് തുടക്കമിട്ടു. ഇരുപതാം മിനിറ്റിൽ ലിവാനോ കോമെനെൻഷ്യയിലൂടെ കുറാസാവോ ഒരു ഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും, തുടർന്ന് ജർമ്മനിയുടെ മുന്നേറ്റങ്ങൾക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.നിക്കോ ഷ്ലോട്ടർബെക്ക് (37′), കായ് ഹാവെർട്സ് (45+4′, 87′), ജമാൽ മുസിയാല (46′), നഥാനിയേൽ ബ്രൗൺ (67′), ഡെനിസ് ഉൻഡവ് (77′) എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളുകൾ നേടിയത്.

കായ് ഹാവെർട്സ് രണ്ട് ഗോളുകൾ നേടി തിളങ്ങിയപ്പോൾ, ജർമ്മനിയുടെ ടീം വർക്കും ആക്രമണ ഫുട്ബോളും ആരാധകർക്ക് മികച്ച വിരുന്നായി.ഈ തകർപ്പൻ വിജയത്തോടെ ഗ്രൂപ്പ് ഇ-യിൽ ജർമ്മനി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും ഇതേ ഫോം തുടരാനായാൽ ജർമ്മനി ഈ ലോകകപ്പിലെ വലിയ പ്രതീക്ഷകളിലൊന്നായി മാറുമെന്നതിൽ സംശയമില്ല.